| ഒരു ദേശത്തിന്റെ കഥ-29 |
കരപ്പുറത്തെ കയര്‍ തൊഴിലാളികളെ കമ്യൂണിസ്റ്റുകള്‍ പാട്ടിലാക്കിഡി.സുഗതന്‍ ലേബര്‍ അസോസിയേഷന് പ്രത്യേക രാഷ്ട്രീയം ഇല്ലായിരുന്നുവെങ്കിലും ആനുകാലിക പ്രശ്‌നങ്ങളില്‍ പ്രതികരിച്ചിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം വിപുലമായതോടെ ‘തൊഴിലാളി’എന്ന പേരില്‍ ഒരു പത്രം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങി. 1930 ല്‍ ആരംഭിച്ച ഈ പത്രത്തില്‍ പി.കേശദേവ്, കെടാമംഗലം സദാനന്ദന്‍ തുടങ്ങിയവരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു വ്യാഴവട്ടക്കാലം അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടന്നു. നിരവധി സമരങ്ങള്‍ ഈ കാലഘട്ടത്തില്‍ നടന്നിട്ടുണ്ട്. കയര്‍ തൊഴിലാളികള്‍ക്ക് അടിയന്തരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളുടെയും അവകാശങ്ങളുടേയും ഒരു പട്ടിക അടങ്ങിയ നിവേദനവുമായി കാല്‍നടയായി തിരുവനന്തപുരത്തെത്തി മഹാരാജാവിനെ മുഖം കാണിച്ച് മെമ്മോറാണ്ടം നല്‍കാനുള്ള ഒരു തീരുമാനം 1935 ല്‍ അസോസിയേഷന്‍ കൈക്കൊണ്ടു. ഈ ജാഥാപരിപാടിക്ക് പ്രചരണം നല്‍കാന്‍ നിരവധി സമ്മേളനങ്ങള്‍ നാടിന്റെ നാനാഭാഗങ്ങളിലും നടത്തുകയുണ്ടായി. സമ്മേളനങ്ങളുടേയും ജാഥയുടേയും വിശദാംശങ്ങളടങ്ങിയ വാര്‍ത്തകള്‍ ‘തൊഴിലാളി’ പത്രത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. ജാഥയെ അനുകൂലിച്ചുകൊണ്ട് ‘മലയാള മനോരമ’ അക്കാലത്ത് ഒരു മുഖപ്രസംഗം എഴുതി. സര്‍ക്കാരിന് ഈ പ്രശ്‌നം ഒരു തലവേദനയായി. കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് പൊലീസ് റഗുലേഷന്‍ നിയമം അനുസരിച്ച് ജാഥ നിരോധിച്ചു. ജാഥാ കണ്‍വീനര്‍ കെ.ജോസഫിനേയും, കെ.സി.ഗോവിന്ദനേയും അറസ്റ്റ് ചെയ്തു. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം അങ്ങനെ തടയപ്പെട്ടു.1937 ആയപ്പോഴേക്കും കയര്‍ മേഖലയിലും കരപ്പുറത്തും ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പി.കൃഷ്ണപിള്ള ഉള്‍പ്പടെയുള്ള നേതാക്കളുടെ ഒളിത്താവളങ്ങള്‍ കരപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു. പകല്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയും രാത്രി രഹസ്യമായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു വന്ന അന്നത്തെ കാര്യങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. പില്‍ക്കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെല്ലാം കോണ്‍ഗ്രസിലുണ്ടായിരുന്നവരാണ്. ആദ്യം കോണ്‍ഗ്രസിനകത്ത് സോഷ്യലിസ്റ്റ് ചേരി എന്ന പേരിലും പിന്നീട് പ്രത്യേക സോഷ്യലിസ്റ്റ് ഗ്രൂപ്പായും പ്രവര്‍ത്തിച്ച അവര്‍ 1939 ഡിസംബറില്‍ കണ്ണൂരിലെ പിണറായിയില്‍ യോഗം ചേര്‍ന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി. പിന്നീട് കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ അവര്‍ പ്രവര്‍ത്തിച്ചുവന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെട്ട് കഴിഞ്ഞപ്പോള്‍ അതുവരെ സ്വതന്ത്രരൂപത്തില്‍ കൊണ്ടുനടന്ന തൊഴിലാളി യൂണിയനുകളും പാര്‍ട്ടി നിയന്ത്രണത്തിലാക്കിത്തീര്‍ത്തു. സ്വതന്ത്രസ്വഭാവത്തില്‍ പ്രവര്‍ത്തിച്ചുവന്ന കയര്‍ ലേബര്‍ അസോസിയേഷനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രണത്തിലായി. ട്രേഡ് യൂണിയന്‍ നിയമം തിരുവിതാംകൂറില്‍ പ്രാബല്യത്തില്‍ വന്നതോടെ ലേബര്‍ അസോസിയേഷന്‍ പേരുമാറ്റി തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഈ യൂണിയനാണ് തിരുവിതാംകൂറിലെ ആദ്യത്തെ രജിസ്റ്റേഡ് ട്രേഡ് യൂണിയന്‍. രജി:നമ്പര്‍-1. ഇതോടെ കയര്‍ മേഖല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേച്ചില്‍ സ്ഥലവും കയര്‍ തൊഴിലാളികള്‍ അവരുടെ കറവപ്പശുക്കളുമായതായാണ് ചരിത്രം. തൊഴിലാളികളുടെ അവകാശങ്ങള്‍ നേടുന്നതിനുള്ള സമരങ്ങളല്ല പിന്നീട് നടന്നിട്ടുള്ളത്. അവര്‍ നടത്തിയ സമരങ്ങളെല്ലാം രാഷ്ട്രീയ സമരങ്ങളായിരുന്നു. നാടിന് ഒട്ടും അഭിമാനിക്കാന്‍ വകയില്ലാത്തവിധം തൊഴിലാളികളെ രാഷ്ട്രീയ ആയുധമാക്കിയ സമരങ്ങളാണ് പിന്നീട് നടന്നിട്ടുള്ളത്. കയറിനേയും കരപ്പുറത്തേയും കുറിച്ച് എഴുതുമ്പോള്‍ കയര്‍ തൊഴിലാളിയുടെ പേരില്‍ ഇവിടെ നടന്നതെല്ലാം പറയാതെ മുന്നോട്ടു പോകാന്‍ കഴിയില്ല. വന്‍കിട കയര്‍ ഫാക്ടറികളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ അക്കാലത്ത് പണിയെടുത്തിരുന്നു. ഇവരില്‍ മഹാഭൂരിപക്ഷവും കരപ്പുറത്തുകാരായിരുന്നു. മുടങ്ങാതെ ജോലി, കൃത്യമായ ദിവസങ്ങളില്‍ കൂലി ഇതെല്ലാം ഇവര്‍ക്ക് കിട്ടിയിരുന്നു. അന്നത്തെക്കാലത്ത് സുഭിക്ഷമായി ജീവിച്ചുവന്നവരാണ് കയര്‍ ഫാക്ടറി തൊഴിലാളികള്‍. ഇവര്‍ അക്കാലത്തെ പരിഷ്‌കാരികളുമായിരുന്നു. നല്ല പശയില്‍ മുക്കിയുണക്കി തേച്ച് വടിപോലെയാക്കിയ ഷര്‍ട്ടും കോളറിനകത്ത് ഒരു തൂവാലയും ഫിറ്റ് ചെയ്ത് വലിയ ഒരു ഓട്ടു ചോറ്റുപാത്രവും തൂക്കിപ്പിടിച്ചുകൊണ്ട് നിരനിരയായി പോകുന്ന കയര്‍ ഫാക്ടറി തൊഴിലാളികള്‍ സമപ്രായക്കാരില്‍ അസൂയ ഉളവാക്കിയിരുന്നു. ഇങ്ങനെ തേച്ച ഷര്‍ട്ട് ഉടയാതെ ഒരു ആഴ്ച മുഴുവന്‍ ധരിക്കുന്നവരും ഉണ്ടായിരുന്നു. ഷര്‍ട്ട് ഉടയാതിരിക്കാന്‍ ബലം പിടിച്ചുള്ള അവരുടെ നടത്ത ഒന്നു കാണേണ്ട കാഴ്ചതന്നെയായിരുന്നു. ഇവരില്‍ പലരും മീശവെയ്ക്കാത്ത ക്ലീന്‍ ഷേവ് മുഖം ഉള്ളവരായിരുന്നു. മീശവെയ്ക്കുന്നവര്‍ സ്റ്റാലിന്റെ കൊമ്പന്‍ മീശയാണ് വെച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവരുടെമേല്‍ സ്വാധീനം തുടങ്ങിയ കാലമാണത്. സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ ഭരണമാണ്. 1924ല്‍ ലെനിന്റെ കാലശേഷം സ്റ്റാലിന്‍ അധികാരത്തില്‍ വന്നിരുന്നു. പിന്നീട് 1954ല്‍ മരിക്കുന്നതുവരെ അദ്ദേഹമായിരുന്നു സോവിയറ്റ് യൂണിയന്റെ സാരഥി. അക്കാലത്തെ കമ്മ്യൂണിസ്റ്റ് പ്രചരണങ്ങള്‍ മുഴുവന്‍ സോവിയറ്റ് യൂണിയന്റെ വളര്‍ച്ചയെക്കുറിച്ചും സ്റ്റാലിന്റെ നേതൃത്വത്തില്‍ അവിടെ നടക്കുന്ന വമ്പന്‍ പരിഷ്‌കാരങ്ങളെക്കുറിച്ചുമായിരുന്നു. കയര്‍ തൊഴിലാളി സുഹൃത്തുക്കളെല്ലാം കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ പറയുന്നത് അതേപടി വിശ്വസിച്ചു. അതുകൊണ്ടാണവര്‍ സ്റ്റാലിന്റെ മീശ വെച്ചിരുന്നത്. സ്റ്റാലിന്റെ മീശതാന്‍ മീശ-യാമീശപോ- ലീലോകത്തിന്നൊരു മീശയില്ല ഇന്നിപ്പോള്‍ റഷ്യയെ നോക്കി പഠിക്കണം മന്നിതില്‍ നാമൊക്കെ മീശവെയ്ക്കാന്‍ 1946ല്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ 'പാടുന്ന പിശാച്' എന്ന കവിതാ സമാഹാരത്തില്‍ അക്കാലത്തെ സോവിയറ്റ് ഭക്തരായ കമ്മ്യൂണിസ്റ്റുകാരെ കളിയാക്കി എഴുതിയതാണിത്. കയര്‍ ഫാക്ടറി തൊഴിലാളികളെ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാക്കിക്കൊണ്ട് പാര്‍ട്ടിയുടെ സംഘശക്തി ബാഹ്യലോകത്തെ അറിയിക്കുക എന്ന ലക്ഷ്യം മാത്രമാണ് അക്കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്കുണ്ടായിരുന്നത്. ആ ലക്ഷ്യത്തില്‍ നേതാക്കന്മാര്‍ വിജയിച്ചു. പക്ഷേ കയര്‍ തൊഴിലാളികള്‍ എവിടെ എത്തി എന്നത് നമുക്ക് വിശദമായി പരിശോധിക്കേണ്ടതായിട്ടുണ്ട്. കോളേജുകളില്‍ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാന്‍ വളരെ എളുപ്പമാണ്. കാരണം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എന്നും കൃത്യമായി കോളേജില്‍ എത്തും. അവരെ വീട്ടില്‍പോയി കാണേണ്ടതില്ല. അവര്‍ ഒന്നിച്ചു എന്നും കോളേജ് ക്യാമ്പസില്‍ വരുമല്ലോ. വിളിച്ചിരുത്തി പ്രസംഗിക്കുന്ന ജോലി മാത്രമേ നേതാവിനുള്ളൂ. അതുപോലെയായിരുന്നു കയര്‍ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാക്കിയതും. ദിവസവും ആയിരക്കണക്കിന് തൊഴിലാളികള്‍ രാവിലെ കയര്‍ഫാക്ടറിയിലെത്തും. വൈകുന്നേരം അവര്‍ കൂട്ടമായി പുറത്തിറങ്ങും. താറാവിന്‍കൂട്ടങ്ങളെ തെളിച്ചുകൊണ്ട് പോകുന്നതുപോലെ അവരെ യൂണിയന്‍ ഓഫീസ് അങ്കണത്തിലെത്തിക്കുന്നു. പിന്നീട് ഘോരഘോര പ്രസംഗങ്ങള്‍, ക്ലാസുകള്‍ സോവിയറ്റ് യൂണിയനില്‍ തൊഴിലാളികള്‍ അധികാരം പിടിച്ചെടുത്ത കഥ, സ്റ്റാലിന്റെ നേതൃത്വത്തിലുള്ള വമ്പിച്ച കമ്മ്യൂണിസ്റ്റ് കുതിച്ചുകയറ്റങ്ങള്‍, തൊഴിലാളി സംഘടിച്ച് മുന്നേറിയാല്‍ നാളെ ഇവിടേയും അങ്ങനെയുള്ള നേട്ടങ്ങള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനം. ഇതെല്ലാം കേട്ട് തൊഴിലാളികള്‍ ആവേശഭരിതരായി സ്റ്റാലിനെ ഓര്‍ത്ത് രോമാഞ്ചംകൊണ്ട് പിരിയുന്നു. (തുടരും) |
| < മുന്‍ പേജ് | അടുത്തത് > |
|---|

കരപ്പുറത്തെ കയര്‍ തൊഴിലാളികളെ കമ്യൂണിസ്റ്റുകള്‍ പാട്ടിലാക്കി
-°C 