| മയക്കുമരുന്നില്‍ നിന്ന് മുക്തി നേടാന്‍ |
വദനാര്‍ബുദത്തിന് മുഖ്യ കാരണങ്ങളിലൊന്നായ പാന്‍പരാഗിന്റെ വില്‍പന കേരളത്തില്‍ നിരോധിച്ച സംസ്ഥാന ഗവണ്‍മെന്റിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഗുട്ഖ എന്ന് വിളിക്കപ്പെടുന്ന പാന്‍പരാഗിന്റെ വില്‍പനയും ഉപയോഗവും ലംഘിക്കുന്നവര്‍ക്ക് കഠിനശിക്ഷയാണ് വ്യവസ്ഥചെയ്യുന്നത്. മാരകമായ ഈ ചവയ്ക്കുംപൊടി നിരോധിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ശംഭു, പാന്‍പരാഗ് തുടങ്ങിയവയുടെ ഉപയോഗം മൂലം കേരളത്തില്‍ വദനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യവ്യാപകമായി വിലക്കിയില്ലെങ്കില്‍ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലെ നിരോധനം ഫലപ്രദമാകുമോ എന്ന് ആലോചിക്കേണ്ടതാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ ഈ മയക്കുമരുന്നിന്റെ വില്‍പന വിലക്കിക്കൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. സ്‌കൂള്‍തല സമിതികളും അദ്ധ്യാപക-രക്ഷാകര്‍ത്യ സംഘടനകളും മനസ്സിരുത്തിയാല്‍ മാത്രമേ നിരോധനം കൊണ്ട് പ്രയോജനം ലഭിക്കൂ. പുകവലി രാജ്യവ്യാപകമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു കൂസലുമില്ലാതെ ബീഡിയും സിഗററ്റും കത്തിച്ച് പുകയൂതിവിടുന്ന നിയമലംഘകരെ എവിടെയും കാണാം. പൊതുസ്ഥലത്ത് പുകവലിക്കുന്നത് കുറ്റകരമാണെന്ന് ഏത് പൊലീസുകാരനും അറിയാം. പക്ഷേ കണ്ടാലും അവഗണിക്കുകയാണ് പതിവ്. പുകവലി നിരോധനം നടപ്പാക്കാന്‍ പറ്റാത്ത ഉത്തരവാണെന്ന് മുമ്പ് ഒരു മുഖ്യമന്ത്രി പോലും പറഞ്ഞിട്ടുണ്ട്. പുകവലിയുടെ കെടുതി വലിക്കുന്നവര്‍ക്കും കണ്ടുനില്‍ക്കുന്നവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് അറിഞ്ഞുകൊണ്ടാണ് കോടതി അത് ചരിത്രപരമായ ഒരു വിധിയിലൂടെ നിരോധിച്ചത്. ബീഡി വ്യവസായത്തില്‍ സ്ഥാപിത താല്‍പര്യമുള്ള സി.പി.എമ്മിന്റെ അണികളെ സന്തോഷിപ്പിക്കാന്‍ എന്നവിധം കോടതി ഉത്തരവിനെ തൃണവല്‍ഗണിച്ചുകൊണ്ട് നടപ്പാക്കാന്‍ പറ്റാത്ത ഉത്തരവാണ് അതെന്ന് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ പറഞ്ഞു. ഇന്നും പുകവലി നിരോധനം കേരളത്തില്‍ പൂര്‍ണമായി നടപ്പായിട്ടില്ല. പാന്‍പരാഗിന്റെ നിരോധനാവസ്ഥയും അതുപോലെ ആകാതിരിക്കണമെന്നാണ് ആഗ്രഹം. നിരോധിക്കപ്പെട്ട പാന്‍പരാഗ് വില്‍ക്കുന്നവര്‍ക്ക് പിടിക്കപ്പെട്ടാല്‍ ആറുവര്‍ഷം തടവുശിക്ഷയും അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. കേരളാ അതിര്‍ത്തിക്ക് പുറത്ത്, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇപ്പോള്‍ നിരോധനമില്ല. അവിടെനിന്ന് വാങ്ങി രഹസ്യമായി കടത്തിക്കൊണ്ടുവന്ന് ഇവിടെ ഉപയോഗിക്കുന്നവര്‍ക്ക് പിടിക്കപ്പെട്ടാല്‍ എന്ത് ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് ഉത്തരവിന്റെ വിശദാംശം പരിശോധിച്ചാലേ അറിയൂ. സാധാരണക്കാരാണ് പാന്‍പരാഗിന്റെ പ്രധാനപ്പെട്ട ഉപഭോക്താക്കള്‍. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ അതിന് വ്യാപകമായ ഉപയോഗമുണ്ട്. സ്വദേശത്തുപോയി മടങ്ങിവരുമ്പോള്‍ അവരുടെ പക്കല്‍ നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഒരു ദുശ്ശീലമായി വളര്‍ന്ന മയക്കുമരുന്ന് ഉപയോഗം തടയാനും കുറ്റവാളികളെ കര്‍ശനമായി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും എന്താണ് പ്രായോഗിക മാര്‍ഗമെന്ന് ആലോചിക്കണം. പുകവലി കണ്ടാലും നടപടിയെടുക്കാന്‍ കൂട്ടാക്കാത്ത പൊലീസുകാരെപ്പോലെ പാന്‍പരാഗ് ഉപയോഗിക്കുന്നവരെ പിടികൂടാതിരിക്കാനാണ് സാധ്യത. മുമ്പ് ചാരായം നിരോധിച്ചപ്പോള്‍ വ്യാപകമായി കേരളത്തില്‍ വ്യാജച്ചാരായം പ്രചരിച്ചു. എന്‍ഡോസള്‍ഫാന്‍ എന്ന വിഷകീടനാശിനി നിരോധിച്ചത് ഈയിടെയാണ്. തമിഴ്‌നാട്ടില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ വാങ്ങി യാതൊരു കൂസലുമില്ലാതെ പ്രയോഗിക്കുന്നവര്‍ ഇവിടെയുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന പച്ചക്കറികളെല്ലാം എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ച് വളര്‍ത്തിയതാണ്. അത് വാങ്ങി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായവര്‍ക്ക് നിരോധനം കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നില്ല. അതുപോലെ പാന്‍പരാഗിന്റെ നിരോധനം സ്വാഗതാര്‍ഹമാണെന്ന് പറയുമ്പോള്‍ എല്ലാ പഴുതുകളുമടച്ച് നിരോധന ഉത്തരവ് കര്‍ശനമായി പ്രയോഗിക്കാന്‍ കഴിയേണ്ടതാണ്. വില്‍ക്കുന്നവര്‍ക്ക് നല്‍കുന്നതുപോലുള്ള ശിക്ഷ കള്ളക്കടത്തായി കൊണ്ടുവന്ന് ഉപയോഗിക്കുന്നവര്‍ക്കും വ്യവസ്ഥചെയ്യണം. ഏത് നിയമങ്ങളുടെയും പഴുതുകള്‍ ഉപയോഗിച്ച് ധനമുണ്ടാക്കുന്ന മാഫിയകള്‍ കേരളത്തിലുണ്ട്. അവര്‍ക്കെതിരെയും നിയമപാലകര്‍ കരുതിയിരിക്കട്ടെ. |
| < മുന്‍ പേജ് | അടുത്തത് > |
|---|

വദനാര്‍ബുദത്തിന് മുഖ്യ കാരണങ്ങളിലൊന്നായ പാന്‍പരാഗിന്റെ വില്‍പന കേരളത്തില്‍ നിരോധിച്ച സംസ്ഥാന ഗവണ്‍മെന്റിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. 
-°C 