| മലയാള ഭാഷയുടെ ക്ലാസിക്കല്‍ പദവി |
മലയാള ഭാഷയ്ക്ക് അര്‍ഹമായ ക്ലാസിക്കല്‍ പദവി ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രമുഖ കവികളും സാഹിത്യനായകരും ഭാഷാപണ്ഡിതരും ഉള്‍പ്പെട്ട സംഘം നിവേദനവുമായി പ്രധാനമന്ത്രിയെ കാണാന്‍ പോകുകയാണ്. ക്ലാസിക് എന്ന പദത്തിന് എക്കാലവും നിലനില്‍ക്കുന്നത് എന്ന അര്‍ത്ഥമാണുള്ളത്. തമിഴിനൊപ്പം ഇതര ദ്രാവിഡ ഭാഷകളായ കന്നട, തെലുങ്ക് എന്നീ ഭാഷകള്‍ക്ക് ലഭിച്ച പദവിയും അംഗീകാരവും ഔദ്യോഗികമായി എന്തുകൊണ്ട് മലയാളഭാഷയ്ക്ക് കിട്ടാതെ പോയി എന്നത് ദുരൂഹമാണ്. ഭാഷകള്‍ക്ക് ഈ പദവി നിശ്ചയിച്ച ഔദ്യോഗിക കമ്മിറ്റിയിലുള്ളവരുടെ പരിജ്ഞാനക്കുറവാകാം കാരണമെന്നു കരുതാം. സംസ്‌കൃതവും തമിഴും രാജ്യത്തെ ഏറ്റവും പ്രാചീനത അവകാശപ്പെടുന്ന രണ്ടു ഭാഷകളാണ്. എക്കാലവും നിലനില്‍ക്കുന്ന സാഹിത്യകൃതികള്‍ പിറവിയെടുത്ത ഇന്ത്യന്‍ ഭാഷ സംസ്‌കൃതമാണ്. ശാസ്ത്രം മുതല്‍ വ്യാകരണം വരെ കവിതകളായി രചിക്കപ്പെട്ടിട്ടുള്ള ഭാഷയാണ് സംസ്‌കൃതം. വിശ്രുതമായ ആരോഗ്യശാസ്ത്രഗ്രന്ഥങ്ങള്‍ മുതല്‍ നാടകങ്ങളും രാഷ്ട്രമീമാംസാകൃതികളും ഈ ഭാഷയില്‍ ക്രിസ്താബ്ദത്തിനുമുമ്പുതന്നെ രചിക്കപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന തമിഴ് ഭാഷ യഥാര്‍ത്ഥത്തില്‍ ഇന്നത്തെ രൂപത്തില്‍ എത്തിയത് പല പരിവര്‍ത്തനങ്ങളിലൂടെയാണ്. ദ്രാവിഡ സംസ്‌കൃതിയുടെ വികാസത്തില്‍ കേരളം ഉള്‍പ്പെട്ട പ്രദേശം തമിഴ് ഭാഷാപ്രണയികള്‍ക്ക് ഒരിക്കലും വിസ്മരിക്കാവുന്നതല്ല. പഴയ ചെന്തമഴില്‍ അനേകം കൃതികള്‍ എഴുതിയ പ്രതിഭാശാലികള്‍ കേരളീയരായിരുന്നു. ചെന്തമിഴിലെ അഞ്ചു കാവ്യങ്ങളില്‍ ചിലപ്പതികാരവും മണിമേഖലയും രചിച്ചത് കേരളീയരാണ്. തിരുക്കുറള്‍ പിറന്നതും ഇവിടെയാണ്. ഋഗ്വേദത്തില്‍ തനി മലയാളപദങ്ങളുണ്ടെന്നാണ് ഗവേഷകരുടെ മതം. കന്നഡയും മലയാളവും തമ്മില്‍ അത്ഭുതകരമായ സാമ്യമുണ്ട്. കേരളീയര്‍ മുമ്പ് ആശയവിനിമയം നടത്തിയിരുന്നത് തമിഴ് എന്ന് തോന്നിക്കാവുന്ന ഒരു ഭാഷയിലാണ്. അതില്‍ നിന്ന് പരിണമിച്ച്, സംസ്‌കൃതവത്ക്കരിച്ച് രൂപം കൊണ്ടതാണ് ഇന്നത്തെ മലയാള ഭാഷ. അതിന്റെ പ്രാചീനത കൃത്യമായി തിട്ടപ്പെടുത്താനാവാത്തവിധം അന്യഭാഷാപദങ്ങള്‍കൊണ്ട് ബഹുലവുമാണ്. ലീലാതിലകം എന്ന ഒരു കൃതിയുണ്ടായിട്ട് അഞ്ഞൂറുകൊല്ലമേയായിട്ടുള്ളു എന്ന ഒരു കാരണം പറഞ്ഞ് മലയാളത്തിന് അര്‍ഹമായ അംഗീകാരവും പദവിയും നിഷേധിക്കരുത്. ഭാഷ എന്നാല്‍ ആശയ വിനിമയ ഉപാധി എന്നാണ് അര്‍ത്ഥം. ആശയവിനിമയത്തിനുള്ള ഒരു ഉപകരണം എന്നും പറയാം. ലിഖിതഭാഷയുടെ കാലത്തിന്റെ കണക്കുവെച്ച് ഭാഷയുടെ യഥാര്‍ത്ഥ പഴക്കം നിര്‍ണ്ണയിക്കാന്‍ കഴിയില്ല. രണ്ടായിരം വര്‍ഷം മുമ്പ് കൂടിയാട്ടം പോലെ അനന്യമായ ഒരു നാടകരൂപം ഉണ്ടായത് കേരളത്തില്‍ മാത്രമാണ്. കൂടിയാട്ടത്തിന്റെ ഭാഷ സംസ്‌കൃതവുമായി അടുത്തുനില്‍ക്കുന്നു. ഗണിതശാസ്ത്രത്തില്‍ പൂജ്യത്തിന്റെ മൂല്യം കണ്ടുപിടിച്ച ഈ നാട്ടില്‍ നിന്നാണ് പ്രാചീന ഭാസനാടകങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. അത്രയും വലിയ ഒരു സംസ്‌കൃതിയുടെ വിനിമയ ഭാഷയ്ക്ക് അംഗീകാരം നല്‍കാതിരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ക്ലാസിക്കല്‍ പദവി തീരുമാനിക്കുന്ന പണ്ഡിത സദസ്സിന്റെ മനോഗതി എന്തായിരുന്നു എന്ന് നമുക്കറിയില്ല. എന്തായാലും മലയാള ഭാഷയ്ക്ക് ആ പദവി നല്‍കരുതെന്ന് തീരുമാനിച്ച മനസ്സിന്റെ ഭാവം തികച്ചും അപലപനീയമാണ്.ഒരു ഭാഷയ്ക്ക് ക്ലാസ്സിക്കല്‍ എന്ന വിശേഷണത്തോടെ ഒരു അംഗീകാരവും പദവിയും നല്‍കുമ്പോള്‍ പൊടുന്നനെ ചില പ്രയോജനങ്ങള്‍ ഉണ്ടാകുന്നു. ആ ഭാഷയുടെ പേരില്‍ ഒരു സര്‍വ്വകലാശാല രൂപീകരിക്കാനുള്ള നൂറുകോടിയിലേറേ രൂപ കേന്ദ്രസഹായമായി ലഭിക്കും. ഹിന്ദിക്കും മറ്റു ചില ഭാഷകള്‍ക്കും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷം തോറും ലഭിക്കുന്ന ധനസഹായം പ്രാദേശികഭാഷാ പ്രവര്‍ത്തകരെ അസൂയപ്പെടുത്താറുണ്ട്. ക്ലാസ്സിക്കല്‍ പദവി എന്ന ഒരു തൊപ്പി ഭാഷയുടെ ശിരസ്സില്‍ ചൂടാതെ പോകുന്നതുമൂലം നഷ്ടപ്പെടുന്നത് ഇത്തരം ഭൗതിക സൗകര്യങ്ങളാണ്. ആ കുറവ് പരിഹരിക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന നിവേദക സംഘത്തിന് കഴിയുമെന്ന് പ്രത്യാശിക്കാം. മലയാളത്തിന്റെ ക്ലാസ്സിക്കല്‍ പദവിയും അംഗീകാരവും ഭരണാധികാരികളുടെ ഔദാര്യംകൊണ്ട് നേടേണ്ടതല്ല. തികച്ചും അര്‍ഹമായ ഒരു ആവശ്യമാണ്. ആ അര്‍ഹത ബോദ്ധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയോടൊപ്പം ഡല്‍ഹിയില്‍ പോകുന്ന ഭാഷാപ്രണയികള്‍ക്ക് കഴിയട്ടെ. |
| < മുന്‍ പേജ് | അടുത്തത് > |
|---|

മലയാള ഭാഷയ്ക്ക് അര്‍ഹമായ ക്ലാസിക്കല്‍ പദവി ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രമുഖ കവികളും സാഹിത്യനായകരും ഭാഷാപണ്ഡിതരും ഉള്‍പ്പെട്ട സംഘം നിവേദനവുമായി പ്രധാനമന്ത്രിയെ കാണാന്‍ പോകുകയാണ്. 
-°C 