കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സമ്മേളനം എട്ട് പ്രമേയങ്ങള്‍ ഒരുങ്ങുന്നു
Imageനിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: ആഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ ഉള്‍പ്പെടെ അവതരിപ്പിക്കുന്നതിനായി കെപിസിസിയുടെ എട്ട് പ്രമേയങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു.
രാഷ്ട്രീയം, സാമ്പത്തികം, സംഘടനാപരം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടം, വികസന രേഖ, പഞ്ചായത്തീരാജ്, പ്രവാസികാര്യം തുടങ്ങിയ വിഷയങ്ങളാണ് പ്രമേയങ്ങള്‍ക്കാധാരം. ഇന്നലെ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ പ്രമേയങ്ങള്‍ രൂപപ്പെടുത്തുന്നതിനായി കമ്മിറ്റികളെ നിശ്ചയിച്ചു. രാഷ്ട്രീയ പ്രമേയത്തിന്റെ ചുമതല കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബെഹനാന്‍ കണ്‍വീനറായുള്ള കമ്മിറ്റിക്കാണ്. സാമ്പത്തിക പ്രമേയത്തിന് എംഐ ഷാനവാസ് എംപി കണ്‍വീനറായ സമിതി നേതൃത്വം നല്‍കും. സംഘടനാ പ്രമേയത്തിന്റെ ചുമതല കെ. സുധാകരന്‍ എംപിക്കാണ്.
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള പ്രമേയത്തിന് പി.സി ചാക്കോ എംപി അധ്യക്ഷനായ സമിതിയും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്നതിന് ഡോ. എംഎ കുട്ടപ്പന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയും പ്രവര്‍ത്തിക്കും.
 
കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയിലിനാണ് വികസന രേഖയുടെ ചുമതല. പഞ്ചായത്തീരാജിനെക്കുറിച്ച് എന്‍ വേണുഗോപാലും പ്രവാസികാര്യം സംബന്ധിച്ച് കെ.സി രാജനും അധ്യക്ഷന്മാരായ സമിതി പ്രമേയങ്ങള്‍ തയ്യാറാക്കും.സമ്പൂര്‍ണ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. സമ്മേളനത്തിന് മുന്നോടിയായി താഴേതലങ്ങളിലെ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ നിര്‍വാഹക സമിതി തീരുമാനിച്ച സംഘടനാ പരിപാടികളെക്കുറിച്ചുള്ള അവലോകനവും യോഗത്തിലുണ്ടായി. ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കണ്‍വെന്‍ഷനുകള്‍ ആറാം തീയതി മുതല്‍ പുനഃരാരംഭിക്കും. ആറിന് രാവിലെ കൊല്ലത്തും വൈകുന്നേരം ആറിന് തിരുവനന്തപുരത്തും കണ്‍വെന്‍ഷന്‍ നടത്തും. കൊല്ലത്തെ കണ്‍വെന്‍ഷനില്‍ എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. - കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
 
കുട്ടനാട് പാക്കേജിന്റെ സമഗ്ര പഠനത്തിനായി മുന്‍ കൃഷിമന്ത്രി സിറിയക് ജോണ്‍ അധ്യക്ഷനായി പുതിയ സമിതിയെ കെപിസിസി നിയോഗിച്ചു. പാക്കേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണിത്. ഈ സമിതി യുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ഇഎം ആഗസ്തി, എം.എ കുട്ടപ്പന്‍, അജയ് തറയില്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടി, ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയ് മാളിയേക്കല്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കായി കൊച്ചിയില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കാനും ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി. മാര്‍ച്ച് പത്ത്, പതിനൊന്ന് തീയതികളിലാണ് പരിപാടി. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 4,000-ത്തോളം ജനപ്രതിനിധികള്‍ മഹാ പഞ്ചായത്തില്‍ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls