| മുട്ടുമടക്കുന്ന കുഞ്ഞനന്തന്‍മാരും മുട്ടുവിറയ്ക്കുന്ന വലിയനന്തന്‍മാരും |
പി മുഹമ്മദലിചന്ദ്രശേഖരന്- ഫസല്‍ വധക്കേസുകളിലെ ആസൂത്രകരായ പാര്‍ട്ടി നേതാക്കള്‍ ഒന്നിനു പിറകെ മറ്റൊന്നായി കീഴടങ്ങുന്നത് പാര്‍ട്ടിയുടെ ചെറുത്തുനില്‍പ്പ് ശേഷി പാടെ തകര്‍ന്നതിന്റെ പ്രതിഫലനമാണെന്ന് വിലയിരുത്തപ്പെടുന്നു. ഈ രണ്ടു ദാരുണ കൊലകളും ആസൂത്രണം ചെയ്ത കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പി കെ കുഞ്ഞനന്തനെയും ആഴ്ചകളോളം ഒളിപ്പിച്ച പാര്‍ട്ടിക്ക് പൊലീസിന്റെ വല പൊട്ടിക്കാനാവില്ലെന്ന് ബോധ്യമായതോടെയാണ് മുട്ടുമടക്കാന്‍ തീരുമാനിച്ചത്. പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും ജാഥ നയിച്ചും പൊതുയോഗങ്ങളിലൂടെ പോര്‍വിളി നടത്തിയും അന്വേഷക സംഘത്തെ ഭീഷണിപ്പെടുത്തിയ സി പി എം നേതാക്കള്‍ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്നു പോലും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. പക്ഷെ; അസാധാരണമായ ധീരതയോടെയും നീതിബോധത്തോടെയും മുന്നേറിയ അന്വേഷക സംഘം 51 ദിവസങ്ങള്‍ക്കുള്ളിലാണ് ഏതാണ്ട് മുഴുവന്‍ പ്രതികളെയും വലയിലാക്കിയത്. കുഞ്ഞനന്തനും കാരായി രാജനും കീഴടങ്ങിയതോടെ പരല്‍ മീനുകളെയും വന്‍ സ്രാവുകളെയും വലയിലാക്കിയ പൊലീസ് ഇനി തിമിംഗല വേട്ടയ്ക്കാണ് ഇറങ്ങാനിരിക്കുന്നത്. പണവും സംരക്ഷണവും നല്‍കി ടി പി വധം നടപ്പാക്കിയ കുഞ്ഞനന്തനെ ഒടുവില്‍ പാര്‍ട്ടിക്ക് പോലും രക്ഷിക്കാനായില്ല. കുഞ്ഞനന്തന്‍- കാരായിമാരില്‍ അവസാനിക്കാത്ത പ്രതിപട്ടികയിലേക്ക് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കടന്നു വരാന്‍ ഇനി ഏറെ തെളിവുകള്‍ ആവശ്യമില്ല. അന്വേഷണം മുറുകുന്ന ഈ ഘട്ടത്തില്‍ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗവും ഉള്‍പ്പെടുമെന്ന് സൂചനയുണ്ട്. രണ്ടു ദശാബ്ദമായി കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം ആസൂത്രണം ചെയ്ത എല്ലാ കൊലപാതകങ്ങളുടെയും വിശ്വസ്ത നടത്തിപ്പുകാരായാണ് കുഞ്ഞനന്തനും കാരായി രാജനും അറിയപ്പെടുന്നത്. കുഞ്ഞനന്തന്‍ ഏരിയ കമ്മിറ്റി അംഗം മാത്രമാണെങ്കിലും അതിലുപരിയായ ആത്മബന്ധമാണ് പാര്‍ട്ടിയുടെ സംസ്ഥാന- ജില്ലാ നേതാക്കളുമായി ഇയാള്‍ക്കുള്ളത്. വിശ്വസ്തനായ യമകിങ്കരന്‍ എന്ന നിലയില്‍ കുഞ്ഞനന്തനെ ഏല്‍പ്പിക്കുന്ന ഒരു ഓപ്പറേഷനും പാളിപ്പോയ അനുഭവം ജില്ലാ-സംസ്ഥാന നേതൃത്വത്തിനില്ല. ഇതുകാരണമാണ് കുഞ്ഞനന്തന്‍ സി പി എമ്മിലെ ഉന്‍മൂലന സെല്ലിന്റെ നായക സ്ഥാനത്ത് എത്തുന്നതും. സ്വന്തം വീട്ടകം പോലും ഗൂഡാലോചന കേന്ദ്രമാക്കിയ കുഞ്ഞനന്തന്‍ അനേകം കൊലകളുടെ ബുദ്ധികേന്ദമായിരുന്നുവെങ്കിലും ഒരിക്കലും നിയമത്തിന്റെ കണ്ണില്‍പ്പെട്ടിരുന്നില്ല. ഇതേ യോഗ്യതകള്‍ പാസ്സായാണ് കാരായി രാജന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ഉയര്‍ത്തപ്പെട്ടതും. വര്‍ഗ-ബഹുജന സംഘടനാ, പ്രാതിനിധ്യത്തേക്കാള്‍ വലിയ പ്രാധാന്യമാണ് കൊലസംഘ പ്രതിനിധികള്‍ക്ക് സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ ഘടനയിലും ഘടകത്തിലുമുള്ളത്. കാരായി രാജന്റെയും കുഞ്ഞനന്തന്റെയും വരാനിരിക്കുന്ന വെളിപ്പെടുത്തലുകളെ അതീവ ഭീതിയോടെയാണ് സി പി എം നേതൃത്വം കാത്തിരിക്കുന്നത്. കൊലയാളികള്‍ക്കും നിര്‍ദ്ദേശകര്‍ക്കും നടുവിലെ കണ്ണികളാണിവര്‍. കൊലയാളികള്‍ ക്വട്ടേഷന്‍ സംഘമാണെന്നും നിര്‍ദ്ദേശകര്‍ സി പി എം ജില്ലാ ജില്ലാ സംസ്ഥാന നേതാക്കളാണെന്നും ബോധ്യമായി കഴിഞ്ഞു. കൊല ചെയ്തവരും നിര്‍ദ്ദേശിച്ചവരും മാത്രമല്ല; പ്രതികള്‍ക്ക് രക്ഷയും സഹായം ചെയ്തവരും സി പി എമ്മുകാര്‍ തന്നെയാണ്. പാര്‍ട്ടി ഗ്രാമങ്ങളും പാര്‍ട്ടി സ്ഥാപനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും പ്രതികളുടെ ഒളിയിടങ്ങളായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. സി പി എമ്മിന്റെ സമുന്നത നേതാക്കള്‍ ജയില്‍ സന്ദര്‍ശിച്ചും പ്രതികളുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചും രംഗത്തുണ്ട്. കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാവുന്നതും പാര്‍ട്ടി ബന്ധമുള്ള അഭിഭാഷകരാണ്. എന്നിട്ടും അരും കൊലകളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന പച്ചക്കളവില്‍ നേതാക്കള്‍ ഉറച്ചു നില്‍ക്കുകയാണ്. തെരുവിലിറങ്ങി കേസ് അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്നും സി പി എം ഏതാണ്ട് പിന്‍മാറിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ ഭരണമാറ്റം ഉറപ്പെന്ന് പ്രഖ്യാപിച്ചു അന്വേഷണ ഉദ്യോഗസ്ഥരെ വിരട്ടിയവര്‍ ഏറെക്കുറെ നാവടക്കി കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ പല്ലിനും എല്ലിനും വില പറഞ്ഞവര്‍ സ്വന്തം എല്ലും പല്ലും സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. അന്വേഷണവുമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടില്‍ കയറിയാല്‍ മുട്ടിനു താഴെ കാലുണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തിയവര്‍ മുട്ടുവിറച്ചു പ്രതികളെ പൊലീസിനു മുമ്പില്‍ ഹാജരാക്കുകയാണ്. ഭീഷണികൊണ്ടും നുണപ്രചരണം കൊണ്ടും ദാരുണ കൊലകളുടെ ചോരക്കറ കഴുകിക്കളയാനാവില്ലെന്ന ബോധ്യമാണ് നിയമത്തിന്റെ മുമ്പില്‍ മുട്ടുവളക്കാന്‍ സി പി എം പ്രതികളെ പ്രേരിപ്പിക്കുന്നത്. കൊലവിളിയും ചിന്നംവിളിയും മതിയാക്കി മുട്ടുമടക്കുന്ന കുഞ്ഞനന്തന്‍മാരും മുട്ടുവിറയ്ക്കുന്ന വലിയനന്തന്‍മാരും നേരിടുന്നത് സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും അപായകരമായ പ്രതിസന്ധിയാണ്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പി മുഹമ്മദലി
-°C 