|
ഇന്ത്യയുടെ വിജയകരമായ മിസൈല്‍ വിക്ഷേപണത്തിന് ചൈനയുടെ വിമര്‍ശനം |
ബെയ്ജിങ്: അഗ്‌നി 5 മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിനെതിരെ ചൈനയുടെ വിമര്‍ശനം. ഇന്ത്യയ്ക്ക് മിസൈല്‍ മിഥ്യാബോധമാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും അഗ്‌നി മിസൈലിന്റെ പ്രഹരപരിധിയില്‍ വരുന്നുണ്ടെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ആയുധ മത്സരത്തില്‍ ഇന്ത്യ ചൈനയുടെ അടുത്തെങ്ങുമെത്തില്ല എന്നും ലേഖനം പറയുന്നു. ഭൂഖണ്ഡാന്തര മിസൈലുകള്‍ സ്വന്തമാക്കിയ രാജ്യങ്ങളുടെ ശ്രേണിയിലെത്താനാണ് ഇന്ത്യയുടെ ശ്രമം. എന്നാല്‍, പൊതുവേ ഭൂഖണ്ഡാന്തര മിസൈലുകളുടെ പ്രഹരശേഷി എണ്ണായിരം കിലോമീറ്ററാണ്. ഇന്ത്യയുടേതാകട്ടെ അയ്യായിരം കിലോമീറ്റര്‍ മാത്രവും. മിസൈല്‍ സാങ്കേതികരംഗത്ത് ഇന്ത്യ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍, അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തില്‍ ഏറെ പിന്നിലാണ് ഇന്ത്യ ഇപ്പോഴുമെന്നും ലേഖനം വിശദമാക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
|