|
സുനില്‍ നരെയ്ന്‍ തിളങ്ങി; വിന്‍ഡീസിന് വീണ്ടും ജയം |
സെന്റ് കിറ്റ്‌സ് ആന്റ് നെവിസ്: ലോക ക്രിക്കറ്റില്‍ വിന്‍ഡീസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനം 20 റണ്‍സിന് വിന്‍ഡീസ് സ്വന്തമാക്കി.
ഇതോടെ അഞ്ചു മല്‍സര പരമ്പര 4-1 ന് വിന്‍ഡീസിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഒരു മല്‍സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. സ്പിന്നര്‍ സുനില്‍ നരെയ്‌ന്റെ മാസ്മരിക ബൗളിങിലായിരുന്നു വിന്‍ഡീസ് വിജയം. വിന്‍ഡീസിന്റെ 241 റണ്‍സിന് മറുപടിയായി 221 റണ്‍സെടുക്കാനേ ന്യൂസിലന്‍ഡിനായുള്ളൂ. 27 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത നരെയ്ന്‍ കിവീസിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നരെയ്‌നാണ് കളിയിലെ കേമന്‍. പരമ്പരയിലുടെ നീളം മിന്നും പ്രകടനം കാഴ്ചവച്ച നരെയ്ന്‍ മാന്‍ ഓഫ് ദ സീരിസുമായി. പേസര്‍ ടിനോ ബെസ്റ്റും ബ്രാവോയും രണ്ടു വീതം വിക്കറ്റുകള്‍ നേടി. മര്‍ലോണ്‍ സാമുവല്‍സിനാണ് ഒരു വിക്കറ്റ്. 69 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. മാര്‍ട്ടിന്‍ ഗുപ്റ്റിലും ബ്രെണ്ടന്‍ മക്കുല്ലവും 33 റണ്‍സ് വീതം നേടി. ടെയ്‌ലറും എല്ലിസും 28 റണ്‍സ് വീതമടിച്ചു. വിന്‍ഡീസിനായി ആന്‍ഡ്രി റസല്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. ഡാരന്‍ ബ്രാവോ 53 ഉം മര്‍ലോണ്‍ സാമുവല്‍സും 43 റണ്‍സും സ്വന്തമാക്കി. 20 റണ്‍സ് നേടിയ ഡെവന്‍ തോമസാണ് മറ്റൊരു ഉയര്‍ന്ന സ്‌കോറര്‍. ന്യൂസിലന്‍ഡിനായി കൈല്‍ മില്‍സും ടിം സൗത്തിയും മൂന്നു വീതം വിക്കറ്റുകള്‍ കൊയ്തു.
|