ഒരു ദേശത്തിന്റെ കഥ-16
Imageഅടിമക്കച്ചവടം നിറുത്തലാക്കിയ റാണി
ഡി.സുഗതന്‍
എഡി. 1754ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പടയോട്ടം നടത്തി പിടിച്ചെടുത്ത് തിരുവിതാംകൂറിനോട് ചേര്‍ക്കുന്നതുവരെ കരപ്പുറം കൊച്ചി രാജ്യത്തിന് കീഴിലായിരുന്നു എന്നുനാം കണ്ടു. 1762ല്‍ ഒരു സമ്പൂര്‍ണ്ണ സന്ധി തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ കരപ്പുറം സംബന്ധിച്ചു ഉണ്ടാക്കി. 1754 വരെ കരപ്പുറത്ത് നിലനിന്ന സാമൂഹ്യവ്യവസ്ഥിതി തെക്ക് തിരുവിതാംകൂറിലും വടക്ക് കൊച്ചിയിലും നിലനിന്നതുപോലെ തന്നെയായിരുന്നു. 72 നാട്ടുപ്രമാണിമാരുടെ നേതൃത്വത്തിലുള്ള മാടമ്പി ഭരണമാണ് കരപ്പുറത്ത് നിലനിന്നിരുന്നത്. ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതി അതിന്റെ പാരമ്യത്തിലായിരുന്നു. നമ്പൂതിരി ബ്രാഹ്മണനും, നായന്മാരും സമൂഹത്തിലെ ഉന്നത സ്ഥാനീയരായി. അവര്‍ക്ക് ഭരണകൂടത്തിന്റെ പിന്‍ബലവും ആയുധ ശക്തിയും ഉണ്ടായിരുന്നു.
 
നമ്പൂതിരിയും നായന്മാരും നടക്കുന്ന വഴിയില്‍ അവര്‍ക്കു മുമ്പേ ഹോയ്, ഹോയ് വിളിച്ചുകൊണ്ട് ഒരു പരിചാരകന്‍ നടന്നുപോകും. ഈ ഹോയ് വിളികേട്ടാലുടന്‍ ഈഴവരും മറ്റ് താഴ്ന്ന ജാതിക്കാരും വഴിമാറിപ്പോകണം. അതിന് ക്ലിപ്തമായ ഒരകലം പറഞ്ഞിട്ടുണ്ട്. ആ അകലത്തിനുള്ളില്‍ തീണ്ടല്‍ ജാതിക്കാരന്‍ പെട്ടാല്‍ സവര്‍ണ്ണന്‍ അശുദ്ധനാകും. അങ്ങനെ തീണ്ടി അശുദ്ധി വരുത്തിയ തീണ്ടല്‍ ജാതിക്കാരനെ നായര്‍ക്ക് വെട്ടിക്കൊല്ലാം. ഇതായിരുന്നു അന്നത്തെ സ്ഥിതി. തീണ്ടിയതിന്റെ പേരില്‍ നായരുടെ വാളിനിരയാകുന്നത് ഒരു  ഈഴവനാകാം, പുലയനാകാം അല്ലെങ്കില്‍ പറയനോ മറ്റേതെങ്കിലും താഴ്ന്ന ജാതിക്കാരനാകാം. നായരുടെ മുമ്പില്‍ ഈഴവന്‍ തീണ്ടല്‍ ജാതിക്കാരനായിരുന്നു. അതുപോലെ പുലയരും പറയരും മറ്റും ഈഴവന്റെ മുന്നില്‍ തീണ്ടല്‍ ജാതിക്കാരായിരുന്നു. നായരുടെ മുന്നില്‍ കൊച്ചായിപ്പോകുന്ന ഈഴവന്‍ അതിന് പുലയനോടും പറയനോടും അയിത്തം കല്‍പ്പിച്ച് പകരം വീട്ടി. ഇങ്ങനെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാല്‍ ദോഷമുള്ളവരും, തമ്മിലുണ്ണാത്തവരുമായ ഒരു ജനസമൂഹമായിരുന്നു തെക്കും വടക്കും ഉള്ളതുപോലെ കരപ്പുറത്തും 1754 വരെ ഉണ്ടായിരുന്നത്.
 
ഇക്കാലത്ത് അടിമക്കച്ചവടവും ഇവിടെ നിലനിന്നിരുന്നു. പറയര്‍, പുലയര്‍, വേടര്‍, ഉള്ളാടന്മാര്‍ എന്നിവര്‍ ധനികരുടെ അടിമകളായിരുന്നു. അതേക്കുറിച്ച് എ.ശ്രീധരമേനോന്‍ ഇങ്ങനെ പറയുന്നു: “കൃഷിപ്പണിക്ക് വേണ്ടി ഭൂമിയുമായി ബന്ധപ്പെടുത്തി ഭൂഉടമകള്‍ സൂക്ഷിച്ചിരുന്ന അടിമകള്‍ക്ക് കണക്കുണ്ടായിരുന്നില്ല. കന്നുകാലികളെപ്പോലെ അവരെ ക്രയവിക്രയം ചെയ്തിരുന്നു. അടിമകളെ കൊല്ലാന്‍ പോലുമുള്ള ജന്മിമാരുടെ അവകാശത്തെക്കുറിച്ച് ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല.” (കേരള ചരിത്രം - എ.ശ്രീധരമേനോന്‍) തിരുവിതാംകൂറില്‍ അക്കാലത്ത് 1,65,000 അടിമകള്‍ ഉണ്ടായിരുന്നു. അതില്‍ 41000 പേര്‍ സര്‍ക്കാര്‍ അടിമകളായിരുന്നു. ഈ ഇനത്തില്‍ തലവരിപ്പണമായി സര്‍ക്കാരിന് 165000 പണം കിട്ടിയിരുന്നു. ഇതേ കാലഘട്ടത്തില്‍ കൊച്ചി രാജ്യത്ത് 40000 അടിമകളാണുണ്ടായിരുന്നത്. അതില്‍ 19000 അടിമകള്‍ സര്‍ക്കാര്‍ വകയായിരുന്നു. ഈ രണ്ട് കണക്കിലും ഉള്‍പ്പെട്ട് കരപ്പുറത്തും അടിമകള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം. ഈ അടിമകളെ കാളകള്‍ക്കൊപ്പം കലപ്പയില്‍ കെട്ടി പൂട്ടുമായിരുന്നു. മൊറിഷ്യസിലേക്കും മറ്റും അടിമകളെ വില്‍ക്കുമായിരുന്നു. 14 രൂപയായിരുന്നു ഒരു അടിമയുടെ വില. തീണ്ടല്‍ ജാതിയായി മാറ്റി നിര്‍ത്തിയിരുന്നെങ്കിലും ഈഴവര്‍ അടിമകളായിരുന്നില്ല.
 
തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന റാണി ഗൗരിലക്ഷ്മിഭായിയുടെ ഭരണകാലത്താണ് ഏ.ഡി. 1812 ല്‍ ഒരു പ്രത്യേക വിളംബരം മൂലം അടിമക്കച്ചവടം അവസാനിപ്പിച്ചത്. അതിനര്‍ത്ഥം 1812 വരെ തിരുവിതാംകൂറില്‍ അടിമക്കച്ചവടം നടന്നിരുന്നു എന്നാണ്. കരപ്പുറത്തും അതുണ്ടായിരുന്നു.
ഈഴവര്‍ മുതല്‍ താഴോട്ടുള്ള സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അക്കാലത്ത് അനുവാദമില്ലായിരുന്നു. 1847 മുതല്‍ 1860 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് 1859 ലെ ഒരു പ്രത്യേക വിളംബരം മൂലം തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയത്. മറ്റ് പ്രദേശങ്ങളില്‍ പിന്നീട് കുറേക്കാലം കഴിഞ്ഞാണ് മാറുമറയ്ക്കാന്‍ അനുവാദം കിട്ടിയത്. തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ ലഹളയെ തുടര്‍ന്നാണ് ആദ്യം അവര്‍ക്ക് അനുമതി കിട്ടിയത്. ഇതിനര്‍ത്ഥം 1859 വരെ തിരുവിതാംകൂറില്‍പ്പെട്ട പ്രദേശത്ത് ഈഴവരാദി പിന്നോക്ക സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമില്ലായിരുന്നു എന്നാണ്. കരപ്പുറത്തെ സ്ഥിതിയും അതുതന്നെയായിരുന്നു. 153 വര്‍ഷം മുമ്പുവരെയും. ഇതുവരെ പറഞ്ഞുവന്നത് മാറുമറയ്ക്കുവാനുള്ള അവകാശം ലഭിച്ചതിനെക്കുറിച്ചാണ്.
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ഒന്നര പതിറ്റാണ്ടുവരെ ഈഴവരാദി പിന്നോക്ക വിഭാഗത്തിലെ സ്ത്രീകള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു കരം കൊടുക്കണമായിരുന്നു. മുലക്കരം. വലിപ്പം അനുസരിച്ച് കരത്തിന് ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എല്ലാക്കാലത്തും  സ്വതന്ത്ര സ്വഭാവവും ചോദ്യ ചെയ്യാനുള്ള  മന:സ്ഥിതിയുമുള്ള റിബല്‍ സ്വഭാവികളായിരുന്നു ഈഴവരിലെ ആണും പെണ്ണും. അക്കാലത്ത് കരപ്പുറത്ത് ചേര്‍ത്തലയിലെ ഒരു ഈഴവസ്ത്രീ മുലക്കരത്തിനെതിരെ ഭരണകൂടത്തോട് പ്രതിഷേധിച്ച കഥ കേട്ടിട്ടില്ലേ...? (ബോക്‌സ് കാണുക)
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls