| ഒടുവില്‍ എം.എം. മണി പോലീസില്‍ കീഴടങ്ങി |
5 മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചുതൊടുപുഴ: മണക്കാട് നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയെ അന്വേഷണസംഘം അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടയച്ചു. രാവിലെ 9.56നു അന്വേഷണസംഘത്തിനു മുന്നിലെത്തിയ മണിയെ 3.15 വരെ ചോദ്യം ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങള്‍, ഇതിലുള്ള മണിയുടെ പങ്ക് , ഗൂഢാലോചനയില്‍ ആരെല്ലാം പങ്കെടുത്തു. ഞങ്ങള്‍ കൊന്നുവെന്ന പരാമര്‍ശത്തിലെ ഞങ്ങള്‍ ആരാണ് എന്ന ചോദ്യങ്ങള്‍ക്കെല്ലാം മണി മറുപടി നല്‍കി. എന്നാല്‍ മണിയുടെ മറുപടിയില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന സൂചനയാണു അന്വേഷണസംഘം നല്‍കുന്നത്. അന്വേഷണസംഘത്തിനു മേല്‍നോട്ടം വഹിക്കുന്ന ഐജി കെ.പത്മകുമാര്‍, സംഘത്തലവന്‍ എസ്പി പ്രകാശ്, അംഗങ്ങളായ ഡിവൈഎസ്പിമാരായ ആന്റണി തോമസ്, വി.എന്‍. സജി, എന്‍.ജെ.മാത്യു, സുനില്‍കുമാര്‍ തുടങ്ങിയവര്‍ ചോദ്യം ചെയ്യലിനു പങ്കാളികളായി. അന്വേഷണസംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാമെന്ന് മണി ഉറപ്പു നല്‍കിയതായി ഐജി കെ. പത്മകുമാര്‍ പറഞ്ഞു. ചോദ്യം ചെയ്യലിനു പൂര്‍ണമായും സഹകരിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തിനു മുന്നോട്ടു നയിക്കുന്ന രീതിയില്‍ വളരെ വിശദമായ വിവരം ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. മണി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചു വീണ്ടും ചോദ്യം ചെയ്യും. അതു ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അറസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതൊന്നും ആദ്യഘട്ടത്തിലുണ്ടാകുന്ന പ്രക്രിയയല്ലെന്നും മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വരുന്ന ഘട്ടത്തിലുണ്ടാകേണ്ടതാണെന്നും ഐജി വെളിപ്പെടുത്തി. പ്രസംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു ഉത്തരംനല്‍കിയതായി എം.എം.മണി പറഞ്ഞു.സൗഹൃദപരമായ പെരുമാറ്റമാണ് അന്വേഷണസംഘത്തിനുണ്ടായത്. ചോദ്യം ചെയ്യലിനു ശേഷം പുറത്തെത്തിയ എം.എം.മണി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയിരുന്നു. എപ്പോള്‍ ആവശ്യപ്പെട്ടാലും വന്നു കൊള്ളാമെന്നു പോലീസിനു പറഞ്ഞിട്ടുണ്ടെന്നും മണി വ്യക്തമാക്കി. സസ്‌പെന്‍സ് നിലനിര്‍ത്തിയ രണ്ടു ദിവസത്തെ അജ്ഞാതവാസത്തിനുശേഷമാണു പത്താകാന്‍ നാലുമിനിട്ട് നിലനില്‍ക്കേയാണു മണി തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെത്തിയത്. ഹാജരാകാന്‍ 10 മണിവരെയാണു അന്വേഷണസംഘം സമയം അനുവദിച്ചിരുന്നത്. സിപിഎം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ, എസ്. രാജേന്ദ്രന്‍ എംഎല്‍എ എന്നിവരൊടൊപ്പം കാറിലാണ് എത്തിയത്. ഒളിവിലായിരുന്നോ എന്ന ചോദ്യത്തിനു മാധ്യമങ്ങളോടു ഒന്നും പറയാനില്ലെന്നായിരുന്നു മണിയുടെ ആദ്യപ്രതികരണം. എന്നാല്‍ വീണ്ടും ചോദ്യം ഉയര്‍ന്നപ്പോള്‍ ഞാന്‍ ഒളിവിലായിരുന്നില്ല, അന്വേഷണത്തോടു സഹകരിക്കും. പാര്‍ട്ടി പറഞ്ഞതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണി ഹാജരായതിനുശേഷം പുറത്തുവന്ന കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ, മണി ഒളിവിലായിരുന്നില്ലെന്നും ഇതെല്ലാം മാധ്യമപ്രചരണം മാത്രമായിരുന്നുവെന്നും പറഞ്ഞു. മണി കുഞ്ചിത്തണ്ണി വീട്ടിലുണ്ടായിരുന്നു. നിയമത്തെ വെല്ലുവിളിക്കാന്‍ ിപിഎം ഉദ്ദേശിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. മെയ് 25നാണു രാഷ്ട്രീയ പ്രതിയോഗികളെ പാര്‍ട്ടിപട്ടിക തയാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് മണക്കാട്ട് എം.എം.മണി പ്രസംഗിച്ചത്. ഇതിനെ തുടര്‍ന്നു ഐപിസി 302, 119,108 വകുപ്പുകള്‍ പ്രകാരം തൊടുപുഴ പോലീസ് മണിക്കെതിരേ കേസെടുത്തു. ഈ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഈ കേസില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ടു മണിക്കു തൊടുപുഴ പോലീസ് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. രണ്ടുപ്രാവശ്യം മണി ഹാജരാകാതെ അവധിക്ക് അപേക്ഷിച്ചു. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതായി പത്ത് ദിവസത്തെ അവധിയാണു അവസാനം ചോദിച്ചത്. എന്നാല്‍ അവധി നിഷേധിച്ച അന്വേഷണസംഘം മണിയെ അറസ്റ്റു ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മണിയ്ക്കുവേണ്ടിയുള്ള തെരച്ചില്‍ നടത്തി. എന്നാല്‍ മണി മൊബൈല്‍ ഫോണ്‍സ്വിച്ച് ഓഫ് ചെയ്തു മാറി നിന്നു. മണി വീട്ടിലുണ്ടെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കുമ്പോഴും അദ്ദേഹത്തെ അന്വേഷിച്ചു എത്തിയ പോലീസ് സംഘത്തിനു കണ്ടെത്താന്‍ കഴിഞ്ഞു. മണി ഒളിവിലാണെന്ന സൂചന പടര്‍ന്നതോടെ പാര്‍ട്ടി മണിയെ ഹാജരാക്കാന്‍ നിര്‍ബന്ധിതരായി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

5 മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു
-°C 