കുലപതിയും കുലംകുത്തിയും
Imageകാല്‍പ്പനിക കവി ഇടപ്പള്ളി രാഘവന്‍ പിള്ള ആത്മഹത്യ ചെയ്യും മുമ്പ് എഴുതിയതുപോലെ ''മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം മധുരം വരുന്നു ഞാന്‍'' എന്ന് കേരളത്തിലെ സി.പി.എം നേതൃത്വം നിശ്ശബ്ദമായി പറയുന്നത് ആര്‍ക്കും കേള്‍ക്കാം
ശല്യര്‍
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പ്രമുഖ നേതാവായിരുന്ന ഇ.എം.എസ് സജീവ രാഷ്ട്രീയം വിട്ട് പത്രപ്രവര്‍ത്തകനാകാന്‍ ആഗ്രഹിച്ചു. ഏറ്റവും അടുപ്പമുള്ളവരോട് അദ്ദേഹം അത് വെളിപ്പെടുത്തി. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ലേഖകനാകാന്‍ ചിലശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. എ.കെ.ജിയും അച്യുതാനന്ദനും മറ്റും അപ്പോള്‍ സി.പി.എം എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ അധ്വാനിക്കുകയായിരുന്നു. ലേഖന രചനകളില്‍ മുഴുകി ഇ.എം.എസ് ഉള്‍വലിഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമവൃത്തിയുടെ സാധ്യതകളെപ്പറ്റി വിദ്യാസമ്പന്നനായിരുന്ന നമ്പൂതിരിപ്പാടിന് നല്ല ധാരണകള്‍ ഉണ്ടായിരുന്നു. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യാവകാശത്തിന്റെ കാതല്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകാതിരുന്നത് ഈ ജനാധിപത്യാവകാശം ഇന്ത്യയില്‍ ഉള്ളതുകൊണ്ടു മാത്രമായിരുന്നു. അല്ലെങ്കില്‍ എസ്.എ.ഡാങ്കേയും കൂട്ടരും എ.കെ.ജിയെയും ഇ.എം.എസ്സിനെയും വി.എസ്സിനെയും വെളിച്ചം കാണിക്കില്ലായിരുന്നു. സി.പി.എം എന്ന രാഷ്ട്രീയപ്പാര്‍ട്ടി 1964ല്‍ ഉണ്ടാകുമായിരുന്നില്ല.
 
എതിര്‍ക്കാനും വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള ജനാധിപത്യാവകാശം സി.പി.എം ഇപ്പോള്‍ അംഗീകരിക്കാത്തത് ആ പാര്‍ട്ടിയെ നയിക്കുന്നവരുടെ അറിവില്ലായ്മ കൊണ്ടും ചരിത്രസ്മൃതികൊണ്ടുമായിരിക്കണം. സ്മൃതിനാശം ഒരു രോഗമാണ്. അതിനാല്‍ രോഗികള്‍ സഹതാപം അര്‍ഹിക്കുന്നു. പക്ഷേ അങ്ങനെയുള്ളവര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കാന്‍ പാടില്ല. അവര്‍ക്ക് ചികിത്സയും വിശ്രമവും ആവശ്യമുണ്ട്. കേരളത്തിലെ സി.പി.എം നേതാക്കള്‍ മാധ്യമ വിമര്‍ശനങ്ങളെയും വാര്‍ത്തകളെയും അംഗീകരിക്കുന്നില്ല. മാധ്യമ പ്രവര്‍ത്തകരെ ശത്രുക്കളായി കാണുന്നു. സി.പി.എമ്മിനെ എതിര്‍ക്കുന്നവരെ വേണ്ടിവന്നാല്‍ കൊന്നുകളയാനും മടിയില്ല. രാഷ്ട്രീയ ശത്രുക്കളുടെ പട്ടിക തയ്യാറാക്കി ഒന്നൊന്നായി കൊന്നിട്ടുണ്ടെന്നും ഇനിയും അങ്ങനെ ചെയ്യുമെന്നും സി.പി.എം നേതാവ് പൊതുയോഗത്തില്‍ പ്രഖ്യാപിക്കുന്നു. സി.പി.എം വിട്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന പ്രസ്ഥാനമുണ്ടാക്കിയ ടി.പി. ചന്ദ്രശേഖരന്റെ വധത്തെ പരോക്ഷമായി ന്യായീകരിച്ചുകൊണ്ടാണ് ഇടുക്കിയിലെ എം.എം. മണി ഇങ്ങനെ പറഞ്ഞത്.
 
എതിരാളിയെ ന്യായമായും കൊല്ലാമെന്ന് പരസ്യപ്രസ്താവന നടത്തിയ നേതാവിനോട് 1964ല്‍ എസ്.എ. ഡാങ്കേയുടെ പാര്‍ട്ടി ഇതേസമീപനം സ്വീകരിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ചന്ദ്രശേഖരന്റെ ഗതിയാകുമായിരുന്നു പലര്‍ക്കും. ജനാധിപത്യമൂല്യങ്ങള്‍ പുലരുന്ന ഒരു രാജ്യത്ത് രാഷ്ട്രീയ എതിരാളികളെ ഗൂഢാലോചനയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണ്. പക്ഷേ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ഒരു നേതാവ് തന്റെ പാര്‍ട്ടി അങ്ങനെ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ഇനിയും ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നു. ഇത് സ്മൃതിനാശമെന്ന രോഗമല്ല. അഹങ്കാരവും ഗുണ്ടായിസവും ജനാധിപത്യമൂല്യങ്ങളോടുള്ള വെല്ലുവിളിയുമാണ്. ആ നേതാവിനെതിരെ നിയമനടപടിക്ക് ഒരുങ്ങുമ്പോള്‍ ചിന്താശൂന്യരായ അണികളെ ഇളക്കിവിട്ട് പാര്‍ട്ടി തെരുവിലിറങ്ങി പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു. മണിയുടെ പ്രസംഗത്തില്‍ രാഷ്ട്രീയ പിശകുണ്ടെങ്കിലും നിയമപരമായി തെറ്റൊന്നും ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നു. സി.പി.എം കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും മണിഭാഷണങ്ങളുടെ പേരില്‍ ഭിന്നിക്കുന്നു.
 
ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തെ മനുഷ്യമനസ്സാക്ഷിക്ക് അംഗീകരിക്കാനാവില്ല. പൊതുപ്രവര്‍ത്തകനായ ഒരു മനുഷ്യന്‍ രാത്രി പത്തുമണിക്ക് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ സംഘം ചേര്‍ന്ന് കാറില്‍ വന്നവര്‍ നടുറോഡില്‍ ഇടിച്ചിട്ട് വടിവാള്‍ കൊണ്ട് 51 തവണ വെട്ടിനുറുക്കിക്കൊന്ന് വികൃതമാക്കി. അയാള്‍ ചെയ്ത ഏക തെറ്റ് മൂന്നു കൊല്ലം മുമ്പ് സി.പി.എം വിട്ട് മറ്റൊരു ഇടതുപ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. വേറൊരു ശത്രുതയും ജീവിതത്തില്‍ ആരുമായിട്ടും ഇല്ലാത്തയാള്‍. നാട്ടില്‍ ഏവര്‍ക്കും പ്രിയങ്കരന്‍. സുഹൃത്തുക്കളുടെ ഇഷ്ടതോഴന്‍. പ്രേമ വിവാഹിതന്‍. അഭിനന്ദിന്റെ അച്ഛന്‍. എസ്.എഫ്.ഐ നേതാവായിരുന്ന കാലത്ത് നേടിയ സൗഹൃദങ്ങളിലൂടെ സി.പി.എമ്മില്‍ ധാരാളം നേതാക്കളുമായി ആത്മബന്ധം മുറിയാതെ കാത്തുസൂക്ഷിച്ചവന്‍. എന്തിനാണ് ചന്ദ്രശേഖരനെ ഇല്ലാതാക്കിയതെന്ന് സി.പി.എമ്മിലുള്ളവര്‍ക്കുപോലും മനസ്സിലാകാത്ത ഒരു കടങ്കഥയാണ്.
 
സി.പി.എമ്മിന്റെ പോഷക സംഘടനയായ എന്‍.ജി.ഒ യൂണിയന് സംസ്ഥാനതലത്തില്‍ നേതൃത്വം നല്‍കിയ സി.എച്ച്.അശോകന്‍ അടക്കം 28 പേര്‍ ഇപ്പോള്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പാനൂര്‍ ഏരിയ കമ്മിറ്റിയെ നയിക്കുന്ന കുഞ്ഞനന്തനുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. പിടിയിലായ പലരും സി.പി.എം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ആണ്.
വളരെ നീചവും ആസൂത്രിതവും ആയിരുന്നു ചന്ദ്രശേഖരന്‍ വധമെന്ന് ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ കൂട്ടിവച്ചു നോക്കിയാല്‍ ആര്‍ക്കും വ്യക്തമാകും. കൊലക്കുറ്റത്തിന് കണ്ണൂര്‍ ജയിലില്‍ തടവില്‍ കിടന്ന അന്തേരി സുരയുടെ വീട്ടില്‍ ഏറ്റവും ഒടുവിലത്തെ ഗൂഢാലോചന. കൊടി സുനിയുടെ നേതൃത്വത്തില്‍ കൊലയാളികളുടെ ഏഴംഗസംഘം പലനാള്‍ ചന്ദ്രശേഖരനെ പിന്തുടര്‍ന്നു. തലശ്ശേരിയില്‍ നിന്ന് വിനോദയാത്രയ്‌ക്കെന്നു കള്ളം പറഞ്ഞ് ഇന്നോവകാര്‍ വാടകയ്‌ക്കെടുത്തു. മേയ് നാലിന് രാത്രി കൃത്യം നിര്‍വഹിച്ചശേഷം കാര്‍ ചൊക്ലിയില്‍ ഒഴിഞ്ഞപറമ്പില്‍ ഉപേക്ഷിച്ചു.
 
ആയുധങ്ങള്‍ സമീപത്തെ കിണറില്‍ വലിച്ചെറിഞ്ഞു. പൊലീസിനെ വഴിതെറ്റിക്കാന്‍ ഉപേക്ഷിക്കപ്പെട്ട കാറിന്റെ മുന്നിലും പിന്നിലും 'അള്ളാഹു'വിന്റെ നാമമുള്ള സ്റ്റിക്കര്‍ ഒട്ടിച്ചു. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത് ഒരു മസ്ജിദിന്റെ സമീപത്താണെന്നതും കാറിലെ സ്റ്റിക്കറും സി.പി.എം മാധ്യമങ്ങള്‍ക്ക് രണ്ടു മൂന്ന് ദിവസങ്ങളിലെ മുഖ്യവിശേഷ വാര്‍ത്തകളായിരുന്നു. ഫസല്‍ വധത്തെ കോടിയേരി ബാലകൃഷ്ണനടക്കം സി.പി.എം വര്‍ഗ്ഗീയ കൊലപാതകമാക്കാന്‍ ശ്രമിച്ചതുപോലെ ചന്ദ്രശേഖരന്‍ കൊലക്കേസും വഴിതെറ്റിക്കാന്‍ പല നുണകളും കെട്ടിച്ചമച്ച് സി.പി.എം നേതാക്കള്‍ രംഗത്തുവന്നു. അപ്പോള്‍ കൊലയാളി സംഘത്തിലെ നാലുപേര്‍ കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി പ്രദേശങ്ങളിലെ സി.പി.എം നേതാക്കളുടെ അറിവോടും ഒത്താശയോടും വിവിധ ഒളിസങ്കേതങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. കൊലയാളി സംഘത്തിലെ നാലുപേരെ ഇനിയും പിടികിട്ടിയിട്ടില്ല. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ അവര്‍ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
 
ചന്ദ്രശേഖരന്‍ വധവും എം.എം.മണിയുടെ കൊലവിളി പ്രസംഗവും കേരളത്തിലെ സി.പി.എമ്മിനെ നിലനില്‍പ്പിന്റെ പാതാളത്തില്‍ എത്തിച്ചിരിക്കുകയാണ്. 48 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇത്രയും ഗുരുതരമായ ഒരു പ്രതിസന്ധി സി.പി.എം നേരിട്ടിട്ടില്ല. തൊഴിലാളികളുടെ നേതൃത്വത്തില്‍, വര്‍ഗ്ഗബഹുജന പിന്തുണയോടെ സായുധ വിപ്ലവം നടത്തി അധികാരത്തില്‍ വരാമെന്ന ലക്ഷ്യം മുന്‍ നിറുത്തിയാണ് 1964ല്‍ സി.പി.എം കല്‍ക്കത്തയില്‍ രൂപം കൊണ്ടത്. ഇന്ത്യയിലെ പാര്‍ലമെന്ററി ഡമോക്രസിയെ ആ ലക്ഷ്യത്തിലേക്കുള്ള താല്‍ക്കാലിക പരീക്ഷണ മാര്‍ഗ്ഗമായും സ്വീകരിച്ചു. കാലക്രമത്തില്‍ ലക്ഷ്യവും മാര്‍ഗ്ഗവും കടലാസില്‍ ചലനമറ്റു കിടന്നു. അധികാരാവസരങ്ങള്‍ ഉപയോഗിച്ച് അവിഹിതമാര്‍ഗ്ഗത്തില്‍ ധനം വാരിക്കൂട്ടി സി.പി.എം ഒരു സാമ്പത്തിക കുത്തക പ്രസ്ഥാനമായി മാറി. അഹങ്കാരികളും അലിവുകെട്ടവരും സ്വേച്ഛാധികാരികളുമായ നേതാക്കളുടെ കൈകളില്‍ പാര്‍ട്ടിയുടെ നിയന്ത്രണം വന്നു.
 
കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ ദുഃസ്വപ്‌നത്തില്‍പ്പോലും കണ്ടിട്ടില്ലാത്ത മാര്‍ക്‌സിസ്റ്റ് വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ സി.പി.എം സഞ്ചരിക്കുന്നു. മനുഷ്യന്‍ എന്ന മഹനീയ പദത്തെ അര്‍ത്ഥശൂന്യമാക്കിത്തീര്‍ത്ത ഈ പ്രസ്ഥാനം ഒരു ആത്മഹത്യാമുനമ്പിലാണ് എത്തിപ്പെട്ടിരിക്കുന്നത്. കൊലപാതകവും ആത്മഹത്യയും കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ മരുന്നുകളാണ്. ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.എമ്മിന് കേരളത്തില്‍ സ്വയം വിനാശത്തിന്റെ വഴി തുറന്നുകഴിഞ്ഞു. കാല്‍പ്പനിക കവി ഇടപ്പള്ളി രാഘവന്‍ പിള്ള ആത്മഹത്യ ചെയ്യുംമുമ്പ് എഴുതിയതുപോലെ ''മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം മധുരം വരുന്നു ഞാന്‍'' എന്ന് കേരളത്തിലെ സി.പി.എം നേതൃത്വം നിശ്ശബ്ദമായി പറയുന്നത് ആര്‍ക്കും കേള്‍ക്കാം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls