| കമ്യൂണിസ്റ്റ് ക്യൂബയിലെ ദുഃഖവെള്ളിയാഴ്ച |
ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ പിതൃഭൂമിയായ ക്യൂബയില്‍ അടുത്ത വെള്ളിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദിനമാണല്ലോ അന്ന്. ഈയിടെ ക്യൂബ സന്ദര്‍ശിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ക്യൂബയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ദുഃഖവെള്ളിയാഴ്ച പൊതുഅവധിയായി പ്രഖ്യാപിച്ചത്. ആ രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് വരുംവര്‍ഷങ്ങളില്‍ സ്ഥിരമായി ദുഃഖവെള്ളിയാഴ്ച ദിവസം അവധി നല്‍കുന്നതിനെപ്പറ്റി സര്‍ക്കാര്‍ പിന്നീട് ആലോചിച്ച് തീരുമാനിക്കുമത്രേ. 1959ല്‍ കമ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ ക്യൂബയില്‍ അധികാരത്തില്‍ വന്ന ഫിദല്‍ കാസ്‌ട്രോ മതാചാരപ്രകാരമുള്ള എല്ലാ അവധിദിനങ്ങളും റദ്ദാക്കിയിരുന്നു. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ ചരിത്രപ്രസിദ്ധമായ ക്യൂബന്‍ സന്ദര്‍ശത്തെതുടര്‍ന്ന് ഫിദല്‍ കാസ്‌ട്രോ ക്രിസ്മസ് ദിന അവധി പുനഃസ്ഥാപിച്ചു. ഇപ്പോള്‍ ദുഃഖവെള്ളിയാഴ്ചയ്ക്ക് അവധി നല്‍കാനുള്ള ക്യൂബയുടെ തീരുമാനത്തെ വത്തിക്കാനില്‍ തിരിച്ചെത്തിയ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്വാഗതം ചെയ്തിട്ടുണ്ട്. ഭൂമുഖത്തുനിന്ന് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നൊന്നായി ഒഴിഞ്ഞുപോവുകയാണ്. ആശയദാരിദ്ര്യവും ആന്തരവൈരുദ്ധ്യങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആധുനികലോകത്തിന്റെ ശീലങ്ങളും ആവശ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പര്യാപ്തമാക്കുന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ വച്ചുപുലര്‍ത്തുന്ന അബദ്ധ ധാരണകളെ ലോകം എന്നേ നിരാകരിച്ചുകഴിഞ്ഞതാണ്. സ്വതന്ത്രവും സ്വാഭാവികവുമായി വികാസം പ്രാപിക്കേണ്ട മനുഷ്യശേഷിയെ സ്വേച്ഛാപരമായി തളച്ചിട്ട് നിര്‍ബന്ധപൂര്‍വം തൊഴിലെടുപ്പിക്കുന്ന ചൈനയിലെ പ്രാകൃതവ്യവസ്ഥയ്‌ക്കെതിരെ ആ രാജ്യത്ത് ജനങ്ങളില്‍ നിന്ന് കൂടെക്കൂടെ കലാപം ഉയരുന്നുണ്ട്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അനുവാദമില്ലാത്തതിനാല്‍ ചൈനയിലെ ആഭ്യന്തര കലാപങ്ങളൊന്നും വേണ്ടവിധം പുറംലോകം അറിയുന്നില്ല. ഈയിടെ നൂറോളം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ നിരോധിച്ചതിലൂടെ ആശയവിനിമയത്തിന് മനുഷ്യരാശി കണ്ടുപിടിച്ച നാലാംഭാഷയായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്കുപോലും ചൈന മതിലുകെട്ടുകയാണ്. ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ചൈനയിലെയും ക്യൂബയിലെയും നയം മാറ്റങ്ങള്‍ ഇനിയും വേണ്ടവിധം ഉള്‍ക്കൊള്ളാത്തവര്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ മാത്രമാണ്. ലോകഗതിയില്‍ നിന്നും രണ്ടര ദശാബ്ദം പിന്നിലാണ് നമ്മുടെ രാജ്യത്തെ കമ്യൂണിസ്റ്റുകള്‍. സി.പി.ഐയുടെ 21-ാം കോണ്‍ഗ്രസ് കഴിഞ്ഞദിവസം പാറ്റ്‌നയില്‍ സമാപിച്ചു. സി.പി.എമ്മിന്റെ 20-ാം കോണ്‍ഗ്രസ് വരുംദിവസങ്ങളില്‍ കോഴിക്കോട്ട് ആരംഭിക്കാന്‍പോകുന്നു. ഇരുപാര്‍ട്ടികളുടെയും പൊതുനയങ്ങള്‍ തമ്മില്‍ യാതൊരു പൊരുത്തവുമില്ല. ദേശീയതലത്തില്‍ ഇടത് മൂന്നാംേചരിയെ ശക്തിപ്പെടുത്തുമെന്നാണ് സി.പി.എം കരട് പ്രമേയത്തിലൂടെ ഈയിടെ ജനങ്ങളോട് വെളിപ്പെടുത്തിയത്. അതേസമയം സി.പി.ഐ കോണ്‍ഗ്രസ് ആ ആശയത്തെ പാടേ നിരാകരിച്ചുകൊണ്ട് ജനാധിപത്യഐക്യം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഇടതുമുന്നണിയില്‍ ജനാധിപത്യം എന്ന വാക്ക് കേരളത്തില്‍ നിന്നാണ് കമ്യൂണിസ്റ്റ് ചേരിയിലേക്ക് കടന്നുവന്നത്. പക്ഷേ സി.പി.എം സംസ്ഥാന നേതാക്കളുടെ സമീപനങ്ങളോട് വിയോജിച്ച് ഇത് ഇടതുമുന്നണിയിലെ ജനാധിപത്യ പാര്‍ട്ടിയായ ജനതാദള്‍ എസ്, കേരളാ കോണ്‍ഗ്രസ് (ജോസഫ്) എന്നീ കക്ഷികള്‍ അടുത്തകാലത്ത് മുന്നണി വിട്ടുപോയി. രണ്ട് കക്ഷികളും ഇപ്പോള്‍ യു.ഡി.എഫിന്റെ ഭാഗമാണ്. ഇത്തരം പാര്‍ട്ടികളെ മുന്നണിയില്‍ മടക്കിക്കൊണ്ട് വരണമെന്നാണോ സി.പി.ഐ ഉദ്ദേശിക്കുന്നത് ? രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിനോട് കമ്യൂണിസ്റ്റ് കക്ഷികള്‍ പുലര്‍ത്തുന്ന ശത്രുതയെപ്പറ്റി അറിയാവുന്ന ജനങ്ങള്‍ അവരുടെ ജനാധിപത്യവാദത്തിന്റെ കാപട്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അവസരവാദത്തെ പട്ടുടുപ്പിക്കാന്‍ ജനാധിപത്യം എന്ന വാക്കിനെ കൂട്ടുപിടിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ പ്രാകൃതമായ സ്വേച്ഛാധിപത്യ പ്രവണതകളിലാണ് ഇപ്പോഴും ആത്മസംതൃപ്തി കണ്ടെത്തുന്നത്. ലോകം മാറുന്നത് ഇവര്‍ അറിയുന്നില്ല. ക്യൂബയെന്ന ചെറുരാജ്യത്തെ ചൂണ്ടി ഉത്തമമായ കമ്യൂണിസ്റ്റ് മാതൃകയെന്ന് ഉദ്‌ഘോഷിച്ചിട്ടുള്ളവര്‍ ഈ ദുഃഖവെള്ളിയാഴ്ചയിലെ അവധിക്കിടയില്‍ ഇക്കാര്യങ്ങള്‍ ശാന്തമായി ആലോചിക്കട്ടെ! |
| < മുന്‍ പേജ് | അടുത്തത് > |
|---|

ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ പിതൃഭൂമിയായ ക്യൂബയില്‍ അടുത്ത വെള്ളിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദിനമാണല്ലോ അന്ന്.
-°C 