പിണറായി കല്‍പ്പിക്കും കാരാട്ട് അനുസരിക്കും
Imageഇത്തിരി സഹൃദയത്വമെങ്കിലും ബാക്കിയുണ്ടെങ്കില്‍ വി.എസ്.അച്യുതാനന്ദന്റെ ഏതൊരു ശത്രുവിനും അദ്ദേഹത്തോടു സഹതാപമുണ്ടാകാനിടയാക്കുന്ന പരിണാമത്തിലേക്ക് സി.പി.എമ്മിലെ വിഭാഗീയതയെ സംക്രമിപ്പിച്ച നാടകീയതയുമായാണ് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്നലെ കോഴിക്കാട്ട് കൊടിയിറങ്ങിയത്.
പി.ബിയില്‍ തിരിച്ചുവരാനുള്ള വി.എസിന്റെ അഭിലാഷം എന്നേക്കുമായി തല്ലിക്കെടുത്തിയ പിണറായി കേന്ദ്ര സമിതിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ കേരള ഘടകത്തെ അണിനിരത്തി നടത്തിയ നീക്കവും അതിചടുലമായിരുന്നു.സ്വന്തം തട്ടകത്തില്‍നിന്നു മാത്രമായിരുന്നു പാരവെപ്പെന്നു വ്യക്തമായി മനസ്സിലാക്കിയിട്ടും വിധേയനായി മടങ്ങാനല്ലാതെ  മറുത്തൊരക്ഷരം പുലമ്പാന്‍ പോലും കഴിയാത്തവിധം വി.എസിനു വീര്യം കെട്ടുപോയതും ഇന്നലെ ലോകം ദര്‍ശിച്ചു.
 
തന്റെയും മകന്റെയും പേരിലുള്ള കേസുകള്‍ നേരിടാന്‍ പാര്‍ട്ടി സഹായിക്കണമെന്നതിനപ്പുറം മറ്റൊരാവശ്യവും ഇനി അദ്ദേഹത്തിനുന്നയിക്കാനാകാത്ത അവസ്ഥയില്‍ കാര്യങ്ങളെത്തിച്ചുകൊണ്ട് വെട്ടിനിരത്തലില്‍ പൂര്‍ണവിജയം നേടിയിരിക്കുന്നു പിണറായി,കാരാട്ടിന്റെ അകമഴിഞ്ഞ പിന്തുണയോടെ.  പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രകാശ് കാരാട്ട് തികഞ്ഞ പരാജയമാണെന്ന്  വൃന്ദാ കാരാട്ട് പോലും സമ്മതിച്ചുപോകുന്ന അവസ്ഥയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നത്്.അതുകൊണ്ടുതന്നെ ആരുടെ കാല്‍ പിടിച്ചായാലും കസേര നിലനിര്‍ത്തുകയെന്ന ഏക അജണ്ടയിലേക്കു കാരാട്ട് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ പിണറായിക്ക് കാര്യങ്ങള്‍ ഏറ്റവും എളുപ്പമായി. ബംഗാള്‍ ഘടകമാകട്ടെ വി.എസിനേക്കാള്‍ ദയനീയമായി ഒതുങ്ങിപ്പോവുകയും ചെയ്തു.ചട്ടഭേദഗതികളെല്ലാം കാരാട്ടിന്റെയും പിണറായിയുടെയും അജണ്ട ഫലമണിയിക്കുന്നതിനുള്ള വഴികള്‍ മാത്രമായി.
 
1964ല്‍ സി.പി.എം രൂപീകരിക്കപ്പെട്ടതിനുശേഷം എറ്റവുമധികം പരാജയം പാര്‍ട്ടിക്ക് നേടിക്കൊടുത്ത ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തീര്‍ത്തും മങ്ങിപ്പോയ പ്രതിച്ഛായയാണ് കാരാട്ടിനുള്ളത്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ഉടനെ കാരാട്ടിന്റെ വീഴ്ചകളെ പാര്‍ട്ടി വേദികളില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ വാക്കുകള്‍ അന്ന് വേണ്ടത്ര പരിഗണിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ പരാജയം ഭീകരമായി ആവര്‍ത്തിച്ചിട്ടും പാര്‍ട്ടിക്കകത്ത് കാരാട്ടിനെതിരെ നടപടിയുണ്ടായില്ല.
സ്പീക്കര്‍ പദവിയിലിരുന്ന സര്‍വാദരണീയനായ സോമനാഥ് ചാറ്റര്‍ജിയെ ചതിയനെന്നു പറഞ്ഞു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതും കാരാട്ടിന്റെ ഇംഗിതാനുസൃതമായിരുന്നു. ഭിന്നതകള്‍ പെരുകുകയും പി.ബി.യും സി.സിയും പ്രഹസനമായി തീരുകയും ചെയ്തപ്പോഴാണ് ബുദ്ധദേബ് ഭട്ടാചാര്യ ഇത്തരം യോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.
 
മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിച്ച സി പി എം തന്നെ മുലായംസിംഗിന്റെ മകന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അനുഗ്രഹവുമായെത്തിയത് മറ്റൊരു അവസരവാദമായിരുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയായ ഹിന്ദി മേഖലയില്‍ വേരോട്ടമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം നടപ്പാക്കാന്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും പാര്‍ട്ടിക്കായില്ല. അഞ്ചുസംസ്ഥാനങ്ങളില്‍ കഴിഞ്ഞമാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും കാരാട്ടിന്റെ അവസ്ഥ ഭീകരമാക്കി.ഈ രോഷത്തിന്റെ ആളിക്കത്തലാണ് പാര്‍ട്ടി പ്രമേയങ്ങളെക്കുറിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചകളില്‍ വംഗദേശ പ്രതിനിധികള്‍ ഉയര്‍ത്തിയത്.അഴിമതിക്കറയേറ്റ പിണറായിയുടെ  ഇംഗിതപ്രകാരം തുള്ളുന്ന കേരളാ ഘടകത്തിന്റെ പിന്തുണയോടെ ഇത് അടിച്ചമര്‍ത്താന്‍ കാരാട്ടിനു കഴിഞ്ഞു.ഈ സേവനത്തിനുള്ള പ്രതിഫലമായി പിണറായി മോഹിച്ചത്് ആരുടെ മാറിലെ മാംസമായിരുന്നുവെന്നു മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു കാരാട്ട്. കേരളത്തിലെ പാര്‍ട്ടി വിഭാഗീയതയില്‍ വി എസിനോട് അനുഭാവമുള്ള നിലപാടാണ് എപ്പോഴും ബംഗാള്‍ ഘടകം പുലര്‍ത്തിയിരുന്നത്. ഇത് സ്വാഭാവികമായും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരള ഘടകത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു.
 
ഇതൊക്കെ വിശകലനം ചെയ്തു കരുക്കള്‍ നീക്കിയ കാരാട്ട്് താന്‍ മികച്ച ബിസിനസുകാരനാണെന്നു തെളിയിച്ചിരിക്കുന്നു. തന്നെ വഴിവിട്ടുപിന്തുണച്ച കേരളാ ഘടകത്തിന് വേണ്ടി വി.എസിനെ പി.ബിയ്ക്ക് പുറത്ത് നിര്‍ത്തി  ഉപകാരസ്മരണ കൂടി കാട്ടി.പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിക്കാന്‍ പിണറായിക്കേ സാധിക്കൂവെന്നും കാരാട്ടിനു നന്നായറിയാം.ലാവ്‌ലിന്‍ കേസ് ,വി.എസിനോടുള്ള ശത്രുത തുടങ്ങി ഏതൊരു വിഷയത്തിലും പിണറായിയുടെ മനസറിഞ്ഞു നിലപാടെടുക്കുന്ന കാര്യത്തില്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന കാരാട്ട് ഇത്തവണ ഒരുകാരണവശാലും തനിക്കുവേണ്ടി ചെറുവിരല്‍ പോലുമനക്കില്ലെന്ന്്് വി.എസ് മുമ്പേ മനസ്സിലാക്കിയിരുന്നുവെന്ന്്് ഇതേപ്പറ്റി നേരത്തെതന്നെ മാധ്യമങ്ങളോടു സംസാരിക്കവേ വളഞ്ഞുപുളഞ്ഞ വാക്കുകളിലൂടെയും അരോചകമായ ശരീര ഭാഷയിലൂടെയും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. നന്ദിയുള്ളയാളാണ് കാരാട്ടെന്ന പിണറായിയുടെ സര്‍ട്ടിഫിക്കറ്റിന്റെ വില ഇനി കാലമാണു തെളിയിക്കേണ്ടത്. അതിനും പിന്തുണ നല്‍കാന്‍ വി.എസ് തയ്യാറാകുമോയെന്ന് ജനങ്ങള്‍ ഉറ്റുനോക്കുക സ്വാഭാവികം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls