ചേര്‍ത്തലയിലെ 'വാഗണ്‍ ട്രാജഡി'
Imageഅഞ്ചുവര്‍ഷം മുമ്പ് റെയില്‍വേ ബജറ്റിലൂടെ കേരളത്തിലെ ജനങ്ങളെ കൊതിപ്പിച്ച വാഗണ്‍ ഫാക്ടറിയുടെ നിര്‍മാണത്തില്‍ നിന്ന് ഇപ്പോള്‍ റെയില്‍വേ പിന്‍മാറുകയാണുപോലും.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും വ്യവസായ വകുപ്പ് സെക്രട്ടറിക്കും മറ്റും അയച്ച കത്തിലാണ് ഈ പിന്‍മാറ്റത്തെക്കുറിച്ചുള്ള വിവരമുള്ളതെന്ന് അറിയുന്നു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറേ അതിര്‍ത്തിയില്‍ കിടക്കുന്ന കേരളത്തോട് റെയില്‍വേ കാട്ടുന്ന അവസാനത്തെ നെറികേടാണിത്.
 
കേരളത്തില്‍ റെയില്‍വേ പദ്ധതികള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ തുച്ഛമാണ്. ദീര്‍ഘകാലമായി കേരളത്തില്‍ ഒരു റെയില്‍വേ സോണ്‍ വേണമെന്ന മുറവിളി അധികൃതര്‍ ഇനിയും മാനിച്ചിട്ടില്ല. തിരുവനന്തപുരം ആസ്ഥാനമായി രൂപമെടുത്ത റെയില്‍വേ ഡിവിഷനും ഒലവക്കോട് ഡിവിഷനും അല്‍പാല്‍പം വെട്ടി ചെറുതാക്കിക്കഴിഞ്ഞു. ദക്ഷിണറെയില്‍വേയുടെ ആസ്ഥാനം ചെന്നൈയാണ്. അവിടെയിരുന്ന് ഈ പ്രദേശത്തെ റെയില്‍വേ വികസനത്തെക്കുറിച്ച് ആലോചിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കേരളത്തോട് പൊതുവേ അവജ്ഞയാണ്. പാതയിരട്ടിപ്പിക്കുന്നതിലും പുതിയ പാതകള്‍ അനുവദിക്കുന്നതിലും വൈദ്യുതീകരണത്തിലും ലവല്‍ക്രോസുകളില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിലും റെയില്‍വേ കേരളത്തോട് നിരന്തരമായി അവഗണന പുലര്‍ത്തുന്നുണ്ട്. 2007ല്‍ റെയില്‍വേ മന്ത്രിയായിരുന്ന ലല്ലുപ്രസാദ് യാദവ് പ്രഖ്യാപിച്ച പദ്ധതിയാണ് ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മ്മാണ സംരംഭം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകാനുള്ള സന്ദര്‍ഭങ്ങളെല്ലാം കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടും റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ വേലവെപ്പുകൊണ്ടും അട്ടിമറിക്കപ്പെട്ടു.
 
ചേര്‍ത്തല ആട്ടോ കാസ്റ്റ് വക അമ്പതേക്കര്‍ ഭൂമി വാഗണ്‍ നിര്‍മാണ ഫാക്ടറിക്ക് വിട്ടുകൊടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതുകൊണ്ടാണ് ബജറ്റില്‍ അന്നത്തെ മന്ത്രി 85 കോടി രൂപ പദ്ധതിക്ക് അനുവദിച്ചത്. റെയില്‍വേക്ക് 51 ശതമാനം ഓഹരിയും കേരളത്തിന് 49 ശതമാനം പങ്കാളിത്തവും അനുവദിച്ചുകൊണ്ട് സംസ്ഥാന ഗവണ്‍മെന്റ് റെയില്‍വേയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. നിര്‍മാണത്തിനായി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ നിയമസഭ അംഗീകാരവും നല്‍കി. പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് രണ്ട് പഠനങ്ങള്‍ ഉണ്ടായി. ഇതിനിടെയാണ് ഇപ്പോള്‍ റെയില്‍വേ ഈ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി ഔദ്യോഗികതലത്തില്‍ അറിയിക്കുന്നത്. ഇത് നിരുത്തരവാദപരവും അപലപനീയവുമാണ്. രാഷ്ട്രീയ ഭരണനേതൃത്വം അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടേണ്ടിയിരിക്കുന്നു.
 
കേരളം റെയില്‍വേ ഭരിക്കുന്ന ഉദ്യോഗസ്ഥര്‍ കരുതുന്നതുപോലെ ത്രിപുരയോ മേഘാലയയോ പോലുള്ള ഒരു അവികസിത വനപ്രദേശമല്ല. രാജ്യത്തിന് എക്കാലവും മാതൃകയായിട്ടുള്ള അനേകം മുന്നേറ്റങ്ങള്‍ നടത്തിയ ചരിത്രപ്രസിദ്ധമായ സംസ്ഥാനമാണ് കേരളം. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ രൂപീകരണത്തിന് വാതില്‍ തുറന്നത് കേരളത്തിലൂടെയാണെന്നുള്ള കാര്യം തല്‍ക്കാലം വിട്ടുകളയാം. വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യ സേവനരംഗത്തും സാഹിത്യത്തിലും സിനിമയിലും രാജ്യത്തെ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം. കേരളത്തിലെ ജനങ്ങളുടെ അദ്ധ്വാനശീലത്തെയും രാഷ്ട്രീയ പ്രബുദ്ധതയെയും പ്രകീര്‍ത്തിക്കാത്തവരില്ല. വിദേശത്ത് ജോലിയെടുക്കുന്ന കേരളീയരുടെ നിക്ഷേപം രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണ്. കയറും റബറും കശുഅണ്ടിയും സമുദ്രോല്‍പന്നങ്ങളും കയറ്റിയയച്ച് വിദേശനാണ്യം നേടുന്ന സംസ്ഥാനത്തിന് വ്യവസായ വികസനകാര്യത്തില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല.
 
റെയില്‍വേയുടെ എണ്ണപ്പെട്ട പദ്ധതികളൊന്നും ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. അഞ്ചുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച് കേരളീയരെയാകെ വ്യാമോഹിപ്പിച്ചശേഷം തൊടുന്യായങ്ങള്‍ പറഞ്ഞ് പിന്‍വാങ്ങുന്നത് ജനവഞ്ചനയാണ്. വരുന്ന ജൂണ്‍ പതിനൊന്നാംതീയതി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ റെയില്‍വേ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്. ചേര്‍ത്തലയിലെ നിര്‍ദ്ദിഷ്ട വാഗണ്‍ നിര്‍മാണ ഫാക്ടറി ഒരു 'വാഗണ്‍ ട്രാജഡി'യാകാതിരിക്കാന്‍ ആ യോഗത്തില്‍ സംബന്ധിക്കുന്നവര്‍ ശ്രദ്ധിക്കണം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls