| ഒരു ദേശത്തിന്റെ കഥ-41 |
കേരളത്തേക്കാള്‍ മുമ്പേ കയര്‍ബോര്‍ഡ് ഉണ്ടായിഡി.സുഗതന്‍ കയര്‍ വ്യവസായ വികസനത്തിനായി ഒരു ബോര്‍ഡ് രൂപീകരിക്കുന്നതിനും, കയറ്റുമതി ചെയ്യുന്ന കയറിനും കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതിനുമായി കയര്‍ വ്യവസായ നിയമം-1953 എന്നൊരു നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് 1953 ഡിസംബര്‍ 23ന് പാസ്സാക്കുകയുണ്ടായി. പ്രസ്തുത നിയമം 1954 നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നു. 1952ല്‍ നടന്ന ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് അധികാരത്തില്‍ വന്നതിന്റെ തൊട്ടടുത്ത വര്‍ഷം ഈ നിയമം പാസ്സാക്കിയത്. 1952ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് 364 സീറ്റുകളില്‍ വിജയിക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 16 സീറ്റിലും, സോഷ്യലിസ്റ്റ് പാര്‍ട്ടി 12 സീറ്റിലും, പി.എസ്സ്.പി. 9 സീറ്റിലും ജനസംഘം മൂന്ന് സീറ്റിലുമാണ് പ്രസ്തുത തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കയറിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുമ്പോള്‍ കേരള സംസ്ഥാനം രൂപീകൃതമായിട്ടില്ലായിരുന്നു. അന്നുണ്ടായിരുന്നത് തിരുക്കൊച്ചി സംസ്ഥാനമായിരുന്നു. കയര്‍ വ്യവസായ രംഗത്തെ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയാക്കിയ പുന്നപ്ര-വയലാര്‍ സംഭവങ്ങള്‍ നടന്ന 1946ന് ശേഷം ഏഴുകൊല്ലത്തിനകമാണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തിരു-കൊച്ചിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ച് കരപ്പുറത്തെ കയര്‍ തൊഴിലാളികളേയും ആ വ്യവസായത്തെയും സഹായിക്കുവാന്‍ ഈ നിയമം കൊണ്ടുവന്നതെന്നോര്‍ക്കണം.പ്രസ്തുത നിയമത്തോടൊപ്പം ഇപ്രകാരം ഒരു നിയമം കൊണ്ടുവരാനിടയായ സാഹചര്യങ്ങളും ഈ നിയമം ലക്ഷ്യമാക്കുന്നതെന്തെല്ലാം എന്നും വിശദീകരിക്കുന്ന ഒരു കുറിപ്പുണ്ട്. കയര്‍ വ്യവസായത്തിന് നമ്മുടെ ദേശീയ സമ്പദ്ഘടനയില്‍ വ്യക്തമായ ഒരു പങ്കുണ്ട് എന്ന് കുറിപ്പില്‍ പറയുന്നുണ്ട്. തിരുവിതാംകൂര്‍ കൊച്ചിയുടെ സാമ്പത്തിക രംഗത്ത് കയറിന് വളരെ പ്രാധാന്യമുണ്ടെന്നും, വിദേശനാണ്യം നേടിത്തരുന്നതിനാല്‍ രാജ്യത്തിനും കയര്‍ വ്യവസായത്തോട് കടപ്പാടുണ്ടെന്നും പറഞ്ഞിരിക്കുന്നു. എന്നാല്‍ 1952 മധ്യത്തോടെ കയറ്റുമതിയില്‍ ഇടിവ് വന്നതിനാല്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കയര്‍ വ്യവസായം കടന്നുപോകുന്നതെന്നും ഇതിന് പരിഹാരമായി ചില നടപടികള്‍ ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാരിന് ബോധ്യം വന്നതിനാലാണ് കയറിന് വേണ്ടി മാത്രമായി ഒരു കേന്ദ്ര നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിനും, ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും, കയറ്റുമതി രംഗത്തെ അനഭിലഷണീയമായ ചില പ്രവണതകളുണ്ടായത് തടുയുന്നതിനും, ആഭ്യന്തരവിപണി വികസിപ്പിക്കുന്നതിനും, കയറ്റുമതിയെ മാത്രം ആശ്രയിക്കുന്ന പ്രവണത കുറച്ചുകൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇപ്രകാരം ഒരു നിയമം കൊണ്ടുവന്നതെന്നും കുറിപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മറ്റ് പ്ലാന്റേഷന്‍ മേഖലകളിലേതുപോലെയുള്ള ഒരു സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് കയര്‍ രംഗത്തും രൂപീകരിക്കുവാനാണ് നിയമം കൊണ്ടുവന്നിട്ടുള്ളത്. കയര്‍ വ്യവസായ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമാണ്. ഇതിനായി കയറും കയറുല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുമ്പോള്‍ ഒരു ഡ്യൂട്ടി ഈടാക്കാനും അങ്ങനെ കിട്ടുന്ന വരുമാനം നിയമപ്രകാരം രൂപീകൃതമാകുന്ന ബോര്‍ഡിന് നല്‍കുവാനും നിയമത്തില്‍ വ്യവസ്ഥകളുണ്ടാകുമെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ കയര്‍ വ്യവസായ നിയമം-1953 എന്ന ഈ നിയമത്തിന് 27 വകുപ്പുകളും ആറ് അദ്ധ്യായങ്ങളുമുണ്ട്. ഒന്നാം അദ്ധ്യായത്തില്‍ 1 മുതല്‍ 3 വരെ വകുപ്പുകളാണുള്ളത്. ഒന്നാം വകുപ്പില്‍ നിയമത്തിന്റെ പേരും വ്യാപ്തിയും പറഞ്ഞിരിക്കുന്നു.രണ്ടാം വകുപ്പ് ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നു. കയറിനും കയര്‍ വ്യവസായത്തിനും അഭിമാനിക്കാന്‍ കഴിയുന്ന പ്രഖ്യാപനമാണത്. ഇന്നേയ്ക്ക് ഏതാണ്ട് 60 വര്‍ഷം മുമ്പാണ് കേരളത്തിലെ - ആലപ്പുഴയിലെ- കരപ്പുറത്തെ കയറിനും കയര്‍ വ്യവസായത്തിനും വേണ്ടി ഈ പ്രഖ്യാപനം ഉണ്ടായത്. എന്തായിരുന്നു കയര്‍ വ്യവസായ നിയമം 1953-ല്‍ രണ്ടാം വകുപ്പ് നടത്തിയ പ്രഖ്യാപനം...? പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് കേന്ദ്രം കയര്‍ വ്യവസായത്തിന്റെ നിയന്ത്രണം ഇതിനാല്‍ ഉടനടി ഏറ്റെടുക്കേണ്ടതാണ്”. ഈ വകുപ്പ് ഇംഗ്ലീഷില്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും. Section : 2- It is hereby declared that is it expedient in the public interest that the Union should take under its control the coir industry. നിയമത്തിന്റെ മൂന്നാം വകുപ്പില്‍ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന വിവിധ പദങ്ങളുടെ നിര്‍വചനങ്ങളാണ് കൊടുത്തിരിക്കുന്നത്. 3(സി) വകുപ്പില്‍ ചകിരി അല്ലെങ്കില്‍ കയറിന്റെ നിര്‍വചനം കൊടുത്തിരിക്കുന്നു. ചകിരി എന്നാല്‍ നാളികേരത്തിന്റെ തൊണ്ടില്‍ നിന്നും വേര്‍പെടുത്തിയെടുക്കുന്ന നാര് എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. 3(ഡി) വകുപ്പില്‍ കയര്‍ ഉല്പ്പന്നങ്ങള്‍ എന്നാല്‍ എന്തെന്ന് നിര്‍വചിച്ചിട്ടുണ്ട്. കയര്‍ ഉല്പ്പന്നങ്ങള്‍ എന്നാല്‍ മുഴുവനായോ ഭാഗീകമായോ ചകിരിയോ കയറോ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള തടുക്കുകള്‍, പായകള്‍, പരവതാനികള്‍, വടം മുതലായ സാധനങ്ങള്‍ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. 3(ഇ) വകുപ്പില്‍ കയര്‍ എന്നാല്‍ ചകിരി പിരിച്ചുണ്ടാക്കിയെടുക്കുന്ന ചരട് എന്നാണ് നിര്‍വചനം. 3(എച്ച്) വകുപ്പില്‍ തൊണ്ട് എന്നാല്‍ അഴുകിയതോ, പച്ചയോ ആയ നാളികേരത്തിന്റെ തൊണ്ട് എന്നാണ് വ്യക്തമായും നിര്‍വചിച്ചിരിക്കുന്നത്. ഒരു കേന്ദ്ര നിയമത്തിലാണ് നമ്മുടെ തൊണ്ടും, ചകിരിയും, കയറും, കയറുല്‍പ്പന്നങ്ങളുംവളരെ വ്യക്തമായി സംശയത്തിനിടയില്ലാതെ അറുപത് വര്‍ഷത്തിന് മുമ്പ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് നിര്‍വചിച്ചിരിക്കുന്നത്. ഇപ്രകാരം ഒരു നിര്‍വചനം ഉള്ളിടത്തോളം കയറിന്റെ സ്ഥാനത്ത് വ്യാജഉല്‍പ്പന്നങ്ങള്‍ക്ക് കടന്നുവരാന്‍ കഴിയില്ല എന്നതാണ് ഇവിടെ പ്രസക്തം. ഈ നിയമത്തിലെ രണ്ടാം അദ്ധ്യാത്തില്‍ 4 മുതല്‍ 11 വരെയുള്ള വകുപ്പുകളിലാണ് കയര്‍ ബോര്‍ഡ് രൂപീകരിക്കുവാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുള്ളതും, തുടര്‍ന്ന് ബോര്‍ഡിന്റെ അധികാരങ്ങള്‍ വിശദീകരിക്കുന്നതും കയര്‍ ബോര്‍ഡിന്റെ സ്ഥാപനവും ഭരണഘടനയും നാലാം വകുപ്പില്‍ പറഞ്ഞിരിക്കുന്നു. ഈ നിയമത്തിന്റെ നടത്തിപ്പിലേക്കായി കയര്‍ബോര്‍ഡ് എന്ന പേരില്‍ ഒരു ബോര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന രീതിയില്‍ ഔദ്യോഗിക വിജ്ഞാനം വഴി നിയമിക്കേണ്ടതാണ് എന്നാണ് നാലാം വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ ബോര്‍ഡ് ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായിരിക്കുന്നതും സ്ഥിരമായി തുടര്‍ന്ന് പ്രവര്‍ത്തിക്കുകയും പൊതു സീല്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന സ്ഥാപനമായിരിക്കും എന്ന് 4(2) വകുപ്പ് പറയുന്നുണ്ട്. സ്ഥാവരജംഗമ വസ്തുവകകള്‍ വാങ്ങി കൈവശം വെയ്ക്കുന്നതിനും, കരാറുകളില്‍ ഏര്‍പ്പെടുന്നതിനും, വ്യവഹാരം കൊടുക്കുന്നതിനും വ്യവഹാരപ്പെടുന്നതിനും അവകാശമുണ്ടായിരിക്കുമെന്നും ഉപവകുപ്പ് അനുശാസിക്കുന്നുണ്ട്.4(3) വകുപ്പനുസരിച്ച് കയര്‍ ബോര്‍ഡിന് ഒരു ചെയര്‍മാനും 40ല്‍ കൂടാത്ത അംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. കേന്ദ്രസര്‍ക്കാരിന് യുക്തമെന്ന് തോന്നുന്നവരെയാണ് ഈ ഗണത്തില്‍ നിയമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനപ്രകാരമായിരിക്കും ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുക. കയറുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളെയാണ് അംഗങ്ങളായി കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്നത്. ഏതെല്ലാം മേഖലകളില്‍ നിന്നും ആരെയൊക്കെയാണ് കയര്‍ ബോര്‍ഡ് അംഗങ്ങളായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുക എന്ന് നാലാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

കേരളത്തേക്കാള്‍ മുമ്പേ കയര്‍ബോര്‍ഡ് ഉണ്ടായി
-°C 