| രാഷ്ട്രീയ ചരിത്രത്തിലെ ദുരന്തവും പ്രഹസനവും |
കൃഷ്ണപിള്ളയ്ക്കും എ.കെ.ജിക്കും ഇ.എം.എസ്സിനും ഒളിത്താവളം ഒരുക്കിയ കണ്ണൂരിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യവും ചരിത്രവും ഇപ്പോള്‍ കൊടി സുനി, കിര്‍മാണി, കുഞ്ഞനന്തന്‍ തുടങ്ങിയ കൊടുംകുറ്റവാളികള്‍ക്ക് ഒളിസങ്കേതമായിരിക്കുന്നു. ചരിത്രം ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആവര്‍ത്തിക്കുമെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. പി. സജിത്കുമാര്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രയില്‍ സി പി എം സഹയാത്രികനായ ഒരു ചരിത്രഗവേഷകനുമായി ഏറെനേരം സംസാരിക്കുകയുണ്ടായി. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയായിരുന്നു വിഷയം. പാര്‍ട്ടിക്കു വേണ്ടി ഒരു പാടു വേദികളില്‍ പ്രസംഗിച്ചിട്ടുള്ള, ഒരു പാട് ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം പറഞ്ഞു; കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം തന്നെ ഇല്ലാതായിരിക്കുകയാണെന്ന്. 'ജന്മിത്വത്തിനെതിരെ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനിറങ്ങിയ പഴയ കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്, ഒളിവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എക്കാലത്തും സൂക്ഷിച്ചു വെക്കാനുള്ള, അഭിമാനത്തോടെ പുതുതലമുറയ്ക്ക് പറഞ്ഞുകൊടുക്കാനുള്ള ചരിത്രമായിരുന്നു. ആ ചരിത്രമാണ് ഇല്ലാതാക്കിയത്. ഇന്നത്തെ തലമുറ, ഇനിവരുന്ന തലമുറ ഈ പ്രസ്ഥാനത്തെ ഒരു കൊലയാളി പ്രസ്ഥാനമായാണ് കാണുക. ഗതകാലചരിത്രങ്ങളെല്ലാം തമസ്‌കരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം ചരിത്രങ്ങള്‍ ഇനി എന്നെപ്പോലുള്ളവര്‍ക്ക് ഒരു വേദിയിലും പ്രസംഗിക്കാനാകില്ല. പ്രസംഗിച്ചാല്‍ അതെത്ര പേര്‍ കേള്‍ക്കാനുണ്ടാകും..'-ഇപ്പോഴും പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ചരിത്രകാരന്റെ വിലയിരുത്തലാണിത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്കാരുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പറഞ്ഞ പ്രകാശ് കാരാട്ട് തൊട്ട് പിണറായി വിജയന്‍ വരെയുള്ളവര്‍ അങ്കലാപ്പിലാണ്. ദിവസവും നാലും അഞ്ചും പാര്‍ട്ടിക്കാരാണ് ജയിലിലേക്കു പോകുന്നത്. കര്‍ഷകപോരാട്ടക്കാലത്ത് എ കെ ജിയെ പോലുള്ള നേതാക്കള്‍ക്കാണ് പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ഒളിത്താവളമൊരുക്കിയതെങ്കില്‍ ഇപ്പോള്‍ കൊടി സുനി, കിര്‍മാണി മനോജ് തുടങ്ങിയ ക്രിമിനലുകള്‍ക്ക് ഒളിത്താവളമൊരുക്കുന്ന ജോലിയാണ് പാര്‍ട്ടി പ്രാദേശികനേതാക്കള്‍ക്ക് നല്‍കുന്നത്. ഏരിയാ കമ്മിറ്റികളിലും ലോക്കല്‍ കമ്മിറ്റികളിലും ഉള്‍പ്പെട്ടവര്‍ മാത്രമല്ല, ഡി വൈ എഫ് ഐ, എസ് എഫ് ഐ തുടങ്ങി പോഷകസംഘടനകള്‍ക്കും പാര്‍ട്ടി നേതൃത്വം ഏല്‍പ്പിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട ചുമതലകള്‍. എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സരിന്‍ശശിയെ പ്രത്യേകാന്വേഷണസംഘം പിടികൂടിയത് ടി പി വധക്കേസില്‍ കൊലയാളിസംഘത്തെ ഏര്‍പ്പെടുത്തിയ കുഞ്ഞനന്തനെന്ന 'വല്യ'നേതാവിന് ഒളിത്താവളമൊരുക്കിയതിനാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ്! നല്ല വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനം തന്നെ. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണചരിത്രത്തില്‍ വഴിത്തിരിവായി ടി പി വധക്കേസന്വേഷണം മാറുമ്പോള്‍ മലബാറില്‍ സി പി എം ചരിത്രത്തിലിന്നേ വരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയില്‍ ആടിയുലയുകയാണ്. ഒരു കൊലക്കേസില്‍ ഇതിനകം അമ്പതിലധികം പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകത്തില്‍ നേരിട്ടു പങ്കാളിത്തം വഹിച്ചവരും സഹായിച്ചവരും മാത്രമല്ല, ഗൂഢാലോചന നടത്തിയവരും പ്രതികളെ ഒളിപ്പിച്ചവരുമെല്ലാം പ്രതി ചേര്‍ക്കപ്പെട്ടു. ഇനിയൊരു രാഷ്ട്രീയകൊലപാതകം കേരളത്തിലുണ്ടാകാന്‍ പാടില്ലെന്ന ദൃഢനിശ്ചയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേരള പൊലീസിന്റെ കഴിവില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ച് സമര്‍ത്ഥരായ അന്വേഷണസംഘത്തെ നിയോഗിച്ചപ്പോള്‍ അണുകിട പിഴച്ചില്ല. സി പി എം നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തകിടം മറിക്കുന്ന രീതിയില്‍ ഓരോ ദിവസവും അന്വേഷണം പുരോഗമിക്കുകയാണ്. വ്യക്തമായ തെളിവുകളോടെ ഓരോ അറസ്റ്റും. ഏതു മാളത്തിലൊളിച്ചാലും കുടുങ്ങുമെന്ന തിരിച്ചറിവില്‍ ഓരോരുത്തരുടെ കീഴടങ്ങല്‍. സി പി എം ഭരിക്കുമ്പോള്‍ പൊലീസ് സ്ഥലംമാറ്റം മാത്രമല്ല, കേസന്വേഷണം വരെ കൈയാളിയിരുന്ന കുഞ്ഞനന്തനെ കൂക്കുവിളികളോടെയാണ് ജനം കോടതി പരിസരത്ത് എതിരേറ്റത്. അറസ്റ്റിലാകുന്ന സി പി എം നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പ്രവര്‍ത്തകരെത്താറുണ്ട്. കൊലക്കേസ് പ്രതികളെ കോടതി വിട്ടയക്കുമ്പോള്‍ മാലയിട്ട് സ്വീകരിച്ച് പ്രകടനം നടത്തുന്നവരാണ് സി പി എമ്മുകാര്‍. കുഞ്ഞനന്തനേയും സി എച്ച് അശോകനേയും കൂക്കിവിളിക്കുന്നു. പാര്‍ട്ടി അണികളില്‍ വന്ന മാറ്റം. മൂന്നു കൊലക്കേസുകള്‍- തലശേരിയിലെ ഫസല്‍ വധക്കേസ്, അരിയില്‍ ഷുക്കൂര്‍ വധക്കേസ്, ഒഞ്ചിയത്തെ ടി പി വധക്കേസ്- സി പി എം നേതാക്കളെ വേട്ടയാടുമ്പോള്‍ പ്രതിരോധിക്കാന്‍ പിണറായി വിജയന് കൂട്ട് പി ജയരാജന്‍ മാത്രം. അത്യാവശ്യത്തിന് എം വി ജയരാജനും. അപകടം മണത്ത് പലരും പിന്‍വലിഞ്ഞു കഴിഞ്ഞു. പി. ജയരാജനാണെങ്കില്‍ ഏതു നിമിഷവും പുറത്തു വരാനിരിക്കുന്ന വെളിപ്പെടുത്തലുകളെ ഭയന്നിരിപ്പാണ്. പാര്‍ട്ടികോടതികൂടി ഷുക്കൂറിന് വധശിക്ഷ കല്‍പ്പിച്ചതാരെന്ന ചോദ്യത്തിന് ഇനി അധികദിവസം ഉത്തരം തേടേണ്ടിവരില്ല. ചോദ്യം ചെയ്യലുകളെ പോലും ഭയക്കുന്ന അവസ്ഥയിലേക്ക് പി ജയരാജനെ പോലുള്ള നേതാക്കളെത്തുമ്പോള്‍ പ്രാദേശികനേതാക്കളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പി ജയരാജനുമൊക്കെ വളരെ വേണ്ടപ്പെട്ടവരായിരുന്നു കാരായി രാജനും കാരായി ചന്ദ്രശേഖരനും. സി ബി ഐക്ക് ഇവരെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച ജയരാജന്‍ ഇപ്പോള്‍ സ്വയരക്ഷക്ക് വഴിതേടുന്നു. കാരായി കുടുംബക്കാര്‍ക്കാകെ മാനക്കേടുണ്ടാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രണ്ട് കൊലക്കേസുകളില്‍ കാരായി നാമധാരികളായി കുടുങ്ങിയിട്ടുള്ളത് നാലു പേര്‍. ഫസല്‍ വധക്കേസില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, ടി പി വധക്കേസില്‍ പ്രതികളെ ഒളിപ്പിച്ചതിന് കാരായി ശ്രീജിത്ത്, പിതാവ് കാരായി ശ്രീധരന്‍ എന്നിവര്‍.സി പി എം എന്ന പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെങ്കില്‍ എന്തു ചെയ്താലും ഇവിടെയാരും ചോദ്യം ചെയ്യില്ലെന്ന ധാര്‍ഷ്ട്യമായിരുന്നു ഇവര്‍ക്കൊക്കെ. ആ ധാര്‍ഷ്ട്യത്തിനും അതിരു കടന്ന ആത്മവിശ്വാസത്തിനും സകലരേയും വെല്ലുവിളിക്കുന്ന മനോഭാവത്തിനുമാണ് ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്. ദിവസവും പാര്‍ട്ടി നേതാക്കളോരോരുത്തരായി പിടിയിലാകുമ്പോള്‍ ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലെന്നാണ് ജയരാജന്റെ പക്ഷം. പൊലീസിനെ നേരിടും, റെയ്ഡ് അനുവദിക്കില്ല തുടങ്ങി പ്രഖ്യാപനങ്ങള്‍ പലതും നടത്തി ഇന്നലെ ജയരാജന്‍. മുളകുവെള്ളം (എം വി) ജയരാജനൊപ്പമായിരുന്നു പത്രസമ്മേളനം. കുളത്തില്‍ ചാടിയാലും പൊലീസ് പിടിച്ചുകൊണ്ടുപോകുമെന്ന് ഇന്നലെ കാരായി ശ്രീധരനെ പിടികൂടിയതോടെ തെളിഞ്ഞു. പ്രവര്‍ത്തകര്‍ ചെറുത്തു നില്‍ക്കില്ലെന്നും ഇന്നലത്തോടെ വ്യക്തമായി. ജയരാജന്മാര്‍ പിന്നെങ്ങനെ ഭയപ്പെടാതിരിക്കും... |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൃഷ്ണപിള്ളയ്ക്കും എ.കെ.ജിക്കും ഇ.എം.എസ്സിനും ഒളിത്താവളം 
-°C 