| പോറലേല്‍ക്കാതെ ചിദംബരം; തലകുനിക്കാതെ കോണ്‍ഗ്രസ് |
പി മുഹമ്മദലി2 ജി സ്‌പെക്ട്രം ഇടപാടില്‍ മന്ത്രി ചിദംബരത്തെ പ്രതി ചേര്‍ക്കാനാവില്ലെന്ന പാട്യാല ഹൗസ് കോടതി വിധി കോണ്‍ഗ്രസിന്റെ ധാര്‍മിക ധീരതയുടെ വിജയമായി വിലയിരുത്തപ്പെടുന്നു. മാത്രവുമല്ല; പ്രധാനമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച സത്യസന്ധമായ നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂര്‍ധന്യത്തില്‍ കോണ്‍ഗ്രസിനെ അടിച്ചുവീഴ്ത്താമെന്ന് വ്യാമോഹിച്ച ബി ജെ പി സഖ്യത്തിനുള്ള തിരിച്ചടിയായും കോടതിവിധി മാറുന്നു. വ്യാഴാഴ്ച സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ അമിതാഹ്ലാദം പ്രകടിപ്പിച്ചവര്‍ ശനിയാഴ്ച ചിദംബരത്തിന്റെ തലയുരുളുമെന്ന് പ്രവചിച്ചിരുന്നു. പക്ഷെ, ചിദംബരം പോറലേല്‍ക്കാതെയും കോണ്‍ഗ്രസ് തലകുനിക്കാതെയും നിലകൊള്ളുകയാണ്. ശല്യക്കാരനായ വ്യവഹാരിയെന്ന നിലയില്‍ കുപ്രസിദ്ധനായ മുന്‍ ജനസംഘം നേതാവ് സുബ്രഹ്മണ്യ സ്വാമിയുമായി കൈകോര്‍ത്ത് ബി ജെ പി നടത്തിവന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് കോടതി വിധിയിലൂടെ പൊളിഞ്ഞത്. സ്‌പെക്ട്രം ഇടപാടില്‍ അഴിമതി നടന്നുവെന്ന് ബോധ്യമായപ്പോള്‍ ഉത്തരവാദികളെ നിയമത്തിന് മുമ്പിലേക്ക് എടുത്തെറിഞ്ഞ പ്രധാനമന്ത്രിയുടെ ധീരനടപടിയെ അംഗീകരിക്കാതെ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ആയുസ്സും കെട്ടുറപ്പും വകവെയ്ക്കാതെ, അഴിമതിക്കാര്‍ക്ക് സംരക്ഷണം നല്‍കാത്ത കോണ്‍ഗ്രസിന്റെ നടപടി അഴിമതിക്കെതിരെയുള്ള ധീരപ്രഖ്യാപനമായിരുന്നു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി എന്ന നിലയില്‍ എ രാജ തന്നിഷ്ടപ്രകാരം നടത്തിയ ഈ നടപടിയുടെ പാപഭാരം പേറാന്‍ കോണ്‍ഗ്രസിനോ സര്‍ക്കാരിനോ ആവില്ലായിരുന്നു. പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചും ധനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചുമാണ് രാജ ലൈസന്‍സ് അനുവദിച്ചതെന്ന സുപ്രീം കോടതിയുടെ വ്യാഴാഴ്ചത്തെ നിരീക്ഷണം തന്നെ പ്രധാനമന്ത്രിയുടെയും ചിദംബരത്തിന്റെയും കൈ ശുദ്ധമാണെന്നതിനുള്ള ശുദ്ധിപത്രമായിരുന്നു. മാത്രവുമല്ല; 2 ജി സ്‌പെക്ട്രം ഇടപാടില്‍ യു പി എ സര്‍ക്കാരോ കോണ്‍ഗ്രസോ പുതുതായി ഒരു നയവും സ്വീകരിച്ചിരുന്നില്ല. എന്‍ ഡി എ സര്‍ക്കാര്‍ ഈ രംഗത്ത് നടപ്പാക്കിയ നയങ്ങളുടെ പിന്തുടര്‍ച്ച മാത്രമായിരുന്നത്. രാജയ്ക്ക് അഴിമതി നടത്താനുള്ള രൂപരേഖ തയ്യാറാക്കിവെച്ചത് എന്‍ ഡി എ സര്‍ക്കാരായിരുന്നുവെന്നതാണ് സത്യം. ധനസെക്രട്ടറി, വ്യവസായ നയവകുപ്പ് സെക്രട്ടറി, ആസൂത്രണ കമ്മീഷന്‍ സെക്രട്ടറി എന്നിവരറിയാതെ ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ട് രാജ അഴിമതിയുടെ രാജപാത വെട്ടിത്തുറക്കുകയായിരുന്നു. അപേക്ഷകളുടെ ബാഹുല്യം നിമിത്തം ടെലികോം കമ്മീഷന്‍ നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടിയപ്പോള്‍ വിഷയം മന്ത്രിമാരുടെ സമിതിയും അറ്റോര്‍ണി ജനറലും പരിശോധിക്കട്ടെ എന്ന് നിയമമന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍ രാജ ഈ നിര്‍ദ്ദേശം നിരാകരിക്കുക മാത്രമല്ല, നിയമമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമ്രന്ത്രിക്ക് പരാതി അയയ്ക്കുകയാണുണ്ടായത്. സ്‌പെക്ട്രം വിതരണത്തില്‍ സുതാര്യതയും നീതിയും നടപ്പാക്കണമെന്നായിരുന്നു രാജയ്ക്കുള്ള മറുപടിയില്‍ മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടത്. ലേലം വേണമെന്നും വില പരിഷ്‌ക്കരിക്കണമെന്നുമുള്ള നിര്‍ദ്ദേശംകൂടി പ്രധാനമന്ത്രിയുടെ കത്തിലുണ്ടായിരുന്നു. എന്നാല്‍ രാജയുടെ പ്രതികരണം വിരുദ്ധമായിരുന്നു. വില നിശ്ചയിക്കുന്നതിന് മുമ്പ് ധനവകുപ്പുമായി ആലോചിക്കണമെന്ന നിര്‍ദ്ദേശവും ടെലികോം മന്ത്രി വകവെച്ചില്ല. സര്‍ക്കാരിനുള്ള പിന്തുണയുടെ പേരില്‍ രാജ നടത്തിയ അഴിമതിയ്ക്കും അതിക്രമത്തിനും പകരം മന്‍മോഹന്‍സിംഗിന്റെ ചോരയും ചിദംബരത്തിന്റെ ശിരസ്സുമായിരുന്നു പ്രതിപക്ഷങ്ങള്‍ക്കാവശ്യം. കള്ളനെ വലയിലാക്കുകയല്ല; വലയിലാക്കാന്‍ സഹായിച്ചവരെ വലയിലാക്കുക എന്നതായിരുന്നു ബി ജെ പി-ഇടതു പാര്‍ട്ടികളുടെ ലക്ഷ്യം. ഭരണകക്ഷിയ്ക്കുവേണ്ടി കൈപൊക്കുന്നവരായിട്ടും രാജയും കനിമൊഴിയും ദയാനിധി മാരനും സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച മന്‍മോഹന്‍ സിംഗിനെ രാജയേക്കാള്‍ വലിയ തെറ്റുകാരനായി അവര്‍ ചിത്രീകരിച്ചു. ഏത് ഉന്നതനെതിരെയും മുഖം നോക്കാതെയും സ്വാധീനത്തിന് വഴങ്ങാതെയും നടപടി എടുക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അണുപോലും തെറ്റാതെയാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. കേരള രാഷ്ട്രീയത്തിലെ റൗഫ്മാരെപോലുള്ള ഹീനവൃത്തരുടെ ദേശീയരൂപമാണ് സൂബ്രഹ്മണ്യം സ്വാമി. ഇരുതല മൂര്‍ച്ചയുള്ള ഇത്തരം വാളുപയോഗിച്ച് കോണ്‍ഗ്രസിന്റെ കഴുത്തറക്കാന്‍ ശ്രമിച്ച ബി ജെ പിയുടെ കൈമുറിഞ്ഞ അവസ്ഥയാണ് പാട്യാല ഹൗസ് കോടതിവിധിയിലൂടെ ഉണ്ടായത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പി മുഹമ്മദലി
-°C 