| കേരളത്തെ വീണ്ടെടുക്കാന്‍-3 |
പുതുപാഠങ്ങള്‍, പദാവലികള്പി.സി വിഷ്ണുനാഥ് എം.എല്‍.എ നമ്മുടെ സാമൂഹിക-രാഷ്ട്രീയ രംഗം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാനപ്രശ്‌നം ഇടത്തരക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരുടെയും അധികാരവത്കരണമാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നയരൂപീകരണത്തില്‍ ജാതിയും മതവും ചെലുത്തുന്ന സ്വാധീനം പോലെ സമ്പന്നരും ആധിപത്യം പുലര്‍ത്തുന്നു. ഉത്തരേന്ത്യയില്‍ മാത്രമല്ല കര്‍ണ്ണാടകയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലുമൊക്കെ കോടിശ്വരന്‍മാര്‍ സ്ഥാനാര്‍ത്ഥികളാവുന്നതും അധികാരത്തിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ എത്തുന്നതും വിസ്മയമില്ലാത്ത കാര്യമാണ്. എന്നാല്‍ കേരളത്തിലും വിദൂരമല്ലാത്ത ഭാവിയില്‍ ഇത് സംഭവിക്കാനിടയുണ്ട്. സ്ത്രീകള്‍, ദളിത് -ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ഒറ്റപ്പെടല്‍ അയിത്തോച്ഛാടന കാലത്തെ സാമൂഹിക അവസ്ഥയിലേക്ക് കേരളത്തെ തള്ളിവിടുകയാണ്. സോളിഡാരിറ്റി പോലുള്ള സാമുദായിക-തീവ്രവാദ പ്രസ്ഥാനങ്ങളും ദളിത് തീവ്രവാദപ്രസ്ഥാനങ്ങളും മാവോയിസ്റ്റുകളും അവസരം തേടുന്നത് ഇത്തരം മേഖലകളിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല അവരുടെ പോഷകസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വനിത-ദളിത്-ആദിവാസി സംഘടനകള്‍ പോലും ഈ പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ഇച്ഛയും വിശ്വാസ്യതയും നേടിയെടുക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു ദുരവസ്ഥയും ഇവിടെ നിലനില്‍ക്കുന്നു. സമാനമായ ഇത്തരം ഒരവസ്ഥ ക്യാംപസുകളെയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. ലിംഗ്‌ദോ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും കോടതിവിധികളും ക്യാംപസിന്റെ ജനാധിപത്യ ബോധത്തിനേല്‍പ്പിച്ച പരുക്ക് ചില്ലറയല്ല. ഒരു ഭാഗത്ത് കോടതിവിധി സൃഷ്ടിച്ച അരാഷ്ട്രീയവാദവും മറുഭാഗത്ത് എസ് എഫ് ഐ പോലുള്ള സംഘടനകള്‍ നടപ്പാക്കിയ അക്രമരാഷ്ട്രീയവും ക്യാംപസിലെ ജനാധിപത്യ പ്രക്രിയയെയും ബഹുസ്വരതയെയും പൂര്‍ണ്ണമായും തകര്‍ത്തു. ക്യാംപസിലെ രാഷ്ട്രീയ നിരോധനത്തെ എതിര്‍ക്കാന്‍ വീറും വാശിയും കാണിക്കുന്ന എസ് എഫ് ഐ അതേ ക്യാംപസുകളില്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും കൊടി നാട്ടാന്‍ ഇടം നല്‍കിയില്ല. പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ പാര്‍ട്ടി ക്യാംപസുകള്‍ സ്ഥാപിക്കുന്ന ഇത്തരം ഫാസിസ്റ്റ് നടപടികള്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ പ്രഹസനമാക്കി മാറ്റി. ആത്മധൈര്യവും ജനാധിപത്യബോധവും ഉള്ള ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ കോളജ് യൂണിയന്‍തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുത്താല്‍ ഭീഷണിപ്പെടുത്തി മത്സരങ്ങളില്‍ നിന്ന് പിന്‍മാറ്റുന്ന സംഭവങ്ങള്‍ ക്യാംപസുകളില്‍ സര്‍വ്വ സാധാരണമായി. ഇത്തരം അരാഷ്ട്രീയവാദങ്ങളും അക്രമങ്ങളും സൃഷ്ടിച്ച ഇടങ്ങളിലേക്കും വര്‍ഗ്ഗീയ ഫാസിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ കടന്നുകയറി. കഴിഞ്ഞ ഒന്ന് രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ കേരളീയ ക്യാംപസുകളില്‍ സംഭവിച്ച ഫാസിസ്റ്റ് വത്കരണവും വര്‍ഗ്ഗീയവത്കരണവും ചെറുതായി കാണാനാവില്ല. ക്യാംപസുകളില്‍ അക്രമോത്സുകമായ ഒരു രാഷ്ട്രീയസംസ്‌കാരത്തിന് തുടക്കമിട്ട എസ് എഫ് ഐ തന്നെയാണ് രാഷ്ട്രീയ നിരോധനം പോലുള്ള പ്രതിലോമങ്ങളായ കോടതിനടപടികളെ ക്ഷണിച്ചുവരുത്തിയത്. അരാഷ്ട്രീയ വാദം തഴച്ചുവളരുന്നതിലും വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍ ക്യാംപസുകളില്‍ കാലൂന്നുന്നതിനും ഇവരുടെ അസഹിഷ്ണുതയും അക്രമവും തന്നെയാണ് കാരണമായത്.ആഡംബരത്തോടും ദുര്‍വ്യയത്തോടുമുള്ള മലയാളിമനസ്സിന്റെ പ്രതിപത്തി വര്‍ധിച്ചുവരികയാണ്. വിവാഹം, ജന്മദിനാഘോഷം, മരണാനന്തര ചടങ്ങുകള്‍, ഗൃഹപ്രവേശം തുടങ്ങി എല്ലാറ്റിലും പ്രകടമാവുന്ന ധാരാളിത്തം കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രത തകര്‍ക്കുന്നു. മിതവ്യയ ശീലവും സമ്പാദ്യശീലവും മറന്നുപോയ മലയാളിയുടെ ചിന്ത എളുപ്പത്തില്‍ എങ്ങനെ സമ്പന്നനാകാം എന്നതാണ്. ഈ ധനമോഹമാണ് സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമാവുന്നത്. സമൂഹത്തിന് മാതൃകയാവേണ്ട രാഷ്ട്രീയപ്രവര്‍ത്തകരടക്കമുള്ള പൊതുപ്രവര്‍ത്തകരുടെ ആഡംബരവും ജീവിതശൈലികളും ഫാഷന്‍ തരംഗം പോലെ പടര്‍ന്നുകയറുകയാണ്. സിനിമാ താരങ്ങള്‍ക്കൊത്ത ധാടിയും മോടിയും രാഷ്ട്രീയപ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത് ആശാസ്യകരമല്ല. ഉത്സവങ്ങള്‍, ഉറൂസുകള്‍, പള്ളിപ്പെരുന്നാളുകള്‍, രാഷ്ട്രീയപാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയവ ധനധൂര്‍ത്തിന്റെയും പ്രകടനാത്മകതയുടെയും വേദികളാവുമ്പോള്‍ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ അശുദ്ധി കലരുന്നു. ഈയിടെ കോഴിക്കോട്ട് നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ ആഡംബരവും പണത്തിന്റെ കുത്തൊഴുക്കും ആരെയും ലജ്ജിപ്പിക്കുന്നതായിരുന്നു.ആത്മീയതയുടെ മണ്ഡലത്തില്‍ ദൈവികതയുടെ ഇടം കയ്യേറി കാപട്യം പ്രതിഷ്ഠിപ്പിക്കപ്പെടുകയും ദൈവത്തേക്കാള്‍ ആള്‍ദൈവങ്ങള്‍ ഉയരം നേടുകയും ചെയ്ത കാലഘട്ടമാണിത്. മതങ്ങളുടെ പേരില്‍ ഒരു നൂറ്റാണ്ട് മുമ്പ് നടന്ന അത്യാചാരങ്ങളും അനാചാരങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഭക്തിയുടെ പേരില്‍ നടക്കുന്ന പ്രഹസനങ്ങളിലും പ്രകടനാത്മകതയിലും പങ്കുചേരാന്‍ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ പോലും ആവേശം കാണിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളിലെ മൂല്യക്ഷയവും അഴിമതിയും യുവാക്കളെ നിരാശരാക്കുന്നു. ഈ നിരാശ അരാഷ്ട്രീയവാദത്തെയും വര്‍ഗ്ഗീയതയെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ഇരകള്‍ ഭൂരിപക്ഷവും യുവാക്കള്‍ തന്നെ. ആത്മീയപ്രേരണ കൊണ്ടല്ല; പല യുവാക്കളും വര്‍ഗ്ഗീയ ഫാസിസത്തിന്റെ പ്രചാരകരായി തീരുന്നത്. സുഖം തേടിയുള്ള യുവതയുടെ യാത്രയില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റുകളും മാഫിയാ -ക്വട്ടേഷന്‍ സംഘങ്ങളും ഇവരുടെ ആഗ്രഹപൂര്‍ത്തീകരണത്തെ സഹായിക്കുന്നു. സമൂഹത്തില്‍ വളര്‍ന്നുവരുന്ന മദ്യാസക്തിയും മറ്റ് സുഖ ജീവിതലഹരികളും വഴിപിഴച്ച പോക്കിന്റെ വഴിത്താരകളായി തീരുകയാണ്. ആഗോളീകരണത്തിന്റെയും നവ തൊഴില്‍ സങ്കല്‍പ്പങ്ങളുടെയും അടിസ്ഥാനത്തില്‍ യോഗ്യതയ്‌ക്കൊപ്പം മികവും തൊഴിലിടങ്ങളിലെ പ്രധാനമാനദണ്ഡമായി മാറിയിരിക്കുകയാണ്. പരമ്പരാഗതമായ വിദ്യാഭ്യാസ രീതിയെയും തൊഴില്‍ രീതിയെയും മുറുകെ പിടിച്ച് യുവത്വത്തിന് മുന്നേറാനാവില്ല. തൊഴിലിനേക്കാള്‍ തൊഴില്‍ സുരക്ഷിതത്വമാണ് ഇന്നത്ത പ്രധാന പ്രശ്‌നം. ഐ ടി മേഖലകളിലും പുതുതലമുറ ബാങ്കുകളിലും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലും ഡയറക്ട് മാര്‍ക്കറ്റ് മേഖലകളിലും ആരോഗ്യശുശ്രൂഷാ രംഗത്തും നടക്കുന്ന ചൂഷണങ്ങള്‍ തൊഴിലില്ലായ്മയേക്കാള്‍ രൂക്ഷവും ദുരിതപൂര്‍ണ്ണവുമാണ്. നിയമത്തിന്റെ വഴിക്ക് വരാത്ത തൊഴില്‍ ചൂഷകരെ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം കൊണ്ട് തിരുത്തേണ്ടിവരും. പാര്‍ശ്വവത്കരിക്കപ്പെട്ട ദളിത്-പാരിസ്ഥിതിക-സ്ത്രീ മേഖലകളില്‍ യുവജനസംഘടനകളുടെ നോട്ടവും പങ്കാളിത്തവും മതിയായ രീതിയില്‍ ഇല്ലാതെ പോവുന്നു. ഈ ശൂന്യതകളാണ് ഫാസിസ്റ്റ് സംഘടനകളും പണം പറ്റുന്ന സന്നദ്ധ സംഘടനകളും കയ്യടക്കുന്നത്. ജനാധിപത്യ മതനിരപേക്ഷ സംഘടനകളുടെ പങ്കാളിത്തം ഈ രംഗങ്ങളില്‍ ഉറപ്പാക്കുന്നതിലും വിപുലപ്പെടുത്തുന്നതിലും യൂത്ത് കോണ്‍ഗ്രസ് ജാഗ്രതാപൂര്‍വ്വം പ്രവര്‍ത്തിക്കും. വികസനത്തിനും സ്വാശ്രയത്വത്തിനും വിരുദ്ധമായ അര്‍ത്ഥങ്ങളും ധ്വനികളും ഉയര്‍ന്നിരിക്കുന്ന കാലമാണിത്. സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങളില്‍ നല്ല വാക്കുകളായിരുന്നു വികസനവും സ്വാശ്രയത്വവും. ജനകീയതയും മനുഷ്യമുഖവും നഷ്ടപ്പെട്ട ഈ വാക്കുകളെ പ്രായോഗികതലത്തില്‍ ക്രിയാത്മകമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പരിശ്രമിക്കും. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലില്ലാത്ത നേട്ടങ്ങളാണ് എട്ടുവര്‍ഷത്തെ യു പി എ ഭരണത്തിലൂടെ നാം കൈവരിച്ചിരിക്കുന്നത്. ഐക്യകേരള രൂപീകരണത്തിന് ശേഷം സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മികച്ച ഭരണനേട്ടങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ പത്ത് മാസം കൊണ്ട് കൈവരിച്ചത്. പക്ഷേ രാഷ്ട്രീയവിവാദങ്ങളുടെ നിഴല്‍വീണ് എല്ലാ നേട്ടങ്ങള്‍ക്കും വേണ്ടത്ര തിളക്കം നല്‍കാന്‍ കഴിയാതെ പോവുന്നു. വിവാദങ്ങള്‍ വികസനത്തെ വിജയിപ്പിക്കില്ല. അത് ഊഷരതയും നാശവും വളര്‍ത്തും. പത്തുമാസത്തിനുള്ളില്‍ വികസനരംഗത്ത് ദിശാബോധത്തോടെയുള്ള ഒരു കുതിപ്പിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഴിയൊരുക്കിയെന്നത് ശുഭോദര്‍ക്കമാണ്. യുവാക്കള്‍ക്ക് തൊഴില്‍ പ്രതീക്ഷയേകുന്ന വികസന സംസ്‌കാരവും വിളനിലവും ഒരുക്കാന്‍ ചുരുങ്ങിയ കാലത്തിനിടെ സര്‍ക്കാറിന് സാധിച്ചു. കൊച്ചിയിലും കോഴിക്കോട്ടും മെട്രോറെയില്‍ പദ്ധതികള്‍, സ്മാര്‍ട്ട്‌സിറ്റി, പാലക്കാട് കോച്ച് ഫാക്ടറി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന സംരംഭങ്ങള്‍ക്ക് പുതുജീവനേകാന്‍ ശക്തമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. ഒരു വര്‍ഷം മുമ്പുവരെ ലോട്ടറിയെക്കുറിച്ച് നമ്മുടെയിടയില്‍ നിലനിന്ന ധാരണയെ പൊളിച്ചെഴുതി, കാരുണ്യ ലോട്ടറിയിലൂടെ നിര്‍ധന രോഗികളുടെ കണ്ണീരൊപ്പാനുള്ള യജ്ഞത്തിന് തുടക്കമിട്ടു. യുവാക്കളെ ലക്ഷ്യമിട്ട് സ്വയംസംരംഭകത്വ മിഷനുള്‍പ്പെടെയുള്ള നൂതനസരണികള്‍ സര്‍ക്കാര്‍ തെളിയിച്ചു. ഇതെല്ലാം വലിയൊരു മാറ്റത്തിന്റെ, കുതിപ്പിന്റെ തുടക്കമായാണ് കാണാന്‍ സാധിക്കുന്നത്. ലോകത്തിന്റെയും കാലത്തിന്റെയും മാറിയ ഗുരുമുഖങ്ങളില്‍ നിന്ന് പുതിയ പദാവലികളും പാഠങ്ങളും ഉള്‍ക്കൊണ്ട് നവ്യമായ വികസന സംസ്‌കാരവും പുത്തന്‍ സ്വാശ്രയ അവബോധവും ഉണര്‍ത്തുകയും വളര്‍ത്തുകയുമാണ് യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്ന യുവജനയാത്രയുടെ ലക്ഷ്യം. ഇതൊരു രാഷ്ട്രീയ മുദ്രാവാക്യമല്ല. വികസിത കേരളത്തിനും സ്വാശ്രയയുവത്വത്തിനും വേണ്ടിയുള്ള കര്‍മ്മ വീഥികളുടെ നിര്‍മ്മിതിയാണ്. (അവസാനിച്ചു) |
| < മുന്‍ പേജ് | അടുത്തത് > |
|---|

പുതുപാഠങ്ങള്‍, പദാവലികള്‍
-°C 