|
ട്രേഡ് സെന്റര്‍ ആക്രമണം:പ്രതികളുടെ വിചാരണയ്ക്ക് യു.എസ് അനുമതി |
വാഷിംഗ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഭീകരാക്രമണ കേസില്‍ മുഖ്യആസൂത്രകന്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളുടെ വിചാരണയ്ക്ക് യു.എസ് അനുമതി നല്‍കി.യു.എസിന്റെ ഗ്വണ്ടനാമോ ബേയിലെ നാവിക താവളത്തിലായിരിക്കും വിചാരണ നടക്കുക.
ഖാലിദ് ഷെയ്ഖ് മുഹമ്മദ് ആണ് കേസിലെ മുഖ്യപ്രതി. സൗദി അറേബ്യന്‍ പൗരന്മാരായ വാലിദ് ബിന്‍ അതാഷ്, മുസ്തഫ അല്‍ ഹൗസാവി, യെമന്‍ സ്വദേശി റാംസി ബിന്‍ അല്‍ ഷിഷ്, പാകിസ്താന്‍ സ്വദേശി അലി അബ്ദ് അല്‍ അസീസ് അലി, എന്നിവരാണ് മറ്റ് പ്രതികള്‍. ഗ്വാണ്ടനാമോ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.കുറ്റം തെളിയിക്കപ്പെട്ടാല്‍ വധശിക്ഷ വരെ ലഭിച്ചേക്കാം.
2001 സെപ്തംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2976 പേരാണ് കൊല്ലപ്പെട്ടത്. സിവിലിയന്‍ കോടതിയില്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടുമെന്നതിനാലാണ് കേസ് സൈനിക കോടതിയിലേക്ക് മാറ്റിയത്. 2009 ല്‍ കേസ് സിവിലിയന്‍ കോടതിയിലേക്ക് മാറ്റാന്‍ ഒബാമ ഭരണകൂടം തയ്യാറെടുത്തെങ്കിലും വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. തീവ്രവാദപ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, കൊലപാതകം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഭരണകൂടം അനുമതി നല്‍കിയതോടെ അടുത്ത 30 ദിവസങ്ങള്‍ക്കുള്ളില്‍ സൈനിക കോടതി കുറ്റപത്രം ഇവരെ വായിച്ചുകേള്‍പ്പിക്കും.
|