പ്രതിരോധ സുരക്ഷയ്ക്ക് ഒരു പൊന്‍തൂവല്‍
Image ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുള്ള പ്രാമാണിക ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇന്നലെ ഇടംപിടിച്ചു.
 അഗ്നി-5 ന്റെ വിക്ഷേപണ വിജയത്തെ തുടര്‍ന്നാണ് അഭിമാനകരമായ ഈ നേട്ടം. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ ഇന്നലെ കാലത്ത് നടന്ന അഗ്നിയുടെ വിക്ഷേപണവിജയം ഡി.ആര്‍.ഡി.ഒയുടെ പരീക്ഷണ പ്രക്രിയയില്‍ ഒരു നാഴികക്കല്ലായി തീര്‍ന്നിരിക്കുന്നു. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കുപുറമേ ഭൂഖണ്ഡാന്തര മിസൈല്‍ സ്വന്തമാക്കുന്ന ഇന്ത്യ പ്രതിരോധരംഗത്ത് വന്‍ കുതിപ്പാണ് നടത്താന്‍പോകുന്നത്. പ്രതിരോധ ഗവേഷണം യുദ്ധത്തിനുവേണ്ടി മാത്രമല്ല, അഗ്നി-5 പോലെയുള്ള ആഗ്നേയാസ്ത്രങ്ങള്‍ സമാധാനം ഉറപ്പിക്കാന്‍ കൂടിയുള്ളതാണ്. ''പീസ് ഒഫന്‍സ്'' എന്ന പ്രയോഗം പുതിയതല്ല. യുദ്ധക്കൊതിയന്‍മാരായ ശത്രുക്കളെ വിരട്ടാന്‍ പ്രഹരശേഷിയുള്ള ആയുധം കയ്യിലുണ്ടാവണം. ഒരിക്കലും പ്രയോഗിക്കേണ്ടിവരില്ലെന്നുവരാം. അതൊരുവശം.
 
ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ അതിദ്രുതം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ ശാസ്ത്രസ്ഥാപനങ്ങളും ശാസ്ത്രജ്ഞരും ഈയിടെ ചില വിവാദങ്ങളില്‍പ്പെട്ടെങ്കിലും അനുസ്യൂതമായ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അവയൊന്നും യാതൊരു തടസ്സവും ഉണ്ടാക്കുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് തുമ്പയില്‍ എസ്.എല്‍.വി-3 വികസിപ്പിച്ചതോടെ തുടക്കംകുറിച്ച പ്രപഞ്ചാന്വേഷണ തൃഷ്ണ കാലാവസ്ഥാ പഠനത്തിലും ചാന്ദ്രപര്യവേഷണത്തിലും എത്തിനില്‍ക്കുകയാണ്. ഭൂമിയിലെ ജീവജാലങ്ങളുടെ സുരക്ഷിതമായ നിലനില്‍പ്പിന് അന്തരീക്ഷപഠനം മാത്രം പോര. പ്രപഞ്ചരഹസ്യങ്ങള്‍കൂടി അറിയേണ്ടതുണ്ട്. അനന്തവും അജ്ഞാതവും അവര്‍ണനീയവുമായ പ്രപഞ്ചവിസ്മയത്തിന്റെ പൊരുള്‍ മനുഷ്യന്റെ ചിരന്തന കൗതുകങ്ങളിലൊന്നാണ്. മഴയും മേഘങ്ങളും ശീതോഷ്ണസ്ഥിതികളും മാത്രമല്ല കാലാവസ്ഥാപഠനം, പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള കൗതുകകരമായ പ്രയാണവും അതില്‍പ്പെടും.
 
അണുവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് വിജയപൂര്‍വ്വം വിക്ഷേപിക്കപ്പെട്ട അഗ്നി-5. അയ്യായിരം കിലോമീറ്റര്‍ ചുറ്റളവില്‍ അതിന് പ്രഹരപരിധിയുണ്ട്. ഡി.ആര്‍.ഡി.ഒ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഈ മിസൈല്‍. ഒരു ടണ്ണിലേറെ ഭാരം വരുന്ന ആയുധം പേറാന്‍ ശേഷിയുള്ള മിസൈലിന് 17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുണ്ട്. വൈകാതെ ഇത് ഇന്ത്യന്‍ പ്രതിരോധസേനയുടെ ഭാഗമായിത്തീരും. നൂതനമായ ഈ ആഗ്നേയാസ്ത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രതിരോധമന്ത്രി എ.കെ ആന്റണിയും അഭിനന്ദിച്ചു. പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ നാലുവര്‍ഷത്തെ നിരന്തര പരിശ്രമത്തിന്റെ വിജയപ്രാപ്തിയാണ് ഇന്നലെ ഒഡീഷയിലെ വീലര്‍ ദ്വീപില്‍ കണ്ടത്. അഗ്നി-5ന്റെ രൂപകല്‍പനയോടനുബന്ധിച്ച് ചെറുതും വലുതുമായ നിരവധി അനുബന്ധ ഘടകങ്ങളുടെ വികസനത്തിനായി കുടില്‍ വ്യവസായം പോലെ വളര്‍ന്ന സംരംഭങ്ങളെയും ഈ അവസരത്തില്‍ മറന്നുകൂടാ.
 
ഉത്തരകൊറിയ പോലെയുള്ള രാജ്യങ്ങള്‍ പലതവണ പരാജയപ്പെട്ട ശാസ്ത്ര സാങ്കേതിക പരീക്ഷണ മേഖലയിലാണ് ജനാധിപത്യ ഇന്ത്യ വിജയക്കൊടി നാട്ടിയിരിക്കുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യയ്‌ക്കൊരു യുദ്ധോപകരണമല്ല. ദേശീയ സുരക്ഷയുടെ ഒരു പ്രതീകമാണ്. ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസസുരക്ഷ, ആരോഗ്യസുരക്ഷ എന്നിങ്ങനെ ഇക്കാലത്ത് മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ അവകാശമായി മാറിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ദേശീയ സുരക്ഷയും ജനങ്ങളുടെ ഒരു അവകാശം തന്നെയാണ്. അഗ്നി-5 അക്കാര്യത്തില്‍ രാജ്യത്തിന്റെ അഭിമാനവും മുതല്‍ക്കൂട്ടുമാണ്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls