| തെരഞ്ഞെടുപ്പു ജ്വരത്തില്‍ ദരിദ്രരെ മറന്ന റോംനി |
തൈക്കൂട്ടത്തില്‍ സക്കീര്ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിയ്ക്ക. സാമ്പത്തികമായും സൈനികമായും ശാസ്ത്രം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലും ലോകരാഷ്ട്രീയത്തില്‍ അമേരിയ്ക്ക മുന്‍പന്തിയില്‍തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ ദേശീയസമ്പദ്ഘടനയാണ് അമേരിയ്ക്ക. അമേരിയ്ക്കയുടെ മിശ്രസമ്പദ്ഘടനയില്‍ വന്‍കിട കോര്‍പ്പറേഷനുകളും സ്വകാര്യസ്ഥാപനങ്ങളുമാണ് നിയന്ത്രണം പുലര്‍ത്തുന്നത്. ആഭ്യന്തരസമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ചെറിയപങ്കുമാത്രമേ വഹിയ്ക്കുന്നുള്ളു. നിയോലിബറല്‍ ആശയങ്ങളും ആഗോളീകരണവുമാണ് അമേരിയ്ക്കയുടെ സമ്പദ്ഘടനയ്ക്ക് അടിത്തറ പാകിയിട്ടുള്ളത്. പ്രകൃതിവിഭവങ്ങളെന്നപോലെ തന്നെ ശക്തമായ തൊഴിലാളിസമ്പത്തും അമേരിയ്ക്കയിലുണ്ട്. തൊഴിലാളിസമ്പത്തിന്റെ വളര്‍ച്ച അമേരിയ്ക്കയുടെ പുരോഗതിക്ക് വലിയസംഭാവന നല്‍കിയിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിനുമുമ്പ് ആഫ്രിയ്ക്കന്‍ അടിമകളും യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാരുമായിരുന്നു തൊഴില്‍ശക്തി. പിന്നീട് ലാറ്റിനമേരിയ്ക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള കുടിയേറ്റക്കാരായി. ഉയര്‍ന്ന വേതനനിരക്കും ജീവിതനിലവാരവും ലോകത്തെല്ലായിടത്തുനിന്നുമുള്ള വിദഗ്ധത്തൊഴിലാളികളെ അമേരിയ്ക്കയിലേയ്ക്ക് ആകര്‍ഷിച്ചിരുന്നു. ജനറല്‍ ഇലക്ട്രിക്, എ.ടി. ആന്റ് ടി തുടങ്ങിയ വന്‍കിട കോര്‍പ്പറേഷനുകളും ധനകാര്യസ്ഥാപനങ്ങളും അമേരിയ്ക്കന്‍ സമ്പദ് വ്യവസ്ഥയെ നിയന്ത്രിയ്ക്കുന്നു. അതേസമയം തന്നെ പട്ടിണിയും ദാരിദ്രവും തൊഴിലില്ലായ്മയും അമേരിയ്ക്കയില്‍ നടമാടുന്നു. 'സായ്പന്‍മാരിലും തെണ്ടികളുണ്ടോ?' എന്നു ചോദിച്ച ഒരു മോഹന്‍ലാല്‍ കഥാപാത്രത്തെ ഓര്‍മ്മവരുന്നു. മൂന്നുകോടി ജനങ്ങള്‍ അമേരിയ്ക്കയില്‍ ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ പിടയുകയാണ്. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നീ അടിസ്ഥാനാവശ്യങ്ങളില്‍ മാത്രം ജീവിതചക്രം വലിച്ചിഴയ്ക്കുന്ന വലിയൊരു വിഭാഗമവിടെയുണ്ട്. മുതലാളിത്ത സമ്പദ്ക്രമത്തിന്റെ പരാജയമായി സോഷ്യലിസ്റ്റു ചിന്താഗതിക്കാര്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്ന വാദമുഖങ്ങള്‍ക്ക് ബലം ലഭിയ്ക്കുന്നത് ഇവിടെയാണ്. അമേരിയ്ക്കയുടെ ജനാധിപത്യം ഏറ്റവും സുതാര്യമാണെന്ന വസ്തുത മറക്കുന്നില്ലെങ്കിലും ചില അസ്വാസ്ഥ്യങ്ങള്‍ അവിടുത്തെ രാഷ്ട്രീയവ്യവസ്ഥിതിയിലും കടന്നുകൂടുന്നുവെന്ന യാഥാര്‍ത്ഥ്യം മറക്കുവാന്‍ കഴിയില്ല. അമ്പതു സംസ്ഥാനങ്ങളും ദേശീയ സര്‍ക്കാരിന്റെ ആസ്ഥാനമായ കൊളംബിയ ഡിസ്ട്രിക്ടും ചേര്‍ന്ന അമേരിയ്ക്കന്‍ ഐക്യനാടിന്റെ തിരഞ്ഞെടുപ്പു പ്രക്രിയ വളരെയേറെ സങ്കീര്‍ണ്ണമായതാണ്. സെനറ്റ്, ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സ് എന്നീ രണ്ടു മണ്ഡലങ്ങള്‍ ചേര്‍ന്ന 'കോണ്‍ഗ്രസ്' എന്നറിയപ്പെടുന്ന അമേരിയ്ക്കന്‍ പാര്‍ലമെന്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നിരവധി രാഷ്ട്രീയ അടിയൊഴുക്കുകളുടെ നിഗൂഢതകളിലൂടെ തല്ലിയലച്ചൊഴുകുന്ന കാഴ്ച നമുക്കുകാണാം. പ്രസിഡന്റും സെക്രട്ടറിമാരും ചേര്‍ന്ന എക്‌സിക്യൂട്ടീവ് സംവിധാനവും കുരുക്കുകള്‍ നിറഞ്ഞതും എന്നാല്‍ സുതാര്യതയുള്ളതുമായ നടപടിക്രമങ്ങളിലൂടെയാണ് നിലവില്‍ വരുന്നത്. നാലുവര്‍ഷകാലാവധിയുള്ള പ്രസിഡന്റ്പദം ഒരാള്‍ രണ്ടുതവണ മാത്രമേ നിര്‍വ്വഹിയ്ക്കുവാന്‍ കഴിയുകയുള്ളുവെന്നതും അമേരിയ്ക്കന്‍ ഭരണസംവിധാനത്തിന്റെ ഗുണകരമായ സവിശേഷതയാണ്. ഇതുവരെ ഒരു വനിത പോലും പ്രസിഡന്റ് പദത്തിലവരോധിയ്ക്കപ്പെട്ടിട്ടില്ലായെന്നത് അമേരിയ്ക്കന്‍ ജനാധിപത്യത്തിന്റെ വികലവശവുമാണ്. ഇലക്ടറല്‍ കോളേജുകളിലെ അംഗങ്ങളെ ജനങ്ങള്‍ തിരഞ്ഞെടുക്കുകയും അത്തരം തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ടറല്‍ കോളേജ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുകയും ചെയ്യുമ്പോള്‍ സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങള്‍ മുന്‍ഗണനയിലെത്തും. ആനയെ തിരഞ്ഞെടുപ്പുചിഹ്നമായി സ്വീകരിച്ചിട്ടുള്ള റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും കഴുതയെ ചിഹ്നമായി സ്വീകരിച്ചിട്ടുള്ള ഡിമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമാണമേരിയ്ക്കയില്‍ നടക്കുന്നത്. ഇതില്‍ ആന ജയിയ്ക്കുമോ കഴുത ജയിയ്ക്കുമോയെന്ന വിചിന്തനം ആസാദ്ധ്യമാണുതാനും. ആനകളും കഴുതകളും തമ്മിലുള്ള അവാന്തര മത്സരങ്ങള്‍ വേറെയുമുണ്ട്. ഗ്രീന്‍, ലിബെര്‍റ്റേറിയന്‍, റീഫോം പാര്‍ട്ടികള്‍ക്കൊന്നും അമേരിയ്ക്കന്‍ ഭരണസംവിധാനത്തില്‍ വേരൂന്നുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലതാനും. ഈ വര്‍ഷം നവംബര്‍ ആറിനാണ് അമേരിയ്ക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് എങ്കിലും അതിന്റെ പ്രചാരണകോലാഹലങ്ങള്‍ മാസങ്ങള്‍ക്കുമുമ്പേ തന്നെ ആരംഭിച്ചുകഴിഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡിമോക്രാറ്റിക് പാര്‍ട്ടിയും സുശക്തരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളിലാണ്. രണ്ടാമൂഴം ജനവിധി തേടുന്ന പ്രസിഡന്റ് ബരാക് ഒബാമയുടെ എതിരാളിയായി റിപ്പബ്‌ളിയ്ക്കന്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പ്രക്രീയ തകൃതിയായി നടക്കുകയാണ്. മുപ്പത് വര്‍ഷം മുമ്പാണ് ഡമോക്രാറ്റിക് കക്ഷിക്കാരനായ പ്രസിഡണ്ടിനെ വൈറ്റ്ഹൗസില്‍ നിന്നും ചവുട്ടിയിറക്കാന്‍ വേണ്ടി റിപ്പബ്‌ളിക്കന്‍ കക്ഷി ശക്തമായ പടയൊരുക്കം നടത്തിയത്. ഡിമോക്രാറ്റിക് കക്ഷിയുടെ നേതാവായിരുന്ന ജിമ്മി കാര്‍ട്ടറിനെതിരെ കാലിഫോര്‍ണിയാ ഗവര്‍ണറും ചലച്ചിത്രതാരവുമായിരുന്ന റൊണാര്‍ഡ് റെയ്ഗനെയായിരുന്നു റിപ്പബ്‌ളിക്കന്‍ കക്ഷി അങ്കത്തിനിറക്കിയത്. 1980-ല്‍ അമേരിയ്ക്കയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഇറാന്‍ ബന്ദി പ്രശ്‌നം അവര്‍ക്ക് അനുകൂലമായി മാറുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി അന്നത്തെ ഡിമോക്രാറ്റിക് ഗവണ്‍മെന്റിനെ വല്ലാതെ ഉലച്ചിരുന്നു. അതുകൂടാതെ റൊണാര്‍ഡ് റെയ്ഗന്റെ വ്യക്തിപ്രഭാവവും റിപ്പബ്‌ളിക്കന്‍ കക്ഷിക്കാര്‍ ചൂഷണം ചെയ്തു. ജിമ്മികാര്‍ട്ടറിന് രാഷ്ട്രീയ സാഹചര്യങ്ങള്‍ എതിരാകുകയും ഡിമോക്രാറ്റിക് ഗവണ്‍മെന്റ് നിഷ്‌കാസിതമാവുകയും ചെയ്ത സാഹചര്യം 2012-ല്‍ പുനര്‍സൃഷ്ടിയ്ക്കുവാനുള്ള ശ്രമത്തിലാണ് റിപ്പബ്‌ളിക്കന്‍കക്ഷികളും സഹചാരികളും. നാലു വര്‍ഷം മുമ്പ് അമേരിയ്ക്കയ്ക്ക് പുത്തന്‍ പ്രതീക്ഷകളും സമഗ്രമായ മാറ്റങ്ങളും വാഗ്ദാനം ചെയ്ത് ചരിത്രപരമായ ഒരു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലവരോധിതനായ ബരാക് ഒബാമയെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തണമെന്ന നിലപാടുമായി ജനവിധി തേടുന്ന റിപ്പബ്‌ളിക്കന്‍ കക്ഷിയ്ക്ക് റെയ്ഗനെപ്പോലെ ജനസമ്മതനായ ഒരു നേതാവില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഒബാമയുടെ നാലുവര്‍ഷത്തെ ഭരണം പരാജയമായിരുന്നുവെന്നതിനു പകരമൊരു മുദ്രാവാക്യമുയര്‍ത്താന്‍ റിപ്പബ്‌ളിക്കന്‍മാര്‍ക്കു കഴിയുന്നില്ല. ക്രിയാത്മകമായ ഒരു നയസമീപനവും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയ്ക്കില്ല. അത്തരമൊരു ചിന്താഗതിയ്ക്ക് കുടപിടിയ്ക്കുന്ന തരത്തിലുള്ള നേതൃത്വം റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയ്ക്കില്ലെന്ന് അതിന്റെ സ്ഥാനാര്‍ത്ഥിതന്നെ വിളംബരം ചെയ്തിരിയ്ക്കുന്നു. തീര്‍ത്തും ദരിദ്രരെക്കുറിച്ചല്ല ഇടത്തരക്കാരെക്കുറിച്ചാണ് തന്റെ ഉത്കണ്ഠ എന്നു പറഞ്ഞ റിപ്പബ്‌ളിയ്ക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനി ഇപ്പോള്‍ വിവാദങ്ങളുടെ നീര്‍ക്കയങ്ങളില്‍ അകപ്പെട്ടിരിയ്ക്കുകയാണ്. റിപ്പബ്‌ളിയ്ക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി കൈമെയ് മറന്ന് പരിശ്രമിയ്ക്കുകയാണ് റോംനി. അദ്ദേഹം ഉന്നയിച്ച ആശയം ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകാരിപ്പോള്‍ നടപ്പാക്കാന്‍ ശ്രമിയ്ക്കുന്ന ആശയത്തിനു സമാനമാണ്. 'തീര്‍ത്തും ദരിദ്രര്‍ക്കായി ഒരു സുരക്ഷാവലയമുണ്ട്. വലിയ സമ്പന്നരെക്കുറിച്ചും ഉത്കണ്ഠയില്ല. അമേരിയ്ക്കയുടെ ഹൃദയം ആയ തൊണ്ണൂറ്റഞ്ചു ശതമാനം ഇടത്തരക്കാരുടെ കഷ്ടപ്പാടുകളെക്കുറിച്ചാണ് എന്റെ ഉത്കണ്ഠ' റോംനിയുടെ നവീന ദര്‍ശനമിതാണ്. ഇതുതന്നെയാണ് നവീന മാര്‍ക്‌സിസ്റ്റുദര്‍ശനവും. ഒറ്റപ്പെട്ട ദരിദ്രജനവിഭാഗങ്ങളെ സംഘടിപ്പിച്ചിട്ടെന്തു കാര്യം. മദ്ധ്യവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരെയും സ്ഥിരവരുമാനമുള്ള മറ്റു ജനവിഭാഗങ്ങളേയും സംഘടിപ്പിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന വോട്ടുബാങ്കും പാര്‍ട്ടിലെവിയുമല്ലേ പ്രധാനം. ക്രിസ്തീയതയെ പരിപോഷിപ്പിയ്ക്കുവാന്‍ മാര്‍ക്‌സിസത്തിന്റെ വേദിയുപയോഗിയ്ക്കുന്ന തത്വശാസ്ത്രത്തിന്റെ മറ്റൊരു മുഖം റോംനിയില്‍ തെളിഞ്ഞുനില്‍ക്കുന്നു. നിത്യദരിദ്രരായവരെക്കുറിച്ച് അദ്ദേഹത്തിന് ഉത്കണ്ഠയില്ല പോലും!. തീര്‍ത്തും ദരിദ്രര്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ ഭയപ്പാടോടുകൂടിയാണ് കാണുന്നത്. അമേരിയ്ക്കയിലെ മൂന്നുകോടി ദരിദ്രജനവിഭാഗങ്ങള്‍ ആശങ്കകളുയര്‍ത്തിയപ്പോള്‍ റോംനി അടവുനയങ്ങള്‍ തിരുത്തിവായിച്ചു. 'പാവങ്ങള്‍ ഉള്‍പ്പെടെ എല്ലാ അമേരിയ്ക്കക്കാരേയും കുറിച്ച് എനിയ്ക്ക് കരുതലുണ്ട്. ഒബാമയുടെ നയങ്ങള്‍ മൂലം കഷ്ടപ്പെടുന്ന ഇടത്തരക്കാരുടെ കുടുംബങ്ങളെയാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നുമാത്രം'. ഈ മഹാമനസ്‌ക്കത അമേരിയ്ക്കയിലെ ജനാധിപത്യവാദികളെങ്ങനെ സ്വീകരിയ്ക്കുമെന്ന് കാത്തിരുന്നുകാണാം. ദരിദ്രജനകോടികളെ തള്ളിക്കളഞ്ഞുകൊണ്ട് റോംനിയ്ക്ക് റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥിത്വം നേടിയെടുക്കാന്‍ കഴിയുകയില്ല. അമേരിയ്ക്കയില്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിന്റെ ചുമതല പൊതുജനങ്ങള്‍ക്കാണ്. അമേരിയ്ക്കയില്‍ രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ വിവിധ സമവാക്യങ്ങള്‍ക്ക് അനുസരിച്ച് നാമനിര്‍ദേശം ചെയ്യുന്നവരല്ല ജനവിധി തേടുന്നത്. ഡെമോക്രാറ്റിക്, റിപ്പബ്‌ളിക്കന്‍കക്ഷികളുടെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരാണ് പ്രൈമറി തിരഞ്ഞെടുപ്പുകളിലൂടെ അവരുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ മാത്രമല്ല പാര്‍ലമെന്റിലേയ്ക്കും സെനറ്റിലേയ്ക്കും വിവിധ സംസ്ഥാന, പ്രാദേശിക സമിതികളിലേയ്ക്കും ജനങ്ങള്‍ തന്നെയാണ് പ്രൈമറി തിരഞ്ഞെടുപ്പുകളിലൂടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിയ്ക്കുന്നത്. അതിനാല്‍ തന്നെ 'കുറ്റിച്ചൂല്‍' രാഷ്ട്രീയം അമേരിയ്ക്കയ്ക്ക് അന്യമാണ്. ഇന്ത്യയിലെ ചില രാഷ്ട്രീയ കക്ഷികള്‍ വീമ്പടിയ്ക്കുന്നത് ഞങ്ങള്‍ 'കുറ്റിച്ചൂലിനെ' നിര്‍ത്തിയാലും വിജയിപ്പിച്ചെടുക്കുമെന്നാണല്ലോ! പക്ഷേ അത് അമേരിയ്ക്കന്‍ രാഷ്ട്രീയത്തില്‍ നടപ്പില്ല. അതുകൊണ്ടാണ് റിപ്പബ്‌ളിക്കന്‍മാര്‍ പൊക്കിപ്പിടിയ്ക്കുന്ന റോംനിയുടെ വികടസരസ്വതി അമേരിയ്ക്കന്‍ ജനത കൂലംകഷമായി ചര്‍ച്ചയ്ക്കുവിധേയമാകുന്നത്. ദേശീയതലത്തില്‍ നടന്ന അഭിപ്രായവോട്ടെടുപ്പില്‍ റോംനിയാണ് റിപ്പബ്‌ളിക്കന്‍കക്ഷിയില്‍ ജനസമ്മതിയുള്ള ഏക നേതാവ്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദവും എം. ബി. എയും നേടിയിട്ടുള്ള റോംനി വളരെക്കാലം ഒരു സ്വകാര്യകമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. അതേപോലെതന്നെ മസാച്യൂസെറ്റ്ഡിന്റെ ഗവര്‍ണ്ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹം നടത്തിയ 'ദരിദ്രവിരുദ്ധ' പ്രസ്താവന ഒരിയ്ക്കലും ഒരു രാഷ്ട്രതത്രജ്ഞനു ചേര്‍ന്നതായിരുന്നില്ല. അമേരിയ്ക്കയുടെ സ്വതന്ത്രതചിന്താഗതികളെ കളങ്കപ്പെടുത്തുന്ന വാക്കുകളാണ് റോംനിയുടെ നാവില്‍ നിന്നുതിര്‍ന്നുവീണത്. ഡിമോക്രാറ്റിക് പാര്‍ട്ടി നേതാവ് പ്രസിഡണ്ട് ഒബാമ ഇന്നും ശക്തനായ നേതാവാണ്. അദ്ദേഹം അമേരിയ്ക്കയിലെ കറുത്ത വര്‍ഗ്ഗത്തിന്റെ പ്രതീകമാണ്. വെളുത്ത മദ്ധ്യവര്‍ഗ്ഗങ്ങള്‍ അദ്ദേഹത്തെ എതിര്‍ക്കുന്നുണ്ടാകാം. ദരിദ്രജനവിഭാഗങ്ങളുടെ സംരക്ഷണം ഒബാമ ഓ ദൗത്യമായി സ്വീകരിച്ചിട്ടുണ്ട്. - അതു പ്രാവര്‍ത്തികമായില്ലെങ്കില്‍ പോലും. അതിനെതിരെ മദ്ധ്യവര്‍ഗ്ഗത്തിന്റെ സംരക്ഷണമെന്ന മുദ്രാവാക്യമുയര്‍ത്തുന്ന റോംനി കപടരാഷ്ട്രീയവാദമാണുയര്‍ത്തുന്നത്. ഭൂരിപക്ഷം വരുന്ന മദ്ധ്യവര്‍ഗ്ഗത്തെ കയ്യിലെടുക്കാനുള്ള വികലമായ ഒരു തന്ത്രമാണദ്ദേഹം പയറ്റിനോക്കിയത്. ഇന്ത്യയിലെ മഹാത്മാഗാന്ധിയും അമേരിയ്ക്കയിലെ മാര്‍ട്ടിന്‍ ലൂതര്‍ കിങും ദരിദ്രജനകോടികള്‍ക്കാണു മുന്‍ഗണന നല്‍കിയത്. അവരുടെ വീക്ഷണങ്ങള്‍ക്കു വിരുദ്ധമായ മദ്ധ്യവര്‍ഗ്ഗവാദം സ്വീകരിയ്ക്കുന്ന പാര്‍ട്ടികളെല്ലാം താല്‍ക്കാലിക അധികാരത്തില്‍ മാത്രമാണ് ലക്ഷ്യമൂന്നുന്നത്. റോംനി ഓര്‍മ്മിയ്ക്കുവാന്‍ വേണ്ടി മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വിശ്വപ്രസിദ്ധമായ പ്രസംഗത്തിലെ ഏതാനും വരികള്‍ മാത്രം ഉദ്ധരിയ്ക്കട്ടെ.''എനിയ്‌ക്കൊരു സ്വപ്നമുണ്ട്. ഒരു ദിവസം എല്ലാ താഴ്‌വാരങ്ങളും ഉയര്‍ത്തപ്പെടും. എല്ലാ കുന്നുകളും പര്‍വ്വതങ്ങളും താഴ്ന്നതായിത്തീരും. കുണ്ടും കുഴിയും നിറഞ്ഞ സ്ഥലങ്ങള്‍ സമതലങ്ങളായി മാറ്റപ്പെടും. വളഞ്ഞ സ്ഥലങ്ങള്‍ നേരേയായിത്തീരും. ദൈവത്തിന്റെ മഹത്വം വെളിപ്പെടും. എല്ലാ മനുഷ്യരും അതൊന്നിച്ചു കാണുകയും ചെയ്യും. ''ഒടുവില്‍ മോചനം ഒടുവില്‍ മോചനം ദരിദ്ര കോടികള്‍ക്കൊടുവില്‍ മോചനം'' ................................................................. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തൈക്കൂട്ടത്തില്‍ സക്കീര്‍
-°C 