| എവിടെപ്പോയി ഇടവപ്പാതി ? |
ജൂണ്‍ ആദ്യവാരം മുതല്‍ കോരിച്ചൊരിയുന്ന മഴ എന്നായിരുന്നു പ്രവചനം. രണ്ടാഴ്ച കഴിഞ്ഞിട്ടും മഴ ദുര്‍ബലം. മണ്ണിനെയും മനസ്സിനെയും കുളിരണിയിക്കേണ്ട കാലവര്‍ഷം കണ്ണുപൊത്തിക്കളിക്കുന്നതെന്തുകൊണ്ട് ? മനോജ് മുരളി ഇടമുറിയാതെ ഇടവപ്പാതി തകര്‍ത്തുപെയ്യേണ്ട സമയം. ജൂണ്‍ അഞ്ചിനെങ്കിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു പ്രവചനം. ഇതു തെറ്റിയെന്ന് മാത്രമല്ല മണ്‍സൂണ്‍ അടുത്ത ആഴ്ചയോടെ മാത്രമേ ശക്തി പ്രാപിക്കുകയുള്ളു എന്നാണ് ഇപ്പോള്‍ പറയുന്നത്. പഴമക്കാരുടെയും കാലാവസ്ഥ നിരീക്ഷകരുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടുള്ള കാലാവസ്ഥാ വ്യതിയാനം ആരംഭിച്ചിട്ട് നാളുകള്‍ കുറെയായി. ഏഷ്യയിലും ഓസ്‌ട്രേലിയയിലും വരള്‍ച്ചയ്ക്കും മഴക്കുറവിനും കാരണമാകുന്ന എല്‍ നീനോ പ്രതിഭാസവും ഇത്തവണയുണ്ടാകും. 2001, 02, 04, 09 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായ വരള്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം എല്‍ നീനോ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മേധാവി എല്‍.എസ് റാത്തോഡ് ഇത്തവണ കാലവര്‍ഷം വൈകിയേ ആരംഭിക്കൂ എന്ന സൂചന നല്‍കിയത്. ഇന്ത്യയടക്കം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥാവകുപ്പ് ശാസ്ത്രജ്ഞര്‍ ഏപ്രിലില്‍ പൂണെയില്‍ നടത്തിയ ചര്‍ച്ചയിലെ നിഗമനവും ഇന്ത്യയില്‍ മണ്‍സൂണ്‍ ഇത്തവണ മോശമാകുമെന്നായിരുന്നു. കേരളത്തിന്റെ ജലസമൃദ്ധിയുടെ അടിത്തറയെന്നാല്‍ ഇടവപ്പാതി, തുലാവര്‍ഷം പിന്നെ ഇടമഴയെന്ന പേരില്‍ അറിയപ്പെടുന്ന വേനല്‍മഴ എന്നിവയാണ്. ഇതില്‍ ഏറെ പ്രാധാന്യമുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന ഇടവപ്പാതി അഥവാ കാലവര്‍ഷം ഓരോ മഴക്കാലത്തും പ്രതിവര്‍ഷം 300 സെന്റീമീറ്റര്‍ മഴപെയ്തിറങ്ങുന്നു. ശരാശരി മഴയുടെ 70 ശതമാനവും ലഭിക്കുന്നത് ഇതിലൂടെയാണ്. കണക്കുകൂട്ടലുകള്‍ തെല്ല് പിഴച്ചെങ്കിലും കേരളത്തില്‍ പെരുമഴക്കാലമെന്നറിയപ്പെടുന്ന കാലവര്‍ഷം സജീവമാകാന്‍ ഇനി ഏറെ കാത്തിരിപ്പ് ആവശ്യമില്ലെന്നായിരുന്നു അവസാനം പ്രവചനം. മഴ വീണ്ടും ഒളിച്ചുകളിച്ചപ്പോള്‍ പെയ്യുന്നതിനോ പെയ്യാതിരിക്കാനോ സാധ്യതയുണ്ടെന്നമട്ടില്‍ പ്രവചനം നടത്തിയ കാലാവസ്ഥ നിരീക്ഷണ വകുപ്പിനെ പലരും കുറ്റപ്പെടുത്തി. വിവിധ മേഖലകളില്‍ ആധുനിക ശാസ്ത്രീയ സംവിധാനങ്ങള്‍ അതിശയിപ്പിക്കുംവിധം വളര്‍ന്നപ്പോള്‍ നവീന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന കാലാവസ്ഥാ പഠന നിരീക്ഷണങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷമാണ് കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നതെന്നും ഈ സാഹചര്യങ്ങള്‍ യഥാസമയം ജനങ്ങളില്‍ എത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് തങ്ങളെ പഴിചാരുന്നതെന്നും വിദഗ്ധര്‍ പറയുന്നു. കാലാവസ്ഥ പ്രവചനത്തിന്റെ കാണാപ്പുറങ്ങള്‍ പരതിയാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. ലോകത്തില്‍ ആദ്യമായി 1851ല്‍ ആണ് ലണ്ടനില്‍ അന്തരീക്ഷ ശാസ്ത്രകാര്യാലയം ഇതുമായി ബന്ധപ്പെട്ട് ഒരു ചാര്‍ട്ട് തയ്യാറാക്കിയത്. ഈ കാര്യാലയത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളാണ് 1873 ല്‍ അന്താരാഷ്ട്ര അന്തരീക്ഷ ശാസ്ത്ര സംഘടനയ്ക്ക് രൂപം നല്‍കുന്നതിന് പ്രചോദനമായി മാറിയത്. ഇന്ത്യ ഉള്‍പ്പടെ 20 രാജ്യങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സംഘടന നിലവില്‍ വന്നപ്പോള്‍ സ്ഥാപക അംഗങ്ങളായി ഉണ്ടായിരുന്നത്. ഇത് പിന്നീട് അന്തരീക്ഷ ശാസ്ത്ര സംഘടന വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ ആയി രൂപാന്തരപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നായിരുന്നു മാര്‍ച്ച് 23ന് ലോക അന്തരീക്ഷ ശാസ്ത്രദിനമായി ആചരിക്കുവാന്‍ യുഎന്‍ ആഹ്വാനം ചെയ്തത്. കാലാവസ്ഥ നിരീക്ഷണവുമായി ബന്ധപ്പെട്ട് പഠനകേന്ദ്രം ഇന്ത്യയില്‍ ആരംഭിച്ചത് 1875ല്‍ സിംലയിലാണ്. കൂടാതെ ഇപ്പോള്‍ മുംബൈ, ചെന്നൈ, ഡല്‍ഹി, ഗോഹട്ടി, നാഗ്പൂര്‍, കൊല്‍ക്കൊത്ത തുടങ്ങിയ സ്ഥലങ്ങളിലും മേഖലാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ എഴുപത് ഇടങ്ങളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുറമേ ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലും കാലാവസ്ഥ പഠനകേന്ദ്രങ്ങളും 600 നിരീക്ഷണ കേന്ദ്രങ്ങളും നിലവിലുണ്ട്. 1837ലാണ് സ്വാതി തിരുന്നാള്‍ മഹാരാജാവ് തിരുവനന്തപുരത്ത് ആദ്യമായി സ്ഥാപിച്ച കാലാവസ്ഥ പഠനകേന്ദ്രം 1951ല്‍ ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം ഏറ്റെടുത്തത്. അന്നുമുതല്‍ ഇന്നുവരെ ഈ കേന്ദ്രമാണ് കേരളത്തിലേയും ലക്ഷദ്വീപിലേയും കാലാവസ്ഥ പ്രവചിക്കുന്നത്. ഇന്ത്യയുടെ ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെയ്പ്പാണ് കൊച്ചിയിലെ തൃക്കാക്കരയില്‍ ഇരുപത് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്ട്രാറ്റോസ്ഫിയര്‍-ട്രോപ്പോസ്ഫിയര്‍ (എസ്.ടി )റഡാര്‍. വലിപ്പത്തില്‍ ഏഴാമത്തെ ഈ റഡാര്‍ പ്രവര്‍ത്തക്ഷമമാകുന്നതോടെ ഭൂമദ്ധ്യരേഖയ്ക്ക് ഏറ്റവുമടുത്ത പ്രദേശങ്ങളിലെ മണ്‍സൂണ്‍ പഠനവും ഉഷ്ണമേഖലാ പ്രദേശത്തെ കാലവസ്ഥാമാറ്റങ്ങളും കൃത്യമായി പ്രവചിക്കാന്‍ കഴിയുമെന്ന് കരുതപ്പെടുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ തൃക്കാക്കരയിലെ കാമ്പസില്‍ നാലരയേക്കര്‍ സ്ഥലത്താണ് ഈ റഡാര്‍ സ്ഥാപിതമാകുന്നത്. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള റഡാറുകള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മേയ് 31 മുതല്‍ ജൂണ്‍ എട്ടുവരെ 101 മില്ലീമീറ്റര്‍ മഴ കിട്ടും എന്നായിരുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ 20 മില്ലി മിറ്റര്‍ മഴ മാത്രവും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 11.02 ശതമാനം ജലം മാത്രമാണ് ഇപ്പോള്‍ ഡാമിലുള്ളത്. അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2310.05 അടിയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 2327.38 അടി ജലം ഡാമിലുണ്ടായിരുന്നു. ജലനിരപ്പ് 2280 അടിയായ് താഴ്ന്നാല്‍ മൂലമറ്റത്തെ വൈദ്യുതോത്പ്പാദനം നിറുത്തിവയ്‌ക്കേണ്ടതായി വരും. കാലവര്‍ഷം ഇക്കുറി വൈകുമെങ്കിലും മഴയുടെ അളവില്‍ കാര്യമായ കുറവുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം തെറ്റാനിടയില്ലെന്ന് കരുതുന്നു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ജൂണ്‍ ആദ്യവാരം മുതല്‍ കോരിച്ചൊരിയുന്ന മഴ എന്നായിരുന്നു പ്രവചനം. രണ്ടാഴ്ച കഴിഞ്ഞിട്ടും മഴ ദുര്‍ബലം. മണ്ണിനെയും മനസ്സിനെയും കുളിരണിയിക്കേണ്ട കാലവര്‍ഷം കണ്ണുപൊത്തിക്കളിക്കുന്നതെന്തുകൊണ്ട് ?
-°C 