വിനോദ സഞ്ചാരികളെ ഇതിലെ ...........
Imageകെ.റ്റി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ്  വീക്ഷണം ചീഫ് എഡിറ്റര്‍ ഡോ പി കെ ഏബ്രഹാമിന് നല്കിയ അഭിമുഖത്തില്‍ നിന്ന്

?    കെ.റ്റി.ഡി.സിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍- ഭാവിദര്‍ശനം ദൗത്യം എന്തൊക്കെയാണ്

=    വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ ഒരു സ്ഥാപനമെന്ന നിലയില്‍, സര്‍ക്കാരിന്റെ വിനോദസഞ്ചാര നയത്തിനനുസരണയായി അതിന്റെ ചുവടുപിടിച്ച് പരിപാടികളും പ്രൊജക്ടുകളും നടപ്പാക്കുകയാണ് കെ.റ്റി.ഡി.സിയുടെ ദൗത്യം. അതിനായി കേരള വിനോദ സഞ്ചാര  നയരേഖയിലെ ഭാവിദര്‍ശനം, ദൗത്യം ലക്ഷ്യങ്ങള്‍ എന്നിവയാണ് ഞങ്ങളുടെയും ചൂണ്ടുപലകകള്‍. ഇവ താഴെപ്പറയുന്നവയാണ്.
ഭാവിദര്‍ശനം
കേരള സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തില്‍ ചലനാത്മകവും സുപ്രധാനവുമായ പങ്ക് വിനോദസഞ്ചാര മേഖല വഹിക്കുക.
 
ദൗത്യം
1.    അന്താരാഷ്ട്ര നിലവാരമുള്ള ഒരു പ്രാദേശിക സന്ദര്‍ശനാനുഭവം ഈ സംസ്ഥാനം പകര്‍ന്നു നല്കും.
2.    പാരിസ്ഥിതിക പരിഗണനകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ടൂറിസം മേഖല വ്യവസായ നിക്ഷേപങ്ങള്‍ ക്ഷണിക്കും.
3.    തദ്ദേശീയര്‍ക്ക് വിനോദസഞ്ചാരത്തിന്റെ പ്രയോജനങ്ങള്‍ ലഭിക്കുകയും അവര്‍ അതിന് തക്കതായ മൂല്യം നല്‍കുകയും ചെയ്യും.
4.    കേരളത്തെ ടൂറിസം മേഖലയിലെ ശ്രദ്ധേയമായ ഒരു ആഗോള ബ്രാന്‍ഡായി ഉയര്‍ത്തും.
5.    ഇന്ത്യക്കകത്തും പുറത്തും നമ്മുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കും.
6.    സംസ്ഥാനത്തിനും രാജ്യത്തിനും ടൂറിസം മേഖലയില്‍ ആവശ്യമായ ഉയര്‍ന്ന നിലവാരമുള്ള മാനവ വിഭവശേഷിയുടെ സ്രോതസ്സായി കേരളം മാറും.
 
ലക്ഷ്യങ്ങള്‍
1. ഉയര്‍ന്ന ഗുണനിലവാരമുള്ള സന്ദര്‍ശനാനുഭവം ഉറപ്പാക്കുക.
2.    വിനോദ സഞ്ചാരത്തില്‍ നിന്നും തദ്ദേശവാസികള്‍ക്കു പ്രയോജനം ഉറപ്പാക്കുവാന്‍ ശ്രദ്ധിക്കുക.
3.    നിക്ഷേപം സാധ്യമാവുന്ന അന്തരീക്ഷം സൃഷ്ടിക്കുക.
4.    ദേശീയ- അന്തര്‍ദേശീയ വിപണികളില്‍ കേരളത്തെ പ്രത്യക്ഷമായ ഒരു ആഗോള ബ്രാന്‍ഡാക്കി വിപണനം ചെയ്യുക.
5.    വിനോദസഞ്ചാര ആതിഥ്യ മേഖലകള്‍ക്കാവശ്യമായ ഉയര്‍ന്ന ഗുണനിലവാരമുള്ള മാനവവിഭവശേഷി വികസിപ്പിച്ചെടുക്കുക.

?    അടുത്ത അഞ്ചുകൊല്ലത്തെ ലക്ഷ്യങ്ങളും പരിപാടികളും?

=    കെ.റ്റി.ഡി.സി ഇപ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് നിലവിലുള്ള സ്ഥാപനങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഹോട്ടലുകളെ പഞ്ചനക്ഷത്ര സംവിധാനത്തിലേക്ക് ഉയര്‍ത്തും. വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ചുള്ള പദ്ധതിയാണ് ഇത്. നിലവിലെ സ്ഥാപനങ്ങളുമായി കെ.റ്റി.ഡി.സി.ക്ക് മുന്‍പോട്ട് പോകാന്‍ സാധ്യമല്ല. കാരണം ഓരോദിവസം കഴിയുംന്തോറും മത്സരം ഈ മേഖലയില്‍ വര്‍ദ്ധിച്ചുവരികയാണ്. അതുകൊണ്ട് തന്നെ പദ്ധതികള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കും. ഇല്ലെങ്കില്‍ അത് കെ.റ്റി.ഡി.സിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.
    ഒപ്പം തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്ക് യാത്രാ നിവാസ് പോലെയുള്ള പദ്ധതികള്‍ നവീകരിക്കും. സംസ്ഥാനത്തെ തിരക്കേറിയ 150 ബസ്സ്റ്റാന്റുകളില്‍ ഭക്ഷ്യകൗണ്ടറുകള്‍ ആരംഭിക്കും. വൃത്തിയുള്ള ഭക്ഷണം ജനങ്ങള്‍ക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മൂന്ന് കോടി മുതല്‍മുടക്കി 25 കോടി രൂപ ലാഭം കൊയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

? എന്തൊക്കെയാണ് കേരളത്തിന്റെ ടൂറിസ്റ്റ് സാധ്യതകള്‍

=    ടൂറിസം വളരെ സാധ്യതയുള്ള പ്രദേശമാണ് കേരളം. എന്നാല്‍ അതിനെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നില്ല. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ മാത്രമല്ല വിദേശികള്‍ ഇവിടെ എത്തുന്നത്. ഷോപ്പിങ്ങിനും മറ്റുമായി ഇവിടെ എത്തുന്ന വിദേശികള്‍ക്ക് പണം ചെലവഴിക്കുന്നതിനുള്ള സാഹചര്യം ഇവിടെയില്ല. അതുകൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് നമ്മള്‍ പ്രാധാന്യം നല്‍കണം. സന്ദര്‍ശനത്തിനെത്തുന്ന വിദേശികളില്‍നിന്ന് പരമാവധി പണം ചെലവാക്കിപ്പിക്കുന്നതിനുള്ള സാഹചര്യം ഇവിടെയുണ്ടാകണം.

?    കേരള ടൂറിസം വിദേശങ്ങളിലും സ്വദേശത്തും അറിയിക്കാനും ആകര്‍ഷകമായ ഒരു ബ്രാന്റായി മാറ്റാനും എന്തൊക്കെ ചെയ്യാം


=    വിദേശത്ത് റോഡ്‌ഷോകള്‍ ഒരു പരിധിവരെ ടൂറിസം വികസനത്തിന് പ്രയോജനകരമാണ്. വിദേശികളെയും സ്വദേശികളെയും ആകര്‍ഷിക്കാന്‍ വേണ്ട പരിപാടികള്‍ ആവിഷ്‌കരിക്കണം. വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ഗൈഡുകളെയും ഇവിടെ എത്തിച്ച് അവരെ ഇവിടുത്തെ സാഹചര്യങ്ങളും സൗകര്യങ്ങളും മനസിലാക്കി കൊടുക്കുക എന്നതാണ്.

?    ഒരു സര്‍ക്കാര്‍ സ്ഥാപനമെന്ന നിലമാറ്റി, ഒരു എന്റര്‍പ്രൈസ് എന്ന നിലയില്‍ കെ.റ്റി.ഡി.സിയെ മാറ്റാന്‍ എന്താണ് ചെയ്യുന്നത്

=    ഭാവിയെ മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടത്. നമ്മുടെ പല പദ്ധതികള്‍ക്കും അങ്ങനെയുള്ള കാഴ്ചപ്പാടില്ല. എന്നാല്‍ കെ.റ്റി.ഡി.സിയുടെ പുതിയ പദ്ധതികള്‍ അത്തരത്തിലുള്ളതായിരിക്കും.
    ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ നേരിടുന്ന കാലതാമസം പദ്ധതിയെ കാര്യമായി ബാധിക്കുന്നു. നിര്‍മ്മാണ മേഖലയിലെ കാലതാമസമാണ് പദ്ധതികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.
    കെ.റ്റി.ഡി.സി നേരിട്ടിരുന്ന പ്രധാന പ്രശ്‌നം തൊഴിലാളികളുടെ ശമ്പളമായിരുനനു. ഞാന്‍ അധികാരത്തില്‍ എത്തി ആദ്യം തന്നെ തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടു. തൊഴിലാളികള്‍ സംതൃപ്തരാണെങ്കില്‍ മാത്രമേ ഒരു സ്ഥാപനത്തിന് ഉയരാന്‍ സാധിക്കുകയുള്ളൂ.

?    വരുമാനം, ലാഭം എന്നിവയില്‍ എന്താണ് ലക്ഷ്യം

=    ഇപ്പോള്‍ കെ.റ്റി.ഡി.സി.യുടെ വാര്‍ഷിക ടേണ്‍ഓവര്‍ 93 കോടി രൂപയാണ്. തന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് കെ.റ്റി.ഡി.സിയെ 25 കോടി രൂപ വാര്‍ഷിക ലാഭമുള്ള സ്ഥാപനമാക്കുക എന്നതാണ് തന്റെ ലക്ഷ്യം.
    സര്‍ക്കാരിന് കെ.റ്റി.ഡി.സിയോടുള്ള സമീപനം മാറണം. സര്‍ക്കാര്‍ നിലപാട് മാറിയാല്‍ മാത്രമേ കെ.റ്റി.ഡി.സിയെ ലാഭത്തില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ.

?    സ്വകാര്യമേഖലയില്‍ നിന്ന് ഏറ്റവുമധികം മത്സരമുള്ള രംഗമാണ് വിനോദസഞ്ചാരം. കെ.റ്റി.ഡി.സി ഇതിനെ എങ്ങിനെ നേരിടും


=    കെ.റ്റി.ഡി.സിയുടെ സേവനം സ്വകാര്യ മേഖലയുടെതിന് തുല്യമാക്കുകയോ അതിലും മെച്ചമാക്കുകയോ വേണം. കെട്ടിടങ്ങളും, മുറികളും, സൗകര്യങ്ങളും, പരിസരവും മറ്റെല്ലാ സേവനങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. ഒപ്പം ജീവനക്കാരുടെ പെരുമാറ്റത്തിലും മനോഭാവത്തിലും ടൂറിസ്റ്റ് സൗഹൃദ വീക്ഷണം ഉണ്ടാകണം. ഒരു ടൂറിസ്റ്റ് നമ്മുടെ കവാടത്തില്‍ എത്തുന്നതു മുതല്‍ അയാള്‍ പോകുന്നതുവരെ വേണ്ടപ്പെട്ട അതിഥിയും വി.ഐ.പിയും ആണ് താനെന്ന തോന്നല്‍ അയാള്‍ക്കുണ്ടാകുന്നു. 'അതിഥിദേവോഭവ' അതിഥിയെ ദൈവത്തേപ്പോലെ കാണണം എന്ന ഭാരതീയദര്‍ശനം ഇവിടെ പ്രസക്തമാണ്.

?    വളരെയധികം ചൂഷണം നടക്കുന്നതും അപജയങ്ങള്‍ ഉള്ളതും ഈ മേഖലയിലാണ്- അതിന് പരിഹാരം


=    സര്‍ക്കാരിന്റെ വിനോദസഞ്ചാരനയത്തില്‍ ഇതിന് വ്യക്തമായ പ്രതിവിധികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടൂറിസത്തെ വിനോദസഞ്ചാരത്തിനുപരി ഉത്തരവാദിത്വ ടൂറിസമാക്കി ബലപ്പെടുത്തുകയാണ് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം.
    വിനോദസഞ്ചാരികളെ പിഴിയുക എന്ന പരിപാടി കെ.റ്റി.ഡി.സിക്കില്ല. എല്ലാത്തരം ടൂറിസ്റ്റുകള്‍ക്കും താങ്ങാവുന്ന വിധത്തില്‍ ബഡ്ജറ്റ് ഹോട്ടലുകളും യാത്രാനിവസുകളും അതോടൊപ്പം ഉയര്‍ന്ന നക്ഷത്രനിലവാരമുള്ള റിസോര്‍ട്ടുകളും നമുക്കുണ്ട്. കെ.റ്റി.ഡി.സിയുടെ നിരക്കുകള്‍ മറ്റ് തത്തുല്യ പോട്ടലുകളുടെ നിരക്കുകളെക്കാള്‍ താഴെയാണ്.

  • ?    വെറും വിനോദസഞ്ചാരം എന്നതില്‍ നിന്ന് ടൂറിസത്തിന് പല വിഭാഗങ്ങളും ഗുണപരവും ദോഷകരവുമായ മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതോടൊത്തു പോകാനുള്ള പരിപാടികള്‍?

=    മെഡിക്കല്‍ ടൂറിസം, ആയുര്‍വേദ ടൂറിസം, ഇക്കോടൂറിസം, അഡ്‌വെന്‍ചര്‍ടൂറിസം, സെമിനാര്‍- കോണ്‍ഫ്രന്‍സ് ടൂറിസം, റെസ്‌പോണ്‍സിബിള്‍ ടൂറിസം എന്നിങ്ങനെ ടൂറിസ്റ്റ് മേഖല വിവിദ്ദോദ്ദേശമായി വിഹരിക്കുന്നു. ടൂറിസം മേഖലയെ സുസ്ഥിരമേഖലയാക്കി വളര്‍ത്തണമെങ്കില്‍ ഉത്തരവാദിത്വ ടൂറിസത്തെ ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളെയും, ഗുണഭോക്താക്കളെയും, സ്റ്റെയ്ക്ക് ഹോള്‍ഡേഷ്‌സിനെയും ഉത്തരവാദിത്വ ടൂറിസത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരണം. കെ.റ്റി.ഡി.സി ഇക്കാര്യത്തില്‍ പ്രതിജ്ഞാബന്ധമാണ്. സര്‍ക്കാര്‍ നയവും ഇതാണ്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls