|
ദ്രാവിഡ് ടീമിനുള്ളില്‍ വളരെയെറെ അവഗണിയ്ക്കപ്പെട്ടിരുന്നുവെന്ന് ഗ്രെഗ് ചാപ്പല്‍ |
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ കുറിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഗ്രെഗ് ചാപ്പല്‍ നടത്തിയ വെളിപ്പെടുത്തല്‍ ദാദയെ പൊള്ളിയ്ക്കുന്നു.
ഗ്രെഗ് ചാപ്പലിന്റെ വാക്കുകള്‍ കാര്യമാക്കേണ്ടതില്ലെന്ന നയമാണ് മുന്‍ നായകനായ സൗരവ് ഗാംഗുലി പ്രകടിപ്പിച്ചത്. ചാപ്പലിന് ഇഷ്ടമുള്ളത് പറയാനുള്ള അവകാശമുണ്ട്, എന്തെങ്കിലും പരാമര്‍ശം നടത്തി അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ മാത്രം കാഴ്ചപ്പാടാണെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ ദ്രാവിഡിന് അര്‍ഹിച്ച പരിഗണന കിട്ടിയില്ല, പലപ്പോഴും അദ്ദേഹം അവഗണിയ്ക്കപ്പെട്ടു എന്നിങ്ങനെ പോകുന്നു ചാപ്പലിന്റെ ആരോപണങ്ങള്‍. ദ്രാവിഡിനെ കുറിച്ച് ഗ്രെഗ് ചാപ്പല്‍ എഴുതി പുറത്തിറക്കിയ 'രാഹുല്‍ ദ്രാവിഡ് ടൈംലെസ് സ്റ്റീല്‍' എന്ന പുസ്തകത്തിലാണ് ഗ്രെഗ് ചാപ്പല്‍ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ദ്രാവിഡിന്റെ സുവര്‍ണ്ണ കാലത്ത് ക്യാപ്റ്റനായിരുന്ന ദാംഗുലിയെ പരോക്ഷമായി വിമര്‍ശിയ്ക്കുന്ന തരത്തിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ദ്രാവിഡ് മറ്റു ക്യാപ്റ്റന്‍മാര്‍ക്ക് നല്‍കിയ പിന്തുണ അദ്ദേഹം ക്യാപ്റ്റനായിരുന്നപ്പോള്‍ തിരികെ ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം എക്കാലത്തെയും മികച്ച നായകരില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുമായിരുന്നുവെന്നും ചാപ്പല്‍ പുസ്തകത്തില്‍ പറയുന്നു. കളിക്കളത്തിന് അകത്തും പുറത്തും മികച്ച നിലവാരം പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു ദ്രാവിഡ്. ക്യാപ്റ്റന്റെ ഉത്തരവാദിത്വങ്ങള്‍ മനോഹരമായാണ് അദ്ദേഹം നിറവേറ്റിയിരുന്നത്. വളരെ സ്‌നേഹം തോന്നിയിരുന്ന വ്യക്തയാണ് ദ്രാവിഡെന്നും ചാപ്പല്‍ പറയുന്നു.
|