അച്ചടക്കലംഘനമുണ്ടായാല്‍ കര്‍ശന നടപടി: ചെന്നിത്തല
Imageതിരുവനന്തപുരം: കണ്ണൂരിലെ പോസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ക്കു സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
അച്ചടക്കലംഘനം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവും. പാര്‍ട്ടിയെയും നയങ്ങളെയും പരസ്യമായി വിമര്‍ശിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. വിലക്കേര്‍പ്പെടുത്തിയശേഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതു താഴേത്തട്ടിലേക്ക് സന്ദേശങ്ങള്‍ യഥാസമയം എത്താതിരുന്നതിനാലാകാമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി ഭാരവാഹികളുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി ആസ്ഥാനത്തെത്തിയ കെ. സുധാകരന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത് സംബന്ധിച്ച ചോദ്യത്തിന്, ഒരാള്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുവെന്നത് അച്ചടക്ക ലംഘനമായി കാണാനാവില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
 
മുഖ്യമന്ത്രിയും താനുമൊക്കെ പരിപാടികള്‍ക്ക് എത്തുമ്പോള്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് അനുകൂലമായി മുദ്രാവാക്യങ്ങള്‍ വിളിക്കാറുണ്ട്. അത് പാടില്ലെന്ന് വിലക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ പോസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നം സുധാകരനുമായി നേരിട്ടു സംസാരിച്ചു അവസാനിപ്പിക്കും. ഇനിയും ആ പ്രശ്‌നം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനില്ല. കണ്ണൂര്‍ പ്രശ്‌നം അടഞ്ഞ അധ്യായമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ താനുമായും മുഖ്യമന്ത്രിയുമായും സംസാരിക്കാവുന്നതേയുള്ളൂ.  സുധാകരന് മാത്രമല്ല, ഏതു പ്രവര്‍ത്തകനും ഇതിന് കഴിയും. സുധാകരനു താനുമായും മുഖ്യമന്ത്രിയുമായും ഇത്തരം വിഷയങ്ങള്‍ സംസാരിക്കാവുന്നതാണെന്നു യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനുള്ള കോ-ഓഡിനേഷന്‍ കമ്മിറ്റി ഉടന്‍ യോഗം ചേരും. സുധാകരന്റെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കാം. എന്നാല്‍, പരസ്യമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തരുത്. പ്രാദേശികാടിസ്ഥാനത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവും.
 
നിലവില്‍ പാര്‍ട്ടിയും സര്‍ക്കാരുമായി പ്രശ്‌നങ്ങളില്ല. സാധാരണഗതിയില്‍ കോണ്‍ഗ്രസില്‍ ചെറിയ അഭിപ്രായപ്രകടനങ്ങള്‍ കാര്യമായെടുക്കാറില്ല. എന്നാല്‍, പരിധി ലംഘിച്ചാല്‍ പാര്‍ട്ടി ഇതു ശക്തമായി നിയന്ത്രിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നയവുമായി ബന്ധപ്പെട്ടു പലതരത്തിലുള്ള പരാതികള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, എല്ലാം വെളിപ്പെടുത്താനാവില്ല. വക്കം കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പാര്‍ട്ടിയ്ക്കു ഗുണകരമായ രീതിയില്‍ നടപ്പാക്കും. റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിന്റെ ഭാവിപ്രവര്‍ത്തനത്തിനുള്ള ദീര്‍ഘകാല-ഹ്രസ്വകാല പരിപാടികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതു ശക്തമായി നടപ്പാക്കും. റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും നിര്‍വാഹക സമിതിയോഗമാണ് ചുമതലപ്പെടുത്തിയത്. ഈ ചുമതല നിര്‍വഹിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls