പത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കും
Imageതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറന്ന് മൂല്യനിര്‍ണയം നടത്താന്‍ ഇന്നലെ രാവിലെ ചേര്‍ന്ന വിദഗ്ധസമിതി യോഗം തീരുമാനിച്ചു. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണിത്.
കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനകത്ത് കണ്‍ട്രോള്‍ റൂം ഒരുക്കിയാണ് കണക്കെടുപ്പ് നടത്തുന്നത്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി അംഗങ്ങളും പുരാവസ്തു വിദഗ്ധരും തിങ്കളാഴ്ച രാവിലെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാകും കണക്കെടുപ്പ് ആരംഭിക്കുക.
 
ജസ്റ്റിസ് എംഎന്‍ കൃഷ്ണന്‍, എം വേലായുധന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ കെല്‍ട്രോണ്‍, വിഎസ്എസ്‌സി, പുരാവസ്തുവകുപ്പ് എന്നീ മേഖലകളിലുള്ള എട്ടംഗസംഘമാണ് മൂല്യനിര്‍ണയം നടത്തുന്നത്. സുരക്ഷയുടെ ഭാഗമായി ഇവരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാക്കിയായിരിക്കും ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കുന്നത്. കല്ലറകളിലും പുറത്തും കണക്കെടുപ്പ് നടത്തുന്ന സ്ഥലത്തും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയുടെ നിരീക്ഷണത്തില്‍ സി,ഡി നിലവറകളിലെ മൂല്യനിര്‍ണയം നടത്താനാണ് ധാരണ. റിസര്‍വ് ബാങ്ക് ഉദ്യോസ്ഥരുടെ സാന്നിധ്യവുമുണ്ടാകും. കണക്കുകള്‍ തെറ്റാതിരിക്കാന്‍ നൂറ് സാധനങ്ങള്‍ വീതം ബാച്ചായാണ് പരിശോധനക്കായി പുറത്തെടുക്കുന്നത്.
 
വിശേഷാല്‍ പൂജകള്‍ക്കുള്ള സാധനങ്ങളാണ് സി നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവ് പ്രകാരം സി നിലവറ പൂട്ടി മുദ്രവെച്ചിരിക്കുകയായിരുന്നു.
ഇതിനെതിരെ വിദഗ്ധസംഘം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സി,ഡി നിലവറകള്‍ തുറക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ഇ, എഫ് നിലവറകളിലെ കണക്കെടുപ്പ് ഇന്നലെയും തുടര്‍ന്നു. ഇന്നും നാളെയും മൂല്യനിര്‍ണയമില്ല. കണക്കെടുപ്പിനായി അറ തുറക്കുമ്പോള്‍ തിരുവനന്തപുരം സബ് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യം ആവശ്യമില്ലെന്നും അഭിഭാഷക കമ്മീഷന്‍ സഹകരിക്കുന്നില്ലെങ്കില്‍ അവരെ മാറ്റാന്‍ വിദഗ്ദ്ധ സമിതിക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം നേരത്തെ വ്യക്തമാക്കിയിരുന്നു.
 
2007 മുതല്‍ തിരുവനന്തപുരം സബ്‌കോടതിയുടെ നിയന്ത്രണത്തിലാണ് നിലവറ. ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി നിലവറ തുറക്കേണ്ടി വരുമ്പോള്‍ കോടതിയുടെ അനുമതിയോടെയാണ് അത് ചെയ്യാറുണ്ടായിരുന്നത്. സബ് കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മിഷണര്‍മാരുടെ സാന്നിദ്ധ്യത്തിലാണ് കോടതിയുടെ സീല്‍ പൊളിക്കുന്നതും വീണ്ടും സീല്‍ ചെയ്തുകൊണ്ടിരുന്നതും. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം നിലവറ തുറന്നപ്പോഴും ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ സബ്‌കോടതിയില്‍ അപേക്ഷ നല്‍കുകയും നിലവറ തുറന്നു നല്‍കാന്‍ അഡ്വക്കേറ്റ് കമ്മിഷണര്‍മാര്‍ക്ക് സബ്‌കോടതി ഉത്തരവ് നല്‍കുകയുമാണ് ചെയ്തത്. അറകളില്‍ കണ്ടെത്തിയ പുരാതനസമ്പത്ത് തരംതിരിച്ച് വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നുണ്ട്. ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് ഓഫ് ടെംപിള്‍ ആന്റിക്‌സ് എന്ന പേരില്‍ സി-ഡിറ്റ് തയാറാക്കിയ കര്‍മപരിപാടിയനുസരിച്ചാണ് ക്ഷേത്രത്തിലെ അമൂല്യ സമ്പത്തിന്റെ കണക്കെടുപ്പ് നടന്നുവരുന്നത്.
 
കല്ലറകളില്‍ നിന്ന് പുറത്തെടുക്കുന്ന വസ്തുക്കള്‍ ട്രോളി സംവിധാനം ഉപയോഗിച്ച് കണക്കെടുപ്പിനു വേണ്ടി പ്രത്യേകം തയാറാക്കിയ മുറിക്കുള്ളിലെത്തിച്ച് തരംതിരിക്കും. ചരിത്ര, പൗരാണിക, പൈതൃക, കലാ മൂല്യങ്ങള്‍ ഉള്ളവ, ക്ഷേത്രത്തിലെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ളവ, സാമ്പത്തിക മൂല്യം മാത്രമുള്ളവ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് തരംതിരിക്കല്‍. ഇതിനു ശേഷം ഓരോ വസ്തുവിന്റേയും തൂക്കവും കാലപ്പഴക്കവും ശുദ്ധിയും നിര്‍ണയിക്കാന്‍ പ്യൂരിറ്റി അനലൈസര്‍ അടക്കമുളള അത്യാധുനിക ഉപകരണങ്ങളിലൂടെ കടത്തിവിടും. ത്രീഡി ക്യാമറകള്‍ ഉപയോഗിച്ച് ത്രിമാന ചിത്രങ്ങളും എടുക്കും. തുടര്‍ന്ന് ഓരോവസ്തുവിനും പ്രത്യേക കോഡുകള്‍ നല്‍കി വിവരങ്ങള്‍ കമ്പ്യൂട്ടര്‍ സെര്‍വറില്‍ രേഖപ്പെടുത്തുന്നുണ്ട്. ഭാവിയില്‍ പുരാതനസമ്പത്തിന്റെ മൂല്യനിര്‍ണയം നടത്തേണ്ടി വന്നാല്‍ അതിന് ഉതകുന്ന തരത്തിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls