|
ടീകോമിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്ക് പുനരാലോചന |
|
തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്സിറ്റി പദ്ധതിയുടെ പ്രായോജകരായ ദുബായ് ടീകോമിനെ കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളിലും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഇന്നലെ തന്റെ വാക്കുകള്‍ സ്വയം തിരുത്തി.
ടീകോമിന്റെ സാമ്പത്തിക സ്ഥിതി തുലോം ദയനീയമാണെന്നും അതുകൊണ്ട് മറ്റേതെങ്കിലും കമ്പനിയെക്കൊണ്ട് സ്മാര്‍ട്സിറ്റി പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി, ടീകോമുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് ഇന്നലെ വെളിപ്പെടുത്തിയത്. സ്മാര്‍ട്സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ ഒഴിവാക്കിയാല്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവനക്ക് കാരണമെന്നാണ് വിലയിരുത്തല്‍. സ്മാര്‍ട്സിറ്റി പദ്ധതി ഏറ്റെടുക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പ് മാത്രമല്ല, അമേരിക്കയിലെ പ്രമുഖ കമ്പനിയടക്കം നിരവധി കമ്പനികള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എങ്കിലും ടീകോമുമായി ചര്‍ച്ച നടത്തി ധാരണയെത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടീകോമിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ദുബായിലെത്തി കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന ടീകോമിന്റെ ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെയാണ്: ദുബായിയിലെ സ്മാര്‍ട്സിറ്റി കാണാന്‍ താന്‍ എന്തായാലും അങ്ങോട്ട് പോകുന്നില്ല. വേണമെങ്കില്‍ അവര്‍ ഇങ്ങോട്ടുവരും. ദുബായിയിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുന്നില്ല. ടീകോം കരാറില്‍ എന്തൊക്കെ മാറ്റങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നകാര്യം പിന്നീട് നിങ്ങളോട് വിശദമാക്കാം. സ്മാര്‍ട്ട് സിറ്റി അയച്ച കത്തുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത് വെച്ച് കാര്യങ്ങള്‍ വിശദമാക്കാന്‍ കഴിയും. ഗള്‍ഫിലെ പ്രതിസന്ധിയും ടീകോമിന്റെ കാര്യവും വ്യത്യസ്തമാണ്. അത് രണ്ടായി തന്നെ ചര്‍ച്ച ചെയ്യണം. നമ്മളുമായുള്ള കരാറില്‍ നിന്ന് വ്യത്യസ്തമായി ടികോം ഉയര്‍ത്തുന്ന ആവശ്യങ്ങളാണ് ഇവിടുത്തെ പ്രശ്നം.
അക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ദുബായില്‍ നിന്നുള്ള ടികേം സംഘം ഉടനെ ഇവിടെയെത്തും. അതിനുശേഷം മറ്റ് സാധ്യതകള്‍ ആരായാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒക്കെ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഇന്‍ഫോപാര്‍ക്ക് ടീകോമിന് വിട്ടുകൊടുക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ ഈ സര്‍ക്കാരാണ് ഇന്‍ഫോപാര്‍ക്ക് നിലനിര്‍ത്തിയത്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അവിടെ 2000-ത്തോളം പേരാണ് ജോലി ചെയ്തിരുന്നതെങ്കില്‍ ഇന്നവിടെയുള്ളത് 10000-ത്തിലധികമാണ്. ഇനിയും നിരവധി പേര്‍ക്ക് അവിടെ ജോലി ലഭിയ്ക്കും. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്തുവേണം ആരോപണങ്ങള്‍ ഉയര്‍ത്താനെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. |