മണിയെ പി.ബിക്കും ഭയം
Image കേരള സമൂഹത്തെ ഭയചകിതമാക്കിക്കൊണ്ട് സി.പി.എം നയിച്ച കൊലപാതക രാഷ്ട്രീയത്തിന്റെ  വിവിധ മുഖങ്ങള്‍  അനാവരണം ചെയ്യപ്പെടുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉന്നയിച്ചുപോന്ന മുനയുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍
പാര്‍ട്ടി നേതൃത്വത്തിന് സാധ്യമാകില്ലെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോയില്‍നിന്ന് ഇന്നലെയുണ്ടായ പ്രതികരണം. 'ഞങ്ങള്‍ 13 പേരുടെ പട്ടിക തയ്യാറാക്കി, ആദ്യത്തെ മൂന്നുപേരെ കൊന്നു' എന്ന മണിയുടെ പരാമര്‍ശത്തെ അപലപിക്കാന്‍ പി.ബി തയ്യാറായതായാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പില്‍ കാണുന്നത്. മണിക്കെതിരെ എടുക്കേണ്ട നടപടിയെന്തെന്ന് പിന്നീടു തീരുമാനിക്കുമത്രേ.മണിയുടെ കൊലവിളിയെ അപലപിക്കാതിരിക്കാന്‍ പിണറായിക്കും ജയരാജന്‍മാര്‍ക്കുപോലും കഴിയാതിരിക്കവേ ജെ.എന്‍.യു ബുദ്ധിജീവികളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ അവയ്‌ലബിള്‍ പി.ബിക്ക് ഇതിലധികമൊന്നും ചെയ്യാന്‍ കഴിയാത്തതെന്തെന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. മണിയുടെ വെളിപ്പെടുത്തലുകള്‍ക്കും കൊലവിളിക്കും അപ്പുറത്താണ് ഭീകരയാഥാര്‍ത്ഥ്യങ്ങളെന്ന ഉത്തരം ഇന്നാട്ടിലെ സാധാരണക്കാര്‍ക്കുപോലുമറിയാം.
 
സി.പി.എം ഇടുക്കി ജില്ലയില്‍ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും ഇരകള്‍ മിക്കപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. സി.പി.എം അക്രമത്തിനു പലതവണ വിധേയനായ പിടി തോമസ് എം.പി ചൂണ്ടിക്കാട്ടുന്നത്് 1982 മുതല്‍ 2004 വരെയുള്ള കാലഘട്ടങ്ങളില്‍ ആസൂത്രിതമായ 11 കൊലപാതകങ്ങള്‍ ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ സി.പി.എം നടപ്പാക്കിയെന്നാണ്. 1982ല്‍ അഞ്ചേരി ബേബിയെ വെടിവച്ചു കൊന്നതോടെയാണു ജില്ലയില്‍ സി.പി.എം കൊലപാതക രാഷ്ട്രീയത്തിനു തുടക്കം കുറിച്ചത്. ഇതു കൂടാതെ 17 പേരെ കൈയും കാലുമടക്കം വെട്ടിമുറിച്ച് മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഭയപ്പെടുത്തി നിരവധി ആളുകളുടെ സ്ഥലങ്ങളും വസ്തുവകകളും പിടിച്ചെടുത്തതും നാട്ടുകാര്‍ക്കറിയാം.
 
മണി നടത്തിയ ഏറ്റുപറച്ചില്‍ വസ്തുനിഷ്ഠമല്ലെന്നു സംശയിച്ചവര്‍ എന്തായാലും മണിയുടെ ഇക്കാര്യത്തിലെ സത്യസന്ധത സംശയിക്കേണ്ടതില്ല. ആര്‍ക്കും നിഷേധിക്കാനാകാത്ത വസ്തുതകളും കണക്കുകളുമാണ് പി ടി തോമസ് മണിയുടെ അവകാശവാദത്തെ സാധൂകരിക്കാന്‍ ഹാജരാക്കിയിരിക്കുന്നത്. സി.പി.എം ഇക്കാര്യത്തില്‍ അഭിമാനിച്ചുവരുമ്പോള്‍ ഒരു അപലപന പ്രസ്താവനയിറക്കാന്‍ പോളിറ്റ് ബ്യൂറോ നിര്‍ബന്ധിതമായതിനു പിന്നിലെ വൈരുദ്ധ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. മണിയുടെ വിവാദ പ്രസ്താവന തെറ്റായിപ്പോയെന്നതിനപ്പുറമായി, മണി നടത്തിയ അവകാശവാദങ്ങളും വെളിപ്പെടുത്തലുകളും അടിസ്ഥാനരഹിതമാണെന്നു പറയാന്‍ ഇതുവരെ ഒരു നേതാവിനും കഴിയാതെ പോയതെന്തെന്നതാണ് ഏറ്റവും ഗൗരവതരമായ ചോദ്യം. മണി കേന്ദ്രബിന്ദുവായുള്ള പൊലീസിന്റെ അന്വേഷണത്തില്‍ കൂട്ടുപ്രതികളുടെ പട്ടിക അതിദീര്‍ഘമാകുമെന്ന സൂചനയാണു ശക്തമായി വരുന്നത്. പാര്‍ട്ടിയിലെ വിഭാഗീയത മൂലം എതിരാളികളെ മല്‍സരിച്ച് ഈ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തന്ത്രവും മെനയപ്പെട്ടേക്കാം. ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് ശരശയ്യയിലായ പാര്‍ട്ടി നേതാക്കളുടെ സഹായത്തിനായി മണി ചാവേര്‍ തന്ത്രമിറക്കിയതാണെന്ന അഭ്യൂഹം തള്ളിക്കളയേണ്ടതില്ല.
 
മണിക്കെതിരെ അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് തീര്‍ച്ച.  എന്തായാലും മണിയെ പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം ഭയപ്പെടുന്നു എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പ്രതിനായക സ്ഥാനത്താണെങ്കിലും ഇടുക്കി ജില്ലാ സെക്രട്ടറിക്കുമുന്നില്‍ ഏറാന്‍ മൂളി നില്‍ക്കുകയാണ് മിക്കവാറും എല്ലാ നേതാക്കളും. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ അതിഭീകര പരാജയം ഉറപ്പാക്കിക്കഴിഞ്ഞ സി.പി.എം പോസ്റ്റുമോര്‍ട്ടത്തില്‍ ചൂണ്ടിക്കാണിക്കേണ്ട കാരണങ്ങള്‍ ഇപ്പോള്‍തന്നെ തയ്യാറാക്കിയിരിക്കുന്നു. ഭരണയന്ത്രത്തിന്റെ ദുരുപയോഗവും ജാതീയ ശക്തികളുടെ പ്രീണനവുമെന്ന പതിവ് പല്ലവികള്‍ക്ക് അപ്പുറമായി നെയ്യാറ്റിന്‍കരയില്‍ കാലിടറി വീഴ്ത്തിയത് ച്രന്ദശേഖരന്റെ വിധവ രമയും, കരുക്കള്‍ മാറിമാറിക്കളിച്ച അച്യുതാനന്ദനും മാധ്യമ സിന്‍ഡിക്കേറ്റും മറ്റുമാണെന്നതിന് പുറമേ മണിയും കൂടിയാണെന്ന് പിണറായിക്കും  ജയരാജന്‍മാര്‍ക്കും വിശദീകരിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls