|
ഭാഗ്യം കൈവിട്ടു; ബാംഗ്ലൂരിന് തോല്‍വി |
ഹൈദരാബാദ്: ഐപിഎല്ലില്‍ ഏറ്റവും ഭാഗ്യം കെട്ട ടീമെന്ന ഖ്യാദി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ വിട്ടൊഴിയുന്നില്ല. ഡെക്കാന്‍ ചാര്ജ്ജേഴ്സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഐപിഎല്‍ അഞ്ചാം സീസണില്‍ നിന്നും പുറത്തായിരിയ്ക്കുകയാണ് റോയല്‍സ്.
ടൂര്‍ണമെന്റില്‍ ഇത്രയും ആവേശത്തോടെ വിജയിച്ചെത്തിയ ടീം മറ്റൊന്ന് ഉണ്ടാകില്ല. ഇന്നത്തെ മത്സരത്തില്‍ ഒന്ന് വിജയിച്ചാല്‍ മാത്രം മതിയായിരുന്നു റോയല്‍സിന്. ഫലത്തില്‍ അത് പ്രയോജനം ചെയ്തത് ചെന്നൈ സൂപ്പര്‍ കിംഗ്സിനാണ്. ഇന്നത്തെ പരാജയത്തോടെ റോയല്‍സിനും ചെന്നൈയ്ക്കും 17 പോയിന്റ് ആണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ മുന്നിലായ ചെന്നൈയ്ക്ക് പ്ലേ ഓഫ് പ്രവേശനം ലഭിച്ചു. അഥിന് ധോണിയും കൂട്ടരും നന്ദി പറയേണ്ടത് സ്റ്റെയ്നും കൂട്ടര്‍ക്കുമാണ്. കാരണം താരതമ്യേന കുറഞ്ഞ സ്കോറായ 132 റണ്‍സ് മാത്രം മതിയായിരുന്നു ബാംഗ്ലൂരിന് വിജയിയ്ക്കാന്‍. മറുവശത്ത് കത്തിക്കയറുന്ന ഗെയ്ലും തുടര്ന്നുള്ളവരെല്ലാം അപാരഫോമിലും ഉള്ളപ്പോള്‍ മത്സരം നടന്ന ഹൈദരാബാദിലെ കാണികള്‍ പോലും കരുതിക്കാണില്ല ഡക്കാന്റെ വിജയം. തുടക്കത്തില്‍ 2 സിക്സറും മൂന്ന് ഫോറും ഗെയ്ല് നേടി മികച്ച തുടക്കം നല്‍കിയെങ്കിലും പരമ്പരയിലെ മികച്ച പ്രകടനമാണ് സ്റ്റെയ്ന് പുറത്തെടുത്തത്. അടുത്തടുത്തായി ഗെയ്ലിനെയും(27), ദില്‍ഷനെയും(4) പുറത്താക്കി സ്റ്റെയ്ന് ആദ്യം ബാംഗ്ലൂരിനെ ഞെട്ടിച്ചു. തുടര്‍ന്നെത്തിയ കോഹ്ലി(42), തിവാരി(30) എന്നിവര്‍ വിജയിപ്പിയ്ക്കുമെന്ന് തോന്നിച്ചെങ്കിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഡക്കാനായി. തുടക്കത്തിലേ ലഭിച്ച ആഘാദം അത്രയ്ക്ക് വലുതായിരുന്നു ബാഗ്ലൂരിന്. നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സ്റ്റെയ്ന് വീഴ്ത്തിയത്. അവസാന ഓവറുകളില്‍ ആശിഷ് റെഡ്ഡിയും വിക്കറ്റുകള്‍ വീഴ്ത്തിയത് ഒരു പോരാട്ടത്തിനുള്ള സാദ്ധ്യതയും അവസാനിപ്പിച്ചു. റെഡ്ഡി മൂന്ന് വിക്കറ്റുകളും മിശ്ര രണ്ട് വിക്കറ്റുകളും പ്രതാപ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി സ്റ്റെയ്ന് മികച്ച പങ്കാളികളായി. അവിശ്വസനീയമായ പ്രകടനം നടത്തിയ സ്റ്റെയ്ന് തന്നെയാണ് കളിയിലെ കേമന്‍. നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ഡക്കാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മികച്ച ബോളിംഗ് പ്രകടനമാണ് ബാംഗ്ലൂര്‍ പുറത്തെടുത്തത്. മദ്ധ്യനിരയില്‍ ദുമിനി(74) മാത്രമാണ് പോരാടാനുണ്ടായത്. ബാംഗ്ലൂരിന് വേണ്ടി വിനയ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സഹീര്‍ ഖാന് രണ്ടും പരമേശ്വരന്, മുരളീധരന് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
|