കൊലക്കുരുക്ക് മുറുകുമ്പോള്‍
Imageവധം നടന്ന ഉടനെ ഉമ്മന്‍ചാണ്ടിയും ആഭ്യന്തരവകുപ്പുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ പ്രതികരണങ്ങളാണ് പിണറായിവിജയന്‍ ചോദ്യം ചെയ്യുന്നത്. അങ്ങിനെയെങ്കില്‍ വധം നടന്ന അരമണിക്കൂറിനുള്ളില്‍ സംഭവത്തില്‍ സി പി എമ്മിന് പങ്കില്ല എന്നു പറയാന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന് എങ്ങിനെ സാധിച്ചു? ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും കഴിയുന്നതിന് മുമ്പ് പിണറായി വിജയന്‍ പ്രസ്താവിച്ചു, സംഭവത്തിന് പിന്നില്‍ ക്വട്ടേഷന് സംഘമാണെന്ന്. ഈ അറിവ് പിണറായിക്ക് എവിടെനിന്നു ലഭിച്ചു. അച്ഛന്‍ പത്തായത്തിലുമില്ല; തട്ടിന്‍പുറത്തുമില്ല എന്നതിന് തുല്യമല്ലെ പിണറായിയുടെ നിഷേധങ്ങള്‍. കൊലപാതകം നടന്നു മൂന്നാംദിവസം കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയെന്ന പിണറായിയുടെ ആക്ഷേപം കൊന്നിട്ടും തിന്നിട്ടും തീരാത്ത പകയാണെന്ന് വ്യക്തമാവുന്നു.
ബെന്നി ബഹനാന്‍
ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ സി പി എമ്മിന്റെ പങ്കും നേതൃത്വത്തിന്റെ ഗൂഢാലോചനയും ഒന്നൊന്നായി പുറത്തുവരികയും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അടക്കം പിടിയിലാവുകയും ചെയ്യുമ്പോള്‍ കൊലക്കുരുക്ക് തങ്ങളുടെ കഴുത്തിന് മേല്‍ വീഴുമെന്ന വേവലാതിയും വെപ്രാളവും സി പി എം ജില്ലാ-സംസ്ഥാന നേതാക്കളുടെ വാക്കിലും നോക്കിലും മുഴങ്ങുകയാണ്. 32 ദിവസത്തെ സമര്‍ത്ഥമായ അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തിയ ശക്തമായ തെളിവുകളാണ് പിണറായി വിജയനടക്കമുള്ള നേതാക്കളെ തലയ്ക്ക് വെളിവില്ലാത്തവിധം സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നത്. മാധ്യമങ്ങളെ തെറിവിളിച്ചും അന്വേഷണസംഘത്തിനുനേരെ കൊലവിളി നടത്തിയും യു ഡി എഫ് നേതാക്കളെ പുലയാട്ട് പറഞ്ഞും അണികള്‍ക്ക് ആത്മവീര്യം പകരാന്‍ ശ്രമിക്കുമ്പോഴും ചിലര്‍ക്ക് കാലിടറുന്നു, മറ്റ് ചിലര്‍ക്ക് വാക്കിടറുന്നു. ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും എന്നിട്ടതിനെ തല്ലിക്കൊല്ലാനുമുള്ള ശ്രമമാണ് സി പി എം നടത്തിക്കൊണ്ടിരിക്കുന്നത്.
 
ഒഞ്ചിയത്തെ വള്ളിക്കാട് റോഡരുകില്‍ 51 വട്ടം വെട്ടിക്കൊന്ന ഒരു സത്യത്തെ എത്ര നുണകൊണ്ട് പൊതിഞ്ഞു പിടിച്ചാലും പിണറായി വിജയന്‍ ഇരിക്കുന്ന സിംഹാസനത്തെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സത്യം പിടിച്ചു കുലുക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ മനസ്സിന്റെ വേവും വാക്കുകളിലെ വേവലാതിയും വ്യക്തമാക്കുന്നത്. നാടുമുഴുവനും പാര്‍ട്ടിയില്‍ നല്ലൊരു വിഭാഗവും അരുംകൊലയില്‍ സി പി എമ്മിനുള്ള പങ്ക് ഒട്ടും സന്ദേഹമില്ലാതെ ശരിവെയ്ക്കുന്നു. ചത്തത് കീചകനായതു കൊണ്ടല്ല; കൊന്നത് ഭീമനെന്ന് വിശ്വസിക്കുന്നത്. കീചകനെ കൊല്ലാനുള്ള പകയും കരുത്തും ഭീമന് മാത്രമേയുള്ളൂ. അതുകൊണ്ടു കൂടിയാണ് കീചകന്‍ ചത്തപ്പോള്‍ കൊന്നത് ഭീമനാണെന്ന് സംശയിക്കപ്പെട്ടത്. കീചകനെ കൊന്നത് ഭീമനല്ല ഗന്ധര്‍വ്വന്‍മാരാണെന്ന് പറഞ്ഞ് കീചകവധം തിരുത്താനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് പര്യടനം കണക്കെ നാടുനീളെ പ്രചരണയോഗങ്ങളില്‍ പ്രസംഗിക്കുന്ന പിണറായിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത് കുറ്റബോധവും രക്ഷനേടാനുള്ള വ്യഗ്രതയുമാണ്.
 
പൊതുയോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും പിണറായിയും കൂട്ടരും ഉയര്‍ത്തുന്ന ഭീഷണി ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭരണഘടനാവിധേയമായ പ്രവര്‍ത്തികള്‍ക്ക് യോജിച്ചതല്ല. വ്യവസ്ഥാപിതമായ ഭരണകൂടസ്ഥാപനങ്ങളെയും നിയമവാഴ്ചയെയും തകര്‍ക്കുന്ന മാവോയിസ്റ്റുകളുടെയും മതതീവ്രവാദ സംഘടനകളുടെയും സ്വരമാണ് സി പി എമ്മിന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും തെളിയുന്നത്. അവര്‍ കുഴിബോംബും മെഷീന്‍ഗണ്ണും ഉപയോഗിച്ച് സുരക്ഷാസേനയെ നേരിടുന്നു. ഇവര്‍ ഭീഷണിയും ആള്‍ക്കൂട്ടത്തെയുമിറക്കി പൊലീസിനെ എതിരിടുന്നു. ഹിറ്റ്‌ലര്‍ എന്ന ഏകാധിപതി നുണപ്രചരണത്തിനായി ഒരു വകുപ്പും അതിനൊരു തലവനെയും വെച്ചുകൊണ്ടായിരുന്നു ഭരണം നടത്തിയിരുന്നത്. എന്നാല്‍ പിണറായി വിജയന്‍ നുണപ്രചരണചുമതല സ്വയം ഏറ്റെടുത്തുകൊണ്ടാണ് പാര്‍ട്ടിയുടെ മേല്‍ തെറിച്ച കിരാതകൊലയുടെ ചോരക്കറ കഴുകിക്കളയാന്‍ ശ്രമിക്കുന്നത്.
 
കൊലക്കുറ്റം മറച്ചുവെയ്ക്കാന്‍ സി പി എം പ്രതിരോധം ചമയ്ക്കുമ്പോള്‍ അവരുടെതന്നെ നേതാക്കളുടെ വാക്കും പ്രവര്‍ത്തികളും സി പി എമ്മിന്റെ പങ്കാളിത്തം അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം വ്യക്തമാക്കുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടി വിട്ടത് കേവലം കൈവിരലില്‍ എണ്ണാവുന്ന പ്രവര്‍ത്തകരെയുംകൊണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട നാള്‍മുതല്‍ ചെങ്കൊടി മാത്രം കണി കണ്ടുണരുകയും വിപ്ലവമുദ്രാവാക്യങ്ങള്‍ മാത്രം കേട്ടുണരുകയും ചെയ്ത ഒരു പ്രദേശം ചെങ്കൊടി നെടുകെ പിളര്‍ത്തി യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളാണെന്ന് തെളിയിച്ചുകൊണ്ട് അണികളെ മുഴുവന്‍ പിന്നില്‍ അണിനിരത്തി ശക്തിപ്രകടിപ്പിച്ചത് സി പി എമ്മിനെ ഞെട്ടിക്കുന്ന കാര്യമായിരുന്നു.
1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഔദ്യോഗികപക്ഷമായിരുന്ന സി പി ഐക്ക് കൊടിപിടിക്കാന്‍പോലും ഒഞ്ചിയത്ത് ആളുണ്ടായിരുന്നില്ല.
 
1969 ല്‍ തീവ്രവാദം മൂത്ത് സി പി എമ്മില്‍നിന്നും നക്‌സല്‍ബാരികള്‍ പുറത്തുപോയപ്പോഴും ഒഞ്ചിയത്ത് ഒരു സി പി എമ്മുകാരനും വഴിമാറി നടന്നില്ല. സി പി എമ്മിന്റെ പടക്കുതിര എം വി രാഘവന്‍ പാര്‍ട്ടിയെ പിടിച്ചുലച്ച് പുറത്തുപോയപ്പോഴും കൂടെപോകാന്‍ ഒഞ്ചിയത്തെ ഒരു സഖാക്കളും തയ്യാറായില്ല. ഗൗരിയമ്മയെ പുറത്താക്കി അവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോഴും ഒഞ്ചിയത്തെ സി പി എം കോട്ടയില്‍ ഒരു ഇലപോലും അനങ്ങിയില്ല. രക്തസാക്ഷികളുടെ ചോരവീണും ആ ചോരക്കഥ കേട്ടും വളര്‍ന്ന തലമുറകളുടെ മനസ്സില്‍ മാര്‍ക്‌സിസം ഒരു മതമായിരുന്നു. അതിന്റെ നേതാക്കള്‍ പുണ്യാളന്‍മാരും പ്രവാചകന്‍മാരും. കേരളത്തില്‍ ഒരു ഗ്രാമത്തിലുമില്ലാത്ത കമ്മ്യൂണിസ്റ്റാരാധന ഒരു രാഷ്ട്രീയപരിപ്രേക്ഷ്യമായി നില്‍ക്കുന്ന ഒഞ്ചിയത്ത് പാര്‍ട്ടി രണ്ടായി പിളരുകയും പിളര്‍ന്നുപോയവര്‍ മാതൃപ്രസ്ഥാനത്തേക്കാള്‍ തലയെടുപ്പ് കാണിച്ചതും വിസ്മയകരമായ കാര്യമായിരുന്നു.
 
ഒഞ്ചിയത്ത് സി പി എമ്മിനേക്കാള്‍ കരുത്തന്‍ ടി പി ചന്ദ്രശേഖരനാണെന്ന് തെളിയിക്കുന്ന സംഘടനാബലം വിമതര്‍ പ്രകടമാക്കിയിട്ടും ഔദ്യോഗിക നേതൃത്വം അവരെ കുലംകുത്തികളെന്ന് പരിഹസിച്ചുതള്ളി. പക്ഷെ തുടര്‍ന്നു വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് യു ഡി എഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചപ്പോള്‍ സി പി എം ഞെട്ടുക തന്നെ ചെയ്തു. കുലംകുത്തികളുടെ നേതാവായി മത്സരിച്ച ടി പി ചന്ദ്രശേഖരന്‍ കാല്‍ലക്ഷം വോട്ടുകള്‍ നേടി റവല്യൂഷണറി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ശക്തിപ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സി പി എമ്മിനെ ഞെട്ടിക്കുന്ന പ്രകടനമാണ് റവല്യൂഷണറി മാര്‍ക്‌സിസ്റ്റുപാര്‍ട്ടി കാഴ്ചവെച്ചത്. 64ന് മുമ്പ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിനുശേഷം സി പി എമ്മും മാത്രം ഭരിച്ചിരുന്ന ഒഞ്ചിയം പഞ്ചായത്ത് ഭരണം കുലംകുത്തികള്‍ പിടിച്ചെടുത്തപ്പോള്‍ അത് കേവലം പ്രാദേശികമായൊരു പരാജയമായിരുന്നില്ല. സി പി എം ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ കരണത്തേറ്റ കനത്ത തിരിച്ചടിയായിരുന്നു.
 
സി പി എമ്മിന്റെ അതിശക്തമായ പാര്‍ട്ടി സംവിധാനത്തെയും പാര്‍ട്ടി പിന്‍ബലത്തെയും പിച്ചിച്ചീന്തിയ ടി പി ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഒഞ്ചിയത്ത് പഴയ പ്രതാപം വീണ്ടെടുക്കാന്‍ സി പി എമ്മിന് സാധിക്കില്ലെന്ന് പൂര്‍ണമായും ബോധ്യമായി.
പകയുടെ മൂര്‍ച്ചയുള്ള വായ്ത്തല ചന്ദ്രശേഖരനുവേണ്ടി ഉലയിലിട്ട് പണിയാന്‍ പാര്‍ട്ടി ആലോചന തുടങ്ങി. ഇത് രാഷ്ട്രീയ പകയായിരുന്നുവെങ്കില്‍ അതിനേക്കാള്‍ കടുത്ത ഒരു വ്യക്തിവൈരാഗ്യം ഇതിനോടു ചേര്‍ന്നു പാകപ്പെട്ടു തുടങ്ങി. കണ്ണൂരിലെ പാര്‍ട്ടിയുടെ ആരോമല്‍ ചേകവരുടെ പുന്നാര പെങ്ങള്‍ ഉണ്ണിയാര്‍ച്ചയ്ക്ക് കടത്തനാടന്‍ മണ്ണിലുണ്ടായ കനത്ത തോല്‍വിയില്‍നിന്നും ഉയിരെടുത്തതായിരുന്നു ആ പക. പാര്‍ട്ടി വിട്ടവരെ വകവരുത്തുക സി പി എം ശൈലിയല്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ മാത്രം പോര ചില ഉത്തരങ്ങളും നല്‍കേണ്ടതുണ്ട്.
 
അരഡസനിലധികം വധശ്രമങ്ങളില്‍നിന്നും അറിഞ്ഞോ അറിയാതെയോ രക്ഷപ്പെട്ട ചന്ദ്രശേഖരനെ അവര്‍ക്ക് വധിക്കാന്‍ സാധിച്ചത് മെയ് 4ന് മാത്രമാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ സംശയത്തിന്റെ ആനുകൂല്യം പറ്റി രക്ഷപ്പെടാമെന്നുള്ള അതിബുദ്ധിയായിരുന്നു ഉപതിരഞ്ഞെടുപ്പ് വേള വധത്തിനായി തിരഞ്ഞെടുക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്. എന്നിട്ടും ലജ്ജയില്ലാതെ പറയുന്നു പാര്‍ട്ടി വിട്ടവരുടെ മേല്‍ ഒരുതരി മണ്ണുപോലും ഞങ്ങള്‍ വാരിയിടില്ലെന്ന്. ഒരു തരി മണ്ണല്ലാതെ പാര്‍ട്ടി വിട്ടവര്‍ക്കെല്ലാം ആറടി മണ്ണൊരുക്കുന്ന കുടിലമായ പക ഒഞ്ചിയത്തെ പഴയ സഖാക്കള്‍ക്ക് നേരെതന്നെ സി പി എം പ്രയോഗിച്ചിട്ടുണ്ട്. സി പി എമ്മില്‍നിന്നും ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്തു പ്രസിഡന്റായ പി ജയരാജനും റവല്യൂഷണറി ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി കെ കെ ജയനും ആര്‍ എം പി പ്രവര്‍ത്തകരായ ബാലനും അബ്ദുള്‍ കാദറുമൊക്കെ ചന്ദ്രശേഖരന് മുമ്പെ രക്തസാക്ഷികളാവേണ്ടവരായിരുന്നു.
 
ബോംബെറിഞ്ഞും കുത്തിയും വെട്ടിയും പരുക്കേല്‍പ്പിച്ചിട്ടും ഇവരൊന്നും മരിക്കാത്തത് കാരണമായിരിക്കാം ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി മരണം ഉറപ്പുവരുത്തിയത്. സി പി എമ്മിന്റെ പതനം ഉറപ്പാക്കി ഒഞ്ചിയത്ത് പടരുന്ന വിമതനീക്കത്തില്‍നിന്നും ഒരാളെപ്പോലും തിരിച്ചു പിടിക്കാനാവാതെ ഉഴറിയ  നേതൃത്വത്തിന് ആര്‍ എം പി നേതാക്കളെ ഉന്‍മൂലനം ചെയ്തു അണികളെ തിരിച്ചു പിടിക്കുക എന്ന ഗൂഢലക്ഷ്യമുണ്ടായിരുന്നു. ഈ വധവും മറ്റു വധശ്രമങ്ങളും തെളിയിക്കുന്നു. വധം നടന്ന ഉടനെ ഉമ്മന്‍ചാണ്ടിയും ആഭ്യന്തരവകുപ്പുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ പ്രതികരണങ്ങളാണ് പിണറായിവിജയന്‍ ചോദ്യം ചെയ്യുന്നത്. അങ്ങിനെയെങ്കില്‍ വധം നടന്ന അരമണിക്കൂറിനുള്ളില്‍ സംഭവത്തില്‍ സി പി എമ്മിന് പങ്കില്ല എന്നു പറയാന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന് എങ്ങിനെ സാധിച്ചു? ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും കഴിയുന്നതിന് മുമ്പ് പിണറായി വിജയന്‍ പ്രസ്താവിച്ചു, സംഭവത്തിന് പിന്നില്‍ ക്വട്ടേഷന് സംഘമാണെന്ന്. ഈ അറിവ് പിണറായിക്ക് എവിടെനിന്നു ലഭിച്ചു. അച്ഛന്‍ പത്തായത്തിലുമില്ല; തട്ടിന്‍പുറത്തുമില്ല എന്നതിന് തുല്യമല്ലെ പിണറായിയുടെ നിഷേധങ്ങള്‍. കൊലപാതകം നടന്നു മൂന്നാംദിവസം കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയെന്ന പിണറായിയുടെ ആക്ഷേപം കൊന്നിട്ടും തിന്നിട്ടും തീരാത്ത പകയാണെന്ന് വ്യക്തമാവുന്നു.
 
കൊലനടന്ന മെയ് 4ന് സി പി എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകനടക്കം ഒരു ഡസനിലേറെ നേതാക്കള്‍ വീട് പൂട്ടി സ്ഥലംവിട്ടത് എന്തിനായിരുന്നു? അശോകന്‍ കൊല്ലത്ത് നടന്ന എന്‍ ജി ഒ യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പോയതെങ്കില്‍ മറ്റുള്ളവരുടെ മാറിപോക്കിന് കാരണമെന്തായിരുന്നു? കൊല നടന്ന് ദിവസങ്ങള്‍ക്കകം പാര്‍ട്ടിയകപ്പെട്ട പ്രതിസന്ധി കണക്കിലെടുക്കാതെ കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും ജില്ലയില്‍നിന്നുള്ള സെക്രട്ടേറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തിയും വിദേശ പര്യടനത്തിന് പോയത് എന്തിനായിരുന്നു? കൊല നടന്നു ദിവസങ്ങള്‍ക്കകം 13 പേരെ അറസ്റ്റ് ചെയ്തിട്ടും പ്രതിഷേധിക്കാത്ത സി പി എം കൂത്തുപറമ്പ് ഓഫീസ് സെക്രട്ടറി ബാബുവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ എം വി ജയരാജന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചുകൊണ്ടുപോയത് എന്തിനാണ്.
 
ബാബുവിനെ മര്‍ദ്ദിച്ചവശനാക്കിയെന്നും ചികിത്സിച്ചെന്നും പറയുമ്പോള്‍ ഒരു മര്‍ദ്ദനപാടും ചികിത്സാരേഖയും കാണിക്കാന്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അതേക്കുറിച്ച് സി പി എം തെളിവ് ഹാജരാക്കാത്തത് എന്തുകൊണ്ടാണ്? കൊലയോടനുബന്ധിച്ച് ഇതിനകം 28പേരെ അറസ്റ്റ് ചെയ്തു മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോള്‍ മുതിര്‍ന്ന നേതാക്കളായ സി എച്ച് അശോകനും പി പി രാമകൃഷ്ണനുമടക്കം ഒരാളും പൊലീസ് മര്‍ദ്ദിച്ചാണ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ല. മാത്രവുമല്ല 'അവര്‍ വളരെ ഡീസന്റാണെ'ന്നായിരുന്നു പൊലീസിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായം. സി എച്ച് അശോകന്‍ കോടതിയില്‍ മൊഴിമാറ്റി പറയാതിരുന്നത് പൊലീസ് മര്‍ദ്ദനം ഭയന്നാണെന്ന് സി പി എം നേതാക്കളുടെ ന്യായീകരണം ഒരു കമ്മ്യൂണിസ്റ്റുകാരനും ഭൂഷണമല്ല. ദീര്‍ഘകാലം എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും പിന്നീട് സി പി എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായിരുന്ന പക്വതയുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പൊലീസ് ഭീഷണിക്ക് മുമ്പില്‍ വഴങ്ങുമെന്ന് ആര്‍ക്കാണ് വിശ്വസിക്കാനാവുക. കൊല ആസൂത്രണം ചെയ്തത് സി പി എം അല്ലെങ്കില്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ ഒളിവില്‍ പോയത് എന്തിനാണ്?
 
ടി പി ചന്ദ്രശേഖരന്‍ വധം നടന്ന നാലാം ദിവസം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു, കൊലയ്ക്കു പിന്നില്‍ ഗവ ചീഫ് വിപ്പ് പി സി ജോര്‍ജ്ജാണെന്ന്. തലശേരിയിലും കണ്ണൂരിലും ഇതിനുവേണ്ടി ജോര്‍ജ്ജ് നടത്തിയ യാത്രയെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ജയരാജന്‍ പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ടാണ് ജോര്‍ജ്ജിനെതിരെയുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറാത്തത്. റിമാന്റിലുള്ള പ്രതി സി എച്ച് അശോകന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സൂചിപ്പിക്കുന്നത് കൊലയ്ക്ക് പിന്നില്‍ വടകരയില്‍ നിന്നുള്ള മുംബൈ വ്യവസായി എന്നാണ്. അശോകന്റെ ഈ വാദം തങ്ങളുടെ അറിവോടെയല്ലെന്ന് പാര്‍ട്ടി തള്ളിപ്പറയുന്നത് എന്തുകൊണ്ടാണ്. ഇതിനകം പിടിയിലായ 28 പ്രതികളില്‍ ഏറ്റവും പ്രമുഖന്‍ കൊല ആസൂത്രണം ചെയ്യുകയും അത് നടപ്പാക്കുകയും ചെയ്ത ടി കെ രജീഷാണ്. ഒരു ഉറുമ്പുകടിയുടെ വേദനപോലും ഏല്‍പ്പിക്കാതെയാണ് രജീഷ് മണിമണിപോലെ പൊലീസ് മുമ്പാകെ മൊഴി നല്‍കിയത്. രജീഷിന്റെ നാവില്‍നിന്നുംവരുന്ന പേരുകളും പി കെ കുഞ്ഞനന്തന്റെ നാവില്‍നിന്നും വരാനിരിക്കുന്ന പേരുകളും പരല്‍മീനുകളുടേതല്ല. വന്‍ സ്രാവുകളുടേതാണെന്ന് വ്യക്തമാവുന്നു.
 
പിടിക്കപ്പെട്ടവരില്‍ മറ്റാരെയും തള്ളിപ്പറയാത്ത പിണറായി വിജയന്‍ ടി കെ രജീഷിനെയും കൊടി സുനിയെയും മാത്രം തള്ളിപറയുന്നത് എന്തുകൊണ്ടാണ്. പിടിയിലായ 28 പേരില്‍ സി എച്ച് അശോകന്‍ ഒഞ്ചിയം ഏരിയാ സെക്രട്ടറിയാണ്. കെ കെ കൃഷ്ണന്‍ ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമാണ്. പി പി രാമകൃഷ്ണന്‍ തലശേരി ഏരിയ കമ്മിറ്റ അംഗമാണ്. ചെറുപറമ്പത്ത് ജ്യോതിര്‍ബാബു പാനൂര്‍ കുന്നോത്ത് പറമ്പ് ലോക്കല്‍കമ്മിറ്റി അംഗമാണ്. കൊളവള്ളൂര്‍ തൂവക്കുന്ന് വടക്കയില്‍ ട്രൗസര്‍ മനോജ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. കെ സി രാമചന്ദ്രന്‍ കുന്നമ്മക്കര ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ ബ്ലോക്ക്പഞ്ചായത്ത് അംഗവുമാണ്. പടയങ്കണ്ടി രവീന്ദ്രന്‍ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. മറ്റുള്ളവരാകട്ടെ പാര്‍ട്ടി ചെല്ലും ചെലവുംനല്‍കി പോറ്റുന്ന ഗുണ്ടാ അംഗങ്ങളും.
 
ടി പി ചന്ദ്രശേഖരനോടുള്ള കുടിപ്പകയുള്ളത് സി പി എമ്മിന് മാത്രമാണ്. ഇത് യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ വാദമല്ല. കൊല്ലപ്പെട്ടവന്റെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ വിധവയും മകനും കുടുംബവും കൊലയാളികള്‍ പിണറായിയുടെ അനുയായികളെന്ന് വിശ്വസിക്കുന്നു. നാട്ടുകാര്‍ മുഴുവന്‍ വിശ്വസിക്കുന്നത് ആ സത്യമാണ്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാന്ദനും സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വിശ്വസിക്കുന്നതും  ഇതാണ്. സി പി എമ്മിന്റെ അണികളില്‍ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നതും അതുതന്നെ. മാര്‍ക്‌സിനെ വിട്ടു ഗീബല്‍സിനെ ആരാധിക്കുന്ന പിണറായി പറയുന്നത് പെരുംനുണയാണെങ്കിലും അത് ആദ്യം സ്വന്തം പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദനെ ബോധ്യപ്പെടുത്തുക. രണ്ടാമതായി സ്വന്തം മുന്നണിയിലെ ഘടകകക്ഷിയായ സിപിഐയെ ബോധ്യപ്പെടുത്തുക എന്നിട്ടാകാം പൊതുജനത്തിന് മുമ്പാകെയുള്ള അഭിസാരിക പ്രസംഗം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls