| ആക്രിക്കടയിലെത്തിയ തത്വശാസ്ത്രം |
പിണറായി വിജയന്റെ കേരളയാത്രയ്ക്ക് ആശംസാ വചനങ്ങള്‍ സമര്‍പ്പിച്ച ഒ.എന്‍.വി. ധാര്‍മ്മികത്തകര്‍ച്ചയുടെ ഓടയില്‍ കിടക്കുന്ന സി.പി.എമ്മിന് ഒരു ചരമഗീതം രചിക്കാന്‍ സമയമായിഇ.വി ശ്രീധരന്‍ ജനഹൃദയങ്ങളില്‍ വിളക്കുമാടങ്ങളും കാവല്‍ സ്തൂപങ്ങളും തെളിച്ചുനിര്‍ത്തണമെന്ന തിരിച്ചറിവോടെ ഉത്തരവാദിത്തമുള്ള പ്രസ്ഥാന നേതാക്കള്‍ നയിക്കുന്ന സന്ദേശയാത്രയെ നോക്കി നില്‍ക്കുമ്പോള്‍ ഒരിക്കല്‍ കൂടി ഇടശ്ശേരിയുടെ ഈ വരികള്‍ ജീവന്‍ വെക്കുന്നു: 'കുഴിവെട്ടിമൂടുക വേദനകള്‍ കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍' ആശാന്റെ 'ദുരവസ്ഥ'യില്‍ കേരളീയ സമൂഹത്തെക്കുറിച്ച് ഒരു സ്വപ്‌നമുണ്ടായിരുന്നു. ജാതിയുടെ മതിലുകള്‍ ഇടിഞ്ഞു വീഴുന്ന, മാനവികത പൂവിട്ടുനില്‍ക്കുന്ന ഒരു കാലത്തെപ്പറ്റിയുള്ള സ്വപ്‌നം. ചങ്ങമ്പുഴയുടെ വാഴക്കുലയിലുമുണ്ടായിരുന്നു ഒരു സ്വപ്‌നം. വാഴവച്ചവന്റെ കുഞ്ഞുങ്ങള്‍ നിരാലംബരായി കൊതിച്ചു നോക്കിനില്‍ക്കെ ആരോ വന്ന് കുലവെട്ടിക്കൊണ്ടുപോകുന്ന ക്രൂരതയ്ക്ക് അറുതി വരുത്തുന്ന ഒരു സ്വപ്‌നം. ഈ സ്വപ്‌നങ്ങളെല്ലാം സ്‌നേഹസുന്ദര പാതയിലൂടെ അതിവേഗം സാക്ഷാത്കരിക്കട്ടെ എന്ന് ആശംസിച്ച് വൈലോപ്പിള്ളി പാടി മറഞ്ഞു. ഇതൊക്കെ വെറും സ്വപ്‌നദര്‍ശികളുടെ വിഡ്ഢിത്തമെന്ന് ആധുനിക കാലത്തിന്റെ വേദാന്തികള്‍ പരിഹസിക്കുന്നത് നാം കേള്‍ക്കുകയുണ്ടായി. എന്നാല്‍, ആ സ്വപ്‌നങ്ങള്‍ മരിച്ചു പോകാതെ അവയ്‌ക്കൊരു പുത്തനുയിര്‍ നല്‍കാന്‍ നിതാന്ത ജാഗ്രത ആവശ്യമാണ്. ഒരു വേനലിനും ശിശിരത്തിനുമപ്പുറം ഒരു വസന്തം വരുമെന്നു ചരിത്രം ഓര്‍മ്മപ്പെടുത്തുന്നു. ക്രിസ്തുവിനെ ക്രൂശിച്ചിട്ട് മേലങ്കി പകുത്ത് ആഹ്ലാദിച്ചവരും ഗാന്ധിജിയെ വെടിവച്ച് വീഴ്ത്തിയിട്ട് ഈ രാജ്യത്തെ പച്ചവെള്ളത്തെപ്പോലും ഹിന്ദു പാനിയെന്നും മുസ്ലീം പാനിയെന്നും വിഭജിച്ച് കൊലച്ചിരി ചിരിച്ചവരും പുതിയ വാസ്‌കോഡഗാമമാര്‍ക്ക് വഴികളൊരുക്കാന്‍ കാത്തുനില്‍ക്കുന്നവരും ഇനിയും ഇവിടെ തലയുയര്‍ത്താന്‍, ഇനിയും വിദ്വേഷത്തിന്റെ വിഷവാതകം നമ്മെ ശ്വാസം മുട്ടിക്കാന്‍ പാടില്ല.'' പിണറായി വിജയന്റെ പഴയ നവകേരള യാത്രയ്ക്ക് ഒ.എന്‍.വി സമര്‍പ്പിച്ച ആശംസാവചനമാണ് മേലുദ്ധരിച്ചത്. ഉത്തരവാദിത്തമുള്ള പ്രസ്ഥാന നേതാവിന് വിപ്ലവ സ്വപ്‌നങ്ങളുടെ പൂജാപുഷ്പങ്ങളര്‍പ്പിക്കുകയായിരുന്നു കവി. ഇടശ്ശേരിയെയും ചങ്ങമ്പുഴയെയുമൊക്കെ തഴുകിക്കൊണ്ട് പതിതവര്‍ഗത്തോട് പിണറായി വിജയന്റെ പിന്നില്‍ അണിനിരക്കാനാണ് കവി ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ പിണറായി വിജയന്‍ ഇതിനകം തനിക്ക് പതിതരുടെ വേദനകളെ കുഴിവെട്ടി മൂടാന്‍ കഴിയുകയില്ലെന്നു തെളിയിച്ചു കഴിഞ്ഞു. അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും കുതികൊള്ളുന്നത് സത്യം പറയുന്നവരുടെ മുഖം വെട്ടിപ്പൊളിക്കാനാണ്. രക്തസാക്ഷികളെ ധനമായി കൊണ്ടുനടന്ന ഈ പ്രസ്ഥാന നേതാവ് തന്റെ പ്രസ്ഥാനം കുഴിവെട്ടി കുഴിച്ചുമൂടിയതിന്റെ കണക്ക് പറയേണ്ടിയിരിക്കുന്നു. തന്റെ പാര്‍ട്ടിക്ക് കേരളത്തില്‍ 400 രക്തസാക്ഷികളുണ്ടെന്ന് പിണറായി വിജയന്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ പാര്‍ട്ടി മറ്റുള്ള പാര്‍ട്ടികള്‍ക്കുണ്ടാക്കിയ രക്തസാക്ഷികളുടെ കണക്ക് കൃത്യമായി പുറത്തുവന്നിട്ടില്ല. കവികള്‍ ഇതിലൊന്നും വേവലാതിപ്പെടാറില്ല. അവര്‍ വികാരജീവികളും സ്വപ്‌ന ജീവികളുമാണ്. തമ്പ്രാന്റെ വയലില്‍ പണിയെടുത്തു തളരുന്ന പാവം പെണ്ണുങ്ങളോടു പറയും നമ്മള്‌കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന്. പാവം ചന്ദ്രശേഖരന്മാര്‍ മുഖത്തും ശരീരത്തും 51 വെട്ടേറ്റു ചത്തുകിടക്കുമ്പോള്‍ മാനവികത പൂവിട്ടു നില്‍ക്കുന്ന കാലത്തിലേക്കു നോക്കി നില്‍ക്കും. ടിയാനന്‍മന്‍ സ്‌ക്വയറില്‍ വിദ്യാര്‍ഥികള്‍ മനുഷ്യാവകാശമായ സ്വാതന്ത്ര്യത്തിനു വേണ്ടി മരിച്ചു വീണപ്പോള്‍ മധുരമനോഞ്ജ ചൈനയ്ക്കു വേണ്ടി അര്‍ത്ഥഗര്‍ഭമായ മൗനം കാത്തുസൂക്ഷിച്ച ഒ.എന്‍.വി, ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ല എന്നൊക്കെപ്പറയുന്നത് ശുദ്ധജനാധിപത്യ ഭോഷ്‌ക്കത്തരമാണ്. മാര്‍ക്‌സിസ്റ്റ് സഹയാത്രികരായ കവികള്‍ക്ക് ചില സാര്‍വലൗകിക ബാധ്യതകള്‍ ഉണ്ടെന്നത് ബൂര്‍ഷ്വാ ബുദ്ധിജീവികള്‍ക്ക് പരിചയമുള്ള കാര്യമല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏതാണ്ടൊരു ആസ്ഥാന കവിസ്ഥാനം കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട് ഒ.എന്‍.വിക്ക്. കേരള കമ്യൂണിസത്തിന്റെ കാവ്യമുഖമായി ഒ.എന്‍.വിയെ കമ്യൂണിസ്റ്റുകാര്‍ കരുതുന്നു. അദ്ദേഹം പാട്ടെഴുതിയും കവിതയെഴുതിയും പ്രസംഗിച്ചും കേരളയാത്രകള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസ്സിനും ആശംസകള്‍ നേര്‍ന്നും പാര്‍ട്ടിയെയും പ്രസ്ഥാനത്തെയും സഹായിച്ചു. ജനഹൃദയങ്ങളില്‍ ഇടതുപക്ഷ കവിതകൊണ്ട് വിളക്കുമാടങ്ങളും കാവല്‍സ്തൂപങ്ങളും തെളിച്ചു നിര്‍ത്തുന്നു. ഒ.എന്‍.വിയുടെ കാവ്യാത്മക വ്യക്തിത്വത്തിന്റെ വേരുകള്‍ ആഴ്ന്നു നില്‍ക്കുന്നത് കേരള കമ്യൂണിസത്തിലാണ്. ഒ.എന്‍.വിക്കവിതയുടെ വെളിച്ചത്തില്‍ വിടര്‍ന്ന ചെമ്പനീര്‍പ്പൂവുകൂടിയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് എന്നോ ജനങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അങ്ങനെ ഒ.എന്‍.വി കേരളത്തിന്റെ കമ്യൂണിസ്റ്റ് കഥാനുഗായി. സോഷ്യലിസം നടപ്പാകാന്‍ കവിതയിലൂടെ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു കവിയെന്ന നിലയില്‍ കൂടിയാണ് ഒ.എന്‍.വിക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. കമ്യൂണിസ്റ്റ് സഹയാത്രികനായ ഈ കവി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വഴികാട്ടിയും ഉപദേശകനുമാണ്. എന്നാല്‍ എല്ലാ വഴികാട്ടികളെയും ധിക്കരിച്ചുകൊണ്ടാണ് മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോക്ക്. നേരത്തെ സി.പി.ഐ സഹയാത്രികനായിരുന്ന ഒ.എന്‍.വി ആ ബന്ധം വിച്ഛേദിച്ച്, ആള്‍ ബലം കൂടിയതും ഇടതുപക്ഷപ്പാര്‍ട്ടികളെ എപ്പോഴും നിയന്ത്രിക്കുന്നതുമായ, സി.പി.എമ്മിന്റെ സഹയാത്രികനായി മാറിയെന്നു തോന്നുന്നു. എങ്ങനെയായാലും അദ്ദേഹം ഇടതുപക്ഷത്ത് തേക്കുമരം പോലെ ആഴ്ന്നും ആല്‍മരം പോലെ അന്തരീക്ഷത്തില്‍ പടര്‍ന്നും നില്‍ക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പാര്‍ലമെന്ററി വ്യാമോഹം തെങ്ങിനു കാറ്റുവീഴ്ചയെന്നപോലെ പടര്‍ന്നു പിടിക്കുകയാണെന്ന് ഒ.എന്‍.വി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ നാട്ടുമ്പുറത്തെ പാവങ്ങള്‍ക്കു മനസ്സിലാവില്ല. എം.എല്‍.എയും എം.പിയും മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റും മെമ്പറും മേയറും മുന്‍സിപ്പല്‍ ചെയര്‍മാനുമൊക്കെയായി ഭരിച്ച് കാശുണ്ടാക്കുകയും ഭരണത്തിന്റെ നാനാവിധ സുഖങ്ങളനുഭവിക്കുകയുമെന്നര്‍ത്ഥം. ഒരാള്‍ക്ക് പാര്‍ലമെന്ററി വ്യാമോഹമുണ്ടാകുന്നത് ജനപ്രതിനിധിയായി സുഖിക്കാനാണ്. ഭരണത്തിന്റെയും സ്ഥാനമാനങ്ങളുടെയും സുഖം തന്നെയാണ് നേരിട്ടും പരോക്ഷമായും കണ്ണൂരിലെ പി.ശശിയും കൊച്ചിയിലെ ഗോപി കോട്ടമുറിക്കലുമൊക്കെ അനുഭവിച്ചത്. ഒരാളുടെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും അധികാരവുമായി അടുപ്പിക്കുന്നു. അധികാരമുപയോഗിച്ച് കൂടുതല്‍ കൂടുതല്‍ അധികാരവും പണവും സ്വാധീനവും ആള്‍ബലവും ഉണ്ടാക്കും. അധികാരം ദുഷിക്കുകയും ദുഷിച്ച മനുഷ്യര്‍ അധികാരം തേടുകയും ചെയ്യുന്നു. അധികാരമുപയോഗിച്ച് പണമുണ്ടാക്കിയാല്‍ ബംഗ്ലാവുണ്ടാക്കാം, വിലകൂടിയ കാറു വാങ്ങാം, മക്കളെ ഇംഗ്ലണ്ടിലും അമേരിക്കയിലും അയച്ച് പഠിപ്പിക്കാം, ഭാര്യയ്ക്കു പുറമേ സുന്ദരികളായ സ്ത്രീകളെ പ്രാപിക്കാം, ശത്രുക്കളെ കൊന്നു കുഴിച്ചുമൂടാം. ജനപ്രതിനിധി സഭകളിലിരുന്നു പണമുണ്ടാക്കല്‍ മാത്രമല്ല, സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ആശ്രയിച്ച് പണമുണ്ടാക്കലും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലെ അഴിമതിയാണ്. പാര്‍ലമെന്ററി വ്യാമോഹം എന്ന ശൈലിക്ക് ഇപ്പോള്‍ വല്ലാതെ കനം വെച്ചിരിക്കുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ എല്ലാ പാര്‍ട്ടികളിലെയും ഒരു വിഭാഗം ചെറുതും വലുതുമായ നേതാക്കളില്‍ സുഖം വരുതിയിലാക്കാനുള്ള ഒരു മാര്‍ഗമായിത്തീര്‍ന്നിരിക്കുന്നു. കമ്യൂണിസ്റ്റുകാരന്‍ ത്യാഗിയാവണമെന്നോ, സുഖിയനാവരുതെന്നോ, പണമിടപാടുകള്‍ നടത്തരുതെന്നോ, സാമ്പത്തിക സ്ഥാപനങ്ങള്‍ നടത്തരുതെന്നോ വിശ്വസിക്കുന്നവരല്ല ഏറ്റവും പുതിയ കമ്യൂണിസ്റ്റ് നേതാക്കളും അനുയായികളും. എന്നും കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് ജീവിച്ചാല്‍ മതിയോ കമ്യൂണിസ്റ്റുകാരന്‍ എന്ന ഇ.പി.ജയരാജന്റെ ചോദ്യം ഈ പുതിയ കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ നിന്നുണ്ടായതാണ്. ഒ.എന്‍.വിയെപ്പോലുള്ളവരുടെ കവിതകള്‍ മുന്നോട്ടുവെക്കുന്ന സ്വപ്‌നങ്ങളില്‍ എത്രകാലമാണിങ്ങനെ തമ്പടിച്ചിരിക്കുക. സോഷ്യലിസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. സോഷ്യലിസം എന്ന സംജ്ഞ കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍നിന്നും ചിന്തയില്‍ നിന്നും പ്രസംഗത്തില്‍ നിന്നുമൊക്കെ അപ്രത്യക്ഷമായിക്കഴിഞ്ഞു. സോഷ്യലിസത്തിന്റെയും വിപ്ലവത്തിന്റെയും വര്‍ഗസമരത്തിന്റെയുമൊക്കെ പുസ്തകങ്ങള്‍ ഇനി അങ്ങാടിയിലെ ആക്രിക്കടയില്‍ തൂക്കി വില്‍ക്കാം. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ കവരങ്ങളായ ഇടതുപക്ഷപ്പാര്‍ട്ടികളും ഒരു ചോദ്യചിഹ്നമായി മാറുകയാണ്. രാഷ്ട്രീയമായ ഒരുതരം ശൂന്യതയും നിരര്‍ത്ഥകതയും ഈ പാര്‍ട്ടികള്‍ നന്നായി അനുഭവിക്കുന്നുണ്ട്. ഒരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ ശൂന്യതയും നിരര്‍ത്ഥകതയുമാണ് അതിനെ കൊലയിലേക്കും തല്‍ക്കൊലയിലേക്കും നയിക്കുന്നത്. ഇങ്ങനെയൊരു മാനസികാവസ്ഥ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. കൊല്ലും കൊലയും ലോകത്തെവിടെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കന്യമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ എവിടെയും എം.എം.മണിമാര്‍ സാധാരണം. സ്വേച്ഛാധിപത്യം കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയവും മനോരോഗവുമാണ്. കമ്യൂണിസ്റ്റുകാര്‍ ഭരിച്ച നാടുകളിലെയും ഭരിക്കാത്ത നാടുകളിലെയും കമ്യൂണിസ്റ്റ് നേതാക്കളെ ഈ മനോരോഗം പല രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഇത് വലിയൊരളവില്‍ ബാധിച്ച കുറേ നേതാക്കളുണ്ട് കേരളത്തിലെ ഇന്നത്തെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍. ഒ.എന്‍.വി സി.പി.എമ്മിന്റെ തലപ്പത്ത് കണ്ടെത്തിയ ''തിരിച്ചറിവോടെ ഉത്തരവാദിത്തമുള്ള പ്രസ്ഥാനനേതാക്കള്‍'' ഇക്കൂട്ടത്തില്‍പ്പെട്ടവരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു അവരുടെ അസഹിഷ്ണുതകളും ധാര്‍ഷ്ട്യവും കാണുമ്പോള്‍. എം.എം.മണിയുടെയും ഇ.പി.ജയരാജന്റെയുമൊക്കെ സംസാരഭാഷ കേള്‍ക്കുമ്പോള്‍ ഇവര്‍ സംസ്‌കാരത്തിനു വെളിയിലാണെന്നു തീര്‍ച്ചയായും തോന്നും. ഇവര്‍ അഭിപ്രായ വ്യത്യാസങ്ങളും വിമര്‍ശനവും സ്വാഗതം ചെയ്യുന്നില്ല. നേതൃത്വത്തിന്റെ കല്‍പ്പനകള്‍ ശിരസാവഹിക്കുന്ന അവസ്ഥയെ ആ പാര്‍ട്ടി ജനാധിപത്യം എന്നു പേരിട്ടു വിളിക്കുന്നു. അസഹിഷ്ണുതയും സ്വേച്ഛാധിപത്യ മനോഭാവവും കടുംപിടുത്തങ്ങളുമാണ് സി.പി.എമ്മിലെ നേതാക്കളുടെ മുഖ്യലക്ഷണം. ഇവര്‍ ആവിഷ്‌കരിക്കുന്ന തെറ്റായ നയങ്ങള്‍ പാര്‍ട്ടിയിലെ പാവം ജനങ്ങള്‍ മുതുകിലേറ്റി നടക്കുന്നു. അത് മുതുകിലേറ്റി നടന്നു സഹികെട്ടപ്പോള്‍ മനസ്സ് കളഞ്ഞുപോകാത്തതുകൊണ്ട് പുറത്തുപോയവനാണ് ടി.പി. ചന്ദ്രശേഖരന്‍. ഒഞ്ചിയത്തെ തുല്യദുഃഖിതരായ കുറെപ്പേര്‍ ചന്ദ്രശേഖരനോടൊപ്പം ഓടിച്ചെന്നു. ആ പാവപ്പെട്ട ജനങ്ങളെ നയിച്ച ചന്ദ്രശേഖരനെ കുഴിവെട്ടി മൂടി. ചന്ദ്രശേഖരന്റെ കൂടെ വന്ന ജനങ്ങളിപ്പോള്‍ വസിക്കുന്നത് ഒരു ദുരവസ്ഥയ്ക്കകത്താണ്. ജനങ്ങളുടെ ഈ ദുരവസ്ഥയെക്കുറിച്ച് കവിതയെഴുതാന്‍ നമ്മുടെ നാട്ടില്‍ ഒ.എന്‍.വിയുടെ പിന്‍മുറക്കാരായ കവികളില്ല. സി.പി.എമ്മിന് മനുഷ്യത്വത്തിന്റെ മാര്‍ഗം കാണിച്ചു കൊടുക്കാനും കവികളില്ല. എതിരാളികളുടെ മരണവാറണ്ട് തയ്യാറാക്കുന്ന ആ പാര്‍ട്ടി സ്വയം ചരമക്കുറിപ്പെഴുതുകയുമാണ്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പിണറായി വിജയന്റെ കേരളയാത്രയ്ക്ക് ആശംസാ വചനങ്ങള്‍ സമര്‍പ്പിച്ച ഒ.എന്‍.വി. ധാര്‍മ്മികത്തകര്‍ച്ചയുടെ ഓടയില്‍ കിടക്കുന്ന സി.പി.എമ്മിന് ഒരു ചരമഗീതം രചിക്കാന്‍ സമയമായി
-°C 