|
അമല്‍ നീരദ് സൂര്യയോടൊപ്പം |
|
ബിഗ് ബി, സാഗര്‍ ഏല്യാസ് ജാക്കി എന്നീ ചിത്രങ്ങളിലൂടെ സിനിമയ്ക്ക് പുതിയ ദൃശ്യവിസ്മയം സമ്മാനിച്ച പുതുതലമുറയിലെ സംവിധായകന്‍ അമല്‍ നീരദിനൊപ്പം സഹകരിയ്ക്കാന്‍ ആഗ്രഹവുമായി കോളിവുഡില്‍ നിന്ന് വിളി.
വ്യത്യസ്ഥമാര്‍ന്ന പ്രകടനവും ചിത്രം തെരഞ്ഞെടുക്കുന്നതിലെ മികവും കൊണ്ട് തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിയ്ക്കുന്ന താരമായ സൂര്യയാണ് അമലിനൊപ്പം ചിത്രം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുന്നത്. മലയാളത്തില്‍ പുറത്തിറങ്ങിയ രണ്ട് ചിത്രവും പരാജയപ്പെട്ടെങ്കിലും പുതിയ ഒരു ദൃശ്യ അനുഭവമാണ് പ്രേക്ഷകന് അമല്‍ നീരദ് സമ്മാനിച്ചത്. നിലവില്‍ പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി നിര്‍മ്മിയ്ക്കുന്ന അന്‍വര്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അമല്‍. അതിന് ശേഷം അമലിന്റെ കന്നി തമിഴ് സംരംഭം അടുത്ത വര്‍ഷം തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ മമ്മൂട്ടി അഭിനയിച്ച് അനശ്വരമാക്കിയ ഐ.വി ശശി-ലോഹിതദാസ് ടീമിന്റെ മൃഗയ എന്ന ചിത്രവുമായാണ് അമല്‍ തമിഴിലേയ്ക്ക് ചുവടുവയ്ക്കുന്നത്. മമ്മൂട്ടി തകര്‍ത്തഭിനയിച്ച വാറുണ്ണിയായാണ് സൂര്യ മാറുന്നത്. മലയാള ചിത്രങ്ങളോടുള്ള അഭിനിവേശമാണ് സൂര്യയെ വീണ്ടും ഒരു മലയാള സിനിമയുടെ റീമേക്കിലേയ്ക്ക് ആകര്‍ഷിച്ചത്. ദിലീപ് ഇരട്ട വേഷങ്ങളിലഭിനയിച്ച കുഞ്ഞിക്കൂനന്റെ തമിഴ് റീമേക്കില്‍ സൂര്യ തകര്‍ത്ത് അഭിനയിച്ചിരുന്നു. |