സഹ്യാദ്രിക്കു ലഭിച്ച വിശ്വപൈതൃക പദവി
Image ഭൂമിശാസ്ത്രപരമായി ലോകവിസ്മയങ്ങളുടെ കേദാരമാണ് ഇന്ത്യ. ആറുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപംകൊണ്ട ഹിമാലയവും അതില്‍നിന്ന് ഉത്ഭവിക്കുന്ന ഗംഗാനദിയും ആ വിസ്മയങ്ങളില്‍ ചിലതാണ്.
ഇന്ത്യാ വന്‍കരയുടെ ഭൂപ്രകൃതിയെ നിയന്ത്രിക്കുന്ന ഹിമാലയത്തേക്കാള്‍ പ്രാചീനവും ജൈവവൈവിധ്യങ്ങളാല്‍ ലോകോത്തരവുമാണ് പശ്ചിമഘട്ട പര്‍വതനിരകള്‍ എന്നപേരില്‍ അറിയപ്പെടുന്ന സഹ്യാദ്രി. മഹാരാഷ്ട്രയിലെ പൂനെ മുതല്‍ കന്യാകുമാരി വരെ നീളുന്ന ഈ അനന്യമായ പര്‍വതനിര വിശ്വപൈതൃകപദവിയില്‍ ഇടംപിടിച്ചിരിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ചേര്‍ന്ന യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയാണ് പശ്ചിമഘട്ട പര്‍വതനിരയെ പൈതൃകപദവി നല്‍കി സംരക്ഷിക്കാന്‍ തീരുമാനിച്ചത്. ആറേഴുവര്‍ഷമായി ഇന്ത്യയിലെ പ്രകൃതിസ്‌നേഹികളും വനം-വന്യജീവി സംരക്ഷണ വകുപ്പും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഔദ്യോഗികവും അനൗദ്യോഗികവുമായ നിരവധി സമിതികളും പശ്ചിമഘട്ട പര്‍വതനിരകളുടെ വിശ്വപൈതൃക പദവിക്കുവേണ്ടി അദ്ധ്വാനിച്ചുവരികയായിരുന്നു.
 
വന്‍കിട ലോകരാഷ്ട്രങ്ങള്‍ ഭൗതികനേട്ടങ്ങള്‍ക്കായി പ്രകൃതിയേയും വനസംസ്‌കൃതിയേയും ബുദ്ധിശൂന്യമായി നശിപ്പിച്ചുകൊണ്ടിരിക്കെ ഇരുപത് ചെറുകിട രാജ്യങ്ങളുടെ പ്രതിനിധികള്‍ ദീര്‍ഘമായി ചര്‍ച്ചചെയ്താണ് ഹിമാലയത്തേക്കാള്‍ പ്രാചീനമായ സഹ്യപര്‍വതത്തിന് ഈ ലോകാംഗീകാരം അനുവദിച്ചത്. ആനമുടിയും പൊന്‍മുടിയും മൂന്നാറും സൈലന്റ്‌വാലിയും തേക്കടിയും ഉള്‍പ്പെട്ട സഹ്യാദ്രി കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപംകൊണ്ടതാണ്. ലോകത്ത് ഏതെല്ലാം ജീവസമൂഹങ്ങളുണ്ടോ അവയെല്ലാം പശ്ചിമഘട്ടത്തില്‍ ഉണ്ടെന്നാണ് ശാസ്ത്രം അനുമാനിക്കുന്നത്. ജീവശാസ്ത്രം ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത സൂക്ഷ്മ ജീവികളുടെ സങ്കേതമാണ് സഹ്യാദ്രി. ഇത്രത്തോളം ജൈവവൈവിധ്യമുള്ള പ്രദേശത്തിന്റെ സംരക്ഷണം ഇന്ത്യാ വന്‍കരയുടെ ദക്ഷിണ ഭൂപ്രദേശത്തിന്റെ മാത്രമല്ല, ഭൂമിയുടെതന്നെ നിലനില്‍പ്പിന് ആവശ്യമാണ്. താപ്തി നദി മുതല്‍ കാവേരി നദി വരെ ഈ പര്‍വതനിരകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.
 
കേരളത്തിലെ 40 മഹാനദികളുടെ ഉത്ഭവസ്ഥാനവും അനേകം ചോലക്കാടുകള്‍ നിറഞ്ഞ സഹ്യാദ്രി നിരകളാണ്. അടുത്തകാലം വരെ കൊങ്കണ്‍ പ്രദേശങ്ങളില്‍ രണ്ട് മഴക്കാലം നിശ്ചിതയളവില്‍ ഭൂമിയെ ജലസമൃദ്ധമാക്കിയത് സഹ്യപര്‍വതത്തിലെ വനസാന്നിധ്യം കൊണ്ടായിരുന്നു. ജനസാന്ദ്രത കൂടുകയും ഭക്ഷണത്തിനും വാസത്തിനുമായി ജനങ്ങള്‍ വനത്തിലേക്ക് കയറുകയും ചെയ്തതോടെ കാട് അതിവേഗം നശിക്കാന്‍ തുടങ്ങി. മഴയുടെ തോത് കുറഞ്ഞു. അത്യപൂര്‍വ ജീവജാലങ്ങളും ശലഭങ്ങളും അപ്രത്യക്ഷമായി. പ്രകൃതിക്ക് താളം പിഴച്ചു. അതിവൃഷ്ടിയും അനാവൃഷ്ടിയും അത്യുഷ്ണവും ജീവന്റെ നിലനില്‍പ്പിനുപോലും ഭീഷണിയുയര്‍ത്തുന്ന ഘട്ടത്തിലാണ് തലമുറ തലമുറകളായി പ്രകൃതിയുടെ അനുഗ്രഹം പോലെ കൈമാറിക്കിട്ടിയ പശ്ചിമഘട്ട പര്‍വതനിരകളെ സംരക്ഷിക്കണമെന്ന ബോധം പ്രകൃതിസ്‌നേഹികളില്‍ ഉടലെടുത്തത്.
 
ആ പരിശ്രമങ്ങള്‍ക്ക് ലോകപൈതൃകസമിതി നല്‍കിയ അംഗീകാരം വരുംതലമുറകള്‍ക്ക് വേണ്ടിയുള്ളതാണ്. ഭൂമിശാസ്ത്രപരമായി നിര്‍ണയിക്കപ്പെട്ട പഴമയുടെ ജുറാസിക് കാലത്തെയാണ് സഹ്യപര്‍വതനിരകള്‍ പ്രതിനിധാനം ചെയ്യുന്നത്. അവിടുത്തെ ജൈവപ്രകൃതിയെ സംരക്ഷിക്കുകവഴി യുനസ്‌കോ മനുഷ്യരാശിയോട് ചെയ്യുന്ന വലിയ ഒരു ബാധ്യത പ്രശംസയര്‍ഹിക്കുന്നു. ഇതിനുവേണ്ടി പരിശ്രമിക്കുകയും സഹകരിക്കുകയും ചെയ്ത രാജ്യങ്ങളോടും വ്യക്തികളോടും ഇന്ത്യ എന്നും കടപ്പെട്ടിരിക്കുന്നു. ഇരവികുളം, തട്ടേക്കാട്, മതികെട്ടാന്‍മല തുടങ്ങി സൈലന്റ്‌വാലിയും തേക്കടിയും ഉള്‍പ്പെടെ 39 കേന്ദ്രങ്ങള്‍ സംരക്ഷണപ്പട്ടികയില്‍ വരും.
 
കുറിഞ്ഞിപ്പൂക്കള്‍ വിരിയുന്ന താഴ്‌വരകള്‍ ഇവിടെയാണെങ്കിലും അനിയന്ത്രിതമായ സന്ദര്‍ശനപ്രവാഹത്തിലൂടെ പ്രകൃതിയുടെ തനിമയ്ക്ക് ക്ഷതമേല്‍ക്കാതിരിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍കൊണ്ടാണ് പൈതൃകസമിതി സഹ്യാദ്രിയെ സംരക്ഷിക്കാന്‍ പോകുന്നത്. വൈദ്യുതപദ്ധതികള്‍ക്കുവേണ്ടിയും ഖനനങ്ങള്‍ക്കുവേണ്ടിയും മുറവിളികൂട്ടി ഈ വിശ്വപൈതൃകത്തെ ഇനിയാര്‍ക്കും തകര്‍ക്കാനാവില്ല. മുപ്പതുവര്‍ഷം മുമ്പ് സൈലന്റ്‌വാലി സംരക്ഷിക്കാന്‍ ഒരു സംഘടിതപ്രക്ഷോഭം വേണ്ടിവന്നു. പശ്ചിമഘട്ട പര്‍വതനിരകളുടെ സംരക്ഷണത്തിന് അതിന്റെ ആവശ്യമുണ്ടായില്ല എന്നത് പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തിനുണ്ടായ ബൗദ്ധികവളര്‍ച്ചയെ സൂചിപ്പിക്കുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls