| ഗ്രേറ്റ് സ്‌പെയിന്‍ |
യൂറോ കപ്പ് നിലനിര്‍ത്തിയ ആദ്യ ടീംകീവ്: സ്‌പെയിന്... യൂറോപ്പ്യന്‍ ഫുട്‌ബോളിന്റെ വസന്തം. തുടര്‍ച്ചയായ രണ്ടാം തവണയും യൂറോ കപ്പ് ഉയര്‍ത്തി സ്‌പെയിന്‍ ഒരിക്കല്‍ കൂടി തലയുയര്‍ത്തി. യൂറോ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഏകപക്ഷീയമായ ഫൈനലില്‍ ഇറ്റലിയെ തിരിച്ചു കിട്ടാത്ത നാലു ഗോളുകള്‍ക്ക് സ്‌പെയിന്‍ തകര്‍ത്തു. ചരിത്രത്തിലാദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി രണ്ടു തവണ യൂറോ കപ്പ് സ്വന്തമാക്കുന്നത്. ഇതിനു മുമ്പ് സോവിയറ്റ് യൂണിയനും പശ്ചിമ ജര്‍മനിയും തുടര്‍ച്ചയായി രണ്ടു തവണ ഫൈനലിലെത്തിയെങ്കിലും ആദ്യ പ്രാവശ്യം മാത്രമാണ് അവര്‍ ജേതാക്കളായത്. അതിനിടെ മറ്റൊരു ചരിത്രവും സ്‌പെയിന്‍ രചിച്ചു. തുടര്‍ച്ചയായി മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ ചാമ്പ്യനാകുന്ന ആദ്യ ടീമായി സ്‌പെയിന്‍. 2008 യൂറോ കപ്പ്, 2010 ലോകകപ്പ് എന്നിവയും സ്‌പെയിന്റെ ഷെല്‍ഫിലുണ്ട്. 2012 യൂറോയ്ക്ക് മുമ്പ് സ്‌പെയിന് തന്നെയായിരുന്നു മുന്‍ തൂക്കം. എന്നാല്‍ ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ഹോളണ്ട് ടീമുകള്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് സൂചനയുണ്ടായിരുന്നു. പക്ഷെ പ്രധാന എതിരാളികളെല്ലാം പാതിവഴിയില്‍ വീണപ്പോള്‍ സ്‌പെയിന്‍ അചഞ്ചലമായി നിലകൊണ്ടു. ഒടുവില്‍ അപ്രതീക്ഷിതമായി ഫൈനലിലെത്തിയ ഇറ്റലിയെ നിലംപരിശാക്കി ഒരിക്കല്‍ കൂടി കിരീടത്തില്‍ ചുംബിച്ചു. സ്‌പെയിന്റെ കിരീട വിജയത്തെ തികച്ചും ആധികാരികമെന്ന് വിശേഷിപ്പിക്കാം. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇറ്റലിയോട് 1-1 ന്റെ സമനില വഴങ്ങിയാണ് സ്‌പെയിന്‍ തുടങ്ങിയെങ്കിലും പതിയെ എതിരാളികളെ പിന്തള്ളാന്‍ തുടങ്ങിയത്. സെമിയില്‍ പോര്‍ച്ചുഗലില്‍ നിന്ന് കടുത്ത വെല്ലുവിളി സ്‌പെയിന് നേരിട്ടു. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടെന്ന ഭാഗ്യം സ്പാനിഷ് പടയെ തുണച്ചു. ഫൈനലില്‍ പക്ഷെ തങ്ങളുടെ യഥാര്‍ത്ഥ പ്രതിഭ വെളിപ്പെടുത്തി സ്‌പെയിന്‍ അനായാസം ജേതാക്കളായി. ടൂര്‍ണമെന്റില്‍ സ്‌പെയിന്റെ തുടക്കത്തിലെ പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇറ്റലിക്കെതിരെ സമനില വഴങ്ങിയതോടെ ഈ ടീം സെമി പോലും കടക്കില്ലെന്ന് വിമര്‍ശകര്‍ വിധിയെഴുതി. പരമ്പരാഗതമായി തുടരുന്ന സ്‌പെയിന്റെ 'ടിക്കി ടാക്ക'യുടെ കാലം കഴിഞ്ഞെന്നും വിമര്‍ശകര്‍ വിധിയെഴുതി. ആക്രമണാത്മക ഫുട്‌ബോളിനെ സ്‌പെയിന്‍ നശിപ്പിക്കുകയായിരുന്നുവെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ഷോര്‍ട്ട് പാസുകളുമായി സ്പാനിഷ് താരങ്ങള്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണെന്ന് ആരോപണമുണ്ടായി. ഒരു സ്‌ട്രൈക്കര്‍മാരെ പോലും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ സ്പാനിഷ് കോച്ച് വിന്‍സെന്റ് ഡെല്‍ ബോസ്‌ക്വെ പലപ്പോഴും ടീമിനെ ഇറക്കിയതും വിമര്‍ശകരുടെ വാദഗതിക്ക് ബലമേകി. മിഡ്ഫീല്‍ഡര്‍മാരെ മുന്‍നിര്‍ത്തിയാണ് സ്പാനിഷ് കോച്ച് തന്ത്രം മെനഞ്ഞത്. ഫെര്‍ണാഡോ ടോറസ്, ചെക്ക് ഫാബ്രിഗാസ്, ഡേവിഡ് സില്‍വ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ പലപ്പോഴും സൈഡ് ബെഞ്ചിലുമിരുന്നു. എങ്കിലും സ്പാനിഷ് ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞില്ല. ജയിക്കേണ്ട മല്‍സരങ്ങള്‍ ജയിച്ച് അവര്‍ മുന്നേറി. ആന്‍ഡ്രിസ് ഇനീസ്റ്റ, സാവി ഹെര്‍ണാഡസ്, ചെക്ക് ഫാബ്രിഗാസ്, ഡേവിഡ് സില്‍വ എന്നിവരിലൂടെയാണ് ഫൈനലില്‍ സ്‌പെയിന്‍ വിജയത്തിലെത്തിയത്. ടിക്കി ടാക്ക ഇറ്റലിക്കെതിരെ വിജയകരമായി ഇവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതില്‍ സില്‍വയും ടോറസും ഗോളടിക്കുകയും ചെയ്തു. ഗ്രൂപ്പ് മല്‍സരത്തില്‍ ഇറക്കിയ അതേ ടീമിനെയാണ് കലാശപ്പോരാട്ടത്തിലും സ്പാനിഷ് കോച്ച് രംഗത്തിറക്കിയത്. ഗ്രൂപ്പില്‍ ഇറ്റലിയോട് 1-1 ന്റെ സമനില, അയര്‍ലണ്ടിനെതിരെ 0-4 ന്റെ തകര്‍പ്പന്‍ ജയം, ഒടുവില്‍ ക്രൊയേഷ്യയ്‌ക്കെതിരെ 0-1 ന്റെ വിജയം. ഗ്രൂപ്പ് ചാമ്പ്യനാകാന്‍ സ്‌പെയിന് ഇത് മതിയായിരുന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ വെല്ലുവിളി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ജേതാക്കള്‍ മറികടന്നത്. ടൂര്‍ണമെന്റില്‍ സ്‌പെയിന് ഏക വെല്ലുവിളിയുയര്‍ന്നത് പോര്‍ച്ചുഗലിനെതിരായ സെമിയിലായിരുന്നു. മല്‍സരം അധികസമയം കഴിഞ്ഞിട്ടും ഗോള്‍ പിറക്കാതിരുന്നതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വിധി നിര്‍ണയിച്ചത്. ഷൂട്ടൗട്ടിലൂടെയാണ് ഫൈനലിലെത്തിയതെങ്കിലും പോര്‍ച്ചുഗലിനെതിരെ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് സ്‌പെയിന് ഗോളടിക്കാന്‍ കഴിയാതിരുന്നത്. സൂപ്പര്‍ താരം ആന്‍ഡ്രിസ് ഇനീസ്റ്റയുടെ എണ്ണം പറഞ്ഞ രണ്ടു ഷോട്ടുകള്‍ അവിശ്വസനീയമാം വിധം പുറത്തേയ്ക്ക് പോവുകയായിരുന്നു. ഇറ്റലിക്കെതിരായ ഫൈനലില്‍ ഡേവിഡ് സില്‍വ, റാമോസ് ജോര്‍ഡി ആല്‍ബ, ഫെര്‍ണാഡോ ടോറസ്, യുവാന്‍ മാറ്റ എന്നിവരുടേതായിരുന്നു സ്‌പെയിന്റെ ഗോളുകള്‍. ടീമിന്റെ ഒത്തൊരുമയും കിരീട വിജയത്തില്‍ നിര്‍ണായകമായി. ഇറ്റലിക്കെതിരെ 14-ാം മിനിറ്റില്‍ നേടിയ ആദ്യ ഗോളില്‍ പോലും ഇത് ദൃശ്യമായിരുന്നു. മിഡ്ഫീല്‍ഡില്‍ നിന്നും സാവിയാണ് ഗോളിന് തുടക്കമിട്ടത്. സ്പാനിഷ് പ്ലേ മേക്കര്‍ കൂടിയായ സാവി ഇറ്റാലിയന്‍ പ്രതിരോധ ഭടന്‍മാരെ മറികടന്ന് പന്ത് ഫാബ്രിഗാസിന് കൈമാറി. ഗോളിലേക്ക് തൊടുക്കാമായിരുന്നിട്ടും അതിന് ശ്രമിക്കാതെ ഫാബ്രിഗാസ് പന്ത് സില്‍വയ്ക്ക് നല്‍കി. മികച്ചൊരു ക്ലോസ് റേഞ്ചുമായി സില്‍വ വലകുലുക്കുകയും ചെയ്തു. 41-ാം മിനിറ്റില്‍ ആല്‍ബയുടേതായിരുന്നു രണ്ടാം ഗോള്‍. ടൂര്‍ണമെന്റില്‍ ലെഫ്റ്റ് ബാക്ക് ജോര്‍ഡി ആല്‍ബയുടെ ആദ്യ ഗോളായിരുന്നു. രണ്ടു ഗോളിന്റെ മുന്‍തൂക്കവുമായാണ് സ്‌പെയിന്‍ ആദ്യപകുതി അവസാനിപ്പിച്ചത്. ഇതോടെ ഇറ്റലിയുടെ വിധി ഏറെകുറെ ഉറപ്പിക്കപ്പെട്ടു. 64-ാം മിനിറ്റില്‍ തിയാഗോ മോട്ടയ്ക്ക് പരുക്കേറ്റതോടെ അസൂറികളുടെ സ്ഥിതി കൂടുതല്‍ ദയനീയമായി. ടോറസും മാറ്റയും രണ്ടാം പകുതിയില്‍ പകരക്കാരായി ഇറങ്ങിയതോടെ ഇറ്റലിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഇവരുടെ ബൂട്ടില്‍ നിന്നായിരുന്നു അവസാന രണ്ടു ഗോളും പിറന്നത്. 83-ാം മിനിറ്റില്‍ ടോറസ് ഗോളടിച്ചപ്പോള്‍ നാലു മിനിറ്റുകള്‍ക്ക് ശേഷം മാറ്റ ലക്ഷ്യം കണ്ടു. അഭിമാനത്തോടെ തലയുയര്‍ത്തി പിടിച്ചാണ് സ്‌പെയിന്‍ നാട്ടിലേക്ക് മടങ്ങുന്നത്. 2014 ലോകകപ്പ്, അടുത്ത ലക്ഷ്യം സ്‌പെയിന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ടു വര്‍ഷത്തിന് ശേഷം ഫുട്‌ബോളിന്റെ മെക്കയായ ബ്രസീലില്‍ നടക്കുന്ന ലോകഫുട്‌ബോളില്‍ സ്‌പെയിനാകും കിരീട ഫേവറേറ്റ് എന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. നിലവില്‍ സ്പാനിഷ് ടീമിലുള്ള പലരും അന്ന് ഒരു പക്ഷെ കളിക്കാനുണ്ടായേക്കില്ല. എന്നാല്‍ പ്രതിഭാധനരായ ഒരു പിടി യുവതാരങ്ങള്‍ തങ്ങളുടെ നിരയിലുണ്ടെന്ന് ഈ യൂറോയിലൂടെ സ്‌പെയിന്‍ തെളിയിച്ചു. മാറ്റ, സാന്റി കസോര്‍ല, പെഡ്രോ റോഡ്രിഗ്‌സ്, ജീസസ് നാവാസ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. ഒന്നുറപ്പിക്കാം, സ്‌പെയിന്റെ ജൈത്രയാത്ര ഇവിടെ അവസാനിക്കുന്നില്ല. |
| < മുന്‍ പേജ് | അടുത്തത് > |
|---|

യൂറോ കപ്പ് നിലനിര്‍ത്തിയ ആദ്യ ടീം
-°C 