സ്വര്‍ണക്കുതിപ്പ്‌

Imageഹെന്‍ട്രി ഓസ്റ്റിന്‍

പവന്‌ 13,480 രൂപ എന്ന റെക്കോര്‍ഡ്‌ വിലയില്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ വസ്തുക്കളില്‍ ഒന്നായി മാറുകയാണ്‌ സ്വര്‍ണ്ണം.

കഴിഞ്ഞ 50 വര്‍ഷംകൊണ്ട്‌ സ്വര്‍ണവിലയില്‍ വന്ന വര്‍ദ്ധന അവിശ്വസനീയമാണ്‌. 1960ല്‍ 111 രൂപ ഉണ്ടായിരുന്ന 10 ഗ്രാം തങ്കത്തിന്റെ വിലയാണ്‌ 2009ല്‍ എത്തുമ്പോള്‍ 16,800 ആയിരിക്കുന്നത്‌. ലോക സംസ്കാരങ്ങളുടെ ഉദയംമുതല്‍തന്നെ സ്വര്‍ണ്ണം മൂല്യമുള്ള ഒരു വസ്തുവായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ സ്വര്‍ണ്ണം കറന്‍സിക്കുതുല്യമെന്ന നിലയിലാണ്‌ പുരാതന സംസ്കാരങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്നത്‌. 250 വര്‍ഷം മുന്‍പുവരെ കറന്‍സി അച്ചടിക്കുവാന്‍ തത്തുല്യമായ സ്വര്‍ണ്ണശേഖരം അതാതു രാജ്യങ്ങള്‍ സൂക്ഷിക്കണമെന്നൊരു നിഷ്കര്‍ഷയുണ്ടായിരുന്നു. രാജ്യത്തിന്റെ കേന്ദ്ര ബാങ്ക്‌ സ്വര്‍ണ്ണശേഖരത്തിന്റെ അനുപാതമനുസരിച്ചുമാത്രമാണ്‌ പേപ്പര്‍ കറന്‍സി അച്ചടിക്കുവാന്‍ അനുമതി‍ ഉണ്ടായിരുന്നുള്ളൂ.


ഈ രീതിയെ 'ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌' എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. 1914ലാണ്‌ മിക്ക രാജ്യങ്ങളും ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഉപേക്ഷിച്ചത്‌. അന്ന്‌ അതിന്‌ പ്രേരകമായത്‌ ഒന്നാം ലോക മഹായുദ്ധത്തോടനുബന്ധിച്ച്‌ ഉണ്ടായ വന്‍ സാമ്പത്തികമാന്ദ്യവും ലോക മഹായുദ്ധത്തിന്റെ ഭീമമായ ചിലവുകള്‍ വഹിക്കുവാന്‍ ആ രാജ്യങ്ങളെല്ലാം നിര്‍ബന്ധിതരായതുമാണ്‌. അവരുടെ സാമ്പത്തിക വ്യവസ്ഥകളെ പുനരുദ്ധരീകരിക്കുവാന്‍ സര്‍ക്കാരുകള്‍ക്ക്‌ പുനര്‍ നിര്‍മ്മാണ പ്രക്രിയകള്‍ക്കായി പണം കണ്ടെത്തേണ്ടിവന്നപ്പോള്‍ തത്തുല്യമായ സ്വര്‍ണ്ണം സൂക്ഷിക്കുക എന്നുള്ള ഏര്‍പ്പാട്‌ അപ്രായോഗികമായി തീര്‍ന്നു.
അമേരിക്ക മാത്രമാണ്‌ 1914നുശേഷവും ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ തുടര്‍ന്നുപോയത്‌. ബ്രെറ്റണ്‍-വുഡ്‌ സിസ്റ്റം അനുസരിച്ച്‌ ഡോളറിനെ ഒരു നിശ്ചിത അനുപാതത്തില്‍ സ്വര്‍ണമായി മാറ്റാമെന്നും ലോക രാഷ്ട്രങ്ങളോട്‌ അമേരിക്ക സമ്മതിച്ചു. സ്വര്‍ണ്ണത്താല്‍ പിന്താങ്ങപ്പെട്ട കറന്‍സി എന്നുള്ള മൂല്യം ഒന്നുകൊണ്ടുമാത്രമാണ്‌ ലോക വ്യാപാരത്തിന്റെ റിസര്‍വ്‌ കറന്‍സിയായി ഡോളര്‍ മാറിയത്‌.

 

1971-ല്‍ റിച്ചര്‍ഡ്‌ നിക്സണ്‍ പ്രസിഡന്റായിരിക്കുമ്പോള്‍ അമേരിക്കയും ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഉപേക്ഷിച്ചു. ലോകവ്യാപാരക്രമം വന്‍നിലയില്‍ കുതിച്ചുയര്‍ന്നപ്പോഴും മൊത്തം പ്രിന്റ്‌ ചെയ്യപ്പെട്ട കറന്‍സിയുടെ അളവ്‌ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചപ്പോഴും സ്വര്‍ണം തത്തുല്യമായ രീതിയില്‍ കേന്ദ്ര ബാങ്കുകള്‍ക്ക്‌ സൂക്ഷിക്കാന്‍ സാധിക്കാത്തൊരു സ്ഥിതി സംജാതമായി. എങ്കിലും ലോകത്തില്‍ എല്ലാ കേന്ദ്ര ബാങ്കുകളും ഒരു നിശ്ചിത അനുപാതത്തില്‍ സ്വര്‍ണ്ണം ശേഖരിച്ചുവയ്ക്കാറുണ്ട്‌. പല സാമ്പത്തിക വിദഗ്ദ്ധരും കാലാകാലങ്ങളില്‍ ലോകത്തുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധികളുടെ ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്‌ ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഉപേക്ഷിച്ച നീക്കത്തെയാണ്‌.
നിലവില്‍ ലോകത്തെ വിവിധ സെന്‍ട്രല്‍ ബാങ്കുകളുടെ കൈവശം 30,000 ടണ്ണിന്റെ അടുത്ത്‌ സ്വര്‍ണ്ണശേഖരമുണ്ട്‌. ഇന്ത്യയുടെ റിസര്‍വ്‌ ബാങ്കിന്റെ സ്വര്‍ണ്ണശേഖരം 78,750 കോടി രൂപയുടേതാണ്‌.

 

ഈ അടുത്ത്‌ ഐ.എം.എഫ്‌. (അന്താരാഷ്ട്ര നാണയ നിധി) വില്‍ക്കുവാന്‍ വച്ച 400 ടണ്ണില്‍പരം സ്വര്‍ണ്ണത്തില്‍നിന്ന്‌ 200 ടണ്‍ സ്വര്‍ണ്ണം ഇന്ത്യ 32,500 കോടി രൂപയ്ക്ക്‌ വാങ്ങിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കം ആഗോളവ്യാപകമായി സ്വര്‍ണ്ണവില കുതിക്കുവാന്‍ പ്രേരകമായിട്ടുണ്ട്‌. 1979ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ 30 ടണ്‍ സ്വര്‍ണ്ണം ലേലംചെയ്ത ഇന്ത്യ 1991ലും വിദേശനാണയ പ്രതിസന്ധി മറികടക്കുവാന്‍ 67 ടണ്‍ സ്വര്‍ണ്ണം ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ടിന്‌ പണയപ്പെടുത്തിയിരുന്നു.പ്രതിവര്‍ഷം ലോകത്ത്‌ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കച്ചവടം നടക്കുന്ന രാജ്യമാണ്‌ ഇന്ത്യ. ഏകദേശം 800 ടണ്‍ അഥവാ 8 ലക്ഷം കിലോ സ്വര്‍ണ്ണമാണ്‌ ഇന്ത്യയില്‍ കച്ചവടം നടക്കുന്നത്‌. ഇത്‌ ഏകദേശം 10 കോടി പവനോളം വരും. ഇന്നത്തെ നിരക്കുവച്ച്‌ നോക്കിയാല്‍ 1,34,000 കോടി രൂപയ്ക്കുമേലെ വരും തുക. 2008ല്‍ 580 ടണ്‍ സ്വര്‍ണ്ണമാണ്‌ ഇന്ത്യ ഇറക്കുമതി ചെയ്തത്‌.

 

ഏകദേശം 200 ടണ്‍ സ്വര്‍ണ്ണം പഴയ സ്വര്‍ണ്ണം തിരികെ വാങ്ങിയതിലൂടെയാണ്‌ വ്യാപാരത്തിലെത്തിയത്‌. ഇന്ത്യയില്‍ ആകെ മൊത്തം 13,000 ടണ്ണിനുമേല്‍ സ്വര്‍ണ്ണശേഖരമുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഏകദേശം 17 ലക്ഷം കോടി രൂപയുടെ സ്വര്‍ണ്ണം! നമ്മുടെ മൊത്തം ജി.ഡി.പി. 55 ലക്ഷം കോടി എന്നു കണക്കാക്കുമ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര സ്വര്‍ണ്ണശേഖരം എത്രത്തോളമുണ്ടെന്ന്‌ നമുക്ക്‌ തിരിച്ചറിയാം. ഇന്ത്യയില്‍ ഏറ്റവുമധികം സ്വര്‍ണ്ണം വില്‍ക്കപ്പെടുന്ന സംസ്ഥാനം തമിഴ്‌നാടാണ്‌. രണ്ടാം സ്ഥാനത്ത്‌ ആന്ധ്രപ്രദേശും മൂന്നാം സ്ഥാനത്ത്‌ കേരളവുമാണ്‌. ഇന്ത്യയില്‍ ആകെ വില്‍ക്കുന്ന സ്വര്‍ണ്ണത്തിന്റെ 12 ശതമാനത്തോളം കേരളത്തിലാണ്‌ ചെലവാക്കുന്നത്‌. അതായത്‌ ഏകദേശം 100 ടണ്ണിന്റെ അടുത്ത്‌. കേരളത്തില്‍ സമ്പാദ്യത്തിനുപുറമെ വിവാഹാവശ്യങ്ങള്‍ക്കുകൂടിയാണ്‌ സ്വര്‍ണ്ണം ഏറ്റവും കൂടുതല്‍ വാങ്ങപ്പെടുന്നത്‌. സ്വര്‍ണ്ണത്തിലേക്ക്‌ ഇപ്പോള്‍ സമ്പാദ്യാവശ്യങ്ങള്‍ക്കും കേരളീയര്‍ ആകര്‍ഷിക്കപ്പെടുന്നതിന്‌ ചില കാരണങ്ങളുണ്ട്‌. ഉദാരവല്‍ക്കരണത്തോടുകൂടി ബാങ്ക്‌ ഡെപ്പോസിറ്റുകളില്‍ ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ ഇടിവ്‌ സംഭവിച്ചിട്ടുണ്ട്‌.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls