| രാഷ്ട്രപതിയുടെ രാഷ്ട്രീയം |
രാഷ്ട്രപതിഭവനിലേക്ക് നീങ്ങുന്ന പ്രണബ് കുമാര്‍ മുക്കര്‍ജി പിന്‍പറ്റാന്‍ പോകുന്ന മഹാചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം പി. സുജാതന്‍ പ്രണബ് കുമാര്‍ മുക്കര്‍ജി രാഷ്ട്രീയത്തില്‍ നിന്ന് രാജിയായി എന്ന് ഒരു പത്രത്തില്‍ തലക്കെട്ടുകണ്ടു. ധനകാര്യ മന്ത്രിസ്ഥാനം ഒഴിഞ്ഞ് ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച പ്രണബിന് എ.ഐ.സി.സി. അധ്യക്ഷയുടെ നേതൃത്വത്തില്‍ യാത്രഅയപ്പു നല്‍കിയിരുന്നു. അരനൂറ്റാണ്ടുകാലം ദേശീയരാഷ്ട്രീയ വേദിയില്‍ മിന്നിയും മറഞ്ഞും നിന്ന പ്രണബ് ഉടയാടകളെല്ലാം അഴിച്ചുവച്ചു. അദ്ദേഹം രാഷ്ട്രപതിയാകാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ല. പ്രകടമായ കക്ഷിരാഷ്ട്രീയത്തില്‍ ഇനി ഒരിക്കലും പ്രണബ് കുമാര്‍ മുക്കര്‍ജിയെ പ്രതീക്ഷിക്കണ്ട. ഇന്ത്യന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് (വ്യക്തി) എല്ലാത്തരം കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കും ഉപരിയായി നിലകൊള്ളുന്ന ഒന്നാം നമ്പര്‍ പൗരനാണെന്ന് കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഭരണഘടനയും പാര്‍ലമെന്റും നിയമവ്യവസ്ഥകളും ധാര്‍മ്മിക മൂല്യങ്ങളുമാണ് രാഷ്ട്രപതിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാല്‍ ജീവിതകാലം മുഴുവന്‍ കക്ഷിരാഷ്ട്രീയ വേദികളില്‍ ചെലവിട്ട ഒരാള്‍ പൊടുന്നനെ രാഷ്ട്രപതി ഭവനിലെത്തിയാല്‍ ഉടന്‍ അഭിരുചികളും ചിന്താഗതികളും മാഞ്ഞുപോകില്ല. എത്ര ഉന്നതനായ മനുഷ്യനായാലും ഇഷ്ടാനിഷ്ടങ്ങള്‍ തന്റെ മനോഭാവങ്ങളിലും തീരുമാനങ്ങളിലും പ്രവര്‍ത്തികളിലും പ്രകടമാക്കുക തന്നെ ചെയ്യും. അതിനാല്‍ ഇന്ത്യന്‍ രാഷ്ട്രപതി നിഷ്പക്ഷനാണെന്ന കാര്യം ഒരു സങ്കല്‍പ്പം മാത്രമാണ്. നീതിമാനായിരിക്കണമെന്ന് ആശിക്കുകയും ചെയ്യാം.രാഷ്ട്രപതിയായി മുന്‍കാലങ്ങളില്‍ നമ്മുടെ മഹാരാജ്യത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയവരുടെ ചിത്രങ്ങള്‍ ഓര്‍ത്തുനോക്കുക. ഒന്നാമത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് ദേശപ്രേമിയും ഉദാരമതിയും കഠിനപ്രയത്‌നിയും ആയിരുന്നു. ഹിന്ദു സിവില്‍ കോഡ് വന്നപ്പോള്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവുമായി രാഷ്ട്രപതിക്ക് പൊരുത്തപ്പെടാന്‍ പ്രയാസമുണ്ടായി. ഡോക്ടര്‍ രാജേന്ദ്രപ്രസാദ് പണ്ഡിറ്റ് ജിയെപ്പോലെ കവിഹൃദയമുള്ള ആളായിരുന്നില്ല. അദ്ദേഹം യാഥാര്‍ത്ഥ്യങ്ങളില്‍ വേരുറപ്പിച്ച വിശ്വാസങ്ങളുടെ പ്രണേതാവായിരുന്നു. ഭാവനയിലും സ്വപ്‌നങ്ങളിലും അഭിരമിച്ച നെഹ്‌റുവിന്റെ ആധുനിക മനസ്സ് ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതിക്കുണ്ടായിരുന്നില്ല. ഇരുവരും തമ്മില്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്തയാകും വിധം കലഹിച്ചില്ലെങ്കിലും വ്യക്തമായ ഭിന്നതകള്‍ പുലര്‍ത്തുകയും വിയോജിക്കുകയും ചെയ്തു. കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയ ഇന്ത്യയുടെ ജനാധിപത്യ പരീക്ഷണങ്ങളുടെ പുലര്‍കാലം നമ്മളാരും കരുതുംപോലെ അത്ര പ്രകാശമാനമായിരുന്നില്ലെന്നു സാരം. പുരോഗമനവാദിയും പണ്ഡിതനും ചിന്തകനും ബുദ്ധിജീവിയുമായിരുന്നു രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്ന വ്യക്തിയേയും ഡോ. രാധാകൃഷ്ണന്‍ എന്ന രാഷ്ട്രപതിയേയും ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ കൊണ്ട് അദൃശ്യമായ ഒരു വേലികെട്ടിത്തിരിച്ച് രണ്ടായിട്ടാണ് അദ്ദേഹം സ്വയം കണ്ടത്. അതിനാല്‍ പാര്‍ലമെന്റും മന്ത്രിസഭയും ചര്‍ച്ച ചെയ്ത് അംഗീകാരങ്ങള്‍ക്ക് അയയ്ക്കുന്ന ബില്ലുകളെ കര്‍ക്കശമായ ഭരണഘടനാചട്ടങ്ങള്‍ കൊണ്ട് നോക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ വേണ്ടപ്പെട്ടവരെ സ്വകാര്യമായി ധരിപ്പിക്കുകയും ചെയ്തുപോന്നു. അതുകൊണ്ട് ഒരു പ്രധാനമന്ത്രിയുമായും ഡോ. രാധാകൃഷ്ണന്‍ എന്ന രാഷ്ട്രപതി ഉടക്കിയതായി കേട്ടിട്ടില്ല. ഇന്ദിരാഗാന്ധിയുടെ കാലത്ത് വി.വി.ഗിരിയും ഫക്രുദ്ദീന്‍ അലി അഹമ്മദും ഡോക്ടര്‍ സക്കീര്‍ ഹുസൈനും നീലം സജ്ജീവ റെഡ്ഡിയും ഹ്രസ്വകാലം സെയില്‍സിംഗും രാഷ്ട്രപതിമാരായിരുന്നു. കോണ്‍ഗ്രസ്സില്‍ ആഭ്യന്തരപ്രശ്‌നങ്ങളുടെ കൊടുങ്കാറ്റ് വീശിയ കാലമാണത്. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ റെഡ്ഡിക്കെതിരെ വി.വി.ഗിരിയെ പിന്തുണച്ച് ഇടതുപക്ഷ സഹായത്തോടെ ജയിപ്പിച്ചു രാഷ്ട്രപതിയാക്കിയ കാലം. രാഷ്ട്രപതി ഗിരി വലിയ വിവാദങ്ങളൊന്നും സൃഷ്ടിച്ചില്ല. കാലാവധി കഴിഞ്ഞ് രാഷ്ട്രപതി ഭവനില്‍ നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ അവിടുത്തെ വിലപിടിച്ച ജനല്‍ കര്‍ട്ടന്‍ വരെ അഴിച്ച് ആന്ധ്രപ്രദേശിലെ ജന്മനാട്ടില്‍ കൊണ്ടുപോന്നു എന്ന് അങ്ങാടിയില്‍ അക്കാലത്ത് ആളുകള്‍ പറഞ്ഞു ചിരിച്ചു. സൗമ്യനും മാന്യനും ആയിരുന്നു പണ്ഡിതനായ ഡോ.സക്കീര്‍ ഹുസൈന്‍. നല്ല വ്യക്തിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ കരുവായതോടെ രാജ്യത്തെ ഉല്‍പ്പതിഷ്ണുക്കള്‍ക്കിടയില്‍ വളരെമോശം പ്രതിച്ഛായ ഉണ്ടാക്കിക്കൊണ്ടാണ് രാഷ്ട്രപതി ഭവനില്‍ നിന്ന് ഇറങ്ങിപ്പോയത്. രാജ്യസഭാംഗമായിരുന്ന അബു എബ്രഹാം രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് ബാത്ത് ടബ്ബില്‍ നഗ്നനായി കിടന്ന് അടിയന്തരാവസ്ഥാ തീരുമാനത്തില്‍ ഒപ്പിടുമ്പോള്‍ 'ഇനി എന്തെങ്കിലുമുണ്ടോ' എന്ന് ചോദിക്കുന്ന കാര്‍ട്ടൂണ്‍ ലോകം മുഴുവന്‍ കണ്ടു രസിച്ചു. ഇന്ദിരാഗാന്ധി തോല്‍പ്പിച്ച സഞ്ജീവറെഡ്ഡി മൊറാര്‍ജി സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രപതിയായി. 1980ല്‍ ഇന്ദിര വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് സഞ്ജീവ റെഡ്ഡിയായിരുന്നു. രാഷ്ട്രീയ ഇന്ത്യ ആ രംഗം ഒരു മന്ദഹാസത്തോടെ മാത്രമേ കണ്ടിട്ടുണ്ടാകൂ. പഞ്ചാബ് കലാപം, ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍, സന്ത് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍ വാലയുടെ മരണം എന്നിങ്ങനെ ഇന്ത്യ ആഭ്യന്തര പ്രശ്‌നങ്ങളാല്‍ ഉഴലുന്ന കാലം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അധികാരത്തോട് വിരക്തിയും എഴുപതു പിന്നിട്ട തന്റെ പ്രായത്തിന്റെ അനുശാസനങ്ങളും അനുഭവപ്പെട്ടു തുടങ്ങി. മന്ത്രിസഭയിലെ രണ്ടാമനും ഏറെ വിശ്വസ്തനുമായ ധനമന്ത്രി പ്രണബ് കുമാര്‍ മുക്കര്‍ജിയോട് ഇന്ദിര തന്റെ മനസ്സു തുറന്നു. റഡ്ഢിയുടെ കാലാവധി തീരുമ്പോള്‍ രാഷ്ട്രപതിയായി സ്വസ്ഥയാകാന്‍ അവര്‍ ആഗ്രഹിച്ചു. പ്രണബ് ഞെട്ടിപ്പോയി. അദ്ദേഹം ഇന്ദിര വെളിപ്പെടുത്തിയ സ്വകാര്യാഭിലാഷം രണ്ടു സഹപ്രവര്‍ത്തകരുമായി പങ്കുവച്ചു - ആര്‍.വെങ്കിട്ടരാമനോടും പി.വി.നരസിംഹറാവുവിനോടും. ഇരുവരും ഇന്ദിരയുടെ ആഗ്രഹത്തെ മുളയിലേ നുള്ളിക്കളയാനാണ് ഉപദേശിച്ചത്. രണ്ടാമനെന്ന് കരുതപ്പെടുന്ന പ്രണബ്, ഒരുപക്ഷേ ഇന്ദിര രാഷ്ട്രപതിയായിപ്പോയാല്‍ പകരം പ്രധാനമന്ത്രിയാകുമെന്ന വിചാരവും ആ നേതാക്കളെ നയിച്ചിരിക്കാം. അന്ന് ഇന്ദിര ആഗ്രഹിച്ചതു നടന്നിരുന്നെങ്കില്‍ സിക്കുകാരായ അംഗരക്ഷകരുടെ തോക്കിന് അവര്‍ ഇരയാകുമായിരുന്നില്ല. ഇന്ത്യയുടെ ഭരണചരിത്രത്തിന്റെ ഗതി മാറുമായിരുന്നു.സ്വകാര്യ ദുഃഖങ്ങള്‍ മറന്ന് ഇന്ദിരാ പ്രിയദര്‍ശിനി സിക്കുകാരനായ ജ്ഞാനി സെയില്‍ സിംഗിനെ രാഷ്ട്രപതിയായി നിര്‍ദ്ദേശിച്ചു. ദാരുണമായ അവരുടെ രക്തസാക്ഷിത്വത്തിനുശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. രാഷ്ട്രപതി സെയില്‍ സിംഗും പ്രധാനമന്ത്രി രാജീവും തമ്മില്‍ ഒരുതരത്തിലും പൊരുത്തപ്പെട്ടുപോയില്ല. രാജീവിനെയും കൂട്ടരെയും പിരിച്ചുവിടാന്‍ അധികാരമുണ്ടെന്ന ഭാവം രാഷ്ട്രപതി എപ്പോഴും പ്രകടിപ്പിച്ചു പോന്നു. പാര്‍ലമെന്റിലെ മഹാഭൂരിപക്ഷം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഭാവിച്ചു. ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു നയിക്കാന്‍ പ്രതിജ്ഞയെടുത്ത രാജീവ് ഗാന്ധിയുടെ യുവതീഷ്ണസമീപനങ്ങളും ഉത്സാഹപ്രകൃതവും ഇന്ദിരാഗാന്ധിയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ വിഷമമായിരുന്നു. ശാസ്ത്രസാങ്കേതിക പരിജ്ഞാനമുള്ള പുതിയ ഒരു നേതൃവൃന്ദത്തെ രാജീവ് കൊണ്ടുവന്നു. ഇന്ദിരയുടെ മന്ത്രിസഭയിലെ രണ്ടാമനെന്നും ഭാവി പ്രധാനമന്ത്രിയെന്നും മറ്റും മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പ്രണബ് മുക്കര്‍ജി ഡല്‍ഹിയിലെ എല്ലാ രാഷ്ട്രീയ വേദികളില്‍ നിന്നും അപ്രത്യക്ഷനായി. കോണ്‍ഗ്രസില്‍ അദ്ദേഹം ആരുമല്ലാതായി. പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ നിഴല്‍പോലും കണ്ടില്ല. പ്രണബ് ജന്മനാടായ ബംഗാളിലേക്ക് ഉള്‍വലിഞ്ഞു. രാഷ്ട്രീയ വനവാസമെന്നൊക്കെ കേട്ടിട്ടേയുള്ളൂ. പ്രണബ് ഒളിച്ച കാട് ഏതെന്ന് ഒരു പത്രലേഖകനും അന്ന് അന്വേഷിച്ചില്ല. രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരില്‍ വച്ച് 1991ല്‍ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ആകസ്മികമായി കൊല്ലപ്പെട്ടു. പിന്നാലെ അധികാരത്തില്‍ വന്ന നരസിംഹ റാവു മന്ത്രിസഭയില്‍ പ്രണബ് മുക്കര്‍ജി അംഗമായി ചേര്‍ന്നപ്പോള്‍ ഏഴുവര്‍ഷത്തെ ഡല്‍ഹിയിലെ തന്റെ അസാന്നിധ്യത്തിനിടയില്‍ ഉണ്ടായ മാറ്റങ്ങള്‍ അദ്ദേഹത്തെ അമ്പരപ്പിച്ചിരിക്കാം. നിശ്ശബ്ദനും സൗമ്യനുമായി എല്ലാ മാറ്റങ്ങളോടും പ്രണബ് പൊരുത്തപ്പെട്ടു. ധനകാര്യമന്ത്രിയെന്ന നിലയില്‍ ഇന്ദിരയുടെ കാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടനയെ നിയന്ത്രിച്ച തന്റെ പഴയ സിംഹാസനത്തില്‍ ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ഇരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. പിന്നീട് മന്‍മോഹന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കീഴില്‍ പരിചയ സമ്പന്നനായ ധനമന്ത്രിയുമായി പ്രണബ്. ദൈവം ഇപ്പോള്‍ പ്രണബ് കുമാര്‍ മുക്കര്‍ജിയെ നോക്കി ചിരിക്കുന്നു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായിരിക്കും അദ്ദേഹമെന്ന കാര്യത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി പി.എ.സംഗ്മയ്ക്കു പോലും സന്ദേഹമില്ല. അതിനിടെ പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി ഭവനില്‍ അഞ്ചുകൊല്ലം തികയ്ക്കും. ആ പദവിയില്‍ വന്നുപോകുന്ന ആദ്യ വനിത. ഇന്ദിരാഗാന്ധി ആഗ്രഹിച്ചിട്ടു പോലും നടക്കാതെ പോയ ചരിത്രബിന്ദു. അതേസമയം രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നല്ലാതെ രാഷ്ട്രപതി സ്ഥാനത്ത് എത്തിയ വിശ്രുത ശാസ്ത്രജ്ഞന്‍ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനെക്കുറിച്ച് വാചാലനാകാന്‍ ഒരുപാടുണ്ട്. സൗമ്യനും സരസനും മഹാമാന്യനുമായിരുന്നു വാരാണസിയില്‍ നിന്നുവന്ന ഡോക്ടര്‍ ശങ്കര്‍ദയാല്‍ ശര്‍മ്മ. പ്രധാനമന്ത്രി പദത്തിലേക്കുള്ള ക്ഷണം നിരസിച്ച് ചരിത്രം സൃഷ്ടിച്ചയാള്‍. പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ അഭിമാനമായി ഉയര്‍ന്നുവന്ന ആദ്യ മലയാളി രാഷ്ട്രപതി കെ.ആര്‍. നാരായണന്‍. ഇവരെക്കുറിച്ചൊക്കെ എഴുതാന്‍ ഒരുപാടുണ്ട്. അത് പിന്നീടാകാം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

രാഷ്ട്രപതിഭവനിലേക്ക് നീങ്ങുന്ന പ്രണബ് കുമാര്‍ മുക്കര്‍ജി പിന്‍പറ്റാന്‍ പോകുന്ന മഹാചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
-°C 