| സി.പി.എം തലയൂരുന്നു |
അന്ത്യഅത്താഴ ചിത്രം: മറ്റുള്ളവരെ പഴിച്ച് പിണറായിതിരുവനന്തപുരം: ക്രൈസ്തവ മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന 'അവസാനത്തെ അത്താഴം' ചിത്രത്തിന്റെ പിതൃത്വം സി.പി.എമ്മിനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിശദീകരണം. വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍ ശക്തമായി പ്രതിഷേധിക്കുകയും സി.പി.എമ്മിന്റെ വിലകുറഞ്ഞ തന്ത്രത്തിനെതിരെ രൂക്ഷമായ ജനവികാരം ഉണരുകയും ചെയ്തപ്പോള്‍ പാര്‍ട്ടി നേതൃത്വം സൂത്രത്തില്‍ വിവാദം ഒഴിവാക്കാനെടുത്ത അടവിന്റെ ഭാഗമാണ് പിണറായിയുടെ വിശദീകരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. യേശുക്രിസ്തുവിനെ മോര്‍ഫിംഗിലൂടെ ഒബാമയാക്കിയും ശിഷ്യഗണങ്ങളെ കോണ്‍ഗ്രസ്- ബി.ജെ.പി നേതാക്കളായും ചിത്രീകരിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡ് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രം പതിച്ചതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് അവകാശപ്പെട്ട പിണറായി പഴിയത്രയും മാധ്യമങ്ങളുടെ ചുമലിലേക്കാണ് ചാര്‍ത്താന്‍ ശ്രമിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമക്കെതിരെ രൂക്ഷ വിമര്‍ശനം പിണറായി ഉന്നയിച്ചു. ഇതേ ചിത്രത്തെ പണ്ട് കാര്‍ട്ടൂണാക്കിയവരാണ് മനോരമ. അന്ന് ക്രിസ്തുവിന്റെ സ്ഥാനത്ത് വി.പി സിംഗിനെയായിരുന്നു അവര്‍ വരച്ച് വെച്ചത്. ഇത് ബോധപൂര്‍വം വിവാദത്തിനുവേണ്ടി ചെയ്തതാണെന്നും പിണറായി കുറ്റപ്പെടുത്തി. നേരത്തെ ഒരു വെടി പൊട്ടിച്ചു. അത് ഏശാതെ വന്നപ്പോള്‍ അടുത്തത് ഒന്നിരിക്കട്ടെ എന്ന് കരുതി ചെയ്തതാണ്. ബോര്‍ഡ് വെച്ചത് പാര്‍ട്ടിക്കാരല്ല എന്ന് മാത്രമല്ല ഉത്തരവാദിത്തപ്പെട്ടവര്‍ അറിഞ്ഞപ്പോള്‍ തന്നെ ചിത്രം മാറ്റുകയും ചെയ്തു. യേശുവിനെയും ക്രൈസ്തവമൂല്യങ്ങളെയും അപമാനിക്കാന്‍ ഉദ്ദേശവുമില്ല. ബോര്‍ഡ് വെച്ചതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അരമണിക്കര്‍ മാത്രമാണ് ഈ ബോര്‍ഡ് അവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാവരും ഫോട്ടോഗ്രാഫര്‍മാരാണല്ലോ, അതോ മനോരമ തന്നെ എടുത്ത ചിത്രമാണോയെന്ന് അറിയില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഞായറാഴ്ച നോക്കി കത്തിക്കാന്‍ മെനഞ്ഞെടുത്ത വിവാദമാണിത്. ബോര്‍ഡ് വെച്ചത് രണ്ടാഴ്ച മുമ്പാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്ത്യഅത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച സി.പി.എം നടപടി പ്രതിഷേധാര്‍ഹമെന്ന് ക്രൈസ്തവ സഭകള്‍ കുറ്റപ്പെടുത്തി. മത പ്രതീകങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ വികലമായി ചിത്രീകരിക്കുന്നത് ദൈവ വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും സഭാ നേതൃത്വം പ്രതികിരിച്ചു. ക്രിസ്തുമതക്കാര്‍ വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന 'ലാസ്റ്റ് സപ്പര്‍' എന്ന ചിത്രത്തെ വികലമായി ചിത്രീകരിച്ച ബോര്‍ഡ് തിരുവനന്തപുരം തൃക്കണ്ണാപുരം, കുന്നപ്പുഴ, പോരൂര്‍ക്കട എന്നിവിടങ്ങളിലാണ് സ്ഥാപിച്ചിരുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ആണ് ബോര്‍ഡ് സ്ഥാപിച്ചത്. യേശുവിനെ വിലകുറച്ച് ചിത്രീകരിച്ച സി.പി.എമ്മിന്റെ നടപടിക്കെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മുന്നോട്ട് വന്നിട്ടുണ്ട്. ക്രിസ്തുവിന്റെ ചിത്രം വികൃതമായി സി.പി.എം ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം ഇന്നലെ മാര്‍ച്ച് നടത്തി. ജനപിന്തുണ കുറഞ്ഞതിനാല്‍ സി.പി.എം യേശുവിനെ കൂട്ടുപിടിച്ച് ക്രിസ്ത്യാനികളെ പാട്ടിലാക്കാന്‍ ശ്രമിക്കുന്നുവെന്നും യേശുവിന്റെ ചിത്രം വികൃതമായി ചിത്രീകരിച്ചത്് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.സി.വൈ.എം തിരുവനന്തപുരം അതിരൂപതയുടെ യുവജന സംഘടന ആരോപിച്ചു. സി.പി.എമ്മിന്റെ വിലകുറഞ്ഞ പ്രചാരണ തന്ത്രത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറല്‍ ഫാദര്‍ വി. ജോണ്‍ തടത്തിലും സീറോ മലബാര്‍ സഭയും രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നു. യേശുവിന്റെ 12 ശിഷ്യരില്‍ ഒബാമയുടെ ഒരു വശത്ത് സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എ.കെ ആന്റണി എന്നിവരെയും മറുവശത്ത് നരേന്ദ്രമോഡിയും എല്‍.കെ അദ്വാനിയും അടക്കമുള്ള ബി.ജെ.പി നേതാക്കളെയുമാണ് ബോര്‍ഡില്‍ വരച്ചുവെച്ചിരുന്നത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

അന്ത്യഅത്താഴ ചിത്രം: മറ്റുള്ളവരെ പഴിച്ച് പിണറായി
-°C 