| എയ്ഡഡ് സ്‌കൂള്‍: തീരുമാനമെടുത്തത് ഇടതുസര്‍ക്കാര്‍ സര്‍ക്കുലറിന്റെ പകര്‍പ്പ് 'വീക്ഷണ'ത്തിന് ലഭിച്ചു |
നിസാര്‍ മുഹമ്മദ്തിരുവനന്തപുരം: സംസ്ഥാനത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇടതുസര്‍ക്കാര്‍. ഈ സ്‌കൂളുകള്‍ക്ക് ആദ്യമായി അംഗീകാരം നല്‍കാന്‍ 98-ലെ നായനാര്‍ സര്‍ക്കാരാണ് നടപടി തുടങ്ങിയതെങ്കില്‍, എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കഴിഞ്ഞ സര്‍ക്കാരാണ് ഈ സ്‌കൂളുകളെ എയ്ഡഡ് സ്‌കൂളുകളാക്കി മാറ്റാനുള്ള നടപടിക്ക് തുടക്കം കുറിച്ചത്. ഇതുസംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് എം.എ ബേബി എഴുതിയ നോട്ടും അതിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറിന്റെ പകര്‍പ്പും വീക്ഷണത്തിന് ലഭിച്ചു. ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം നിലവില്‍ പ്രവര്‍ത്തിക്കുന്ന 35 സ്ഥാപനങ്ങളിലെ അധ്യാപകരടക്കമുള്ള 238 ജീവനക്കാര്‍ക്ക് സ്വാഭാവിക നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി എയ്ഡഡ് വിഭാഗം അധ്യാപകരെ എങ്ങനെയാണോ പരിഗണിക്കുന്നത് അതിന് സമാനമായി പരിഗണിച്ച് ഇന്‍ക്രിമെന്റ് അടക്കം അനുവദിച്ച് ശമ്പള സ്‌കെയില്‍ ബാധകമാക്കണമെന്നാണ് എം.എ ബേബിയുടെ നോട്ടിലെ ആദ്യനിര്‍ദ്ദേശം. 13-02-2009-ലെ ഉത്തരവിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് കൂടി ബാധകമാക്കണെന്ന് രണ്ടാമത്തെ നിര്‍ദ്ദേശം. മൂന്നാമത്തെ നിര്‍ദ്ദേശത്തിലാണ് ഈ സ്ഥാപനങ്ങളെ എയ്ഡഡ് സ്ഥാപനങ്ങളാക്കി മാറ്റണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇത് അംഗീകരിക്കുന്നതിലേക്ക് വിശദമായി പരിശോധിച്ച് ഏതൊക്കെ നിബന്ധനകള്‍ വയ്ക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കണമെന്നും അതിനുള്ള നടപടി കൈക്കൊള്ളണമെന്നും നോട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുകളില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ധനകാര്യവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും വ്യക്തമാക്കിയാണ് എം.എ ബേബിയുടെ നോട്ട് അവസാനിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് ഇന്നലെയും പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കിയത്. പ്രശ്‌നം ഉന്നയിച്ച് വാക്കൗട്ട് നടത്തുകയും ചെയ്തു. അതേസമയം മലബാറിലെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം യു ഡി എഫില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. എയ്ഡഡ് പദവി നല്‍കണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ച് ധനവകുപ്പിന്റെ പരിശോധനക്ക് അയച്ചിരിക്കുകയാണ്. എന്നാല്‍, ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാവശവും പരിഗണിച്ച് മാത്രമെ തീരുമാനമെടുക്കൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനാണ് പ്രത്യേകഉപക്ഷേപത്തിലൂടെ ഇക്കാര്യം ഉന്നയിച്ചത്. കേന്ദ്രസഹായത്തോടെ തുടങ്ങിയ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് മന്ത്രിസഭ തീരുമാനിച്ചതെന്നും എന്നാല്‍ എയ്ഡഡ് പദവി നല്‍കുമെന്നാണ് വിദ്യാഭ്യാസമന്ത്രി സഭയില്‍ പറഞ്ഞതെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും വി.എസ് ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രി പറഞ്ഞതിനെ മുഖ്യമന്ത്രിക്ക് തന്നെ തിരുത്തേണ്ടി വന്നു. ഈ സ്‌കൂളുകളിലെ അധ്യാപകരെ സഹായിക്കുന്ന എല്ലാതീരുമാനങ്ങളോടും പ്രതിപക്ഷത്തിന് യോജിപ്പാണുള്ളത്. എന്നാല്‍ കോടികള്‍ കോഴ വാങ്ങാന്‍ വേണ്ടിയാണ് എയ്ഡഡ് പദവി നല്‍കാന്‍ നീക്കം നടത്തുന്നതെന്നും വി.എസ് ആരോപിച്ചു. 1994 ല്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ ഭരണകാലത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് മലബാറിലെ കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ 41 വിദ്യാലയങ്ങള്‍ തുടങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 33 സ്‌കൂളുകളാണ് നിലവിലുള്ളത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ഇതിന് ആദ്യമായി അംഗീകാരം നല്‍കുന്ന രൂപത്തില്‍ ഉത്തരവ് ഇറക്കിയത്. ഉച്ചക്കഞ്ഞി, ഡി പി ഇ പി, ലംപ്‌സം ഗ്രാന്റ് തുടങ്ങിയ പദ്ധതികള്‍ ഈ വിദ്യാലയങ്ങള്‍ക്കും അനുവദിച്ചു. ഈ വിദ്യാലയങ്ങളിലെ ടി സിക്ക് നിയമപ്രാബല്യം നല്‍കി. 2003ല്‍ അടിസ്ഥാന ശമ്പള നിരക്ക് നടപ്പാക്കി. 2006ല്‍ നിയമനയോഗ്യതയും പ്രായപരിധിയും കെ ഇ ആര്‍ പ്രകാരമാക്കി ഡി എ പ്രഖ്യാപിച്ചു. കഴിഞ്ഞ സര്‍ക്കാരാണ് പരിഷ്‌കരിച്ച ശമ്പളം നടപ്പാക്കിയത്. ഇതിന് ശേഷമാണ് എയ്ഡഡ് പദവി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായി വിദ്യാഭ്യാസമന്ത്രിയായിരുന്ന എം എ ബേബി എയ്ഡഡ് പദവി നല്‍കുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചു. ഈ ഫയലിന്മേലാണ് വിദ്യാഭ്യാസവകുപ്പ് തുടര്‍നടപടികളെടുത്ത് മന്ത്രിസഭയുടെ പരിഗണനക്ക് അയച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആകാശത്തിന് താഴെയുള്ള എന്ത്കാര്യത്തിനും സാമുദായിക നിറം കൊടുത്ത് ലീഗിനെ ടാര്‍ജറ്റ് ചെയ്യുകയാണെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ സര്‍ക്കാര്‍ സ്‌കൂളുകളാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

നിസാര്‍ മുഹമ്മദ്
-°C 