| തീപ്പാറും പോര്; ഫ്രാന്‍സ്- സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഇന്ന് |
ഡോണ്‍സ്‌ക്ക്: യൂറോ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ ഇന്ന് ഫ്രാന്‍സിനെ നേരിടും. ലോക, യൂറോപ്പ്യന്‍ കിരീടം ഷെല്‍ഫിലുള്ള സ്‌പെയിന്‍ തുടര്‍ച്ചയായ മൂന്നാം പ്രധാന അന്താരാഷ്ട്ര കിരീടമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഫ്രാന്‍സിനെ മറികടക്കണമെങ്കില്‍ സ്‌പെയിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. തുടര്‍ച്ചയായ 23 മല്‍സരങ്ങള്‍ പരാജയമറിയാതെ പൂര്‍ത്തിയാക്കിയ ടീമാണ് ഫ്രാന്‍സ്. കഴിഞ്ഞ ദിവസം സ്വീഡനോട് തോറ്റതോടെയാണ് അവരുടെ വിജയ പരമ്പരയ്ക്ക് അന്ത്യമായത്. അതിനിടെ പ്രധാന ടൂര്‍ണമെന്റുകളിലൊന്നും സ്‌പെയിനോട് ഇതുവരെ ഫ്രാന്‍സ് തോറ്റിട്ടില്ല. 2006 ലോകകപ്പ് രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിനോട് തോറ്റ് സ്‌പെയിന്‍ പുറത്തായിരുന്നു. യൂറോ 2000 ത്തിന്റെ ക്വാര്‍ട്ടറില്‍ സ്‌പെയിനെ തകര്‍ത്താണ് ഫ്രാന്‍സ് സെമിയില്‍ കടന്നത്. 12 വര്‍ഷം മുമ്പ് നേടിയ വിജയം ആവര്‍ത്തിക്കാമെന്ന് ഫ്രാന്‍സ് കരുതുന്നു. എന്നാല്‍ പഴയ സ്‌പെയിനല്ല ഇന്ന്. ലോകം കീഴടക്കിയെത്തുന്ന അവരെ തോല്‍പ്പിക്കണമെങ്കില്‍ ഫ്രാന്‍സിന് ഏറെ അധ്വാനിക്കേണ്ടി വരും. പ്രധാന ടൂര്‍ണമെന്റില്‍ നിന്ന് സ്‌പെയിനെ അവസാനമായി പുറത്താക്കിയ ടീമാണ് ഫ്രാന്‍സ്. 2006 ലോകകപ്പായിരുന്നു വേദി. പിന്നീട് 2008 യൂറോയിലും 2010 ലെ ലോകകപ്പിലും സ്‌പെയിനായിരുന്നു ജേതാക്കള്‍. ഒരിക്കല്‍ കൂടി സ്‌പെയിന് മടക്ക ടിക്കറ്റ് നല്‍കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് പട. 2008 യൂറോയില്‍ അതിദയനീയമായിരുന്നു ഫ്രാന്‍സിന്റെ പ്രകടനം. ഹോളണ്ടും ഇറ്റലിയും ഉള്‍പ്പെട്ടെ ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സ് ആദ്യ റൗണ്ടില്‍ പുറത്തായി. 2010 ലോകകപ്പിലും സ്ഥിതി വ്യത്യസ്തമായില്ല. ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ഫ്രാന്‍സ് ഫിനിഷ് ചെയ്തത്. തുടര്‍ച്ചയായ രണ്ട് പ്രധാന ടൂര്‍ണമെന്റുകളില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ ക്ഷീണം ഇവിടെ ക്വാര്‍ട്ടറിലെത്തി ഫ്രാന്‍സ് ഏറെ കുറെ തീര്‍ത്തു. സ്‌പെയിനെയും വീഴ്ത്തി സെമിയിലേക്ക് അടുക്കാമെന്ന് അവര്‍ കരുതുന്നു. അതിനിടെ ഫിഫ റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള സ്‌പെയിന്‍ തങ്ങളുടെ കരുത്ത് ഒരിക്കല്‍ കൂടി വെളിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ 38 മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് സ്‌പെയിന്‍ തോറ്റത്. അതിലൊന്ന് 2006 ലോകകപ്പില്‍ ഫ്രാന്‍സിനോടേറ്റ പരാജയമാണ്. 2009 ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ അമേരിക്കയും 2010 ലോകകപ്പിന്റെ ആദ്യ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡുമാണ് സ്‌പെയിനെ തോല്‍പ്പിച്ച മറ്റു ടീമുകള്‍. തുടര്‍ച്ചയായ വിജയങ്ങളുടെ പരമ്പര ഫ്രാന്‍സിന്റെ പേരിലുമുണ്ട്. 23 മല്‍സരങ്ങള്‍ പരാജയമറിയാതെ കുതിച്ച ഫ്രാന്‍സ് യൂറോ ഗ്രൂപ്പ് റൗണ്ടിലെ അവസാന മല്‍സരത്തില്‍ സ്വീഡനോട് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടങ്ങി. ഈ മല്‍സരം തോറ്റെങ്കിലും ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം തടസപ്പെട്ടില്ല. എന്നാല്‍ ഗ്രൂപ്പ് സി ജേതാക്കളായാണ് സ്‌പെയിന്‍ ക്വാര്‍ട്ടറിലെത്തിയത്. പക്ഷെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ സ്‌പെയിന്‍ നടത്തിയ പ്രകടനം ഏറെ വിമര്‍ശനത്തിനിടയാക്കി. അമിത പ്രതിരോധത്തിലൂന്നിയ സ്‌പെയിന്‍ ഒടുവില്‍ ജീസസ് നാവാസിന്റെ ഗോളിന് വിജയിക്കുകയായിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ ഫ്രാന്‍സിനെ ഏറ്റവുമധികം വലയ്ക്കുക ഡിഫന്റര്‍ ഫിലിപ്പെ മെക്‌സസിന്റെ അഭാവമാകും. സ്വീഡനെതിരായ മല്‍സരത്തില്‍ മെക്‌സസ് മഞ്ഞകാര്‍ഡ് കണ്ടിരുന്നു. സസ്‌പെന്‍ഷനിലായ മെക്‌സസിന് പകരം ആര്‍സനല്‍ സെന്റര്‍ ബാക്ക് ലോറന്റ് കോസെല്‍നി ഫ്രഞ്ച് പ്രതിരോധം കാക്കുക. എന്നാല്‍ സൂപ്പര്‍ താരങ്ങളായ സമീര്‍ നസ്‌റിയും ഫ്രാങ്ക് റിബറിയും ഇന്ന് കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതാണ് ഫ്രഞ്ച് പടയുടെ ഏറ്റവും വലിയ പ്രശ്‌നം. നേരിയ പരുക്കിന്റെ പിടിയിലാണ് ഇരുവരും. പക്ഷെ കഴിഞ്ഞ ദിവസത്തെ പരിശീലന ക്യാമ്പില്‍ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു. പന്ത് പാസ് ചെയ്യുന്നതിലെ പ്രത്യേകതയാണ് മറ്റു ടീമുകളില്‍ നിന്ന് ഫ്രാന്‍സിനെ വ്യത്യസ്തമാക്കുന്നത്. പാസിങില്‍ ലോകത്തെ ഏറ്റവും മികച്ച ടീമായാണ് ഫ്രാന്‍സിനെ വിശേഷിപ്പിക്കുന്നത്. കരുത്തുറ്റ പ്രതിരോധത്തിനൊപ്പം ഫ്രാന്‍സിന്റെ ആക്രമണ നിരയും മോശമല്ല. കരീം ബെന്‍സീമ, ജെറമി മെനസ്, റിബറി തുടങ്ങിയ ലോകോത്തര താരങ്ങള്‍ മുന്നേറ്റ നിരയ്ക്ക് കരുത്തേകുന്നു. പ്രതിരോധ നിര താരതമ്യം ചെയ്താല്‍ സ്‌പെയിനേക്കാള്‍ ഒരു പടി മുന്നിലാണ് ഫ്രാന്‍സ്. സ്പാനിഷ് പ്രതിരോധത്തിന്റെ പോരായ്മ ക്രൊയേഷ്യയ്‌ക്കെതിരായ മല്‍സരത്തില്‍ ഏറെ വെളിപ്പെടുകയും ചെയ്തു. ഒടുവില്‍ ലോകോത്തര ഗോളി ഐക്കര്‍ കാസിലാസിന്റെ സുരക്ഷിത കരങ്ങളാണ് ക്രൊയേഷ്യയ്‌ക്കെതിരെ സ്‌പെയിനെ രക്ഷിച്ചത്. എന്നാല്‍ ക്രൊയേഷ്യയ്‌ക്കെതിരെ കളിച്ച അതേ ടീമിനെ സ്പാനിഷ് കോച്ച് വിസെന്റ് ഡെല്‍ ബോസ്‌ക്വി ഇന്ന് നിലനിര്‍ത്തും. എന്നത്തെയും പോലെ മധ്യനിരയിലൂടെയുള്ള ആക്രമണമാകും സ്‌പെയിന്‍ നടത്തുക. ചില പ്രമുഖ താരങ്ങള്‍ സസ്‌പെന്‍ഷന്‍ ഭീഷണിയിലാണെന്നത് സ്‌പെയിനെ കുഴയ്ക്കുന്നു. അല്‍വാറോ അര്‍ബിയോള, ജോര്‍ഡി അല്‍ബ, ഫെര്‍ണാഡോ ടോറസ്, സാബി അലോന്‍സോ, ജാവി മാര്‍ട്ടിനെസ് എന്നീ സ്പാനിഷ് താരങ്ങള്‍ക്ക് ഒരു മഞ്ഞകാര്‍ഡ് കൂടി കിട്ടിയാല്‍ ഒരു മല്‍സരത്തില്‍ നിന്ന് വിലക്ക് ലഭിക്കും. അതിനാല്‍ ഇന്ന് സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ഇവര്‍ക്കാകില്ല. റിബറിയുടെ വേഗതയിലും നസ്‌റിയുടെ ട്രിബ്ലിങിലുമാകും ഫ്രാന്‍സ് ഇന്ന് ഉറ്റുനോക്കുക. ഗോള്‍ നേടാനുള്ള ബെന്‍സീമയുടെ കഴിവും ശ്രദ്ധേയമാണ്. ഏതായാലും ലോകത്തെ രണ്ടു പ്രധാന ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മല്‍സരം തീപാറുമെന്നുറപ്പാണ്. സാധ്യതാ ടീം, സ്‌പെയിന്‍: കാസിലാസ്, അര്‍ബിയോള, റാമോസ്, പിക്വെ, അല്‍ബ, ബസ്‌ക്വെറ്റ്‌സ്, അലോന്‍സോ, ഇനീസ്റ്റ, സാവി, സില്‍വ, ടോറസ്. ഫ്രാന്‍സ്: ലോറിസ്, ഡെബൂച്ചി, കോസെല്‍നി, റാമി, ക്ലിച്ചി, കാബെയ്, എംവില, മെനസ്, നസ്‌റി, റിബറി, ബെന്‍സീമ. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ഡോണ്‍സ്‌ക്ക്: യൂറോ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ ഇന്ന് ഫ്രാന്‍സിനെ നേരിടും. ലോക, യൂറോപ്പ്യന്‍ കിരീടം ഷെല്‍ഫിലുള്ള സ്‌പെയിന്‍ തുടര്‍ച്ചയായ മൂന്നാം പ്രധാന അന്താരാഷ്ട്ര കിരീടമാണ് ലക്ഷ്യമിടുന്നത്. 
-°C 