| കാലം കാത്തുവച്ച രാഷ്ട്രപതി |
പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി വന്‍ ഭൂരിപക്ഷത്തോടെ ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടു. തീരെ പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്നുപോലും ജനപ്രതിനിധികള്‍ അദ്ദേഹത്തിന് വോട്ട് ചെയ്തപ്പോള്‍ ഇത്തവണ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആവിഷ്‌കരിച്ച തന്ത്രവും സ്വീകരിച്ച നിലപാടുകളും അര്‍ത്ഥവത്തായിത്തീരുകയാണ് ചെയ്തത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയുടെ ചെയ്തികളെല്ലാം ഇക്കാര്യത്തില്‍ അപഹാസ്യമായിത്തീരുകയും ചെയ്തു. ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യത്തെ ബംഗാളിയാണ് പ്രണബ് കുമാര്‍ മുഖര്‍ജി. സജീവരാഷ്ട്രീയത്തില്‍ നിന്ന് നേരെ രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിക്കുന്ന അനുഭവസമ്പന്നനായ മുഖര്‍ജിയുടെ ജീവിതം അനേകം യാദൃച്ഛികതകളാല്‍ കൗതുകകരമാണ്. 1911 വരെ ഇന്ത്യയുടെ തലസ്ഥാനം പശ്ചിമബംഗാളിലെ കൊല്‍ക്കത്ത നഗരമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ബംഗാളില്‍ നിന്ന് അനേകം പേര്‍ ഉന്നതപദവികളില്‍ എത്തിയിട്ടുണ്ട്. ശാസ്ത്രാന്വേഷണരംഗത്തും കലാ-സാഹിത്യ മണ്ഡലത്തിലും ഭരണരംഗത്തും ബംഗാളില്‍ നിന്നുള്ളവരുടെ സംഭാവന ലോകം മുഴുവന്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. ഇന്ന് ബംഗാള്‍ ചിന്തിക്കുന്നത് നാളെ ഇന്ത്യയുടെ ചിന്തയായി മാറും എന്ന് ബംഗാളികള്‍ക്കൊരു ധൈഷണിക അഹംഭാവം പോലുമുണ്ട്. പക്ഷേ രാഷ്ട്രീയ തേരോട്ടത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ ബംഗാളില്‍ നിന്നൊരു രാഷ്ട്രപതി വരുന്നത് ഇപ്പോഴാണ്. രാജ്യത്തിന്റെ സര്‍വ്വസേനാധിപനായി മാറുന്ന പ്രണബ് മുഖര്‍ജി ഇന്നലെ തന്റെ വിജയത്തിന് ജനങ്ങളോട് നന്ദി പ്രകാശിപ്പിക്കവെ ഇങ്ങനെ പറഞ്ഞു: ''ഭരണഘടന സംരക്ഷിക്കാന്‍ സദാ പ്രതിജ്ഞാബദ്ധനായ ഒരാളായിരിക്കും ഞാന്‍''. വളരെ അര്‍ത്ഥവത്താണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും മിതത്വവും കുലീനതയും പുലര്‍ത്തുന്ന പ്രണബിന്റെ സമീപനങ്ങള്‍ക്ക് എപ്പോഴും ഒരു ധൈഷണിക ഛായയുണ്ട്. രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് അറിയാത്ത ചാണക്യവിദ്യകളില്ല. അതേസമയം വംഗസാഹിത്യത്തിന്റെ നിത്യപ്രണേതാവായ മുഖര്‍ജി ശരാശരി ബംഗാളിയേക്കാള്‍ മികച്ച ഒരു സംഗീതാസ്വാദകനാണ്. രാഷ്ട്രീയ നേതൃനിരയിലെ ബുദ്ധിജീവി എന്നാണ് പ്രിയപ്പെട്ടവര്‍ അവരുടെ 'പ്രണബ്ദാ'യെ വിശേഷിപ്പിക്കാറുള്ളത്. സംഘടനാരംഗത്തും ഭരണരംഗത്തുമുള്ള ദീര്‍ഘാനുഭവങ്ങളുടെ വലിയൊരു ജ്ഞാനപേടകവുമായി റെയ്‌സ്‌നാക്കുന്നിലെ രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിക്കുന്ന പ്രണബ് മുഖര്‍ജി ചരിത്രബോധമുള്ള നേതാവാണ്. ഭരണഘടനയെ മുറുകെപ്പിടിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം ഭാവിരാഷ്ട്രീയത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ 120 കോടി ജനങ്ങള്‍ക്ക് നല്‍കുന്ന ഒന്നാംപൗരന്റെ വലിയ ഉറപ്പാണ്. ഇന്ത്യന്‍ ഡമോക്രസിയുടെ അന്തഃസത്ത ഉറപ്പിക്കേണ്ടത് ഭരണഘടനയുടെ തൂണുകളിലാണ്. പാര്‍ലമെന്റിനും എക്‌സിക്യൂട്ടീവിനും നീതിന്യായ വ്യവസ്ഥയ്ക്കും നമ്മുടെ രാജ്യത്തുള്ള പ്രാധാന്യം വളരെ വലുതാണ്. അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിലനിര്‍ത്താന്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനവും നിലനില്‍ക്കണം. അറിയുവാനുള്ള അവകാശം വിപുലമായ ഒരു നിയമാനുകൂല്യമായി ലഭിച്ചുകഴിഞ്ഞ ഇന്ത്യന്‍ ജനത അത് ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ചില കേന്ദ്രങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ട്. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് ജനതയുടെ വലിയ ഒരു ആയുധമാണ്. ഈ അവകാശാനുകൂല്യത്തെ തകര്‍ക്കാനുള്ള ഏത് ശ്രമവും നിരുല്‍സാഹപ്പെടുത്തണം. ദീര്‍ഘമായ രാഷ്ട്രീയ അനുഭവത്തില്‍ അനേകം കയറ്റങ്ങളും ഇറക്കങ്ങളും കണ്ടിട്ടുള്ള പ്രണബ് കുമാര്‍ മുഖര്‍ജി നിശബ്ദതയുടെ മുഴക്കം തിരിച്ചറിയാന്‍ കെല്‍പ്പുള്ള നേതാവാണ്. രണ്ട് പദങ്ങള്‍ ഉച്ചരിക്കേണ്ട സ്ഥാനത്ത് മനഃപൂര്‍വം ഒരു ചെറിയ വാക്കുമാത്രം പറയുന്ന വ്യക്തിയാണ് അദ്ദേഹം. ഇക്കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി യശ്ശശരീരനായ പി.വി. നരസിംഹറാവുവിന്റെ ശിഷ്യത്വം ഒരു മഹത്വമായി പ്രണബ് മുഖര്‍ജി ഉള്‍ക്കൊള്ളുന്നുണ്ടാകാം. ശബ്ദം താഴ്ത്തി ചിന്തയെ ബലപ്പെടുത്തുക എന്ന അറബിക് പഴമൊഴിയെ അനുസ്മരിപ്പിക്കുന്ന ഈ മഹിമാവിശേഷം രാഷ്ട്രപതിഭവനിലെത്തുന്ന മുഖര്‍ജിക്ക് വലിയൊരു അലങ്കാരമായിരിക്കും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി വന്‍ ഭൂരിപക്ഷത്തോടെ ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടു. 
-°C 