ഗ്രേഡിംഗ് സമ്പ്രദായം കോളജില്‍ വേണോ ?
Imageബാബു ചാത്തോത്ത്
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് നാന്ദികുറിക്കാനുള്ള ഒരുപാധിയാണ് ചോയ്‌സ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം (സി.സി.എസ്) എന്ന് അവകാശപ്പെടുന്നു. ഇതിന് ചുക്കാന്‍ പിടിച്ചത് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലാണ്.
സാമ്പ്രദായികവും ലളിതവുമായ പരീക്ഷാ മൂല്യനിര്‍ണ്ണയ രീതിക്കു പകരം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു മൂല്യനിര്‍ണ്ണയരീതി നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഒട്ടും ഉയര്‍ത്തുകയില്ല. ഏതെങ്കിലും രാജ്യത്ത് മൂല്യനിര്‍ണ്ണയരീതി മാറ്റിയതുകൊണ്ടുമാത്രം ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിച്ചതായി ചൂണ്ടിക്കാണിക്കാനും കഴിയില്ല. യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടാനുളള ഒരുപാധി മാത്രമാണിത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകര്‍ച്ച മറച്ചുവെയ്ക്കാനുള്ള ഒരു ചെപ്പടിവിദ്യ. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും ഈ മൂല്യനിര്‍ണ്ണയരീതി നിലവില്‍ വന്നിരിക്കുന്നു. ഇതുയര്‍ത്തിയ പ്രശ്‌നങ്ങളും സങ്കീര്‍ണ്ണതകളും പരിഹരിക്കാന്‍ കേരളത്തിലെ അക്കാദമിക് സമൂഹത്തിനു കഴിയണം.
 
ഗ്രേഡിംഗ് രീതിയില്‍ മൂല്യനിര്‍ണ്ണയം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ചും ജയപരാജയങ്ങള്‍ (?) നിര്‍ണ്ണയിക്കുന്നതിനെക്കുറിച്ചും മൂല്യനിര്‍ണ്ണയം നടത്തുന്ന ഭൂരിപക്ഷം അധ്യാപകര്‍ക്കും അറിയില്ല. നേരിട്ടുള്ള ഈ ഗ്രേഡിംഗ് സമ്പ്രദായത്തിന്റെ രക്തസാക്ഷികളാകുന്നത് വിദ്യാര്‍ഥികള്‍.
2011-12ല്‍ സി.സി.എസ് സമ്പ്രദായത്തിലൂടെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ പുറത്തു വരികയാണ്. വിവിധ അഫിലിയേറ്റിംഗ് സര്‍വ്വകലാശാലകള്‍ വ്യത്യസ്തമായ രീതിയിലാണ് ഈ സമ്പ്രദായം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പോലൊരു വെള്ളാന ഈ പുത്തന്‍ മൂല്യനിര്‍ണ്ണയരീതിയുടെ പേരില്‍ കോടികള്‍ ചെലവഴിച്ച് അനവധി വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും നടത്തിയെങ്കിലും ഈ സമ്പ്രദായത്തിന് വിധേയരും ഇരകളുമായ വിദ്യാര്‍ഥികള്‍ക്ക് ഇന്നും ഇത് ചുക്കാണോ ചുണ്ണാമ്പാണോ എന്ന് മനസ്സിലായിട്ടില്ല. പരീക്ഷയുടെ ഗ്രേഡ് കാര്‍ഡ് കയ്യില്‍ കിട്ടിയാല്‍ പോലും ജയിച്ചോ തോറ്റോ എന്നറിയാനാവാത്ത അവസ്ഥ.
 
വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഈ സമ്പ്രദായം എന്താണെന്ന് ബോധ്യപ്പെടുത്താനോ, ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുവാനോ ഒരു ശ്രമവും ഉണ്ടായിട്ടില്ല (ഏതാനും ലഘുലേഖകളൊഴികെ) ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കിയ സര്‍വ്വകലാശാലകള്‍ക്കു തന്നെ ഒരു ഏകീകൃത ഘടനാരീതി അവലംബിക്കാന്‍ കഴിഞ്ഞിട്ടില്ല. വിവിധ സര്‍വ്വകലാശാലകളുടെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റത്തിന്റെ ഗ്രേഡ് കാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. കാലിക്കറ്റ് സര്‍വ്വകലാശാല ഒന്നാം സെമസ്റ്ററിന്റെ ഗ്രേഡ് കാര്‍ഡ് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടുള്ളൂ. അഞ്ചാം സെമസ്റ്ററിന് ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളുടെ ഗ്രേഡ് കാര്‍ഡുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഗ്രേഡ് കാര്‍ഡുകള്‍ തയ്യാറാക്കുന്നതിലുള്ള സങ്കീര്‍ണ്ണതകള്‍ തന്നെയാണ് യഥാര്‍ത്ഥ കാരണം.
 
സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. പല വിദ്യാര്‍ഥികള്‍ക്കും രണ്ടും മൂന്നും സെമസ്റ്ററുകളുടെ ഗ്രേഡ് കാര്‍ഡുകള്‍ സര്‍വ്വകലാശാലയില്‍ നിന്നും ലഭ്യമാവാത്തതുമൂലം സ്‌കോളര്‍ഷിപ്പുകള്‍ നഷ്ടപ്പെട്ടു. വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടെടുക്കുന്ന ഗ്രേഡ് കാര്‍ഡുകള്‍ പല സ്ഥാപനങ്ങള്‍ക്കും സ്വീകാര്യവുമല്ല. സ്വയം ബോധ്യപ്പെടുന്ന രീതിയില്‍ ടാബുലേഷന്‍ നടത്തുന്നതിനാവശ്യമായ പരിശീലനവും ബോധവല്‍ക്കരണവും ഇക്കാര്യത്തില്‍ സര്‍വ്വകലാശാലാ അനധ്യാപക ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍ ടാബുലേഷനില്‍ എന്തെങ്കിലും പിഴവു സംഭവിച്ചാല്‍ അവ കണ്ടെത്തി പരിഹരിക്കാന്‍ ജീവനക്കാര്‍ക്കും കഴിയുന്നില്ല. ടാബുലേഷന്‍ തികച്ചും യാന്ത്രികമായ ഒരു പ്രക്രിയയായി മാറിയിരിക്കുന്നു. സര്‍വ്വകലാശാലാ ജീവനക്കാരെന്ന വലിയ ഒരു വിഭാഗത്തിനും പരിശീലനം ലഭിച്ചിട്ടില്ല. നിരന്തരമൂല്യനിര്‍ണ്ണയത്തിനും പരീക്ഷാ മൂല്യനിര്‍ണ്ണയത്തിനും അനുവര്‍ത്തിക്കുന്ന രീതികള്‍ വ്യത്യസ്തമാണ്.
 
പാഠ്യപദ്ധതിയിലും, ബോധനരീതിയിലും കാതലായ മാറ്റം വരുത്താതെയും പൊതുസമൂഹത്തിനു മനസ്സിലാവാത്ത ഭാഷയില്‍ മൂല്യനിര്‍ണ്ണയഫലങ്ങള്‍ പുറത്തുവിടുകയും ചെയ്യുന്നതുമൂലം എന്തുനേട്ടമാണുള്ളതെന്ന് സ്വയം ചിന്തിക്കണം. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സര്‍വ്വകലാശാല ജീവനക്കാര്‍ക്കും മനസ്സിലാകാത്ത ഇന്നത്തെ ഗ്രേഡിംഗ് സമ്പ്രദായം പുനര്‍വിചിന്തനം ചെയ്യപ്പെടണം. പകരം ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനൊപ്പം നേരിട്ടല്ലാതെയുള്ള (മാര്‍ക്കും ഗ്രേഡും ഒരേസമയം നല്‍കുക) ഗ്രേഡിംഗ് രീതി അക്കാദമിക് സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടശേഷം നടപ്പിലാക്കണം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls