|
ആഴങ്ങളിലെ വിസ്മയം ആസ്വദിച്ച് കാമറൂണ്‍ തിരിച്ചെത്തി |
ന്യൂയോര്‍ക്ക്: ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തിയ ഹോളിവുഡ് നടന്‍ ജെയിംസ് കാമറൂണ്‍ ഭൂമിയുടെ ആഴങ്ങളിലെ അത്ഭുതങ്ങള്‍ തേടി നടത്തിയ വിസ്മയ യാത്രയ്ക്ക് വിജയകരമായ വിരാമം.
പസഫിക് സമുദ്രത്തില്‍ 11 കിലോ മീറ്റര്‍ ആഴത്തിലുള്ള മരിയാന ട്രഞ്ചിലേക്ക് പ്രത്യേകം തയ്യാറാക്കിയ ഡീപ്‌സി ചലഞ്ചര്‍ എന്ന മുങ്ങിക്കപ്പലിലാണ് കാമറൂണ്‍ ഒറ്റയ്ക്ക് സഞ്ചരിച്ച് മടങ്ങിയെത്തിയത്. മരിയാന ട്രഞ്ചിലൂടെ ഏകനായി സഞ്ചരിച്ച ആദ്യ സാഹസികനെന്ന ബഹുമതിയും ഇതോടെ കാമറൂണിന് സ്വന്തം.
സ്വിസ് എഞ്ചിനീയര്‍ ജാക്വസ് പിക്കാര്‍ഡും, യുഎസ് നാവികസേനയിലെ ക്യാപ്റ്റന്‍ ഡോണ്‍ വാല്‍ഷുമാണ് കാമറൂണിന് മുമ്പ് സംയുക്തമായി അവിടെയെത്തിയ രണ്ടുപേര്‍.1960ലായിരുന്നു ഇവരുടെ സാഹസികയാത്ര.അതിനുശേഷം ആദ്യമായാണ് ഒരാള്‍ ചലഞ്ചര്‍ ഡീപ്പിലെത്തുന്നത്.ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമെന്ന് കരുതപ്പെടുന്ന മരിയാന ട്രഞ്ചിന് എവറസ്റ്റ് കൊടുമുടിയെപ്പോലും ഉള്‍ക്കൊള്ളാന്‍ വേണ്ടത്ര ആഴമുണ്ട്. ഡീപ്‌സി ചലഞ്ചര്‍ സമുദ്രാടിത്തട്ടിലെത്തിയപ്പോള്‍ തന്നെ അക്കാര്യം കാമറൂണ്‍ ട്വീറ്റ് ചെയ്തു. ശാസ്ത്രലോകത്തിന് പഠിക്കാനായി യാത്ര മുഴുവന്‍ ക്യാമറയില്‍ ചിത്രീകരിച്ചുകൊണ്ടാണ് 70 മിനിട്ട് യാത്രയ്ക്കുശേഷം അദ്ദേഹം സമുദ്രോപരിതലത്തില്‍ തിരികെയെത്തിയത്. തന്റെ യാത്ര ഒരു ഡോക്യമെന്ററിയായി ചിത്രീകരിക്കാനും കാമറൂണിന് പദ്ധതിയുണ്ട്.
|