|
ഗോധ്ര കേസ്; മോഡിയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് |
അഹമ്മദാബാദ്: ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്.
2002 ലെ ഗുജറാത്ത് കലാപത്തില്‍ ഗോധ്രയില്‍ ട്രയിന്‍ കത്തിയ്ക്കല്‍ നടന്നതിനെ തുടര്‍ന്നുണ്ടായ കലാപം തടയാന്‍വേണ്ട നടപടികള്‍ മോഡി കൈക്കൊണ്ടില്ലെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും മറ്റ് 61 പേര്‍ക്കും എതിരെ കലാപവുമായി ബന്ധപ്പെട്ട് സാക്കിയ ജഫ്രി നല്‍കിയ കേസിലാണ് സുപ്രീംകോടതി അമിക്കസ് ക്യൂറിയായി രാജു രാമചന്ദ്രനെ നിയോഗിച്ചത്. സബര്‍മതി എക്പ്രസിന് തീവച്ച സാഹചര്യത്തില്‍ കലാപം അമര്‍ച്ച ചെയ്യാന്‍ യാതൊരു സര്‍ക്കാര്‍ നടപടികളും കൈക്കൊള്ളേണ്ടെന്ന നിര്‍ദ്ദേശം മോഡി നല്‍കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് മോഡിക്കെതിരെ നടത്തിയ ആരോപണങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് പറയുന്നുണ്ടെങ്കിലും 2002 ഫെബ്രുവരി 27 ന് സ്വവസതിയില്‍ നടന്ന യോഗത്തില്‍ ഹിന്ദുക്കള്‍ക്ക് പ്രതികാരത്തിന് അവസരമൊരുക്കണമെന്ന തരത്തില്‍ മോഡി നിര്‍ദ്ദേശിച്ചതിന് തെളിവില്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി. രാജു രാമചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എസ്.ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നും തികച്ചും വിഭിന്നമാണെന്നത് ശ്രദ്ധേയമാണ്. കലാപത്തില്‍ മോഡിക്കെതിരെ അന്വേഷണം നടത്താന്‍ തക്ക യാതൊരു തെളിവുകളും ഇല്ല എന്നതായിരുന്നു എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ട്.
|