| നിയമങ്ങള്ക്ക് ഒരാമുഖം-39 |
നഷ്ടപരിഹാരവും ജീവനാംശ പ്രശ്നവുംഡി.സുഗതന് ഈ വകുപ്പനുസരിച്ച് അനുവദിക്കുന്ന സാമ്പത്തിക പരിഹാരം മതിയായതും ശരിയായതും ന്യായവും പീഡിപ്പിക്കപ്പെട്ട ആള്ക്ക് പരിചിതമായ ജീവിത നിലവാരത്തോട് പൊരുത്തപ്പെടുന്നതുമാ യിരിക്കണമെന്നും നിയമം പറയുന്നു. കേസിന്റെ സ്വഭാവവും സാഹചര്യവും ആവശ്യപ്പെടുന്നതനുസരിച്ച് സംരക്ഷണത്തിന്റെ മൊത്തം ചെലവുകളും പ്രതിമാസ ചെലവും ഉത്തരവിടാനും മജിസ്ട്രേറ്റിനധികാരമുണ്ട്. ഇപ്രകാരം പാസ്സാക്കുന്ന സാമ്പത്തിക പരിഹാര ഉത്തരവിന്റെ ഒരു കോപ്പി അപേക്ഷ നടത്തിയ കക്ഷികള്ക്കും എതൃകക്ഷി താമസിക്കുന്ന സ്ഥല പരിധിയില് അധികാരമുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ആള്ക്കും മജിസ്ട്രേറ്റ് അയച്ചുകൊടുക്കുന്നതാണ്. ഈ ഉത്തരവില് പറഞ്ഞിട്ടുള്ള കാലയളവില് തന്നെ പീഡിപ്പിക്കപ്പെട്ട ആള്ക്ക് അനുവദിച്ച സാമ്പത്തിക പരിഹാരം എതൃകക്ഷി അവള്ക്ക് നല്കേണ്ടതാണെന്നും ഉപവകുപ്പ് അനുശാസിക്കുന്നു. ഇതിന് എതൃകക്ഷി വീഴ്ചവരുത്തിയാല് എതൃകക്ഷിയുടെ തൊഴിലുടമയോടോ, അയാളോട് കടം വാങ്ങിയ ആളോടോ പീഡിപ്പിക്കപ്പെട്ട ആള്ക്ക് നേരിട്ട് നല്കാനോ കൂലിയുടെയോ ശമ്പളത്തിന്റേയോ എതൃകക്ഷിക്ക് കിട്ടാനുള്ള കടത്തിന്റേയോ ഒരുഭാഗം കോടതിയില് കെട്ടിവെയ്ക്കാനോ മജിസ്ട്രേറ്റിന് നിര്ദ്ദേശിക്കാവുന്നതും ആ തുക എതൃകക്ഷി നല്കേണ്ട സാമ്പത്തിക പരിഹാരത്തിന്മേല് ക്രമീകരിക്കാവുന്നതുമാണെന്ന് ഉപവകുപ്പ് പറയുന്നു. മുകളില് സൂചിപ്പിച്ച പരിഹാരങ്ങള്ക്ക് പുറമേ പീഡിപ്പിക്കപ്പെട്ടയാള് നല്കുന്ന അപേക്ഷയിന്മേല് എതൃകക്ഷി ചെയ്ത ഗാര്ഹിക പീഡനകൃത്യങ്ങള് ഉണ്ടാക്കിയ മാനസിക പീഡനവും വൈകാരിക വ്യഥയും കണക്കിലെടുത്ത് നഷ്ടപരിഹാരം നല്കാന് 22-ാം വകുപ്പനുസരിച്ച് എതൃകക്ഷിയോട് മജിസ്ട്രേറ്റിന് നിര്ദ്ദേശിക്കാം. ഈ നിയമപ്രകാരമുള്ള ഏതു നടപടിയിലും ന്യായവും ഉചിതവുമെന്ന് കരുതുന്ന താല്ക്കാലിക ഉത്തരവ് നല്കാന് 23-ാം വകുപ്പനുസരിച്ച് മജിസ്ട്രേറ്റിന് അധികാരമുണ്ട്. ഒരു ഗാര്ഹികപീഡനകൃത്യം എതൃകക്ഷി ചെയ്യുകയാണെന്നോ ചെയ്തിട്ടുണ്ടെന്നോ ചെയ്യാന് സാധ്യതയുണ്ടെന്നോ പ്രഥമദൃഷ്ട്യാ ഒരു അപേക്ഷ വെളിപ്പെടുത്തുന്നു എന്ന് മജിസ്ട്രേറ്റിന് ബോധ്യമായാല് അപേക്ഷകയുടെ ഒരു സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില് 18, 19, 20, 21, 22 എന്നീ വകുപ്പുകളില് പറഞ്ഞ തരത്തിലുള്ള അതത് സംഗതിപോലെ എതൃകക്ഷിക്കെതിരെ ഒരു എക്സ്പാര്ട്ടി ഉത്തരവ് മജിസ്ട്രേറ്റിന് പുറപ്പെടുവിക്കാമെന്ന് ഉപവകുപ്പ് പറയുന്നു, എക്സ്പാര്ട്ടി ഉത്തരവെന്നാല് എതൃകക്ഷിയെ കേള്ക്കാതെ തന്നെ പുറപ്പെടുവിക്കുന്ന ഏകപക്ഷീയമായ ഉത്തരവെന്നര്ത്ഥം ഈ ഉത്തരവുകളുടെയെല്ലാം പകര്പ്പ് ബന്ധപ്പെട്ടവര്ക്ക് സൗജന്യമായി നല്കണമെന്ന് 24-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. പീഡിപ്പിക്കപ്പെട്ടയാളും എതൃകക്ഷിയും തമ്മില് ഈ നിയമത്തിന് മുമ്പോ നിയമം വന്നതിന് ശേഷമോ സിവില് കോടതിയിലോ കുടുംബ കോടതിയിലോ ക്രിമിനല് കോടതിയിലോ ഏതെങ്കിലും നിയമനടപടികള് ഉണ്ടെങ്കിലും 18, 19, 20, 21, 22 എന്നീ വകുപ്പുകള് പ്രകാരമുള്ള പരിഹാരം തേടാവുന്നതാണെന്ന് 26-ാം വകുപ്പ് അനുവദിക്കുന്നു. കോടതിയുടെ അധികാരാതിര്ത്തി സംബന്ധിച്ച വ്യവസ്ഥകളാണ് 27-ാം വകുപ്പില് പറയുന്നത്. പീഡിപ്പിക്കപ്പെട്ട ആള് സ്ഥിരമായോ താല്ക്കാലികമായോ താമസിക്കുന്നതോ ബിസിനസ്സ് നടത്തുന്നതോ ജോലിചെയ്യുന്നതോ അല്ലെങ്കില് എതൃകക്ഷി താമസിക്കുന്നതോ ബിസിനസ്സ് നടത്തുന്നതോ ജോലി ചെയ്യുന്നതോ അല്ലെങ്കില് വ്യവഹാരത്തിനുള്ള കാരണം ഉണ്ടായതോ ആയ സ്ഥല പരിധിക്കുള്ളിലുള്ള ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയിലാണ് ഈ നിയമ പ്രകാരമുള്ള ഹര്ജി നല്കേണ്ടത്. മജിസ്ട്രേറ്റിന്റെ ഉത്തരവിന്മേല് അക്ഷേപമുള്ളവര്ക്ക് മുപ്പത് ദിവസങ്ങള്ക്കുള്ളില് സെഷന്സ് കോടതിയില് അപ്പീല് നല്കാമെന്ന് 29-ാം വകുപ്പ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരമുള്ള കുറ്റങ്ങളും ശിക്ഷയും തുടര്ന്നുള്ള കാര്യങ്ങളും അടുത്തലക്കത്തില്. (തുടരും) |
| < മുന് പേജ് | അടുത്തത് > |
|---|

നഷ്ടപരിഹാരവും ജീവനാംശ പ്രശ്നവും
-°C 