|
ഇനി ജനശ്രീയുടെ ലക്ഷ്യം 20 ലക്ഷം അംഗങ്ങള്‍ |
കോഴിക്കോട്: നാലു വര്‍ഷം കൊണ്ട് സര്‍ക്കാരിതര സന്നദ്ധ സേവന രംഗത്ത് അത്ഭുതം കാട്ടിയ ജനശ്രീ സുസ്ഥിര വികസന മിഷന്‍ പുതിയ കര്‍മ്മ പരിപാടികളുമായി മുന്നോട്ട്. ജനശ്രീയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളാണ്
പ്രസ്ഥാനത്തിന്റെ പ്രയാണത്തിലെ നാഴികക്കല്ലുകളാവുന്നത്. നിലവില്‍ സംസ്ഥാനത്ത് പത്തുലക്ഷം അംഗസംഖ്യയുള്ള പ്രസ്ഥാനം അംഗസംഖ്യ 20 ലക്ഷമാക്കി ഉയര്‍ത്താനുള്ള യജ്ഞത്തിലാണ്. ഒരു ലക്ഷത്തോളം ജനങ്ങള്‍ അണിനിരന്ന ജനശ്രീയുടെ മഹാസംഗമത്തില്‍ എ കെ ആന്റണി പ്രഖ്യാപിച്ച 'വിഷന്‍ 2020' ഈ ലക്ഷ്യത്തിലേക്കുള്ള ചൂണ്ടു പലകയാണ്. 'സന്തുഷ്ട കുടുംബം സമൃദ്ധ കേരളം' എന്നതാണ് വിഷന്‍ 2020 ന്റെ മുദ്രാവാക്യം. ജനശ്രീ മൈക്രോഫിന്‍ എന്ന പേരില്‍ ആരംഭിച്ച നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയ്ക്ക് അഞ്ചുകോടി രൂപയുടെ ഓഹരി മൂലധനമുണ്ട്. രാജ്യത്തു തന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭമായി ജനശ്രീ മാറും. ഇതോടൊപ്പം ഒരു ലക്ഷം സംഘങ്ങള്‍ കൂടി രൂപീകരിച്ച് 20 ലക്ഷം അംഗസംഖ്യയാക്കി മാറ്റാനാവുമെന്ന് ചെയര്‍മാന്‍ എം എം ഹസ്സന്‍ വ്യക്തമാക്കി. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എന്‍ ജി ഒ സംഘടനകളുടെ സഹകരണം തേടുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം ജനശ്രീ പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടാവും. സ്ത്രീ ശാക്തീകരണത്തിനും ജനശ്രീ കൂടുതല്‍ ഊന്നല്‍ നല്‍കും. സര്‍ക്കാറിന്റെ സഹകരണത്താല്‍ ഭക്ഷ്യസുരക്ഷ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നീ രംഗത്ത് ജനശ്രീയ്ക്ക് കൈയ്യൊപ്പ് പതിപ്പിക്കാന്‍ സാധിക്കുമെന്ന് സംഘാടകര്‍ വിശ്വസിക്കുന്നു.
|