നിയമസഭ മുടക്കുന്ന നാലാംകിട രാഷ്ട്രീയം
Imageനിസാര്‍ മുഹമ്മദ്
ഓരോ പ്രദേശത്തെയും പ്രധാന വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് അംഗങ്ങള്‍ ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കുന്നത്.
ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാടെന്തെന്ന് ജനങ്ങള്‍ അറിയേണ്ടേ?. സബ്മിഷനുകളിലൂടെ നാടിന്റെ നീറുന്ന പ്രശ്‌നങ്ങളാണ് ജനപ്രതിനിധികള്‍ സഭയില്‍ ഉന്നയിക്കുന്നത്. ഇതിനുള്ള മറുപടിയും ഏറെ പ്രാധാന്യമുള്ളത് തന്നെ. പക്ഷെ, കഴിഞ്ഞ മൂന്നുദിവസങ്ങളിലായി കേരള നിയമസഭയില്‍ ഒരുകാര്യവും മുറപോലെയല്ല. സഭ നല്ല നിലയില്‍ നടത്തിക്കൊണ്ടു പോകേണ്ട ഉത്തരവാദിത്വം സ്പീക്കര്‍ക്കാണ്. സ്പീക്കര്‍ ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ആവുന്നത് പരിശ്രമിക്കുന്നുമുണ്ട്. പക്ഷെ, ഭേദിച്ചും വെടിവെച്ചും സഭയ്ക്കുള്ളില്‍ ആരെയും നിലയ്ക്ക് നിര്‍ത്താന്‍ സ്പീക്കര്‍ക്ക് കഴിയില്ലല്ലോ?.
 
അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ സഭയില്‍ ബഹളം പതിവാണ്. ഒരുവിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കപ്പെടുമ്പോള്‍ പ്രതിപക്ഷത്തിന് അവരുടെ ന്യായങ്ങളും ഭരണപക്ഷത്തിന് അവരുടെ ന്യായങ്ങളും എപ്പോഴുമുണ്ടാകും. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്ന വേളയില്‍ തന്നെ ബഹളമുണ്ടാകുന്നത് സര്‍വസാധാരണമാണ്. സര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തി വരാതെ പ്രതിപക്ഷം വാക്കൗട്ട് നടത്തി പുറത്തുപോകുകയാണ് പതിവ്. മറ്റുചിലപ്പോള്‍ പുറത്തുപോകാതെയുമിരിക്കും. അതിന് ശേഷവും സഭാ നടപടികള്‍ മുറപോലെ നടക്കും. ചര്‍ച്ചകള്‍ക്കിടെ ചിലപ്പോള്‍ ബഹളങ്ങളുണ്ടായേക്കാം. ചിലപ്പോള്‍ സഭ നിര്‍ത്തിവേച്ചേക്കാം. ഇതെല്ലാം സമ്മതിക്കാം. കാര്യമില്ലാത്ത കാര്യത്തിന് വേണ്ടി സഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നതിലുള്ള ന്യായാന്യായങ്ങള്‍ ഇനിയെങ്കിലും വിലയിരുത്തപ്പെടേണ്ടതുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഓരോ ദിവസവും നിയമസഭ സമ്മേളിക്കുന്നതിന് ചെലവഴിക്കപ്പെടുന്നത്. അത് പൊതുഖജനാവില്‍ നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ സഭ ഇങ്ങനെ പോയാല്‍ മതിയോ എന്ന് ചോദിക്കാന്‍ നികുതിപ്പണം അടയ്ക്കുന്ന ഓരോ പൗരനും അവകാശമുണ്ട്.
 
ഏറനാട് എംഎല്‍എ പി.കെ ബഷീറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ മൂന്നുദിവസമാണ് സഭ സ്തംഭിച്ചത്. ഇന്നലെ ചോദ്യോത്തരവേളയിലെ നടപടി ക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെയായിരുന്നു സഭയില്‍ പ്രതിപക്ഷത്തിന്റെ അഴിഞ്ഞാട്ടം. ഒരു എഫ്.ഐ.ആറില്‍ പേരു വന്നതിന്റെ പേരിലാണെങ്കില്‍ ബഷീറിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് കെ.കെ ജയചന്ദ്രന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്താമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ മനസിലാകാത്തത് കൊണ്ടല്ല, സര്‍ക്കാരിന്റെ നിലപാട് ന്യായമാണെന്ന് തിരിച്ചറിയാഞ്ഞിട്ടുമല്ല പ്രതിപക്ഷത്തിന്റെ ഈ തോന്ന്യാസം. അതില്‍ മറ്റു ചില സങ്കുചിത രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ടെന്ന് വ്യക്തം.
 
പ്രക്ഷുബ്ധമായ സംഭവങ്ങള്‍ക്കായിരുന്നു ഇന്നലെയും സഭ സാക്ഷ്യം വഹിച്ചത്. രാവിലെ എട്ടു മുപ്പതിന് സഭചേര്‍ന്നയുടന്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി നടുത്തളത്തില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. കെ.എന്‍.എ ഖാദറിന്റേതായിരുന്നു ആദ്യചോദ്യം. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ആരംഭിച്ചെങ്കിലും പ്രതിപക്ഷം  ബാനറുകളും പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. ഇത്തരത്തില്‍ ചോദ്യോത്തരവേള മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വ്യക്തമാക്കി. ബഹളം മൂര്‍ച്ഛിച്ചതോടെ ചോദ്യോത്തരവേള സസ്‌പെന്റ് ചെയ്യുകയാണെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസം സഭചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളംവച്ചിരുന്നു. ബുധനാഴ്ച പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തരവേള പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ അതുമുണ്ടായില്ല.
 
ഇതിനുശേഷം ചേമ്പറില്‍ വിളിച്ച് സ്പീക്കര്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി സംഘവുമായും പ്രതിപക്ഷകക്ഷിനേതാക്കളുമായും പ്രത്യേകം പ്രത്യേകം ചര്‍ച്ചനടത്തി. ചര്‍ച്ചയില്‍ സമവായമായില്ല. തുടര്‍ന്ന് ശൂന്യവേളയിലും ബഹളം തുടര്‍ന്നതോടെ ശ്രദ്ധക്ഷണിക്കലുകളും സബ്മിഷനുകളും സസ്‌പെന്റ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പണം നടന്നു. വിദ്യാഭ്യാസമന്ത്രിയും സബ്ജക്റ്റ്കമ്മിറ്റി അഞ്ചിന്റെ അധ്യക്ഷനുമായ പി.കെ. അബ്ദുറബ്ബ് 2012ലെ സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി ബില്‍ സംബന്ധിച്ച സബ്ജക്റ്റ്കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ അധ്യക്ഷന്‍ ടി.എന്‍. പ്രതാപന്‍ സമിതിയുടെ അഞ്ചാമത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് നിയമനിര്‍മാണത്തിലേക്കു സഭ കടന്നു. അടിയന്തര നിയമനിര്‍മ്മാണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ബില്ലുകള്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. പ്രതിപക്ഷ ബഹളത്തിനിടയില്‍ വെറും 15 മിനിട്ടുകൊണ്ടു നാലു  ബില്ലുകള്‍ പാസാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് പതിനഞ്ചുമിനിറ്റിനകം നാലു ബില്ലുകള്‍ പാസാകുന്നതെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അതൃപ്തിയോടെ അറിയിക്കുകയും ചെയ്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls