സി.പി.എം അനിഷേധ്യമായ കുരുക്കിലേക്ക്
Imageടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം നിര്‍ണായകമായ വഴിത്തിരിവിലെത്തിയിരിക്കുന്നു. രാഷ്ട്രീയ പകമൂത്ത സി.പി.എം നിയോഗിച്ച കുറ്റവാളികളുടെ സംഘമാണ് ആര്‍.എം.പി നേതാവായിരുന്ന ചന്ദ്രശേഖരനെ അരുംകൊല ചെയ്തതെന്ന് വ്യക്തമായി.
കൊലയാളിസംഘത്തിലെ ഒരാളൊഴികെ പ്രധാനികളുള്‍പ്പെടെ ആറുപേരും പൊലീസിന്റെ വിദഗ്ധവും സ്തുത്യര്‍ഹവുമായ നീക്കത്തിലൂടെ കസ്റ്റഡിയിലായി. ഒന്നര മാസത്തിനുള്ളില്‍ സംസ്ഥാനത്തെ നടുക്കിയ നിഷ്ഠൂരമായ ഈ കൊലപാതകത്തിന് വ്യക്തതയുണ്ടാക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞത് നിസ്സാരകാര്യമല്ല. കൊലനടത്തിയ മുഖ്യപ്രതികള്‍ പിടിയിലായതോടെ ഇനി വധഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കളിലേക്കാണ് അന്വേഷണം നീളാന്‍പോകുന്നത്.
 
സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങളിലൊന്നും യഥാര്‍ത്ഥ കുറ്റവാളികളെ പൊലീസിന് ലഭിക്കാറില്ല. പാര്‍ട്ടി പൊലീസുമായി സഹകരിച്ച് വ്യാജപ്രതികളെ ഹാജരാക്കുകയായിരുന്നു പതിവ്. യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കാനുള്ള പ്രയാസങ്ങളും പ്രതിബന്ധങ്ങളും അറിയാവുന്ന പൊലീസ് ഈ വ്യാജപ്രതികളുടെ പട്ടിക സ്വീകരിച്ച് പണി അവസാനിപ്പിക്കുകയും ചെയ്തുപോന്നു. അത്തരം വഴിപാട് അന്വേഷണത്തിന്റെ ഫലമായി ശരിയായ തെളിവുകളും സാക്ഷികളുമില്ലാതെ സമര്‍പ്പിക്കപ്പെടുന്ന കുറ്റപത്രം കോടതിയിലെത്തുമ്പോള്‍ ആവിയായി പോകുന്നതാണ് കണ്ടിട്ടുള്ളത്. പ്രതികളെന്ന പേരില്‍ പാര്‍ട്ടി നല്‍കിയ വ്യാജകഥാപാത്രങ്ങള്‍ അഭിനയം പൂര്‍ത്തിയാക്കി അരോഗദൃഢഗാത്രന്മാരായി ശിക്ഷയില്‍ നിന്ന് രക്ഷപെടുകയും ചെയ്യുന്നു. സി.പി.എം ആസൂത്രണം ചെയ്ത എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഹീനമായ ഈ ചരിത്രത്തെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം മാതൃകാപരമായി തിരുത്തിയെഴുതിയിരിക്കുന്നു.
 
സംസ്ഥാനം ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയ ശരിയായ മാര്‍ഗനിര്‍ദേശത്തിന്റെ ഫലമാണിത്. കൊടി സുനി എന്ന് അറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി മുതല്‍ മുംബൈയില്‍ നിന്ന് കഴിഞ്ഞദിവസം പിടിയിലായ ടി.കെ രജീഷ് വരെ നീളുന്ന കൊലയാളി സംഘത്തിലെ എല്ലാ അംഗങ്ങളും സി.പി.എമ്മിന്റെ പതിവ് ഗുണ്ടകളാണെന്ന് പൊലീസ് മനസ്സിലാക്കുന്നു. ഇവരെ മാറിമാറി നിയോഗിച്ച് നിരവധി നരഹത്യകള്‍ ഉത്തരകേരളത്തില്‍ സി.പി.എം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു കുറ്റകൃത്യത്തിനുപോലും ഇവരില്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ചന്ദ്രശേഖരനെ വധിക്കാന്‍ നേതൃത്വം നല്‍കിയ കൊടി സുനി 29 കേസുകളില്‍ പ്രതിയാണ്. ഫസല്‍ വധക്കേസില്‍ ഇയാള്‍ ഒന്നാംപ്രതിയാണ്. ടി.കെ. രജീഷ് പതിമൂന്ന് വര്‍ഷം മുമ്പുനടന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷേ ഇവര്‍ ശിക്ഷിക്കപ്പെടുകയോ ജയിലിലാവുകയോ ചെയ്യാന്‍ സി.പി.എം അനുവദിച്ചിരുന്നില്ല.
 
നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുംവിധം ചട്ടവിരുദ്ധമായ മാര്‍ഗത്തിലൂടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സി.പി.എം നേതൃത്വം പാര്‍ട്ടിയുടെ അരുമകളായി കരുതപ്പെടുന്ന ഈ കൊടുംകുറ്റവാളികളെ സംരക്ഷിച്ച് സമൂഹത്തില്‍ ഇറക്കിവിടുകയാണ് ചെയ്തിട്ടുള്ളത്.
ഇത്തവണ സി.പി.എം നേതാക്കളുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. ആസൂത്രിതമായ കൊലപാതകത്തിന്റെ ഒത്താശക്കാരായ പ്രാദേശിക സി.പി.എം നേതാക്കളെ ഒന്നൊന്നായി അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഗൂഢാലോചന നടത്തിയ നേതാക്കളിലേക്ക് അന്വേഷണം നീളുന്നു എന്ന് വന്നപ്പോള്‍ പിണറായി വിജയനും എളമരം കരീമും പൊലീസിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പൊലീസ് സ്റ്റേഷനിലേക്കും കോടതിപ്പടിക്കലേക്കും അനുയായികളെ നയിച്ച് സമരത്തിനുപോയി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്ന് കഴിഞ്ഞദിവസം വരെ ഈ നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.
 
അപ്പോഴെല്ലാം മുഖ്യപ്രതികള്‍ സി.പി.എം ഒരുക്കിക്കൊടുത്ത ഒളിസങ്കേതത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ ഉണ്ടുറങ്ങി, ചീട്ടുകളിച്ച് കഴിയുകയായിരുന്നു. സി.പി.എമ്മിന് സ്വാധീനശക്തിയുണ്ടെന്നതിനാല്‍ പാര്‍ട്ടി ഗ്രാമം എന്ന് വിവക്ഷിക്കപ്പെടുന്ന മുഴക്കുന്നിലെ വനത്തിലായിരുന്നു കഴിഞ്ഞ 20 ദിവസമായി കുറ്റവാളികള്‍ ഒളിച്ചിരുന്നത്. അന്വേഷകരുടെ സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും കൊണ്ടാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒരു ഏറ്റമുട്ടലിനൊടുവില്‍ മൂന്ന് കൊടുംകുറ്റവാളികളെയും അവരുടെ സംരക്ഷകരായ മൂന്ന് സി.പി.എം പ്രവര്‍ത്തകരെയും ഒളിസങ്കേതത്തില്‍ നിന്ന് മാരകായുധങ്ങളോടെ പിടികൂടിയത്. കേരളത്തില്‍ ഇപ്പോള്‍ ഇടതുഭരണമായിരുന്നുവെങ്കില്‍ ഈ കേസന്വേഷണത്തിന് ഇത്തരത്തില്‍ ഒരു പുരോഗതിയും വഴിത്തിരിവും ഉണ്ടാകുമായിരുന്നില്ലെന്ന് ആരും സമ്മതിക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls