| ഫ്രാന്‍സിലെ പ്രതിസന്ധിയും പുതിയ പ്രസിഡന്റും |
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനം യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളെയും ഇപ്പോള്‍ രാഷ്ട്രീയമായി ഉലയ്ക്കുകയാണ്. ഫ്രാന്‍സില്‍ കഴിഞ്ഞദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിക്കോളാസ് സര്‍ക്കോസിക്ക് അടിയറവ് പറയേണ്ടിവന്നതും അതുകൊണ്ടുതന്നെ. ഫ്രഞ്ച് ജനതയുടെ ഭാവി സുരക്ഷിതമാക്കാന്‍ പുതിയൊരു പ്രസിഡന്റിനെ പരീക്ഷിക്കുകയാണ് അവിടുത്തെ വോട്ടര്‍മാര്‍. സാമ്പത്തിക പരിഷ്‌കരണം പ്രധാന ചര്‍ച്ചാവിഷയമായ ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ 51.8 ശതമാനം വോട്ടുനേടി സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സ്വാ ഹൊളാന്‍ദ് വിജയിച്ചു. 17 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് യാഥാസ്ഥിതിക പാര്‍ട്ടിയെ മാറ്റി ഫ്രാന്‍സ് സോഷ്യലിസ്റ്റ് നേതാവിനെ തിരിച്ചുവിളിക്കുന്നത്. 48.2 ശതമാനം മാത്രം വോട്ടുനേടിയ നിക്കോളാസ് സര്‍ക്കോസിക്ക് തുടര്‍ച്ചയായി രണ്ടാംതവണ പ്രസിഡന്റാവാന്‍ കഴിയാതെപോയി. ഇത്തരത്തില്‍ ജനങ്ങളാല്‍ ഒഴിവാക്കപ്പെടുന്ന രണ്ടാമത്തെ നേതാവ് എന്ന വിശേഷണവുമായാണ് സര്‍ക്കോസി സ്ഥാനമൊഴിയുന്നത്. 1981ല്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി മിറ്ററാങ്ങിനോട് പരാജയപ്പെട്ട വാലറി ഷിസ്‌കാര്‍ ദെസ്താങ്ങ് ആണ് ആദ്യത്തെയാള്‍. രണ്ടാമൂഴത്തിനുള്ള വിഫലശ്രമം സര്‍ക്കോസിയെ നിരാശനാക്കിയിരിക്കുകയാണ്. അടുത്തമാസം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക പാര്‍ട്ടിയെ നയിക്കാന്‍ താനില്ലെന്ന് സര്‍ക്കോസി പ്രഖ്യാപിച്ചുകഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി യൂറോപ്പിനെ അടിമുടി ഉലച്ചിരിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ പത്ത് രാഷ്ട്രങ്ങളുടെ നേതാക്കള്‍ക്ക് സ്ഥാനഭ്രംശമുണ്ടായി. ഗ്രീസിലും കഴിഞ്ഞദിവസം ഭരണമുന്നണിയെ ജനങ്ങള്‍ വോട്ടുചെയ്ത് പുറത്താക്കി. സാമ്പത്തിക പരിഷ്‌കരണത്തെയും ചെലവ്ചുരുക്കല്‍ നടപടികളെയും എതിര്‍ക്കുന്ന ചെറുപാര്‍ട്ടികളുടെ മുന്നണിക്കാണ് അവിടെ ജനങ്ങള്‍ പിന്തുണ നല്‍കിയത്. എന്നാല്‍ ഭരണകൂടമുണ്ടാക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തസ്ഥിതിക്ക് യവനനാടിന്റെ നിലനില്‍പ്പുതന്നെ അനിശ്ചിതാവസ്ഥയിലായി.1995ല്‍ മിറ്ററാങ്ങിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടശേഷം ഫ്രാന്‍സിന്റെ പ്രഥമ പൗരനാകുന്ന സോഷ്യലിസ്റ്റ് എന്ന നിലയില്‍ ഫ്രാന്‍സ്വാ ഹൊളാന്‍ദ് ഫ്രാന്‍സിന്റെ സാമ്പത്തിക പുനര്‍നിര്‍മാണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് രാജ്യത്തിനകത്തും പുറത്തും ഉള്ളവര്‍ സാകൂതം നോക്കുകയാണ്. ഈമാസം പതിനഞ്ചാംതീയതി ഹൊളാന്‍ദ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിക്കാത്ത ജര്‍മ്മനിയിലേക്കായിരിക്കും തന്റെ ആദ്യ വിദേശസന്ദര്‍ശനമെന്ന് ഹൊളാന്‍ദ് പറഞ്ഞുകഴിഞ്ഞു. ജര്‍മ്മന്‍ ചാന്‍സലര്‍ ആന്‍ജലാ മര്‍ക്കലുമായി അദ്ദേഹം തന്റെ വെല്ലുവിളികളെപ്പറ്റി ചര്‍ച്ച ചെയ്യും. സമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വളരെ ഉയര്‍ന്ന നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ച ഫ്രാന്‍സ്വാ ഹൊളാന്‍ദ് നിലവിലുള്ള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചെലവുചുരുക്കല്‍ നടപടികളും കുറഞ്ഞ വേതനവും പരിഷ്‌കരിക്കുന്നതാണ്. ഇപ്പോള്‍ ഗ്രീസ് നേരിടുന്ന രൂക്ഷമായ പ്രതിസന്ധി ഫ്രാന്‍സിനെ ബാധിക്കാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ കരാറില്‍ ചര്‍ച്ച ആവശ്യമാണെന്ന് തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയന്റെ നിര്‍ബന്ധം കണക്കിലെടുത്ത് കടുത്ത ചെലവ്ചുരുക്കല്‍ നടപടി സ്വീകരിച്ച ഗ്രീസിന് പ്രതിസന്ധി വര്‍ദ്ധിപ്പിക്കാനേ കഴിഞ്ഞുള്ളൂ. നിക്കോളാസ് സര്‍ക്കോസിയുടെ ഭരണശൈലിയും പരിഷ്‌കാര നടപടികളും ഫ്രഞ്ച് ജനത തള്ളിക്കളഞ്ഞ സ്ഥിതിക്ക് പുതിയ പ്രസിഡന്റിന് വ്യത്യസ്തമായ ഒരു ഭരണം കാഴ്ചവയ്‌ക്കേണ്ടിവരും. നിരവധി പ്രതിസന്ധികള്‍ ഫ്രാന്‍സ്വാ ഹൊളാന്‍ദിനെ ഉറ്റുനോക്കുന്നുണ്ട്. സോഷ്യലിസ്റ്റ് വിശ്വാസത്തിന്റെ ബലത്തില്‍ പൊതുവേദികളില്‍ നിരന്തരം ഉരുവിട്ട വാഗ്ദാനങ്ങള്‍ക്കും വിപ്ലവ വാചകങ്ങള്‍ക്കും അര്‍ത്ഥപ്പൊലിമ നല്‍കേണ്ട വലിയ ബാധ്യതയാണ് പുതിയ പ്രസിഡന്റിന്റെ ചുമലില്‍ ഫ്രാന്‍സിലെ ജനത അര്‍പ്പിച്ചിരിക്കുന്നത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനം യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളെയും ഇപ്പോള്‍ രാഷ്ട്രീയമായി ഉലയ്ക്കുകയാണ്. ഫ്രാന്‍സില്‍ കഴിഞ്ഞദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിക്കോളാസ് സര്‍ക്കോസിക്ക് അടിയറവ് പറയേണ്ടിവന്നതും അതുകൊണ്ടുതന്നെ. 
-°C 