|
അതിശൈത്യം: യൂറോപ്പില്‍ മരണ സംഖ്യ 250 കവിഞ്ഞു |
കീവ്: അതിശൈത്യംമൂലം യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം അതിശൈത്യം തുടരുയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉക്രെയിനില്‍ മാത്രം 110 പേര്‍ മരിച്ചു. വീടില്ലാത്തതിനാല്‍ പാതയോരങ്ങളില്‍ കിടന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
നൂറുകണക്കിനു പേരെ ശരീരവീക്കത്തെത്തുടര്‍ന്ന് അവശനിലയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ പല പ്രദേശങ്ങളിലും താപനില മൈനസ് 35 ഡിഗ്രിയിലെത്തി. പോളണ്ടില്‍ കഴിഞ്ഞ ദിവസം അതിശൈത്യംമൂലം എട്ടു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 37 ആയി. സെര്‍ബിയയിലും ബോസ്‌നിയയിലും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. സെര്‍ബിയയില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് 11,000ത്തോളം ജനങ്ങള്‍ പര്‍വത നിരകളില്‍ ഒറ്റപ്പെട്ടു. ഇറ്റലിയില്‍ കഴിഞ്ഞ 27 വര്‍ഷത്തെ ഏറ്റവും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. റഷ്യയില്‍ അതിശൈത്യംമൂലം ജനുവരിയില്‍ മാത്രം 64 പേര്‍ മരിച്ചു.
|