രാജ്യത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ആശങ്ക വേണ്ട: കേന്ദ്രമന്ത്രി പി.ചിദംബരം
Imageജെ.അജിത്കുമാര്‍
തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തിക മേഖയില്‍ ഇപ്പോള്‍ ദൃശ്യമായിരിക്കുന്ന ദോഷകരമായ ചില പ്രവണതകള്‍ സ്ഥായിയായിട്ടുള്ളവയല്ലെന്നും,
ഈ താല്‍ക്കാലിക പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ അതിവേഗം കരകയറുകയാണെന്നും കേന്ദ്രമന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും പ്രബലമായ സാമ്പത്തികശക്തികളിലൊന്നായി ഇന്ത്യ തുടരുകയാണെന്നും, വളര്‍ച്ചാനിരക്കില്‍ ആശങ്കാജനകമായ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
കേന്ദ്രത്തിലെ രണ്ടാം യു പി എ സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ഇന്നലെ ഇവിടെ വിളിച്ചുചേര്‍ത്ത മാധ്യമസമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രി പി ചിദംബരം മനസ്സുതുറന്നത്. കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണമന്ത്രി അംബികാ സോണിയും നിയമകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും സന്നിഹിതരായിരുന്നു. സാമ്പത്തികരംഗത്ത് ചില തെറ്റായ ചലനങ്ങള്‍  ദൃശ്യമാണെങ്കിലും രാജ്യത്തിന്റെ വികസനക്കുതിപ്പിനെ അത് ബാധിച്ചില്ലെന്നു തന്നെയല്ല, വിവിധ മേഖലകളിലെ നിക്ഷേപത്തിലും കുറവുണ്ടായിട്ടില്ല. വിദേശനിക്ഷേപത്തിന്റെ കാര്യത്തിലും യു എസ്, കാനഡ, ജപ്പാന്‍, ചൈന എന്നിവയോടൊപ്പം തന്നെയാണ് ഇന്ത്യയുടെ സ്ഥാനം. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ അനുരണനങ്ങള്‍ ഇവിടെയും പ്രകടമാണെങ്കിലും ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന സാമൂഹ്യസേവനമേഖലയില്‍ വര്‍ധിച്ച തോതിലാണ് നിക്ഷേപം ഉണ്ടായിട്ടുള്ളത്.
 
ഇനിയുള്ള രണ്ടുവര്‍ഷക്കാലം അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഈ രംഗത്ത് യു പി എ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ രാജ്യത്തെ സാമ്പത്തിക രംഗം പൂര്‍വാധികം ശക്തിപ്പെടുമെന്നും ആഭ്യന്തരവളര്‍ച്ചാനിരക്കില്‍ വര്‍ധനയുണ്ടാകുമെന്നും മുന്‍ധനകാര്യമന്ത്രി കൂടിയായ ചിദംബരം വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ വിദേശനിക്ഷേപം വര്‍ധിക്കുന്നതോടൊപ്പം വിദേശത്ത് ഇന്ത്യയുടെ നിക്ഷേപത്തിലും വന്‍വര്‍ധനയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്മാരിലൊരാളായ അബു ജിന്‍ഡാല്‍ പിടിക്കപ്പെട്ടത് രാജ്യത്തെ വിവിധ ഏജന്‍സികളുടെ നീണ്ടനാളത്തെ ശ്രമഫലമായാണ്. രാജ്യത്തെ നടുക്കിയ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിന്റെ വഴിയില്‍ കൊണ്ടുവരും. ഇക്കാര്യത്തില്‍ ഇന്ത്യ അനുവര്‍ത്തിച്ചുവരുന്ന നയത്തിന് ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചുകഴിഞ്ഞു. എന്നുതന്നെയല്ല, പാക്കിസ്ഥാന്‍ സ്വീകരിച്ചുവന്ന നിഷേധാത്മകനിലപാട് ലോകം തിരിച്ചറിയുകയും ചെയ്തു.
 
തീവ്രവാദപ്രവര്‍ത്തനങ്ങളും വര്‍ഗീയകലാപങ്ങളും രാജ്യത്ത് പൊതുവെ കുറഞ്ഞുവരികയാണ്. കാശ്മീരിലും, ഉത്തര-പൂര്‍വ സംസ്ഥാനങ്ങളിലും ക്രമസമാധാനനില ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ആഭ്യന്തരരംഗത്ത് ആശങ്കയുണര്‍ത്തുന്ന ഏകഘടകം മധ്യഭാരതത്തിലെ ഇടതുപക്ഷ തീവ്രവാദമാണ്. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളുടെ മുക്കാല്‍പങ്കും രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലായുള്ള 26 ജില്ലകളില്‍ മാത്രമായി ഒതുങ്ങുന്നതാണ്; പ്രത്യേകിച്ച് മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍. അവ ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണി തന്നെയാണ്. രാഷ്ട്രീയപരിഹാരത്തോടൊപ്പം പിന്നോക്കാവസ്ഥയിലുള്ള അത്തരം പ്രദേശങ്ങളില്‍ വികസനം ഉറപ്പുവരുത്തുക എന്നതും അത്യന്താപേക്ഷിതമാണ്, കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.
 
കേരളത്തിന്റെ സാമ്പത്തികരംഗം മികച്ച സ്ഥിതിയിലാണെന്നും യു ഡി എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഗുണപരമായ ഏറെ മാറ്റങ്ങള്‍ സംസ്ഥാനത്തുളവാക്കിയിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു. ഇപ്പോള്‍ തന്നെ സാമൂഹ്യവികസനരംഗത്ത് ഉന്നതതലത്തില്‍ സ്ഥാനം കണ്ടെത്തി കഴിഞ്ഞ കേരളം, വരും വര്‍ഷങ്ങളില്‍ ഇനിയും ഏറെ ഉയരങ്ങളിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള സി പി എം തീരുമാനത്തെ ചിദംബരം സ്വാഗതം ചെയ്തു. രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എതിരില്ലാതെ, സര്‍വസമ്മതനായി തെരഞ്ഞെടുക്കപ്പെടേണ്ട വ്യക്തിയാണ് പ്രണബ് മുഖര്‍ജിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls