| ജനാധിപത്യ ഇന്ത്യയുടെ അറുപത് വര്‍ഷം |
ഇന്ത്യന്‍ ജനാധിപത്യം അറുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പ്രായപൂര്‍ത്തി വോട്ടവകാശ നിയമപ്രകാരം രാജ്യത്തെ ആദ്യത്തെ പാര്‍ലമെന്റ് രൂപംകൊണ്ടതിന്റെ അറുപതാം വാര്‍ഷികം. ഒരു രാജ്യത്തിന്റെ വികാസദിശയില്‍ ഇത് വളരെ ചെറിയൊരു കാലയളവാണ്. ഒരു മനുഷ്യായുസ്സില്‍ പോലും ഷഷ്ടിപൂര്‍ത്തി എന്നത് മദ്ധ്യവയസ്സാണല്ലോ. സുദീര്‍ഘമായ സാംസ്‌കാരിക പശ്ചാത്തലമുള്ള ഒരു മഹാരാജ്യത്തിന്റെ ജനാധിപത്യ പ്രക്രീയയ്ക്ക് അറുപത് വയസ്സ് ഒരുപക്ഷേ വെറും ശൈശവദശയാകാം. സിന്ധുനദീതട സംസ്‌കാരത്തില്‍ നിന്ന് അയ്യായിരം വര്‍ഷം മുമ്പ് വികസിച്ച് വളര്‍ന്നുവന്ന ഒരു നാഗരിക ജീവിതശൈലി ഇന്ത്യയുടെ പാരമ്പര്യത്തില്‍ ഈടുവയ്പ്പായുണ്ട്. പക്ഷേ ക്രിസ്തുവിന് മുമ്പ് 1500 വര്‍ഷം മുമ്പ് പാരിസ്ഥിതികമായ കാരണങ്ങളാല്‍ ആ നാഗരികസംസ്‌കാരം തകര്‍ന്നുപോയി. ഇടയന്‍മാരായി ഉപഭൂഖണ്ഡത്തിലേക്ക് കുടിയേറിയ ആര്യസമൂഹം ഗംഗാസമതലങ്ങളില്‍ പുതിയൊരു ജീവിതശൈലിക്ക് പിന്നീട് വിത്തുപാകി. ക്രിസ്താബ്ദം പിറക്കുംമുമ്പ് ഭാരതം ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ളവരുടെ വൈജ്ഞാനികതൃഷ്ണ ശമിപ്പിക്കാന്‍ പറ്റിയ വിദ്യാഭ്യാസ സങ്കേതമായിരുന്നു. കാരുണ്യത്തിന്റെ മഹാചിന്താപദ്ധതിയായി ബുദ്ധമതം പ്രചുരപ്രചാരം നേടി. നളന്ദയും തക്ഷശിലയും പോലുള്ള വിശ്വവിദ്യാലയങ്ങള്‍ ഇന്ത്യയുടെ യശസ്സ് ലോകമെങ്ങും പരത്തി. വ്യാപാരികളുടെയും സഞ്ചാരികളുടെയും പ്രധാന ലക്ഷ്യസ്ഥാനമായി മാറിയ ഭാരതത്തില്‍ അഞ്ഞൂറ് വര്‍ഷക്കാലം മുഗള്‍ ആധിപത്യമുണ്ടായി. പതിനൊന്നാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെ ദക്ഷിണേന്ത്യ ഹിന്ദു-ചോള രാജാക്കന്മാരുടെയും വിജയനഗര വംശാധിപത്യത്തിന്റെയും കീഴിലായിരുന്നു. ഹിന്ദു-മുസ്ലീം സ്വാധീനങ്ങളുടെ സങ്കരജീവിതം ഈ പ്രദേശങ്ങളെ ശക്തിയായി സ്വാധീനിച്ചു. 1619ല്‍ വടക്കുപടിഞ്ഞാറേ തീരനഗരമായ സൂററ്റില്‍ സൗത്ത് ഏഷ്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഔട്ട്‌പോസ്റ്റ് സ്ഥാപിതമായതോടെ ഇന്ത്യയുടെ ചരിത്രഗതി വീണ്ടും മാറുകയായിരുന്നു. മദ്രാസിലും ബോംബെയിലും കല്‍ക്കത്തയിലും നാട്ടുരാജാക്കന്‍മാരുടെ ഒത്താശയോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടു. കച്ചവടത്തിന് വന്നവര്‍ പിന്നീട് പടിപടിയായി ഇന്ത്യയുടെ അധിപധികളായി മാറിയ സംഭവം ചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട ഒരു അദ്ധ്യായമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കി മഹാത്മജി പരിവര്‍ത്തനം ചെയ്തതോടെയാണ് ആധുനിക ഇന്ത്യയുടെ മഹത്തായ പുതിയൊരു അദ്ധ്യായം ആരംഭിച്ചത്. 1947 ആഗസ്റ്റ് പതിനഞ്ചാം തീയതി കോളനിവാഴ്ചയില്‍ നിന്ന് ഇന്ത്യയെ എന്നേക്കുമായി മോചിപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ ഭൂപ്രകൃതിയിലും ജനങ്ങളുടെ മനോഭാവങ്ങളിലും വലിയ അന്തരം ഉണ്ടായിക്കഴിഞ്ഞു. 1950 ജനുവരി ഇരുപത്തിയാറാം തീയതി സ്വതന്ത്ര ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. രണ്ടുവര്‍ഷത്തിനുള്ളില്‍ ദേശീയ പൊതുതെരഞ്ഞെടുപ്പിലൂടെ നിയമനിര്‍മ്മാണ സഭയായ പാര്‍ലമെന്റും നിലവില്‍ വന്നു. ഇന്ത്യയോടൊപ്പമോ അതിന് തൊട്ടുപിന്നാലെയോ വിദേശാധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച നിരവധി രാജ്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവിടങ്ങളില്‍ ജനാധിപത്യ വ്യവസ്ഥയും മനുഷ്യ സ്വാതന്ത്ര്യവും ഇനിയും നിവര്‍ന്നുനില്‍ക്കാവുന്ന ഘട്ടത്തിലെത്തിയിട്ടില്ല. ചില രാജ്യങ്ങള്‍ പട്ടാളഭരണത്തിലേക്ക് വഴുതിപ്പോയി. പാകിസ്താന്‍ ഒരു മതരാഷ്ട്രമായി മാറി. ശ്രീലങ്ക വംശീയകലാപത്തില്‍ നാമാവശേഷമായി. മ്യാന്‍മര്‍ മനുഷ്യസ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശത്തിനും വേണ്ടി കേഴുകയാണ്. നേപ്പാള്‍ കമ്യൂണിസ്റ്റ് തീവ്രവാദത്തില്‍ അമര്‍ന്നു. തികച്ചും അസ്വസ്ഥമായ ഈ ചുറ്റുവട്ടത്തിനിടയില്‍ ഇന്ത്യന്‍ ജനാധിപത്യം അര്‍ത്ഥവത്തും ആശാവഹവും വിശ്വോത്തരവുമായ വളര്‍ച്ച കൈവരിച്ചു. രാജ്യത്തിന്റെ സാംസ്‌കാരിക മഹിമാവിശേഷങ്ങള്‍ ഉള്‍ക്കൊണ്ട് അനുഭവസമ്പത്തുള്ള ഏക പൊതുജന പ്രസ്ഥാനമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉള്ളതുകൊണ്ടാണ് നമ്മുടെ ജനാധിപത്യം എല്ലാ ബാഹ്യ ആഭ്യന്തര ഭീഷണികളെയും അതിജീവിച്ച് നിലനില്‍ക്കുന്നത്. അതിനാല്‍ പാര്‍ലമെന്റിന്റെ ഈ അറുപതാം പിറന്നാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അഭിമാന പുളകിതമായ ഒരനുഭവമാണ്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ഇന്ത്യന്‍ ജനാധിപത്യം അറുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പ്രായപൂര്‍ത്തി വോട്ടവകാശ നിയമപ്രകാരം രാജ്യത്തെ ആദ്യത്തെ പാര്‍ലമെന്റ് രൂപംകൊണ്ടതിന്റെ അറുപതാം വാര്‍ഷികം. 
-°C 